26 April 2018
19 Rajab 1437

തുഹ്ഫത്തുല്‍ മുജാഹിദീന്‍: ഒരു പഠനം

വൈ.പി. അബൂബക്കര്‍ മാസ്റ്റര്‍ കീഴ്പറമ്പ് ‍‍

30 October, 2017

+ -
image

കേരള ചരിത്രപഠനത്തിന് ആധികാരികമായി ആശ്രയിക്കാവുന്ന അമൂല്യമായ നിരവധി ചരിത്രരേഖകള്‍ കേരളത്തില്‍ തന്നെയുണ്ട്. പൗരാണിക കേര ള ചരിത്രം ഇത്തരം ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിവച്ച പണ്ഡിതന്‍മാരെക്കുറിച്ചും അവരുടെ ഗ്രന്ഥങ്ങളെക്കുറിച്ചും ഇന്നത്തെ ചരിത്രവിദ്യാര്‍ത്ഥികളില്‍ പലരും അജ്ഞരാണ്. അടിസ്ഥാന പ്രമാണങ്ങളെ ആശ്രയിച്ചുകൊണ്ടുള്ള ചരിത്ര പഠനം കേരളത്തില്‍ വളരെ വിരളമായേ നടന്നിട്ടുള്ളൂ എന്നതാണിതിനു കാരണം.
കേരളവും അറബികളുമായുള്ള സുദൃഢമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കേരളത്തില്‍ വിളയുന്ന കുരുമുളക്, ഏലം എന്നിവയുടെ എരിവും വീര്യവും പൗരാണിക കാലം മുതല്‍ക്കുതന്നെ വിദേശ സഞ്ചാരികളെ കേരളത്തിന്റെ മണ്ണിലേക്കാകര്‍ഷിക്കാന്‍ കാരണമായിട്ടുണ്ട്. ജാഹിലിയ്യാ യുഗത്തില്‍ ജീവിച്ച പ്രസിദ്ധ അറബി കവിയായിരുന്ന ഇംറുല്‍ ഖൈസിന്റെ പദ്യശകലങ്ങളില്‍ പോലും കുരുമുളകിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണുന്നത് ഈ ബന്ധത്തിന്റെ ഇന്നും ജീവിക്കുന്ന ഉദാഹരണങ്ങളാണ്. 
സമ്പല്‍സമൃദ്ധിയിലും ആതിഥ്യമര്യാദയിലും ഖ്യാതി നേടിയിരുന്ന കേരളം, സംസ്‌കാരത്തിന്റെ സന്ദേശവാഹകരായ വിദേശ സഞ്ചാരികളുടെ സ്വര്‍ഗഭൂമി കൂടിയായിരുന്നു. പൗരാണിക കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരികളുടെയും ചരിത്രകാരന്‍മാരുടെയും ഓര്‍മക്കുറിപ്പുകളും ഗ്രന്ഥങ്ങളും കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകളിലേക്കു വെളിച്ചം വീശുന്ന അമൂല്യരേഖകളാണ്.

കേരളത്തിലെ സാമൂഹികാചാരങ്ങളെ കുറിച്ച് അറബി, പേര്‍ഷ്യന്‍ മുതലായ ഭാഷകളില്‍ നിരവധി ചരിത്രഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്തരം ഗ്രന്ഥങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായി പഠനം നടത്തുന്നതിനുള്ള ആശാവഹമായ യാതൊരു ശ്രമങ്ങളും കേരളത്തില്‍ ഇതുവരെ നടന്നിട്ടില്ല. പൗരാണിക കേരളത്തിലെ വാണിജ്യ സാംസ്‌കാരിക കേന്ദ്രങ്ങളില്‍ വളരെ പ്രസിദ്ധിയാര്‍ജിച്ച പട്ടണങ്ങളായിരുന്നു കോഴിക്കോട്, കൊല്ലം, കൊടുങ്ങല്ലൂര്‍, പൊന്നാനി മുതലായവ. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ വിജ്ഞാന ദാഹികളായ അറബികള്‍ ഈ തുറമുഖങ്ങളുമായി അഭേധ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. വ്യാപാരികളും സഞ്ചാരികളും നയതന്ത്ര പ്രതിനിധികളും ചരിത്രകാരന്‍മാരും ഭൂമിശാസ്ത്രജ്ഞന്മാരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. 
15ാം നൂറ്റാണ്ടില്‍ പറങ്കിപ്പടയാളികള്‍  അറബിക്കടലിലെ നാവിക സഞ്ചാരം ദുഷ്‌ക്കരമാക്കിത്തീര്‍ക്കുന്നതു വരെ അവരീ ബന്ധം തുടര്‍ന്നിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച് കാലഘട്ടങ്ങളില്‍ വ്യാവസായിക നാവിക പ്രവര്‍ത്തനങ്ങളുമായി കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ വന്നിറങ്ങിയ പല സഞ്ചാരികളും ആ കാലഘട്ടങ്ങളിലെ സാമൂഹിക സാമ്പത്തിക സമ്പ്രാദയങ്ങളെക്കുറിച്ച് സുദീര്‍ഘമായ സഞ്ചാരക്കുറിപ്പുകള്‍ എഴുതിയിട്ടുള്ളവരാണ്. അവരുടെ സഞ്ചാര സാഹിത്യ കൃതികളില്‍ പലതും കേരള ചരിത്ര പഠനത്തിന് ആധികാരികമായി ഉപയോഗപ്പെടുത്താവുന്നതാണ്.
എന്നാല്‍, ഈ പരമ്പരയില്‍ ആദ്യത്തേതെന്നു പറയാവുന്നതും ആധികാരികമെന്നു വിശേഷിപ്പിക്കാവുന്നതുമായ ഒരു ചരിത്ര ഗ്രന്ഥത്തെ പരിചയപ്പെടുത്താനാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിശ്വപ്രസിദ്ധ പണ്ഡിതനും ചരിത്രകാരനുമായ ശൈഖ് സൈനുദ്ദീന്‍ മുഖ്ദൂം(റ)വാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. കേരള ചരിത്രപഠനത്തിന് ആധികാരികമായി ആശ്രയിക്കാവുന്ന പ്രഥമ ചരിത്രഗ്രന്ഥമെന്ന നിലയില്‍ ഈ ഗ്രന്ഥം വളരെ ശ്രദ്ധേയമാണ്.

 ചരിത്ര രചനകളോ രാജാക്കന്‍മാരുടെയും പ്രഭുക്കന്‍മാരുടെയും ദൈനംദിന വ്യവഹാരങ്ങളെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകളോ അവശേഷിച്ചിട്ടില്ലാത്ത ഒരു കാലഘട്ടത്തില്‍ കേരളക്കരയില്‍ പറങ്കിപ്പടയാളികള്‍ നടത്തിയ പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ആധികാരികമായും വസ്തുനിഷ്ഠമായും ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. 15ഉം 16ഉം നൂറ്റാണ്ടുകളിലെ കേരളത്തിലെ സാമൂഹിക, സാമ്പത്തിക സാംസ്‌കാരിക, ഗതിവിഗതികളെ സസൂക്ഷ്മം ഈ ഗ്രന്ഥം വിലയിരുത്തുന്നുണ്ട്.കേരളത്തിലെ വസ്ത്രധാരണ രീതി, ഭക്ഷണ സമ്പ്രദായങ്ങള്‍, രാജാക്കന്‍മാരുടെയും പ്രഭുക്കന്മാരുടെയും ജീവിതക്രമങ്ങള്‍, ഭരണ സമ്പ്രദായങ്ങള്‍, നികുതി വ്യവസ്ഥകള്‍, ശിക്ഷാ സമ്പ്രദായങ്ങള്‍, സാമൂഹിക ചടങ്ങുകള്‍, അനാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ പരസ്പരമുള്ള ബന്ധങ്ങളും വ്യവഹാരങ്ങളും ഇത്രയും ഭംഗിയായും വിശദമായും പ്രതിപാദിക്കുന്ന ഒരു ചരിത്ര ഗ്രന്ഥവും ലഭ്യമല്ല. 16ാം നൂറ്റാണ്ടില്‍ വിരചിതമായ ഈ ഗ്രന്ഥത്തിനു മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സ്ഥിതിഗതികളെ ഇത്രയും ഭംഗിയായി വിവരിക്കുന്നതോ കേരള ചരിത്രത്തെ ഇത്രയും ആധികാരികമായി സ്പര്‍ശിക്കുന്നതോ ആയ ഒരു കൃതിയും രചിക്കപ്പെട്ടിട്ടില്ല. ഗ്രന്ഥ കര്‍ത്താവിനെക്കുറിച്ച്

പൊന്നാനി മഖ്ദൂമുമാരെക്കുറിച്ച് പഠനം നടത്തുമ്പോള്‍ അവരുടെ പൂര്‍വ പിതാവ് അലിയ്യുബ്‌നു അഹ്മദ് അല്‍ മഅ്ബരിയാണ്. അദ്ദേഹത്തിന്റെ ജന്മദേശം യമനിലെ മഅ്ബറായിരുന്നു. അദ്ദേഹം പിന്നീട് കുടുംബസമേതം കൊച്ചിയില്‍ വന്നു താമസമാക്കി. അദ്ദേഹത്തിന്റെ മകനാണു സൈനുദ്ദീന്‍ ഒന്നാമന്‍ എന്ന പേരില്‍ പ്രസിദ്ധനായ ശൈഖ് സൈനുദ്ദീന്‍ അബൂയഹ്‌യ ഇബ്‌നു അലിയ്യുല്‍ മഅ്ബരി. എ.ഡി 1493ല്‍ കൊച്ചിയില്‍ ജനിച്ച അദ്ദേഹം 1550ല്‍ പൊന്നാനിയില്‍ വച്ച് മരണപ്പെട്ടു. ഉല്‍കൃഷ്ടങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചുകൊണ്ട് മുസ്‌ലിം ലോകത്ത് പ്രസിദ്ധനായ ഒരു പണ്ഡിതനായിരുന്നു അദ്ദേഹം. 
കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷ അംഗം മഖ്ദൂം സ്ഥാനം ഏറ്റെടുക്കുക എന്ന പരമ്പരാഗത വ്യവസ്ഥയനുസരിച്ച് സൈനുദ്ദീനുബ്‌നു അലിയ്യുല്‍ മഅ്ബരിയുടെ മരണശേഷം  അദ്ദേഹത്തിന്റെ പുത്രന്‍ ശൈഖ് അബ്ദുല്‍ അസീസ് മഅ്ബരി മഖ്ദൂം സ്ഥാനം ഏറ്റെടുത്തു. അബ്ദുല്‍ അസീസ് മഖ്ദൂമിന് പുത്രന്‍മാരില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണശേഷം ജ്യേഷ്ട സഹോദര പുത്രനായ ശൈഖ് സൈനുദ്ദീനുബ്‌നു അഹ്മദുല്‍ ഗസ്സാലി മഖ്ദൂം സ്ഥാനത്ത് അവരോധിതനായി. അദ്ദേഹമാണ് മഖ്ദൂം കുടുംബത്തിലെ ഏറ്റവും പ്രശസ്തനായ പണ്ഡിതനും വിശ്വപ്രസിദ്ധ ചരിത്ര ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീന്റെ കര്‍ത്താവുമായ സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍.
മതവൈജ്ഞാനിക രംഗത്ത് അനര്‍ഘങ്ങളായ സംഭാവനകളര്‍പ്പിച്ച നിസ്തുല പണ്ഡിതനും വിഖ്യാത ചരിത്രകാരനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഹിജ്‌റ 10ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പൊന്നാനിയിലാണു ഭൂജാതനായത്. മാതാവ് മാഹിക്കടുത്ത ചോമ്പാല്‍ സ്വദേശിനിയായിരുന്നു. സ്വന്തം പിതാവില്‍നിന്നും പിതൃസഹോദരനായ അബ്ദുല്‍ അസീസ് മഖ്ദൂമിയില്‍ നിന്നും പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിനായി മക്കയിലേക്ക് പോയി. അവിടെ വച്ച് ലോകപ്രശസ്ത പണ്ഡിതനും തുഹ്ഫ എന്ന പ്രബലകര്‍മശാസ്ത്ര ഗ്രന്ഥത്തിന്റെ കര്‍ത്താവുമായ ശൈഖ് ഇബ്‌നുഹജറുല്‍ ഹൈതമി(റ)യുടെ ശിഷ്യത്വം സ്വീകരിച്ചു. ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശത്തേക്കു തിരിച്ചുവന്ന് മഖ്ദൂം സ്ഥാനം ഏറ്റെടുത്തു.

കേരള മുസ്‌ലിങ്ങളുടെ നേതൃത്വത്തില്‍ മലബാറിലെ ഇസ്‌ലാമിക സംസ്‌കാരത്തിന്റെ പ്രഭാ കേന്ദ്രമായി പ്രശോഭിച്ചിരുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഭരണനേതൃത്വവും നിര്‍വഹിച്ചിരുന്നവരെയാണ് മഖ്ദൂം എന്നു വിളിച്ചിരുന്നത്. പാണ്ഡിത്യം കൊണ്ടും ഗ്രന്ഥരചനകള്‍ കൊണ്ടും കേരളത്തിന്റെ വൈജ്ഞാനിക രംഗം പ്രശോഭിതമാക്കിയ മഖ്ദൂം കുടുംബം 'അറബി ഭാഷയുടെ ചരിത്രത്തില്‍ എന്നും അനുസ്മരിക്കപ്പെടുന്നവരാണ്. പൗരാണിക മുസ്‌ലിം കേരളത്തിന്റെ സാംസ്‌കാരിക കേന്ദ്രവും വിജ്ഞാനത്തിന്റെ വിളനിലവുമായ പൊന്നാനിയുടെ സര്‍വ പ്രതാപത്തിനും കാരണക്കാര്‍ മഖ്ദൂം കുടുംബമാണ്. മുസ്‌ലിം കേരളത്തിനു വിസ്മരിക്കാനാവാത്ത ആത്മീയ നേതൃത്വം നല്‍കിയ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ ഹിജ്‌റ 991 എ.ഡി 1583ല്‍ മരണപ്പെട്ടു. മാഹിക്കടുത്ത ചോമ്പാല്‍ കുഞ്ഞിപ്പള്ളി മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്നു.ഗ്രന്ഥരചനയുടെ പശ്ചാത്തലം

പറങ്കികളും മലബാറിലെ ധീര ദേശാഭിമാനികളായ മാപ്പിള നാവികരും തമ്മില്‍ അറബിക്കടലിന്റെ വിരിമാറില്‍ നിരന്തരമായി നാവിക സംഘട്ടനങ്ങള്‍ നടന്നുകൊണ്ടിരുന്ന കാലത്താണ് പണ്ഡിതനും ധീരദേശാഭിമാനിയുമായിരുന്ന ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം(റ) ജീവിച്ചിരുന്നത്. മലബാര്‍ മുസ്‌ലിങ്ങളുടെ ആത്മീയ നേതാവ് എന്നതിലുപരി പൊന്നാനിയുടെ പൗരാണിക സംസ്‌കാരത്തിന്റെയും നാഗരിക ചൈതന്യത്തിന്റെയും സിരാകേന്ദ്രമായിരുന്ന തോട്ടുങ്ങല്‍ വലിയ ജുമുഅത്ത് പള്ളിയുടെ മഖ്ദൂം സ്ഥാനവും കൂടി അദ്ദേഹം അലങ്കരിച്ചിരുന്നു. 

ഇസ്‌ലാമിനോടും മുസ്‌ലിങ്ങളോടും കടുത്ത ശത്രുതയും പ്രതികാര മനോഭാവവും വച്ചുപുലര്‍ത്തിയിരുന്ന പറങ്കിപ്പടയാളികള്‍ മലബാറിന്റെ തീരപ്രദേശങ്ങളിലും അറബിക്കടലിലും നടത്തിവന്നിരുന്ന അത്യന്തം ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തനങ്ങള്‍ ഏതൊരു മനുഷ്യഹൃദയത്തെയും നടുക്കിക്കളയുന്നതായിരുന്നു.ഹജ്ജിനു പുറപ്പെടുന്ന കപ്പലുകള്‍ കൊള്ളയടിക്കുക, മുസല്‍മാന്‍മാരെ വകവരുത്തുക, അവരുടെ ആരാധനാലയങ്ങളും മത ഗ്രന്ഥങ്ങളും അഗ്‌നിക്കിരയാക്കുക, മുസ്‌ലിം സ്ത്രീകളെ ക്രൂരമായി മാനഭംഗപ്പെടുത്തുക, അവരെ ബലം പ്രയോഗിച്ച് ക്രിസ്തു മതത്തില്‍ ചേര്‍ക്കുക തുടങ്ങിയ മതവിധ്വംസക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ പറങ്കികള്‍ മതഭ്രാന്തിന്റെ മൂര്‍ത്തീമല്‍ഭാവങ്ങളായിരുന്നു. നീചവും നിന്ദ്യവുമായ ഇത്തരം പ്രവര്‍ത്തനങ്ങളും കൂട്ടക്കൊലകളും കണ്ടു മനംനൊന്ത പണ്ഡിതനും ആത്മീയ നേതാവുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം വെറും കേരള ചരിത്രമെഴുതുക എന്ന ലക്ഷ്യത്തോടുകൂടി മാത്രമല്ല ഈ ഗ്രന്ഥം രചിച്ചത്. മറിച്ച്, ഇതര മുസ്‌ലിം നാടുകളിലെ ഭരണാധികാരികളെയും നേതാക്കന്‍മാരെയും ഈ കൊടുക്രൂരതകളെക്കുറിച്ച് ബോധവാന്‍മാരാക്കുക എന്ന മഹത്തായ ലക്ഷ്യം കൂടി ഈ ഗ്രന്ഥരചനയ്ക്കു പിന്നിലുണ്ടായിരുന്നു. തുഹ്ഫത്തുല്‍ മുജാഹിദീന്റെ ആഗോള പ്രശസ്തി

യൂറോപ്യന്‍ നാടുകളില്‍ അതിശയകരമായ പ്രശസ്തി നേടിയ ഈ ഗ്രന്ഥം ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, പേര്‍ഷ്യന്‍, ചെക്ക് എന്നീ വിദേശ ഭാഷകളിലേക്കും മലയാളം, ഹിന്ദി, ഉര്‍ദു, കന്നട, തമിഴ് എന്നീ ഇന്ത്യന്‍ ഭാഷകളിലേക്കും പൂര്‍ണമായും സംക്ഷിപ്തമായും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ഗ്രന്ഥം ഇന്ത്യയില്‍ അറിയപ്പെടുന്നതിലും കൂടുതല്‍ പ്രസിദ്ധി നേടിയത് വിദേശ രാജ്യങ്ങളിലാണ്. ഈ ഗ്രന്ഥം വായിച്ച വിദേശികള്‍ മഖ്ദൂമിന്റെ ചരിത്രപാണ്ഡിത്യവും ചരിത്രനിരൂപണ വൈദഗ്ധ്യവും കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. കേരള ചരിത്രമറിയുന്നതിനു സത്യസന്ധമായ ഒരു ഗൈഡ് എന്ന നിലയിലാണ് പാശ്ചാത്യര്‍ ഈ ഗ്രന്ഥത്തെ അവലംബിക്കുന്നത്.നിരവധി ചരിത്ര ഗ്രന്ഥങ്ങള്‍ വായിച്ചു വിശാലജ്ഞാനം കരസ്ഥമാക്കിയ ഒരാള്‍ക്കല്ലാതെ ഇത്തരത്തിലുള്ള ഒരു ഗ്രന്ഥം രചിക്കുവാന്‍ സാധ്യമല്ലെന്നു 'സ്മിത്ത്' അഭിപ്രായപ്പെട്ടിരിക്കുന്നു. വിദേശ ഗ്രന്ഥാലയങ്ങള്‍ ഒരമൂല്യ നിധിയായി സൂക്ഷിക്കുന്ന ഈ ഗ്രന്ഥത്തിലെ കേരളത്തെക്കുറിച്ച് പരാമര്‍ശിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രം 500ല്‍ പരം ഗ്രന്ഥങ്ങളിലേക്കു പകര്‍ത്തപ്പെട്ടിരിക്കുന്നു എന്നറിയുമ്പോള്‍ ഈ ഗ്രന്ഥത്തിന്റെ ആഗോള പ്രശസ്തി മനസ്സിലാക്കാവുന്നതാണ്. ചരിത്രപരമായ പ്രാധാന്യം

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അക്ബര്‍ ചക്രവര്‍ത്തിയുടെ സമകാലികനാണ്. അക്ബറിന്റെ ഭരണകാലമായ എ.ഡി. 1555-1600 കാലഘട്ടത്തിനിടയിലാണ് അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. പോര്‍ച്ചുഗീസുകാരുടെ അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായിരുന്ന കാലഘട്ടത്തില്‍ ജീവിച്ച ഗ്രന്ഥകര്‍ത്താവ് തന്റെ നഗ്ന ദൃഷ്ടിക്ക് വിധേയമായതും വിശ്വാസയോഗ്യമായ മാര്‍ഗങ്ങളിലൂടെ തനിക്കു ലഭിച്ചതുമായ വിവരങ്ങള്‍ മാത്രമേ ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളൂ.1498 മുതല്‍ 1583 വരെ പോര്‍ച്ചുഗീസുകാര്‍ നടത്തിയ അത്യന്തം ക്രൂരമായ പ്രവര്‍ത്തനങ്ങളും കേരളീയ സാമൂഹിക ജീവിതത്തിന്റെ യഥാര്‍ത്ഥ ചരിത്രവുമടങ്ങിയ ഈ ഗ്രന്ഥത്തെ കേരളത്തിന്റെ ആധികാരികമായ പ്രഥമ ചരിത്രഗ്രന്ഥമെന്നു  വിശേഷിപ്പിക്കാവുന്നതാണ്. വസ്തുനിഷ്ഠമായും ശാസ്ത്രീയമായും ചരിത്ര സംഭവങ്ങള്‍ അപഗ്രഥിച്ചെഴുതിയ പ്രഥമ കേരള ചരിത്ര ഗ്രന്ഥവും തുഹ്ഫത്തുല്‍ മുജാഹിദീനാണ്. ഗ്രന്ഥത്തിന്റെ മുഖവുര

ഗ്രന്ഥത്തിന്റെ ഒന്നാം ഭാഗത്ത് ഇസ്‌ലാമിലെ യുദ്ധനിയമങ്ങളെക്കുറിച്ചുള്ള വിവരണങ്ങളാണ്. ഇസ്‌ലാമിലെ ജിഹാദ്, അതില്‍ പങ്കെടുക്കുന്നവര്‍ക്കു ലഭിക്കുന്ന പ്രതിഫലങ്ങള്‍, ജിഹാദ് നിര്‍വഹിക്കാനുള്ള ആഹ്വാനം എന്നിവയെല്ലാം ഈ ഭാഗത്ത് വിവരിച്ചിരിക്കുന്നു. ഇതിന് അടിസ്ഥാനപരമായ നിരവധി തെളിവുകള്‍ വിശുദ്ധ ഖുര്‍ആനില്‍നിന്നും നബിചര്യകളില്‍നിന്നും ഗ്രന്ഥകാരന്‍ ഉദ്ധരിക്കുന്നുണ്ട്. ഇതേ അധ്യായത്തില്‍ തന്നെ മുസ്‌ലിങ്ങള്‍ക്കെതിരില്‍ പൈശാചികമായ ആക്രണമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പറങ്കിപ്പടയാളികള്‍ക്കെതിരേ ധര്‍മസമരം സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകത മുസ്‌ലിം ഭരണാസികാരികളെയും നേതാക്കന്‍മാരെയും ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്‌ലാം മത പ്രചാരണത്തിന്റെ ആരംഭ ചരിത്രമാണു പരാമര്‍ശിക്കുന്നത്. മലബാറിലെ ഇസ്‌ലാമിക പ്രചാരണ ചരിത്രം വിവരിക്കുന്നിടത്ത് സിലോണിലുള്ള 'ആദം മല' സന്ദര്‍ശിക്കാന്‍ വന്ന അറബികള്‍ കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയതും അവിടുത്തെ രാജാവുമായി സംഭാഷണത്തിലേര്‍പ്പെട്ടതും തുടര്‍ന്ന് ഇസ്‌ലാമിനെയും പ്രവാചകനെയും ചന്ദ്രപ്പിളര്‍പ്പിനെയും കുറിച്ചുള്ള വിവരങ്ങളെല്ലാം വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. രാജാവിന്  ഇസ്‌ലാമിനോട് പ്രതിപത്തി തോന്നി പ്രവാചകനെ കാണാന്‍ മക്കയിലേക്കു പോയ ചരിത്രവും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അതിനു പുറമെ മാലിക് ദീനാറിന്റെയും കൂട്ടുകാരുടെയും കേരളത്തിലേക്കുള്ള ആഗമനവും അവര്‍ പള്ളികള്‍ നിര്‍മിച്ച സ്ഥലങ്ങളും പടിഞ്ഞാറേ തുറമുഖങ്ങളുടെ വളര്‍ച്ച സംബന്ധിച്ച വിവരങ്ങളുമെല്ലാം ഈ ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.അനുഭവവും വിശ്വസനീയതയും

ഗ്രന്ഥത്തിന്റെ മൂന്നാം ഭാഗത്ത് കേരളത്തിലെ ഹിന്ദുക്കളുടെ വിശ്വാസാചാരങ്ങള്‍, ഹിന്ദു രാജാക്കന്‍മാരുടെ മതസഹിഷ്ണുത, ജാതി സമ്പ്രദായങ്ങള്‍, തീണ്ടല്‍, വിവാഹകര്‍മങ്ങള്‍, അനന്തരാവകാശം, ബഹുഭര്‍തൃത്വം, വസ്ത്രധാരണ രീതി, യുദ്ധമുറകള്‍, തൊഴിലുകള്‍ തുടങ്ങിയ കാര്യങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യപ്പെടുന്നു. ആ കാലഘട്ടത്തിലെ കേരള സംസ്‌കാരത്തിന്റെ യഥാര്‍ത്ഥമായ ചിത്രം ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. 
അന്നത്തെ രാജാക്കന്‍മാരുടെ സാമൂഹികവും സാംസ്‌കാരികവും ഭരണപരവുമായ എല്ലാ വിഷയങ്ങളിലേക്കും വെളിച്ചം വീശുന്ന ഈ ഭാഗം വളരെ വിജ്ഞാനപ്രദമാണ്. രാജാക്കന്‍മാരുടെ ഭരണരീതികളും അവര്‍ തമ്മിലുള്ള ബന്ധങ്ങളും വ്യവഹാരങ്ങളും യുദ്ധരീതികളും ബ്രാഹ്മണ സമുദായക്കാരും മറ്റും മരിച്ചാലുള്ള പ്രത്യേക ആചാരങ്ങളും നായന്മാരുടെ സ്ഥിതിഗതികളും അവരുടെ വിവാഹ സമ്പ്രദായങ്ങളും നായര്‍ സ്ത്രീകളില്‍ അന്നു നിലവിലുണ്ടായിരുന്ന ബഹുഭര്‍തൃത്വവും അയിത്താചാരവും ജാതിവ്യവസ്ഥകളുമെല്ലാം ഈ ഭാഗത്ത് വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. ജന്മിമാര്‍ തങ്ങളുടെ കാമനിവൃത്തിക്ക് കേരളീയ സാമൂഹികജീവിതത്തെ എത്രമാത്രം പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്ന് ഈ ഭാഗം വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. 
അന്നു നിലവിലുണ്ടായിരുന്ന ബഹുഭര്‍തൃത്വ സമ്പ്രദായങ്ങളെയും അയിത്താചാരങ്ങളെയും മറ്റും വിദേശ സഞ്ചാരികളെ പോലെ ഗ്രന്ഥകര്‍ത്താവും വിമര്‍ശിച്ചിട്ടുണ്ട്. ജന്മിത്വ ഭരണവും ജാതി വാഴ്ചയും കേരള സാമൂഹികജീവിതത്തിലുളവാക്കിയ ജീര്‍ണതകളില്‍നിന്ന് മോചനം നേടാന്‍ നായന്‍മാര്‍ തുടങ്ങിയ പല വിഭാഗങ്ങളും ഇസ്‌ലാമില്‍ അഭയം കണ്ടെത്തിയിരുന്നതായി ഗ്രന്ഥകര്‍ത്താവ് രേഖപ്പെടുത്തിയിരിക്കുന്നു. 

അന്നത്തെ ബ്രാഹ്മണര്‍ക്കിടയില്‍ നിലവിലുണ്ടായിരുന്ന വിവാഹ സമ്പ്രദായങ്ങളെക്കുറിച്ച് ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നത് ഇപ്രകാരമാണ്. ബ്രാഹ്മണ സമുദായത്തില്‍ ആചാര വിധിയനുസരിച്ച് സഹോദരന്‍മാരില്‍ പ്രായം കൂടിയ ആള്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ പാടുള്ളൂ. മൂത്ത സഹോദരനു സന്താനങ്ങള്‍ ജനിക്കുകയില്ലെന്ന് ഉറപ്പ് വരുത്തുന്നത് വരെ മറ്റാര്‍ക്കും വേളി കഴിക്കാന്‍ പാടില്ല. അവകാശികള്‍ അധികരിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വേണ്ടിയായിരിക്കണം ഇപ്രകാരം ഒരു സമ്പ്രദായം ഏര്‍പ്പെടുത്തിയിരുന്നത്. മൂത്ത സഹോദരനൊഴികെ മറ്റുള്ളവരെല്ലാം നായര്‍ ഭവനങ്ങളില്‍ചെന്ന് നായര്‍ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുകയാണു പതിവ്. പൂണൂല്‍ ധാരികളായ നമ്പൂതിരിമാര്‍ക്ക് നായര്‍ സ്ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തുന്നതില്‍ യാതൊരു അനൗചിത്യവും ഉണ്ടായിരുന്നില്ല. നായര്‍ സ്ത്രീകള്‍ ഇതൊരു അന്തസും അഭിമാനവും പുണ്യവുമായിട്ടാണു കരുതിയിരുന്നത്.
ഈ നായര്‍ സ്ത്രീകളില്‍ ജനിക്കുന്ന സന്താനങ്ങള്‍ക്ക് അച്ഛന്റെ സ്വത്തില്‍ ഒരിക്കലും അവകാശമുണ്ടായിരുന്നില്ല. ഒരു നായര്‍ സ്ത്രീക്ക് രണ്ടോ നാലോ ചിലപ്പോള്‍ അതിലധികമോ ഭര്‍ത്താക്കന്‍മാര്‍ ഉണ്ടായിരിക്കുമെന്നും നായര്‍ സ്ത്രീകള്‍ ഇതൊരു അംഗീകാരവും പുണ്യവുമായാണു കണക്കാക്കുന്നതെന്നും ഗ്രന്ഥകാരന്‍ സമര്‍ത്ഥിച്ചിരിക്കുന്നു. 
അന്നു പ്രചാരത്തിലുണ്ടായിരുന്ന പാന്ധവാചാരം എന്ന വിവാഹ സമ്പ്രദായത്തെ കുറിച്ച് ഗ്രന്ഥകര്‍ത്താവിന്റെ വിവരണം ഇപ്രകാരമാണ്: ആശാരി, മൂശാരി, കരുവാന്‍, തട്ടാന്‍, കൊല്ലന്‍ തുടങ്ങിയ കമ്മാള ജാതിക്കാരുടെ ഇടയില്‍ പാന്ധവാചാരം എന്ന വിവാഹ സമ്പ്രദായമാണ് നിലവിലുണ്ടായിരുന്നത്. എല്ലാ സോഹദരന്‍മാരും കൂടി ഒരു സ്ത്രീയ വിവാഹം കഴിക്കുന്ന സമ്പ്രദായത്തിനാണ് 'പാന്ധവാചാരം' എന്ന് പറയുന്നത്.

 ആ കാലഘട്ടത്തില്‍ ഹിന്ദു സമുദായത്തിലെ ഉന്നതന്‍മാര്‍ക്ക് ബാധിച്ച സാന്‍മാര്‍ഗികാധപതനം മുസ്‌ലിം സമുദായത്തെയും കടന്നാക്രമിച്ചു. ഈ സുഖലോലുപതയില്‍ അവര്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വിസ്മരിച്ചു. അതുകാരണമായി ശപിക്കപ്പെട്ട പോര്‍ച്ചുഗീസുകാര്‍ അവര്‍ക്കെതിരില്‍ ഇളകിവരാന്‍ കാരണമായി എന്നും ഗ്രന്ഥകാരന്‍ ഈ ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്നു. 

  

മതസഹിഷ്ണുത

അക്കാലത്ത് ഹിന്ദുക്കളും മുസ്‌ലിങ്ങളും പരസ്പരം പുലര്‍ത്തിപ്പോന്നിരുന്ന മതസഹിഷ്ണുതയെക്കുറിച്ച് ഗ്രന്ഥകര്‍ത്താവിന്റെ വിവരണം വളരെ ശ്രദ്ധേയമാണ്. 

മലബാറിലെ നാടുവഴികളും അവരുടെ സൈന്യങ്ങളും ഹിന്ദുക്കളായിരുന്നു. അവര്‍ തങ്ങളുടെ പൂര്‍വീക മതാചാരങ്ങളില്‍ ദൃഡമായി വിശ്വസിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുസ്‌ലിങ്ങളെ ഉപദ്രവിക്കുകയോ മതസ്വാതന്ത്ര്യത്തെ ഹനിക്കുകയോ മതപരിവര്‍ത്തനം ചെയ്തവരെ അക്കാരണത്താല്‍ ഉപദ്രവിക്കുകയോ അവര്‍ ചെയ്തിരുന്നില്ല. മുസ്‌ലിങ്ങളുടെ മതാനുഷ്ഠാന ചടങ്ങുകളോട് അങ്ങേയറ്റത്തെ സഹിഷ്ണുതയാണവര്‍ പുലര്‍ത്തിപ്പോന്നിരുന്നത്. ജനസംഖ്യയില്‍ പത്തില്‍ ഒരു ശതമാനം മാത്രമുണ്ടായിരുന്ന മുസ്‌ലിങ്ങള്‍ മലബാറിലെ എല്ലാ ഭാഗങ്ങളിലും താമസിച്ചിരുന്നു. അവിടെയെല്ലാം അവര്‍ പള്ളികള്‍ നിര്‍മിക്കുകയും ഹിന്ദുക്കള്‍ അതിനുവേണ്ട എല്ലാ സഹായ സഹകരണങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു.
ജുമുഅയും പെരുന്നാള്‍ ആഘോഷങ്ങളും അവര്‍ സന്തോഷം കൊണ്ടാടിയിരുന്നു. മുസ്‌ലിം കേന്ദ്രങ്ങളില്‍ ഗവണ്‍മെന്റില്‍നിന്നു ഖാളിമാരെയും വാങ്ക് വിളിക്കുന്നവരെയും നിയമിക്കുകയും അവര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍നിന്നു ശമ്പളം കൊടുക്കുകയും ചെയ്തിരുന്നു. മതനിയമങ്ങള്‍ വളരെ കര്‍ശനമായി പാലിക്കപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം ഒഴിവാക്കാന്‍ പാടില്ലെന്ന് പ്രത്യേകം നിര്‍ബന്ധിച്ചിരുന്നു. അതില്‍ പങ്കെടുക്കാത്തവരെ ശിക്ഷിക്കുകയും അവരില്‍നിന്നു പിഴ വസൂലാക്കുകയും ചെയ്തിരുന്നു. കൊലക്കുറ്റം ചെയ്യുന്ന മുസ്‌ലിങ്ങളെ മുസ്‌ലിം നേതാക്കളുടെ സമ്മതപ്രകാരം തൂക്കിക്കൊന്ന് മൃതദേഹം സംസ്‌കരിക്കുന്നതിനായി അവരുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടത്തിരുന്നു. അവര്‍ കുളിപ്പിച്ച് അന്ത്യകര്‍മങ്ങള്‍ ചെയ്ത ശേഷം മുസ്‌ലിം മഖ്ബറകളില്‍ മറവ് ചെയ്യുന്നു. എന്നാല്‍, അമുസ്‌ലിങ്ങളെ തൂക്കിക്കൊല്ലുകയാണെങ്കില്‍ ശവ ശരീരങ്ങള്‍ നായ, കുറുക്കന്‍ മുതലായവയ്ക്ക് ഭക്ഷിക്കാന്‍ വിട്ടുകൊടുക്കുകയല്ലാതെ മറവു ചെയ്യുന്ന സമ്പ്രദായമുണ്ടായിരുന്നില്ല. ശിക്ഷയുടെ കാഠിന്യമോര്‍ത്ത് കുറ്റകൃത്യങ്ങള്‍ വളരെ വിരളമായിരുന്നു. വിദേശികളുടെ ആഗമനം

ഗ്രന്ഥത്തിന്റെ നാലാം ഭാഗം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. മലബാറില്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനവും അവരുടെ ദുഷ്പ്രവര്‍ത്തനങ്ങളും ഈ ഭാഗത്താണു വിവരിച്ചിരിക്കുന്നത്. ഈ ഭാഗം 14 അധ്യായങ്ങളിലായി വിഭജിച്ചിരിക്കുന്നു. 1498ല്‍ പോര്‍ച്ചുഗീസ് കപ്പിത്താന്‍ വാസ്‌ക്കോഡിഗാമ മലബാറില്‍ കാലു കുത്തിയതു മുതല്‍ 1583-84 കാലഘട്ടം വരെയുള്ള 85 വര്‍ഷക്കാലത്തെ അവരുടെ നിരന്തരമായ ആക്രമണ ചരിത്രം 14 അധ്യായങ്ങളിലായി വസ്തുനിഷ്ഠമായി ഇവിടെ വിവരിച്ചിരിക്കുന്നു.
കച്ചവടാവശ്യത്തിനായി മലബാറില്‍ വന്ന പോര്‍ച്ചുഗീസുകാര്‍ ഈ നാട്ടിലെ കച്ചവടത്തിന്റെ കുത്തക അവകാശികളായ മുസ്‌ലിങ്ങളെ അടിച്ചമര്‍ത്തുന്നതിനു വേണ്ടി നടത്തിയ തേര്‍വാഴ്ചകളാണ് ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. സാമൂതിരിയും മുസ്‌ലിങ്ങളും തമ്മിലുള്ള  അഭേദ്യമായ സുഹൃബന്ധം കാരണം കോഴിക്കോട്ട് കച്ചവടത്തില്‍ പിടിച്ചുനില്‍ക്കുക സാധ്യമല്ലെന്നു മനസ്സിലാക്കിയ പോര്‍ച്ചുഗീസുകാര്‍  കൊച്ചി രാജാവുമായി സൗഹൃദം സ്ഥാപിച്ചതും അവര്‍ തമ്മില്‍ സന്ധി ചെയ്ത് സാമൂതിരിയോട് എതിര്‍ത്തതുമെല്ലാം വളരെ വിശദമായി ഇവിടെ പ്രതിപാദിച്ചിരിക്കുന്നു.
കേരളത്തിലെ പോര്‍ച്ചുഗീസുകാരുടെ ആഗമനത്തിനു ശേഷമുള്ള 85 വര്‍ഷത്തെ മുഴുവന്‍ ചരിത്രവും ഈ ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇതിലെ ഭൂരിഭാഗം ചരിത്രസംഭവങ്ങളും ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതപ്പെട്ടതാകയാല്‍ ഈ ഗ്രന്ഥം മറ്റെല്ലാ ചരിത്ര ഗ്രന്ഥങ്ങളെക്കാളും ഈ വിഷയത്തില്‍ മികവ് പുലര്‍ത്തുന്നു. 

പോര്‍ച്ചുഗീസുകാരെ കുറിച്ചുള്ള വിവരണം ആരംഭിക്കുന്നത് ഇപ്രകാരമാണ്. അഫ്രഞ്ചുകാര്‍ മുസ്‌ലിം രാജ്യങ്ങളില്‍ പ്രവേശിച്ച് ആക്രമണങ്ങളും യുദ്ധങ്ങളും നടത്തുന്നതു കാരണം അവരോട് യുദ്ധം ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയാണ്. ശപിക്കപ്പെട്ട അഫ്രഞ്ചുകാര്‍ മുസ്‌ലിങ്ങളില്‍നിന്ന് ധാരാളം ആളുകളെ ബന്ധനസ്ഥരാക്കുകയും കൊല്ലുകയും നിര്‍ബന്ധപൂര്‍വം അവരെ മതപരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യുന്നു. മാത്രമല്ല, അവര്‍ മുസ്‌ലിങ്ങളെ ബന്ധനസ്ഥരാക്കുകയും കൊല്ലുകയും അവരില്‍നിന്ന് ക്രിസ്ത്യന്‍ സന്താനങ്ങളെ ഉല്‍പാദിപ്പിച്ച് അവരെക്കൊണ്ട് മുസ്‌ലിങ്ങള്‍ക്കെതിരില്‍ വാളെടുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഗ്രന്ഥത്തിന് 'തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഫീ ബഹ്‌സി അഖ്ബാരില്‍ ബുര്‍ത്തുഗാലിയ്യീന്‍' (പോര്‍ച്ചുഗീസുകാരെക്കുറിച്ചുള്ള വിവരണങ്ങളും ധര്‍മസമരങ്ങളില്‍ പങ്കെടുക്കുന്ന യോദ്ധാക്കള്‍ക്കുള്ള തിരുമുല്‍ക്കാഴ്ചയും) എന്ന് നാമകരണം ചെയ്തിരിക്കുന്നു. സാമൂതിരിയെക്കുറിച്ച്

കോഴിക്കോട്ടെ സാമൂതിരി രാജാവിനെക്കുറിച്ച് വിജ്ഞാനപ്രദമായ അനേകം വിവരങ്ങള്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍നിന്നു ലഭിക്കുന്നുണ്ട്. നീതിന്യായ കാര്യങ്ങളില്‍ വളരെ നിഷ്‌ക്കര്‍ഷ്ത പാലിച്ചുകൊണ്ടാണ് അദ്ദേഹം ഭരണം നടത്തിയിരുന്നതെന്നും മുസ്‌ലിങ്ങളുമായി വളരെ നല്ല സുഹൃദ്ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നതെന്നും ഗ്രന്ഥകര്‍ത്താവിന്റെ വിവരണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

വാസ്‌ക്കോഡിഗാമയ്ക്കു ശേഷം എ.ഡി 1500ല്‍ ആറു കപ്പലുകളിലായി മലബാര്‍ തീരത്ത് വീണ്ടും പോര്‍ച്ചുഗീസുകാര്‍ വന്നതും അവര്‍ കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി സന്ധിച്ച് മുസ്‌ലിങ്ങള്‍ക്ക് കച്ചവടച്ചരക്കുകള്‍ പരസ്പരം കൈമാറുന്നതും അവര്‍ അറേബ്യയിലേക്ക് ചരക്കുകള്‍ കയറ്റിക്കൊണ്ട് പോവുന്നതും നിരോധിച്ചുകൊണ്ട് വ്യാപാര കുത്തക തങ്ങളെ ഏല്‍പ്പിക്കുന്നപക്ഷം അവര്‍ നല്‍കുന്നതിന്റെ ഇരട്ടി സംഖ്യ ഞങ്ങള്‍ തരാമെന്നു പോര്‍ച്ചുഗീസ് സാമൂതിരിയെ ധരിപ്പിക്കുന്നതും ഈ ഭാഗത്ത് വിവരിക്കുന്നുണ്ട്.
വ്യാപാര മത്സരത്തിനു പുറമെ തക്കം കിട്ടുമ്പോഴെല്ലാം മുസ്‌ലിം വ്യാപാരികളെ ആക്രമിക്കാനും കൊള്ളയടിക്കാനും അവര്‍ മുതിര്‍ന്നിരുന്നു. ഈ വിവരം മണത്തറിഞ്ഞ സാമൂതിരി അത്യന്തം ക്ഷൂഭിതനായി. കുറ്റവാളികളായ പോര്‍ച്ചുഗീസുകാരെ തെരഞ്ഞുപിടിച്ചു വധശിക്ഷയ്ക്കു വിധേയമാക്കാന്‍ സാമൂതിരി വിധി കല്‍പ്പിച്ചു. ഇതാണ് സാമൂതിരിയും പോര്‍ച്ചുഗീസുകാരും തമ്മില്‍ തെറ്റിപ്പിരിയാന്‍ കാരണമായതെന്ന് ഗ്രന്ഥകര്‍ത്താവ് സൂചിപ്പിക്കുന്നു. 
മുസ്‌ലിങ്ങളെപ്പോലെ സാമൂതിരിയും പോര്‍ച്ചുഗീസുകാര്‍ക്കെതിരായപ്പോള്‍ അവരുടെ അവസ്ഥ അത്യന്തം വിഷമകരമായി. അതുകൊണ്ടായിരിക്കണം അവര്‍ കൊച്ചി രാജാവുമായി സന്ധി ചെയ്തതും പ്രലോഭനങ്ങള്‍ മുഖേന രാജാവിനെ അവരുടെ പാട്ടിലാക്കിയതെന്നും ഗ്രന്ഥകര്‍ത്താവ് വിവരിക്കുന്നു.