23 April 2017
19 Rajab 1437

മാപ്പിളകാവ്യങ്ങള്‍ നല്‍കുന്ന നവോത്ഥാന മുദ്രകള്‍ ‍

10 January, 2016

+ -കാലത്തിന്റെ ഒരു പ്രത്യേക ദശയില്‍ പാശ്ചാത്യ ദേശങ്ങളില്‍ മാത്രം നടന്ന ഒരു പ്രതിഭാസമായാണ് പടിഞ്ഞാറന്‍ പണ്ഡിതന്മാര്‍ നവോത്ഥാനത്തെ അവതരിപ്പിക്കാറുള്ളത്. അവര്‍ മീട്ടുന്ന ശ്രുതിയില്‍ പാടുകയും പിടിക്കുന്ന താളത്തില്‍ ആടുകയും ചെയ്യുന്നവര്‍ക്ക് പൗരസ്ത്യലോകത്ത് വലിയ പഞ്ഞമൊന്നുമില്ല. അതിനാല്‍, നമ്മുടെ അക്കാദമികളില്‍ മിക്കപ്പോഴും പ്രതിധ്വനിക്കുന്നത് പടിഞ്ഞാറുനിന്നുള്ള ”ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സാണ്!” അവിടെ നടന്നതത്രയും അതേ ആക്കത്തിലും തൂക്കത്തിലും ഇവിടെയും ആവര്‍ത്തിക്കുകയാണ് നവോത്ഥാനത്തിലേക്ക് നമുക്കുള്ള ഒരേയൊരു വഴിയെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. അതിനാല്‍, നവോത്ഥാനം പടിഞ്ഞാറുമാത്രം നടന്ന ഒന്നല്ല എന്ന് നാം ഉറച്ചു പറയേണ്ടതുണ്ട്. ഓരോ നാട്ടിലും ഓരോരോ കാലത്തായി അത് സംഭവിച്ചിട്ടുണ്ട്; പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. നവോത്ഥാനാനുഭവങ്ങളെ അവലോകനം ചെയ്താല്‍ കണ്ടെത്താവുന്ന പൊതുപ്രവണതകള്‍ പലതുണ്ട്. സാംസ്‌കാരിക സങ്കലനം, ജനകീയ ഭാഷയ്ക്കും സാഹിത്യത്തിനുമുള്ള മേല്‍ക്കൈ, സ്വാതന്ത്ര്യബോധം, പുതിയതരം ജീവിത വീക്ഷണം, പാരമ്പര്യത്തിന്റെ പുനര്‍വായന തുടങ്ങിയവ ഏതാണ്ടെല്ലാ നവോത്ഥാന സംരംഭങ്ങളിലും പ്രകടമാണ്. മാപ്പിളപ്പാട്ടുകളിലുമുണ്ട് ആഴത്തില്‍ വേരുകളുള്ള നവോത്ഥാന മുദ്രകള്‍ പലതും.

കേരളത്തിലേക്കു വന്ന അറബികള്‍ കൂടെക്കൊണ്ടുവന്ന ഭാഷയുടെയും വിശ്വാസത്തിന്റെയും പകര്‍ചയാണ് അറബിമലയാളത്തിന്റെ ഉദയത്തിന് നിദാനമായിത്തീര്‍ന്നത്. ഇസ്‌ലാമിക സംസ്‌കാരവും അറബിഭാഷയും മലയാളികള്‍ക്കുമേല്‍ ചെലുത്തിയ സമ്മര്‍ദത്തിനു പൂക്കാവുന്ന വഴികള്‍ രണ്ടെങ്കിലുമുണ്ടായിരുന്നു. സ്വന്തം ഭാഷയെ നിശ്ശേഷം കൈയൊഴിയുകയും അറബിഭാഷയിലേക്കും അതിന്റെ സംസ്‌കൃതിയിലേക്കും മനമറിഞ്ഞ് മാറുകയുമായിരുന്നു ഒരു വഴി. വേറൊരു സാംസ്‌കാരിക സന്ധിയില്‍ ആ വഴിയേ പോയ ഒരു ജനതയെ പില്‍ക്കാല കേരളം കണ്ടിട്ടുണ്ട്. ആംഗലഭാഷയും ക്രിസ്തുമതവും കേരളക്കരയില്‍ സ്വാധീനം ചെലുത്തിത്തുടങ്ങിയ കാലത്താണ് അതുണ്ടായത്. അറബികള്‍ ചെയ്തതുപോലെ, തദ്ദേശീയ വനിതകളെ വിവാഹം ചെയ്ത യുറോപ്യന്മാര്‍ കുടുംബജീവിതം നയിച്ചതിന്റെ ഫലമായി ഒരു സങ്കരസമൂഹം സൃഷ്ടിക്കപ്പെട്ടു. ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ ഉല്‍പ്പത്തിക്കഥയാണത്. മലയാള ഭാഷയെയും കേരളീയ സംസ്‌കാരത്തെയും മുച്ചൂടും ഉപേക്ഷിക്കുകയാണ് അവര്‍ ചെയ്തത്. യുറോപ്യന്‍ ആചാരങ്ങളെയും പാരമ്പര്യത്തെയും ആവുംമട്ടില്‍ സ്വായത്തമാക്കുകയും ചെയ്തു. കേരളീയ പാരമ്പര്യം പിന്തുടരുന്ന പെണ്ണുങ്ങളെ പെണ്‍കെട്ടാലോചിക്കാന്‍ പോലും വിസമ്മതിക്കുന്നതായിരുന്നു ആ മനോഭാവത്തിന്റെ പാരമ്യം.

ഇസ്‌ലാമിക സംസ്‌കാരവും അറബിഭാഷയുമായി വന്ന അറബികളും ഇവിടെനിന്ന് വിവാഹം കഴിക്കുകയും അതുവഴി ഒരു സങ്കരസമൂഹം രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഇവരോടൊപ്പം പുതുവിശ്വാസികള്‍ കൂടി ചേര്‍ന്നതാണ് മാപ്പിളമാര്‍. എന്നാല്‍ ആംഗ്ലോ ഇന്ത്യക്കാര്‍ കൈക്കൊണ്ടതില്‍നിന്ന് വളരെ വ്യത്യസ്തമായ ഒരു വഴിയാണ് സമാനമായ ഒരു സാംസ്‌കാരിക സന്ധിയില്‍ മാപ്പിളമാര്‍ സ്വീകരിച്ചത്. മാതൃഭാഷയെ അവര്‍ മുറുകെപ്പിടിച്ചു. വിശ്വാസം താല്‍പ്പര്യപ്പെടുന്ന അനുപാതത്തില്‍ അറബിഭാഷാ പദങ്ങളെയും സ്വീകരിച്ചു. ആത്മീയ ജീവിതത്തില്‍ അനിവാര്യങ്ങളും തദ്ദേശീയ പദാവലിയില്‍നിന്ന് പകരംവയ്ക്കാന്‍ കഴിയാത്തവയുമായിരിക്കണം അങ്ങനെ കൈക്കൊണ്ട പദങ്ങള്‍ മിക്കതും. അതുപയോഗിച്ച് ആലേഖനത്തിന് തദ്ദേശീയ ലിപിമാല സമര്‍ഥമായിരുന്നില്ല. അതാവാം അറബിലിപിതന്നെ സ്വീകരിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. അതുപയോഗിച്ച് അറബിയക്ഷരങ്ങള്‍ക്ക് സമാനങ്ങളല്ലാത്ത മലയാളാക്ഷരങ്ങളെ കുറിക്കാന്‍ കഴിയാതായി. അവയെക്കൂടി ഉള്‍ക്കൊള്ളാവുന്ന വിധം അറബിലിപിമാലയെ പരിഷ്‌കരിച്ചാണ് ആ പ്രശ്‌നം പരിഹരിച്ചത്. അങ്ങനെയൊരു രീതി മുസ്‌ലിംകള്‍ക്കിടയില്‍ ദേശാന്തരങ്ങളില്‍ നിലനിന്നിരുന്നത് കാര്യങ്ങള്‍ ഇങ്ങനെ കലാശിക്കുന്നതില്‍ നിര്‍ണായകമായിരുന്നിരിക്കാം. ചുരുക്കത്തില്‍ ഇരുസംസ്‌കൃതികളുടെയും, ഇരുദേശങ്ങളിലും പ്രചാരത്തിലുണ്ടായിരുന്ന ഭാഷോപാധികളുടെയും സമന്വയത്തിലൂടെയാണ് തങ്ങളുടെ ആവിഷ്‌കാരമാധ്യമമായിത്തീര്‍ന്ന ‘അറബിമലയാളം’ മാപ്പിളമാര്‍ വികസിപ്പിച്ചെടുത്തത്.

പലതരം പ്രേരണകളാലും പ്രവണതകളാലും നൂറ്റാണ്ടുകളായി തങ്ങളുടെ ആവിഷ്‌കാരോപാധിയായിരുന്ന അറബിമലയാളത്തിലെ രചനകളെ മാപ്പിളമാര്‍ തന്നെ കൈയൊഴിയുകയായിരുന്നു. കാലാന്തരത്തില്‍, കണക്കാക്കാനാവാത്ത വിധം വിപുലമായ രചനകള്‍ കൈമോശംവന്നുപോയി. മാപ്പിളപ്പാട്ടുകളാണ് എത്രയധികം സമ്മര്‍ദങ്ങളുണ്ടായിട്ടും മാപ്പിള മനസ്സില്‍നിന്ന് പൂര്‍ണമായും കുടിയിറങ്ങിപ്പോകാതിരുന്നത്. ഭാഷാപിതാവിന്റെ സമകാലീനനും കോഴിക്കോട്ടുകാരനുമായിരുന്ന ഖാസി മുഹമ്മദെഴുതിയ ‘മുഹ്‌യിദ്ദീന്‍മാല’യിലോളം നീളുന്നു അതിന്റെ നാള്‍വഴിക്കണക്ക്. തുഞ്ചത്താചാര്യന്‍ തന്റെ കാവ്യങ്ങളിലൂടെ ചിട്ടപ്പെടുത്തിയ ഭാഷയാണ് പില്‍ക്കാലത്ത് മലയാളികളുടെ രചനാമാധ്യമമായി പരിലസിച്ചത്. ഭാഷയില്‍ ആധിപത്യമുറപ്പിക്കുന്ന സംസ്‌കൃത സ്വാധീനത്തെ കുറിച്ച് കിളിപ്പാട്ടുകള്‍ നീട്ടിപ്പാടുന്നുണ്ട്. സംസ്‌കൃതബഹുലമായ പദാവലി കൊണ്ട് ഭാഷാപിതാവ് മലയാളത്തിന് കാവ്യരചനയുടെ പുതുവഴി തീര്‍ക്കുമ്പോള്‍ ഖാസി മുഹമ്മദ് സംസ്‌കൃതരഹിതമായ പദാവലി കൊണ്ട് മറുവഴി തീര്‍ക്കുകയായിരുന്നു. മുഹ്‌യിദ്ദീന്‍മാല പദാനുപദം പരിശോധിച്ചുകൊണ്ട് ഒ. ആബു വാദിച്ചുറപ്പിക്കുന്നത് അറബിയും ദ്രാവിഡപ്പദങ്ങളും എഴുതാന്‍ സഹായകമായ അക്ഷരങ്ങള്‍ മാത്രമേ ആ രചനയിലുള്ളൂവെന്നാണ്. സംസ്‌കൃതപദങ്ങള്‍ തത്സമമായി അറബിമലയാളത്തിലെഴുതാനാവുമായിരുന്നില്ലെന്നു വ്യക്തം. അങ്ങിങ്ങു കാണുന്ന അറബിപ്പദങ്ങളാണ് തദ്ദേശീയ പദാവലിക്കു പുറമേ മുഹ്‌യിദ്ദീന്‍മാലയില്‍ ഉള്ളത്. ഭാഷാവ്യവഹാരത്തിന്റെ ഏതുധര്‍മം നിര്‍വഹിക്കാനും പാകമായിരുന്നു അറബിമലയാളമെന്ന് ‘മുഹ്‌യിദ്ദീന്‍ മാല’ കണ്ടാലറിയാം:

”കശമേറും രാവില്‍ നടന്നങ്ങു പോകുമ്പോള്‍

കൈവിരല്‍ ചൂട്ടാക്കിക്കാട്ടി നടന്നോവര്‍.”

ഒരു തുടക്കക്കൃതിയുടെ വഴക്കക്കുറവ് അതിനെ തീണ്ടിയിട്ടേയില്ല. അതിനാല്‍ മുഹ്‌യിദ്ദീന്‍മാലയ്ക്കു മുമ്പ് എത്രയോ കൃതികള്‍ അറബിമലയാളത്തില്‍ രചിക്കപ്പെട്ടിരിക്കാം എന്ന് വാദിക്കുന്നവരോട് വക്കാണത്തിനു പോകേണ്ടതില്ല. അതിലൊന്നുപോലും സഹൃദയസമക്ഷം കൊണ്ടുവരാത്ത കാലത്തോളം അതൊട്ട് അംഗീകരിക്കേണ്ടതുമില്ല.

മാലപ്പാട്ടുകളില്‍ കാണുന്ന ലളിതഭാഷ മാപ്പിളപ്പാട്ടിന്റെ സാമാന്യകാവ്യഭാഷയല്ല. മാപ്പിളപ്പാട്ടെഴുത്തുകാരുടെ കുലഗുരുവായ മോയിന്‍കുട്ടിവൈദ്യരുടെ ഭാഷ ആസ്വാദകന്ന് ഒരു ബാലികേറാമലയാണ്.

”കോളില്‍ ജഹല്‍ ആട്ടം

കൊണ്ട് റബ്ബില്‍ തേട്ടം

യേളിബാശം നോട്ടം

യെങ്കള്‍ ഇരി കൂട്ടംകൂട്ടമില്‍ ഒണ്ടിരിമ ബെത്തോര്‍

കൂറും അറ്ഹാമയ് മുറിത്തോര്‍

ആട്ടമായ് ഹക്വുളം ഒശിത്തോര്‍

ആരൊരുത്തരാമേ

അഅ്‌ലമൂ നിയ്യാമേ”

(ബദര്‍പടപ്പാട്ട് ഇശല്‍79, യെണ്ടുറാവിസുമ്മാ എന്നു തുടങ്ങുന്ന പാട്ട്)

വൈദ്യരുടെ കാവ്യങ്ങളില്‍ സുലഭമാണ് ഈ ദുര്‍ഗ്രഹഭാഷ. രചന അറബിമലയാളത്തിലായതുകൊണ്ടാണ് മാപ്പിളപ്പാട്ട് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഒതുങ്ങിപ്പോയതെന്ന് പരിതപ്പിക്കുന്ന പണ്ഡിതന്മാരുണ്ട്. അതൊരു അര്‍ധസത്യമാണ്. ഒരുപങ്ക് അതിനുമുണ്ട് എന്നു സമ്മതിക്കാം. എന്നാല്‍ വായനയില്‍ മാത്രമാണല്ലോ ലിപി പ്രശ്‌നമാകുന്നത്. വൈദ്യരുടെയോ ശുജായിയുടേയോ പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുക. അപ്പോഴും അര്‍ഥബോധത്തോടെയുള്ള ആസ്വാദനം വെല്ലുവിളിയായിത്തന്നെ നില്‍ക്കും. അന്യഭാഷാപദങ്ങളുടെ സാന്നിധ്യമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ദുര്‍ഘടം. അറബിയും തമിഴും കൂടിയ അനുപാതത്തിലും ഹിന്ദുസ്താനി, പേര്‍ഷ്യന്‍, കന്നട തുടങ്ങിയ ഭാഷാപദങ്ങള്‍ കുറഞ്ഞ തോതിലും ചേര്‍ന്നതാണ് മാപ്പിളപ്പാട്ടിന്റെ ഭാഷ. പല ഭാഷകളില്‍നിന്നുള്ള പദങ്ങള്‍ നിരന്തരം പ്രയോഗിക്കപ്പെടുന്നത് നമ്മുടെ മാപ്പിളപ്പാട്ടു പഠിതാക്കളെ തെല്ലൊന്നുമല്ല വിഭ്രമിപ്പിച്ചത്. അതിനെന്തെങ്കിലുമൊരു ന്യായീകരണം നല്‍കാനുള്ള വ്യഗ്രതയില്‍ കണ്ടെത്തിയതാണ് പ്രാസാഭിനിവേശവാദം. ‘പ്രാസദീക്ഷക്കുവേണ്ടി ഏതു ഭാഷയില്‍ നിന്നും പദം കടംകൊള്ളാന്‍ മടിക്കാത്തവരാണ് മാപ്പിളപ്പാട്ടെഴുത്തുകാര്‍’ എന്ന നിരുത്തരവാദപരമായ നിലപാടാണ് എഴുന്നള്ളിക്കപ്പെടാറുള്ളത്. പ്രാസഭ്രാന്തന്മാരായ ഏതാനും കവികളുടെ രചനകളില്‍ മാത്രമല്ല ബഹുഭാഷാപദങ്ങളുടെ പ്രയോഗാധിക്യം കാണുന്നത്. പടപ്പാട്ടുകളില്‍ പൊതുവെ കാണപ്പെടുന്നത് അതേ ഭാഷയാണ്. എണ്ണംപറഞ്ഞ എത്രയോ മാപ്പിളപ്പാട്ടുകള്‍ രചിക്കപ്പെട്ട ഭാഷയാണത്. അവയില്‍ കാണുന്ന ബഹുഭാഷാപദങ്ങള്‍ പ്രയോഗിച്ച സന്ദര്‍ഭങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രാസദീക്ഷാവാദം കൊണ്ട് ന്യായീകരിക്കാനാവാത്ത സന്ദര്‍ഭങ്ങള്‍ പലതും കണ്ടെത്താനാവും. അതിനാല്‍, കേവലമായ പ്രാസഭ്രാന്തിന്റെ ഫലം എന്ന രീതിയില്‍ എഴുതിത്തള്ളാവുന്നതല്ല മാപ്പിളപ്പാട്ടിലെ ബഹുഭാഷാപദങ്ങളുടെ പ്രഭാവം.

കാവ്യശാസ്ത്രപരമായ പരിഗണനകള്‍ വച്ച് പരിശോധിച്ചാല്‍ പ്രഥമദൃഷ്ട്യാതന്നെ ദുര്‍ബലമാണ് ഈ നിലപാടെന്നു ബോധ്യപ്പെടും. കവിത ആത്മാവിഷ്‌കാരമാണെന്നും അങ്ങനെ ആവിഷ്‌കരിക്കപ്പെടുന്നതേ കവിതയാവുകയുള്ളൂവെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്നവരാണ് ഈ വാദഗതിയുമായി വരുന്നതെന്നോര്‍ക്കണം. ആത്മാംശം കലര്‍ന്ന പദവിന്യാസത്തിലൂടെ മാത്രമേ കവിത സാധ്യമാവുകയുള്ളൂ എന്നും അവര്‍ സമ്മതിക്കും. ആത്മബന്ധമില്ലാത്ത, കടം കൊണ്ട വാക്കുകളില്‍ കാവ്യരചന സാധ്യമല്ലെന്ന വസ്തുത പ്രാസാഭിനിവേശവാദഗതി ഉന്നയിക്കുമ്പോള്‍ വിസ്മരിക്കുന്നതെന്തുകൊണ്ട്? അന്യഭാഷാപദങ്ങള്‍ നിര്‍ല്ലോഭം പ്രയോഗിച്ച് വൈദ്യരാദികള്‍ രചിച്ച കൃതികള്‍ കാവ്യഗുണസമ്പന്നങ്ങളാണെങ്കില്‍ നാം അന്യഭാഷാപദങ്ങളെന്നു വ്യവഹരിക്കുന്നവ മാപ്പിളപ്പാട്ടെഴുത്തുകാരുടെ സ്വന്തം പദങ്ങളാണെന്നു തിരിച്ചറിയേണ്ടതുണ്ട്. അതെങ്ങനെയാണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കുകയാണ് പഠിതാവിന്റെ പണി. കേരളത്തിലെ മുസ്‌ലിംകേന്ദ്രങ്ങളിലൂടെ നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള ഫഖീറുമാരാണ് മസ്താന്‍മാരും പുലവര്‍മാരും. യമനില്‍നിന്ന് രാമേശ്വരം തുറമുഖത്തെത്തിയ ആദ്യകാല മുസ്‌ലിംകള്‍ വികസിപ്പിച്ചെടുത്തതെന്നു കരുതുന്ന അറബിത്തമിഴിന്റെ വക്താക്കളാണവര്‍. പഴയ കന്യാകുമാരി ജില്ലയിലെ തക്കലൈ, ഭവാനി, നാഗപ്പട്ടണം, തഞ്ചാവൂര്‍ തുടങ്ങിയ പ്രദേശങ്ങളാണ് ഇവരുടെ തട്ടകം. പാട്ടും കവിതയും ആത്മീയതയും അധിനിവേശവിരുദ്ധ മനോഭാവവുമായിരുന്നു ഇവരുടെ സംസ്‌കാരത്തിന്റെ കാതല്‍. ആത്മീയഭാവങ്ങള്‍ മുന്തിനില്‍ക്കുന്ന വിരുത്തങ്ങളും പ്രതിരോധപ്രചോദകങ്ങളായ സമരകാവ്യങ്ങളും ധാരാളമായി രചിക്കപ്പെട്ടു. മുസ്‌ലിം അധിവാസകേന്ദ്രങ്ങളില്‍ ഗൃഹസദസ്സുകള്‍ സംഘടിപ്പിക്കപ്പെട്ടു. കാവ്യങ്ങള്‍ പാടി അവതരിപ്പിക്കപ്പെട്ടു. ഇതിവൃത്തങ്ങളും കല്‍പ്പനകളും പരിചയപ്പെട്ടു. പാട്ടിന്റെ ഘടനയും പദാവലിയും സ്വായത്തമാക്കി. അറബിയും തമിഴും കേരളീയഭാഷയും കൂടിക്കലര്‍ന്ന, തമിഴ് പ്രഭാവം മുന്തിനില്‍ക്കുന്ന ഒരു സങ്കീര്‍ണഭാഷ സൃഷ്ടിക്കപ്പെട്ടു. അത് മാപ്പിളപ്പാട്ടിന്റെ സാഹിത്യഭാഷയായി പരിണമിച്ചു. ഇത് ആരുടെയും സംസാരഭാഷയായിരുന്നില്ല. മാപ്പിളപ്പാട്ടിന്റെ രചനയ്ക്കുമാത്രം ഉപയോഗിച്ചിരുന്ന ഭാഷയായിരുന്നു.

പാട്ടുകാരും പാട്ടാസ്വാദകരായ സാധാരണക്കാരും ആ ഭാഷ നന്നായി ശീലിച്ചിരുന്നു. മേല്‍പ്പറഞ്ഞ ഭാഷയുടെ ജനകീയ മുഖം പാട്ടുമത്സരങ്ങളില്‍ പ്രകടമായിരുന്നു. വധൂഗൃഹങ്ങളില്‍വച്ച് നടന്നിരുന്ന പാട്ടുമത്സരത്തില്‍ സജീവമായിരുന്ന കെ.ടി. മാനുമുസ്‌ലിയാര്‍ തന്റെ ഓര്‍മക്കുറിപ്പില്‍ ആ മത്സരത്തിന്റെ ഗതി വിവരിക്കുന്നുണ്ട്. അറബിക്കാവ്യങ്ങള്‍ പാടിക്കൊണ്ടാണ് മത്സരം തുടങ്ങുക. തുടര്‍ന്ന് തമിള്‍പുലവന്മാരുടെ പാട്ടുകള്‍ പാടും. ഗുണംകുടിക്ക് ഗുണംകുടി, മസ്താന്ന് മസ്താന്‍ എന്നായിരുന്നു ചിട്ട. ഒരു സംഘം പാടിയവസാനിപ്പിച്ച പാട്ടിന്റെ അവസാന വാക്കില്‍ നിന്നുവേണം അടുത്ത സംഘം പാടിത്തുടങ്ങാന്‍. ഏതു കവിയുടെ പാട്ടാണോ പാടിയത് അതേ കവിയുടെ തന്നെ പാട്ടുവേണം എതിര്‍കക്ഷിയും പാടുവാന്‍. ഏതു കൃതിയില്‍ നിന്നാണോ പാട്ട് അതേ കൃതിയില്‍ നിന്നുതന്നെ വേണം പാട്ട്. ഇത്രയും കര്‍ക്കശമായ നിബന്ധനകള്‍ പാലിച്ചുകൊണ്ട് മണിക്കൂറുകളോളം മത്സരിച്ചു പാടാന്‍ മാത്രം അവയൊക്കെ മനഃപാഠമാക്കിയ നൂറുകണക്കിന് പാട്ടുകാര്‍ ഉണ്ടായിരുന്നുവത്രെ. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകള്‍ വരെ വളരെ സജീവമായിരുന്ന ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറഞ്ഞത്.

പലഭാഷകളില്‍നിന്നുള്ള പദങ്ങളും അറബിഭാഷാലിപിയും മാത്രമല്ല, മാപ്പിളപ്പാട്ടിനെ അനഭിഗമ്യമാക്കുന്നത്. മുസ്‌ലിം മിസ്റ്റിക്കുകള്‍ക്കിടയില്‍ മാത്രം പ്രചാരത്തിലുള്ള പരികല്‍പ്പനകള്‍ക്കും അക്കാര്യത്തില്‍ വലിയ പങ്കുണ്ട്:

”മുന്നമെ മുന്നം ഒരു നുഖ്തക്ഷരം

മുന്നിലെ വെച്ച വെടീ അത്

മിന്നിമിന്നിക്കളിച്ചെണ്ടബൂ ആദമില്‍

മീമു മുളച്ചതെടീ

കന്നമില്ലാ സ്വിഫതെണ്ട ജബ്ഹിലെ

കത്തിമറിന്ദെ കൊടി അത്

കാരുണ നൂറ് മുഹമ്മദിയാ എന്ന്

പേരു വിളിച്ചതെടീ”

കണ്ണൂര്‍ക്കാരന്‍ ഇച്ച മസ്താന്‍ എഴുതിയ ഒരു വിരുത്തത്തിന്റെ ആദ്യഭാഗമാണിത്. ഇത് മലയാളേതരവാക്കുകളുടെ ആധിക്യം കൊണ്ടല്ല വായനക്കാരനോട് അത്രയെളുപ്പത്തില്‍ സംവദിക്കാത്തത്. വളരെ ലളിതങ്ങളാണ് ഇതിലെ മലയാളപദങ്ങള്‍. അറബിവാക്കുകള്‍ വളരെ കുറച്ചേയുള്ളൂ. അവയാകട്ടെ അത്രയേറെ ദുര്‍ഗ്രഹങ്ങളൊന്നുമല്ല. എന്നാല്‍, കവിയുടെ യോഗാത്മകജീവിതസമീപനവും അതുവഴി എത്തിപ്പെട്ട പരികല്‍പ്പനയും അതാവിഷ്‌കരിക്കാന്‍ സ്വീകരിച്ച നിഗൂഢസങ്കേതവുമാണ് ഈ കാവ്യത്തെ ആസ്വാദകനില്‍നിന്ന് അകറ്റി നിര്‍ത്തുന്നത്. ‘ആദിയില്‍ വെളിച്ചമുണ്ടായി’ എന്ന് ഇച്ച പറയുന്നു. മുത്ത്‌നബിയുടെ ആത്മാവിന്റെ ആദിരൂപമായ ഒളിയത്രെ അത്. ഇങ്ങനെ ആത്മീയ വാദികളുടെയിടയില്‍ നിലവിലുള്ള പൊതുജനസാധാരണങ്ങളല്ലാത്ത പരികല്‍പ്പനകളും അവ ചേര്‍ത്തൊരുക്കുന്ന കാവ്യരചനാരീതിയുമാണ് സാധാരണക്കാരനായ ആസ്വാദകനെ വിഷമിപ്പിക്കുന്നത്. കീര്‍ത്തനങ്ങള്‍, സ്തുതികള്‍, ബിരുത്തങ്ങള്‍ തുടങ്ങിയവ മിക്കപ്പോഴും ദുര്‍ഗ്രഹങ്ങളായിത്തീരുന്നത് അങ്ങനെയാണ്. കാവ്യത്തില്‍ വിവരിക്കുന്ന കഥയുമായി നേരിട്ടു ബന്ധമില്ലെന്ന് ഒഴിവുകഴിവു പറഞ്ഞ് അത്തരം ഭാഗങ്ങളെ കവച്ചു കടക്കുന്ന രീതിയാണ് പൊതുവെ വ്യാഖ്യാതാക്കളും ചെയ്തുകാണുന്നത്.

മാപ്പിളപ്പാട്ടുകളെ ദുര്‍ഗ്രഹമാക്കുന്നതില്‍ ചില സങ്കേതങ്ങള്‍ക്കും വലിയ പങ്കുണ്ട്. വില കല്‍പ്പിക്കപ്പെട്ട അറബി അക്ഷരങ്ങള്‍ സവിശേഷ രീതിയില്‍ ചേര്‍ത്ത് സംഖ്യക്കു പകരം പ്രയോഗിക്കുന്ന രീതിയാണ് അതിലൊന്ന്. അബ്ജദ്, അക്കക്കെട്ട് എന്നൊക്കെയാണ് ഇത് വിളിക്കപ്പെടുന്നത്:

”ഇദിനെ തുലയ്ത്തുള്ളെ മലയാം കൊല്ലം

ഏളും പിറെ മീമു ഹസാറ് തന്നില്‍

മദിയാകിനെ കുംമ്പം പദിനെട്ടിലാം.” എന്നാണ് വൈദ്യര്‍ ഒരു കൃതിയില്‍ കാവ്യരചനാകാലം ചേര്‍ത്തുകാണുന്നത്. (‘ഇത് പുര്‍ത്തീകരിച്ച മലയാളവര്‍ഷം 1047 ആണ്. കുംഭമാസം പതിനെട്ടിന്.) ചുരുക്കത്തില്‍ അറബി മലയാളലിപിയുടെയും പലഭാഷാപദങ്ങളുടെയും സവിശേഷമായ ആത്മീയ പരികല്‍പ്പനകളുടെയും അബ്ജദാദി സങ്കേതങ്ങളുടെയും സമന്വയമാണ് മാപ്പിളപ്പാട്ടുകളുടെ ആസ്വാദനത്തിന് കാര്യമായ അനുശീലനം അനിവാര്യമാക്കുന്നത്. വ്യാകരണപരമായി അറബിമലയാളം സ്വീകരിച്ചുപോരുന്ന വ്യതിരിക്ത തനിയമങ്ങളെ കുറിച്ച് ഒ.ആബു തന്റെ അറബിമലയാള സാഹിത്യചരിത്രത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതൊക്കെ ചേര്‍ന്നാണ് കേവലമൊരു ഭാഷാഭേദം എന്ന നിലവിട്ട് മാപ്പിളപ്പാട്ടിന്റെ ഭാഷ പ്രത്യേകമായ അസ്തിത്വം ഭാഗികമായി നേടുന്നത്. മലയാളത്തില്‍നിന്ന് തീര്‍ത്തും വിഭിന്നമായ ഒരു സ്വതന്ത്രഭാഷയായി അറബിമലയാളത്തെ കാണുന്നത് സാഹസമായിരിക്കും. എന്നാല്‍, അതിനോട് വിയോജിക്കുന്നവര്‍ ചെയ്യുന്നതുപോലെ വെറുമൊരു ഭാഷാഭേദമായി കരുതുന്നതും ശരിയല്ല. വൈദ്യരോ ശുജായിയോ കാവ്യരചനയ്ക്കുപയോഗിച്ച ഭാഷ അവര്‍പോലും ദൈനം ദിനവ്യവഹാരത്തിന് ഉപയോഗിച്ചതായി തോന്നുന്നില്ല. അതിനാല്‍, നമുക്കതിനെ സാഹിത്യഭാഷ എന്നു വിളിക്കാം. രചനയ്ക്കുമാത്രം ഉപയോഗിച്ചിരുന്ന ഒരു ഭാഷ എന്ന അര്‍ഥത്തില്‍. അങ്ങനെയുമുണ്ടല്ലോ ചില ഭാഷകള്‍. അത് രൂപപ്പെട്ടതാകട്ടെ; അറബി, മലയാളം, തമിഴ്, പേര്‍ഷ്യന്‍ സംസ്‌കൃതികളുടെയും ഭാഷോപാധികളുടെയും സങ്കലനം വഴിയാണ്.