സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടത് അഞ്ചുലക്ഷം പേരെന്ന് റിപ്പോര്‍ട്ട്

13 March, 2018

+ -
image

 


ആഭ്യന്തരയുദ്ധം തകര്‍ത്ത സിറിയയില്‍ ഏഴു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് അഞ്ചുലക്ഷത്തിലേറെ പേര്‍. 2011ല്‍ ആരംഭിച്ച രാജ്യത്തെ ആഭ്യന്തര കലഹത്തിന്റെ ഭാഗമായാണ് 5,11,000 പേരുടെ ജീവന്‍ പൊലിഞ്ഞത്. ബ്രിട്ടീഷ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യുദ്ധ നിരീക്ഷണ സംഘമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്(എസ്.ഒ.എച്ച്.ആര്‍) ആണ് ഇക്കാര്യം പുറത്തുവിട്ടത്.
കൊല്ലപ്പെട്ടവരില്‍ 3,50,000 പേരുടെ വിശദവിവരങ്ങള്‍ സംഘടനയ്ക്കു ലഭിച്ചിട്ടുണ്ട്. ബാക്കിയുള്ളവരുടെ മരണം ഉറപ്പായിട്ടുണ്ടെങ്കിലും ആരാണെന്നു തിരിച്ചറിയാനായിട്ടില്ല. സര്‍ക്കാര്‍ സൈന്യവും സഖ്യകക്ഷികളും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ 85 ശതമാനവും സാധാരണക്കാരും നിരപരാധികളുമാണെന്ന് എസ്.ഒ.എച്ച്.ആര്‍ അറിയിച്ചു.
2011ല്‍ അറബ്ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത ജനകീയ പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായാണ് സിറിയയിലും പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ ജനം തെരുവിലിറങ്ങിയത്. മാര്‍ച്ച് 15നായിരുന്നു രാജ്യത്തെ ജനകീയ പ്രക്ഷോഭങ്ങളുടെ തുടക്കം. എന്നാല്‍ തുനീസ്യ, ഈജിപ്ത്, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ സംഭവിച്ചതിനു വിരുദ്ധമായി ജനകീയ പ്രക്ഷോഭത്തെ അസദിന്റെ സൈന്യം അടിച്ചമര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് ഇനിയും അവസാനിക്കാത്ത ആഭ്യന്തരയുദ്ധത്തിന് തുടക്കമായത്.
രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ പേരും യുദ്ധക്കെടുതികളില്‍നിന്നു മോചനം തേടി വിവിധ രാജ്യങ്ങളിലേക്കു പലായനം ചെയ്തിട്ടുണ്ട്. അതിനിടെ, ഐ.എസും വിമതസംഘങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ പിടിച്ചടക്കിയതോടെ 2015ല്‍ സര്‍ക്കാര്‍ സേനയ്ക്കു സഹായവുമായി റഷ്യന്‍ സൈന്യവും ഇവിടെ താവളമടിച്ചു.
ആഭ്യന്തരയുദ്ധം എട്ടാം വര്‍ഷത്തിലേക്കു പ്രവേശിക്കുന്ന വേളയില്‍ സര്‍ക്കാര്‍ സൈന്യം കിഴക്കന്‍ ഗൂഥയില്‍ മനുഷ്യക്കുരുതി തുടരുകയാണ്. തലസ്ഥാനമായ ദമസ്‌കസിനടുത്ത വിമതനിയന്ത്രണത്തിലുള്ള പ്രദേശമാണ് ഗൂഥ. ഇതിന്റെ പകുതിയിലേറെ ഭാഗം സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. മൂന്ന് ആഴ്ച മുന്‍പ് ആരംഭിച്ച നടപടിയില്‍ ആയിരത്തിലേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.