സിറിയന്‍ വിഷയത്തില്‍ അമേരിക്കയെ അപലപിക്കുന്ന പ്രമേയം തള്ളി യു.എന്‍

15 April, 2018

+ -
image

 

സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്ന റഷ്യയുടെ പ്രമേയം യു.എന്‍ രക്ഷാസമിതി തള്ളി. അടിയന്തര യോഗത്തിലായിരുന്നു റഷ്യയുടെ പ്രമേയാവതരണം.

രണ്ടു മണിക്കൂര്‍ നീണ്ട സംവാദങ്ങള്‍ക്കു ശേഷമാണ് പ്രമേയം തള്ളിയത്. റഷ്യയുടെ പ്രമേയത്തിന് ചൈനയും ബൊളീവിയയും മാത്രമാണ് പിന്തുണ നല്‍കിയത്. എട്ട് അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ നാല് അംഗങ്ങള്‍ വിട്ടുനിന്നു.

സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലുള്ള രാസായുധശേഖരം തകര്‍ത്തെന്ന് അമേരിക്കയുടെ യു.എന്‍ പ്രതിനിധി നിക്കി ഹാലി സഭയെ അറിയിച്ചു. എന്നാല്‍ രാസായുധ നവീകരണസംഘടന നടത്തിയ പരിശോധനയില്‍ രാസായുധ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് റഷ്യന്‍ പ്രതിനിധി വാസിലി നെബന്‍സിയ മറുപടി നല്‍കി.

സിറിയയില്‍ അമേരിക്കക്കൊപ്പം ചേര്‍ന്ന് ആക്രമണം നടത്തിയ ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ അതിരൂക്ഷമായി സിറിയ വിമര്‍ശിച്ചു.

സിറിയയിലെ ദൂമയില്‍ അസദ് സര്‍ക്കാര്‍ നടത്തിയ രാസായുധാക്രമണത്തിന് തിരിച്ചടിയായായിരുന്നു അമേരിക്കയുടെ മിസൈലാക്രമണം.