ബാബരി: നിലപാടില്‍ ഉറച്ച് വ്യക്തി നിയമ ബോര്‍ഡ്

12 February, 2018

+ -
image

 

ബാബരി മസ്ജിദ് വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്നു പ്രഖ്യാപിച്ച് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ സമ്പൂര്‍ണ സമ്മേളനം സമാപിച്ചു. ഒരുസ്ഥലത്ത് ഒരിക്കല്‍ നിര്‍മിക്കപ്പെട്ട പള്ളി, പിന്നീട് അതുപൊളിച്ചുമാറ്റിയാലും ആ ഭൂമി പള്ളിതന്നെയായി നിലനില്‍ക്കുമെന്ന് സമ്മേളനം പുറത്തിറക്കിയ പ്രമേയത്തില്‍ വ്യക്തമാക്കി. ബാബരി മസ്ജിദ് മുസ്ലിംകളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. അത് മുസ്ലിംകള്‍ക്ക് ഉപേക്ഷിക്കാനോ അത് നിലനിന്ന ഭൂമി കൈമാറാനോ കഴിയില്ല. ബാബരി പള്ളി തകര്‍ക്കപ്പെട്ടെങ്കിലും അതുനിലനിന്ന ഭൂമി ഇപ്പോഴും പള്ളിയാണ്. ബാബരി മസ്ജിദ് യഥാസ്ഥാനത്തു പുനര്‍നിര്‍മിക്കാനുള്ള ശ്രമം തുടരമെന്നും പ്രമേയം വ്യക്തമാക്കി. ഹൈദരാബാദില്‍ നടന്നുവന്ന മൂന്നുദിവസത്തെ സമ്മേളനം പൊതുയോഗത്തോടെയാണ് സമാപിച്ചത്. യോഗത്തില്‍ സമ്മേളനം അംഗീകരിച്ച പ്രമേയം വായിക്കുകയുംചെയ്തു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മുത്വലാഖ് ബില്ല് സ്ത്രീവിരുദ്ധമാണെന്ന് വിശേഷിപ്പിച്ച ബോര്‍ഡ് അതിനെതിരേ സുപ്രിംകോടതിയെ സമീപിക്കുമെന്നും അറിയിച്ചു. ബില്ലിലെ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇതിനെതിരേ വ്യാപകമായ പ്രചാരണം നടത്തുമെന്നും ബോര്‍ഡ് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ജില്ലകളിലും ബോര്‍ഡിന് ഘടകങ്ങള്‍ രൂപീകരിക്കാനും സമ്മേളനത്തില്‍ തീരുമാനമായി. ഗുരുതരമായ സാഹചര്യങ്ങളിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും ആക്രമണങ്ങള്‍ക്കിരയവാനുന്നു. മുസ്ലിംകള്‍ക്ക് അരക്ഷിതാവസ്ഥ തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യത്ത് ഉണ്ടാവുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
ബോര്‍ഡിന്റെ നിര്‍വാഹകസമിതിയംഗവും സമസ്ത കേരള സംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയുമായ പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പണ്ഡിതരും ബുദ്ധിജീവികളും ആക്ടിവിസ്റ്റുകളും ഉള്‍പ്പെടെ 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

 

RELATED NEWS