മാസപ്പിറവി കണ്ടില്ല ; കേരളത്തിലും ഗള്‍ഫിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച

15 May, 2018

+ -
image

 

കേരളത്തിലും ഗള്‍ഫിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച. റമദാന്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച

ഒമാനടക്കം ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ചയായി സ്ഥിരീകരിച്ചു. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ 1 വ്യാഴാഴ്ച ആരംഭിക്കുമെന്ന് സഊദി സുപ്രിംകോടതി പ്രഖ്യാപിച്ചതോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായി പ്രഖ്യാപിക്കപ്പെട്ടത്.

സാധാരണ മാസപ്പിറവി കാണാറുള്ള സഊദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും പിറവി ദൃശ്യമായിരുന്നില്ല.

അതേസമയം ഒമാന്‍ മതകാര്യ വിഭാഗം ഇന്ന് മാസപ്പിറവി ദൃശ്യമാവില്ലെന്നും ആയതിനാല്‍ റമദാന്‍ 1 വ്യാഴാഴ്ച ആയിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ ഔഖാഫ് മതകാര്യ വിഭാഗങ്ങളും പ്രഖ്യാപിക്കുകയായിരുന്നു.

ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

ശഅബാന്‍ 29 പൂര്‍ത്തിയായ ഇന്ന് ചൊവ്വാഴ്ച സൂര്യാസ്തമയത്തിനു ശേഷം മാസപ്പിറവി ദൃശ്യമകാത്തതിനാല്‍ നാളെ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച റമദാന്‍ ഒന്നായിരുക്കുമെന്നു ഖത്തര്‍ മതകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. 

 

غداً الأربعاء( 16 )مايو 2018 هو المتمم للثلاثين من شهر شعبان 1439هـ والخميس ( 17 ) مايو 2018 هو الأول من شهر رمضان المبارك 1439هـ

— وزارة الأوقاف - قطر (@AwqafM) May 15, 2018