ഭീകരവാദത്തിനെതിരെ ഇന്ത്യയുമായി സഹകരണം ശക്തമാക്കും: സഊദി

13 February, 2018

+ -
image

 

ഭീകരവാദത്തെയും തീവ്രവാദത്തെയും തടയുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാണു തീരുമാനമെന്ന് ഇന്ത്യയിലെ സഊദി സ്ഥാനപതി സഊദ് അസ്സാത്തി വ്യക്തമാക്കി.

സഊദി ദേശീയ പൈതൃകോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവലില്‍ ഇന്ത്യയെ അതിഥി രാജ്യമായി തിരഞ്ഞെടുത്തതിലുള്ള സന്തോഷം അസ്സാത്തി പങ്കുവച്ചു.
തീവ്രവാദത്തെ ചെറുക്കുന്നതിലും മിതവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിലും ഇരുരാജ്യങ്ങളുടെയും സഹകരണം അനിവാര്യമാണ്. സഊദിയും ഇന്ത്യയും തമ്മില്‍ ഏഴു പതിറ്റാണ്ടായുള്ള സഹകരണമാണു തുടരുന്നത്. വാണിജ്യബന്ധത്തിനു പുറമെ, സാമ്പത്തിക, ഊര്‍ജ, മാധ്യമ, സാംസ്‌കാരിക, തൊഴില്‍ രംഗത്തെല്ലാം ഇരുരാജ്യങ്ങളും തമ്മില്‍ നല്ല സഹകരണത്തിലാണു പോകുന്നത്. 'സഊദി വിഷന്‍ 2030' പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹകരണവും ഈ രംഗത്തു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് ആവശ്യമായ എണ്ണ വിപണിയുടെ നല്ലൊരു കേന്ദ്രം സഊദി അറേബ്യയാണ്. ഇതോടൊപ്പം വാണിജ്യരംഗത്ത് സഊദിയുടെ നാലാമത്തെ വലിയ പങ്കാളി കൂടിയാണ് ഇന്ത്യ. ഇതുകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇനിയും കൂടുതല്‍ മേഖലകളിലേക്കു സഹകരണം ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഊദിയിലുള്ള വിദേശതൊഴിലാളികളില്‍ നല്ലൊരു പങ്കും ഇന്ത്യക്കാരാണ്.

ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം കൂടുതല്‍ ശക്തിപകരാന്‍ ഇവിടെ അധിവസിക്കുന്ന 30 ലക്ഷത്തിലധികം വരുന്ന തൊഴിലാളികളുടെ സാന്നിധ്യവുമുണ്ട്. ഈ ബന്ധത്തിന്റെ തെളിവാണ് ഈ വര്‍ഷത്തെ സഊദി ദേശീയ പൈതൃകോത്സവമായ ജനാദിരിയ്യ ഫെസ്റ്റിവലില്‍ ഇന്ത്യയെ അതിഥിരാജ്യമായി പങ്കെടുപ്പിച്ചതെന്നും സഊദ് അസ്സാത്തി പറഞ്ഞു.