ചരിത്രത്തിലാദ്യമായി ശൂറാ കൗണ്‍സിലില്‍ വനിതകളെ ഉള്‍പ്പെടുത്തി ഖത്തര്‍

13 November, 2017

+ -
image

 

ഖത്തറിന്റെ ചരിത്രത്തിലാദ്യമായി ശൂറാകൗണ്‍സിലില്‍ വനിതകള്‍ ഇടംനേടി. ശൂറ കൗണ്‍സിലില്‍ നാലു വനിതകള്‍ ഉള്‍പ്പടെ28 പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉത്തരവ് പുറപ്പെടുവിച്ചു.
നിലവിലെ കൗണ്‍സിലിലെ 13 അംഗങ്ങളെ നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ ഖത്തര്‍ ഐടി കമ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ഡോ. ഹെസ്സ അല്‍ജാബര്‍, അയിഷ യൂസുഫ് അല്‍മന്നായി, ഹിന്ദ് അബ്ദുല്‍റഹ്മാന്‍ അല്‍മുഫ്ത, റീം അല്‍മന്‍സൂരി എന്നിവരാണ് ശൂറാ കൗണ്‍സിലിലെ വനിതകള്‍. ശൂറ കൗണ്‍സിലിന്റെ 46ാമത് സെഷന് നവംബര്‍ പതിനാലിന് തുടക്കമാകും. ഇതുസംബന്ധിച്ച് അമീര്‍ ഉത്തരവിറക്കി. ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ഭരണഘടനാ സംവിധാനമാണ് ശൂറാ കൗണ്‍സില്‍. മന്ത്രിസഭ അംഗീകരിച്ച കരട് നിയമങ്ങള്‍, പൊതുവായ സര്‍ക്കാര്‍ നയങ്ങള്‍, രാജ്യത്തിന്റെ കരട് ബജറ്റ് എന്നിവ ചര്‍ച്ച ചെയ്യേണ്ട ചുമതലയും ഉത്തരവാദിത്വവും ശൂറാകൗണ്‍സിലിനാണ്.
അടുത്തിടെ ഖത്തര്‍ വിദേശകാര്യമന്ത്രാലയത്തില്‍ ആദ്യമായി വനിതാ വക്താവിനെ നിയോഗിച്ചിരുന്നു. ലുലുവ റാഷിദ് അല്‍ഖാതിറിനെയാണ് നിയമിച്ചത്.