മതനേതാക്കളെ പരിഹസിക്കുന്നത് അവസാനിപ്പിക്കണം: ജിഫ്രി തങ്ങള്‍

12 January, 2018

+ -
image

 

മതനേതാക്കളെ പരിഹസിക്കുന്ന നിലപാടുകളില്‍ നിന്നു തല്‍പര കക്ഷികള്‍ പിന്മാറണമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. മതപരമായ കാര്യങ്ങളില്‍ തീരുമാനം പറയേണ്ടവര്‍ പണ്ഡിതരാണ്. മതനേതാക്കള്‍ അണികളെ നിയന്ത്രിച്ച് നിര്‍ത്തുന്നത് കൊണ്ടാണ് ഇവിടെ സമാധാനം ഉണ്ടാകുന്നത്. അത് മനസിലാക്കിയാകണം ഇതര സംഘടനകളിലെ യുവാക്കള്‍ സമസ്തയെ വിമര്‍ശിക്കാന്‍.

മതനേതാക്കളോട് മത്സരിച്ചാല്‍ പലരും നിയമസഭ കാണില്ലെന്നും ജിഫ്‌രി തങ്ങള്‍ പറഞ്ഞു. സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ നിലപാടില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ഒരു നിലക്കും പിറകോട്ടില്ല. ആദര്‍ശപരമായ വിഷയങ്ങളിലാണ് പുത്തനാശയക്കാരുമായി തുടരുന്ന അഭിപ്രായ വ്യത്യാസം. ശരീഅത്ത് സംരക്ഷണം പോലുള്ള പൊതു വിഷയങ്ങളില്‍ യോജിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സമസ്ത മുന്നിട്ടിറങ്ങിയിട്ടുണ്ട്. എന്നാല്‍ പുത്തന്‍ പ്രസ്ഥാനങ്ങളുമായി ആശയ പ്രചരണത്തില്‍ സഹകരണം സാധ്യമല്ല.

ആദര്‍ശ പ്രചാരണത്തിനു ശക്തമായ യുവനിര സമസ്തക്കു പിന്നിലുണ്ട്. ആദര്‍ശമാണ് അവര്‍ പറയുന്നത്. അവരെ ഒറ്റപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. സമസ്തയെ മറ്റുള്ളവരുടെ ആലയില്‍ കെട്ടിയിട്ടില്ലെന്നും ആരുടെ മുമ്പിലും മുട്ടുമടക്കുന്ന ചരിത്രമല്ല സമസ്തയുടേതെന്നും തങ്ങള്‍ ഓര്‍മപ്പെടുത്തി.