റോഹിങ്ക്യകളുടെ മണ്ണില്‍ സൈനിക താവളങ്ങളുയരുന്നു: ആംനസ്റ്റി

12 March, 2018

+ -
image

 

കത്തിച്ചും അടിച്ചോടിച്ചും കൊന്നൊടുക്കിയും  വിജനമാക്കപ്പെട്ട റോഹിങ്ക്യന്‍ ഗ്രാമങ്ങളില്‍ മ്യാന്‍മര്‍ സൈനികത്താവളമുണ്ടാക്കുന്നു. ആംനസ്റ്റി ഇന്റര്‍നാഷണലിന്റേതാണ് റിപ്പോര്‍ട്ട്.

റോഹിങ്ക്യകളുടെ വീടുകളും പള്ളികളും ഉണ്ടായിരുന്നിടത്താണ് ഇപ്പോള്‍ മ്യാന്‍മര്‍ പട്ടാളം കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നത്. ഗ്രാമത്തിന്റെ അവശിഷ്ടങ്ങള്‍ ബുല്‍ഡോസര്‍ കൊണ്ട് നിരപ്പാക്കിയാണ് കെട്ടിട നിര്‍മാണം ആരംഭിച്ചതെന്നും സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെ ആംനസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ മൂന്ന് മിലിറ്ററി ബേസുകള്‍ നിര്‍മിച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. ബാക്കിയുള്ളവയുടെ  നിര്‍മാണം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെ നിന്നും ഒഴിഞ്ഞുപോകാന്‍ തയാറാകാതിരുന്ന റോഹിങ്ക്യന്‍ മുസ് ലിങ്ങളെ നിര്‍ബന്ധപൂര്‍വം ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ആഗസ്റ്റില്‍ പടിഞ്ഞാറന്‍ മ്യാന്‍മറിലെ രാഖൈന്‍ സ്‌റ്റേറ്റില്‍ 350ഓളം ഗ്രാമങ്ങളാണ് അഗ്‌നിക്കിരയായത്. പട്ടാള ആക്രമണത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ റോഹിങ്ക്യയിലെ മുസ്‌ലിങ്ങള്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഏഴു ലക്ഷത്തിലേറെ റോഹിങ്ക്യകള്‍ വീടുപേക്ഷിച്ച് പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്.

 

RELATED NEWS