ബാബരി മസ്ജിദ് കേസ് ഡിസംബര്‍ അഞ്ചിന് പരിഗണിക്കും

11 August, 2017

+ -
image

 

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ അന്തിമ വാദം കേള്‍ക്കുന്നത് ഡിസംബര്‍ അഞ്ചിന് തുടങ്ങാന്‍ സുപ്രിം കോടതി തീരുമാനിച്ചു. അടുത്ത 12 ആഴ്ചയ്ക്കുള്ളില്‍ എല്ലാ രേഖകളും ഇഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവില്‍ എട്ട് വ്യത്യസ്ത ഭാഷകളിലാണ് രേഖകളുള്ളത്.

കേസുമായി ബന്ധപ്പെട്ട തെളിവുരേഖകള്‍ പത്താഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് യു.പി സര്‍ക്കാരിനോടും സുപ്രിം കോടതി ആവശ്യപ്പെട്ടു. കേസില്‍ ഇനിയൊരു നീട്ടിവയ്ക്കലുണ്ടാവില്ലെന്നും എല്ലാം സമയത്തിന് ചെയ്തിരിക്കണമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

രാമ ക്ഷേത്രത്തിനു സമീപത്ത് പള്ളി നിര്‍മ്മിക്കാമെന്ന് കഴിഞ്ഞ എട്ടിന് ഷിയാ വഖഫ് ബോര്‍ഡ് സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ബാബരി മസ്ജിദ് ഷിയാ വഖഫിനു കീഴിലുള്ളതായിരുന്നുവെന്നും എല്ലാം സമാധാനമായി ഒത്തുതീര്‍ക്കുന്നതിനു വേണ്ടിയുമാണ് ഇങ്ങനെ സത്യവാങ്മൂലം നല്‍കിയതെന്ന് ഷിയാ വിഭാഗം പറഞ്ഞിരുന്നു.