ബാബരി മസ്ജിദ് കേസ് വിചാരണ തുടങ്ങാന്‍ 25 വര്‍ഷം, ഇന്ത്യന്‍ ജുഡീഷ്യറി ഇഴയുന്നു: ഉവൈസി

20 April, 2017

+ -
image

 

ബാബരി മസ്ജിദ് കേസിന്റെ വിചാരണ ആരംഭിക്കാന്‍ 25 വര്‍ഷമെടുത്തതായി ആള്‍ ഇന്ത്യ മജ് ലിസെ ഇത്തിഹാദുല്‍ മുസ് ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി. ഗാന്ധി വധക്കേസിന്റെ വിചാരണ രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തിയായി. എന്നാല്‍, ബാബരി മസ്ജിദ് കേസിന്റെ വിചാരണ ആരംഭിക്കാന്‍ 25 വര്‍ഷമെടുത്തുവെന്നും ഉവൈസി ട്വീറ്റ് ചെയ്തു.

ഗാന്ധിയെ കൊലപ്പെടുത്തിയ പ്രതികളെ തൂക്കിലേറ്റി. മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ കേന്ദ്രമന്ത്രിമാരും പത്മഭൂഷണ്‍ ജേതാക്കളുമായി. രാജ്യത്തെ നീതിന്യായ വ്യവസ്ഥ വളരെ സാവധാനത്തിലാണ് നീങ്ങുന്നതെന്നും ഉവൈസി ചൂണ്ടിക്കാട്ടി.

ബാബരി മസ്ജിദ് കേസിലെ പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ കല്യാണ്‍ സിങ്ങിനെ രാജസ്ഥാന്‍ ഗവര്‍ണര്‍ പദവിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഉവൈസി രംഗത്തെത്തിയിരുന്നു. നീതിന്യായ വ്യവസ്ഥയോട് കേന്ദ്ര സര്‍ക്കാര്‍ ബഹുമാനം കാണിക്കണം. കല്യാണ്‍ സിങ് വിചാരണ നേരിടണമെന്നും ഉവൈസി ആവശ്യപ്പെട്ടിരുന്നു.

ബാബരി മസ്ജിദ് പൊളിക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാര്‍ നേതാക്കള്‍ വിചാരണ നേരിടണമെന്നാണ് സുപ്രീംകോടതി ബുധനാഴ്ച വിധി പുറപ്പെടുവിച്ചത്.