ഐ.എസിനെതിരെ പോരാട്ട വിജയവുമായി ഈജിപ്ത്

13 February, 2018

+ -
image

 

ഇറാഖിന് പിന്നാലെ ഈജിപ്തിലും ഐഎസിന് തിരിച്ചടി. ചാവേര്‍ ആക്രമണങ്ങളില്‍ പൊറുതിമുട്ടിയ ഈജിപ്ത് ഭരണകൂടം ഐഎസിനെതിരെ കഴിഞ്ഞ ദിവസം സൈനിക നടപടികള്‍ക്ക് തുടക്കമിട്ടു. മൂന്ന് ദിവസങ്ങള്‍ക്കിടെ സൈന്യം നടത്തിയ തിരച്ചിലും വെടിവെപ്പിലും 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. 126 പേര്‍ പിടിയിലായി. രാജ്യത്ത് തീവ്രവാദി ആക്രമണവും ചാവേര്‍ ആക്രമണവും പെരുകിയതോടെയാണ് ഐഎസിനെതിരെ ശക്തമായ നടപടികള്‍ക്ക് ഭരണകൂടം തയാറായത്. കഴിഞ്ഞ ദിവസങ്ങളില്‍ സൈന്യം നടത്തിയ തിരച്ചിലിലും ഏറ്റുമുട്ടലുകളിലും 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും ഒട്ടേറെ പേര്‍ പിടിയിലായതായും സൈനിക വക്താക്കള്‍ അറിയിച്ചു.
60 തീവ്രവാദികളെ കൊലപ്പെടുത്താനാണ് സൈന്യം ലക്ഷ്യമിട്ടതെന്നും മറ്റുള്ളവര്‍ കീഴടങ്ങുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. ക്രിസ്തീയ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഒട്ടേറെ ആക്രമണങ്ങളാണ് കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടെ ഈജിപ്തില്‍ നടന്നത്. ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടികള്‍ ശക്തമാക്കിയതായി പ്രസിഡന്റ് ആബ്ദല്‍ ഫത്ത്വാ അല്‍സിസി അറിയിച്ചു. മൂന്നു മാസങ്ങള്‍ക്കിടെ 300 പേരാണ് രാജ്യത്ത് തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. അറബ് രാജ്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഐഎസ് ആക്രമണത്തില്‍ ഏറെയും പേര്‍ കൊല്ലപ്പെട്ടത് ഈജിപ്തിലായിരുന്നു. ഐഎസിനെതിരെ സൈനിക നടപടികള്‍ ആരംഭിച്ച ഈജിപ്തിനെ അനുകൂലിച്ച് ലോകരാജ്യങ്ങള്‍ രംഗത്തെത്തി. ഈജിപ്തിനു എല്ലാവിധ പിന്തുണയും നല്‍കുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ വ്യക്തമാക്കി. രാജ്യത്ത് സുരക്ഷയും സമാധാനവും ആവശ്യമാണ്. പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാന്‍ യുഎസ് എന്ത് സഹായവും നല്‍കാന്‍ തയാറാണ്. ഇസ്രാഈലിലും ഫലസ്തിനിലും സമാധാനം പുലരണമെന്നും ജറുസലം ഇസ്രാഈല്‍ തലസ്ഥാനമാക്കിയ നടപടി ആവശ്യമായിരുന്നെന്നും ടില്ലേഴ്‌സണ്‍ വ്യക്തമാക്കി.

 

RELATED NEWS