റാഞ്ചിയില്‍ പള്ളി ഇമാമിനെതിരെ സംഘ്പരിവാര്‍ വധശ്രമം

13 June, 2018

+ -
image

റാഞ്ചി: റമദാനിലെ പ്രത്യേക രാത്രി നിസ്‌കാരമായ തറീവാഹ് കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ ജാര്‍ഖണ്ഡില്‍ ഇമാമിനെയും സഹോദരനെയും സംഘപരിവാരം തല്ലിചതച്ചു. ശനിയാഴ്ച രാത്രിയോടെ റതുവിലെ അഗ്ദു ഗ്രാമത്തിലാണ് സംഭവം.

നിസ്‌കാരം കഴിഞ്ഞുവരികയായിരുന്ന മൗലാനാ അസ്ഹറുല്‍ ഇസ്‌ലാമിനെയും സഹോദരന്‍ മൗലാനാ ഇമ്രാനെയും 10- 12 പേരടങ്ങുന്ന സംഘം തടഞ്ഞുവച്ചു ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിപ്പിച്ചു. ഇമാമും സഹോദരനും അതിനു വിസമ്മതിച്ചതോടെ കൈയിലുണ്ടായിരുന്ന വടിയും കല്ലുകളും കൊണ്ടും സംഘം ഇവരെ ആക്രമിക്കുകയായിരുന്നു.

സ്‌കോര്‍പിയോയില്‍ എത്തിയ സംഘം ഇവരെ തടഞ്ഞുനിര്‍ത്തി പേരും മറ്റുവിവരങ്ങളും ചോദിച്ച ശേഷമാണ് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഇരുവരെയും സംഘം വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.

ആക്രമണം തുടങ്ങിയതോടെ മൗലാനാ ഇമ്രാന്‍ ഓടിരക്ഷപ്പെട്ടതിനാല്‍ അദ്ദേഹത്തിനു കാര്യമായി പരുക്കേറ്റില്ല. ഗുരുതരമായി പരുക്കേറ്റ ഇമാം ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇമ്രാന്റെ പരാതിയില്‍ പൊലിസ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അജ്ഞാതര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED NEWS