ബാബരി മസ്ജിദ് കേസ് നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോര്‍ഡ് ആവശ്യം തള്ളി

06 December, 2017

+ -
image

 

 


അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അന്തിമവാദം കേള്‍കുന്നത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു മതിയെന്ന സുന്നി വഖ്ഫ് ബോര്‍ഡിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. രാഷ്ട്രീയ മുതലെടുപ്പിനു കൂടി കേസ് കാരണമാവുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ലോക്‌സഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ് 2019 ജൂലൈ 15 വരെ നീട്ടണമെന്ന് വഖ്ഫ് ബോര്‍ഡ് ആവശ്യപ്പെട്ടത്.

എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി, കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് 2018 ഫെബ്രുവരി എട്ടിലേക്കു നീട്ടി. ചീഫ്ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഇക്കാര്യം തീരുമാനിച്ചത്. കേസ് ഏഴംഗ വിശാലഭരണഘടനാ ബെഞ്ചിന് വിടണമെന്ന മുസ്‌ലിം സംഘടനകളുടെ ആവശ്യത്തിലും കോടതി തീരുമാനമെടുത്തില്ല. അയോധ്യയില്‍ പള്ളി നിലനിന്ന ഭൂമി മൂന്നായി വീതിച്ചുകൊണ്ടുള്ള 2010 മേയിലെ അലഹബാദ് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ വിധിയ്‌ക്കെതിരായ ഒരുകൂട്ടം ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണനയ്‌ക്കെടുത്തപ്പോള്‍ ഇരുഭാഗത്തുമായി ഒരുകൂട്ടം മുതിര്‍ന്ന അഭിഭാഷകരും അണിനിരന്നു. സുന്നി വഖ്ഫ് ബോര്‍ഡ്, ബാബരി മസ്ജിദ് ആക്ഷന്‍കമ്മിറ്റി, വ്യക്തിനിയമബോര്‍ഡ് എന്നീ സംഘടനകള്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ കപില്‍സിബല്‍, ദുശ്യന്ത് ദവെ, ഭരണഘടനാവിദഗ്ധന്‍ കൂടിയായ രാജീവ് ധവാന്‍ എന്നിവരും ഹൈന്ദവട്രസ്റ്റുകളായ നിര്‍മോഹി അഖാറ, രാം ലല്ല, രാമജന്‍മഭൂമി ന്യാസ് എന്നിവയ്ക്കു വേണ്ടി ഹരീഷ് സാല്‍വേ, കെ. പ്രസന്നനന്‍, സി.എസ് വൈദ്യനാഥ് എന്നിവരും ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി.

കേസ് പരിഗണിക്കാനെടുത്തപ്പോള്‍ തന്നെ അന്തിമ വാദംകേള്‍ക്കല്‍ നീട്ടി വയ്ക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അയോധ്യയില്‍ ചിലര്‍ക്ക് ക്ഷേത്രനിര്‍മാണം തുടങ്ങാന്‍ പദ്ധതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാദംകേള്‍ക്കല്‍ 2019 ജൂലൈയിലേക്കു നീട്ടണമെന്ന് സിബല്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതി മുന്‍പാകെയുള്ള 523 രേഖകള്‍ വിവര്‍ത്തനംചെയ്ത് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും 19,000 ത്തോളം പേജുകളുള്ള രേഖകള്‍ മുഴുവന്‍ പൂര്‍ത്തിയായിട്ടില്ലെന്നു സിബല്‍ അറിയിച്ചു.

മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷമെങ്കിലും ഇനിയും എടുക്കും. രാജ്യത്തെ ഇപ്പോഴത്തെ സാമൂഹിക ഹാഷ്ട്രീയസാഹചര്യം ഈ കേസില്‍ വാദംകേള്‍ക്കാന്‍ യോജിച്ചതല്ല. ഇത് കേവലം സ്വത്തുതര്‍ക്ക കേസല്ല. മത, രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ്. ഇതുരാജ്യത്തെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട, രാജ്യത്തിന്റെ ഭാവിതന്നെ തീരുമാനിക്കുന്ന കേസാണിത്. ഒരു പള്ളി തകര്‍ക്കപ്പെടുന്നതിനു സാക്ഷിയായ ഒരുരാജ്യമാണിത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു വാഗ്ദാനംചെയ്താണ് ഇപ്പോള്‍ കേന്ദ്രത്തിലുള്ള പാര്‍ട്ടി അധികാരത്തിലെത്തിയത്. രാമക്ഷേത്രനിര്‍മാണമെന്ന തങ്ങളുടെ വാഗ്ദാനം നടപ്പാക്കാനായി ബി.ജെ.പി സര്‍ക്കാര്‍ കോടതിയെ ഉപയോഗിക്കുകയാണ്. അതിനാല്‍ ബി.ജെ.പിയുടെ കെണിയില്‍ കോടതി വീഴരുതെന്നും അടുത്ത പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ അന്തിമവാദംകേള്‍ക്കല്‍ നീട്ടിവയ്ക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

അന്തിമ വാദത്തിനായി മാറ്റിവച്ച ശേഷം, കേസ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ച കാര്യവും സിബല്‍ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷിയല്ലാതിരുന്നിട്ടും എന്തിനാണ് സുബ്രാഹമണ്യം സ്വാമിയുടെ ഹരജി കോടതി പരിഗണിക്കുന്നതെന്നും സിബല്‍ ചോദിച്ചു. കേസിലെ 'ധൃതി'യെ ചോദ്യംചെയ്ത മുസ്‌ലിംസംഘടനകളുടെ അഭിഭാഷകര്‍, ഇന്നുതന്നെ വാദംനടക്കുകയാണെങ്കില്‍ തങ്ങള്‍ കോടതി നടപടി ബഹിഷ്‌കരിക്കുമെന്നും സൂചിപ്പിച്ചു.

എന്നാല്‍ സമൂഹത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം നോക്കിയല്ല കോടതി തീരുമാനം എടുക്കേണ്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. കോടതിക്കു പുറത്തുള്ള കാര്യങ്ങളെ കുറിച്ചു കോടതി ആശങ്കപ്പെടേണ്ടതില്ലെന്നു ഹരീഷ് സാല്‍വേയും പ്രതികരിച്ചു. ഹരജിക്കാരില്‍ ചിലര്‍ ഇതുവേഗത്തില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതാണെന്നു വ്യക്തമാക്കിയാണ് കേസ് 2019 വരെ നീട്ടിവയ്ക്കണമെന്ന ആവശ്യം കോടതി നിരസിച്ചത്. അതേസമയം, തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് രാമ ക്ഷേത്രംനിര്‍മിക്കുന്നതിന് തങ്ങള്‍ എതിരല്ലെന്ന് ശീഈ വഖ്ഫ്‌ബോര്‍ഡിനു വേണ്ടി ഹാജരായ എം. ധിന്‍ഗ്ര സുപ്രിംകോടതിയെ അറിയിച്ചു.