ബാബരി കേസ്; സംഘപരിവാരിന്റെ പ്രസ്താവനകള്‍ അവസാനിപ്പിക്കണം: സുന്നി വഖഫ് ബോര്‍ഡ്

16 May, 2018

+ -
image

 

 സുപ്രിംകോടതി മുന്‍പാകെയുള്ള ബാബരി മസ്ജിദ് കേസിനെക്കുറിച്ചുള്ള സംഘ്പരിവാറിന്റെ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്ന് സുന്നി വഖ്ഫ് ബോര്‍ഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്. അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് മുന്‍പാകെ സുന്നി വഖ്ഫ് ബോര്‍ഡിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
മസ്ജിദ് നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മെയിലെ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെ വിധി ചോദ്യംചെയ്യുന്ന ഒരുകൂട്ടം ഹരജികളാണ് ഇന്നലെ ഉച്ചയ്ക്കുശേഷം കോടതി പരിഗണിച്ചത്. അയോധ്യയില്‍ പള്ളി നിലനിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ ഈ വിഷയത്തില്‍ സംഘ്പരിവാര്‍ സംഘടനകളും നേതാക്കളും നടത്തുന്ന പ്രസ്താവനകള്‍ കോടതിയലക്ഷ്യമാണെന്നും ഇത്തരം പ്രസ്താവനകള്‍ കോടതി ഇടപെട്ട് അവസാനിപ്പിക്കണമെന്നും രാജീവ് ധവാന്‍ ചൂണ്ടിക്കാട്ടി.
കേസ് നാളെ വീണ്ടും പരിഗണിക്കും. നാളെ ഹൈന്ദവ ട്രസ്റ്റുകളായ നിര്‍മോഹി അഗാര, രാംലല്ല എന്നിവയുടെ വാദങ്ങളാവും കോടതി കേള്‍ക്കുക. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം ഭരണഘടനാബെഞ്ചിനു വിടുന്നതു സംബന്ധിച്ച് നാളെ കോടതി വിധി പുറപ്പെടുവിക്കും.
ഇന്നലെ സുന്നി വഖ്ഫ് ബോര്‍ഡിനു വേണ്ടി രാജീവ് ധവാന്‍ വാദം പൂര്‍ത്തിയാക്കി. വിശ്വാസത്തിന്റെ ഭാഗമായുള്ള അനുഷ്ഠാനങ്ങള്‍ ആചരിക്കാന്‍ അവകാശം നല്‍കുന്ന മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനയുടെ 25ാംവകുപ്പ് പ്രകാരം പള്ളികള്‍ വിശ്വാസത്തിലെ അവിഭാജ്യഘടകമാണെന്ന് ധവാന്‍ വാദിച്ചു. മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാന്‍ പള്ളി നിര്‍ബന്ധമല്ലെന്ന 1994ലെ ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യം അദ്ദേഹം ഇന്നലെയും ആവര്‍ത്തിച്ചു.
പള്ളിയിലോ പുറത്തോ എവിടെവച്ചോ മുസ്‌ലിംകള്‍ക്ക് നിസ്‌കരിക്കാമെന്നതാണ് ഇസ്മാഈല്‍ ഫാറൂഖി കേസിലെ വിധിയുടെ അര്‍ഥമെന്ന് ധവാന്‍ പറഞ്ഞു.