24 May 2018
19 Rajab 1437

ടി.പി. ഇപ്പ മുസ് ലിയാര്‍: ജ്ഞാനിയുടെ ജീവിതം

ഡോ. അബ്ദുറഹ്മാന്‍ ഫൈസി മുല്ലപ്പള്ളി‍‍

02 May, 2018

+ -
image

ശൈഖുനാ ടി.പി. ഇപ്പ മുസ്ലിയാരെന്ന അഭിവന്ദ്യ ഗുരുനാഥനെ ഓര്‍ക്കുമ്പോള്‍ അറിയാതെ നയനങ്ങള്‍ സജലങ്ങളാകുന്നു. വാത്സല്യനിധിയായ ഗുരുവിന്റെ മായാത്ത ഓര്‍മച്ചിത്രങ്ങള്‍ മനസ്സില്‍ മിന്നിമറയുന്നു.
1969ല്‍ ജാമിഅ: നൂരിയ്യയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം വിവിധ മഹല്ലുകളില്‍ മൂന്ന് പതിറ്റാണ്ട് കാലം പ്രശസ്തമായ നിലയില്‍ ദര്‍സ് നടത്തിയ ശേഷമാണ് 1999 ല്‍ കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സ് പ്രിന്‍സിപ്പലായി മഹാനവര്‍കള്‍ നിയമിതനായത്. 
അന്ന് ഈ വിനീതന്‍ കോട്ടുമല കോംപ്ലക്‌സിലെ ആറാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. തഫ്‌സീറുല്‍ ജലാലൈനി ആണ് ആദ്യ വര്‍ഷം ഉസ്താദവര്‍കള്‍ ഓതിത്തന്നത്. പിന്നീട് ഇഹ്‌യാ ഉലൂമിദ്ദീന്റെ ആദ്യ ഭാഗവും ഓതിത്തന്നു. വിഷയങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തന്നെ ഓരോ വിദ്യാര്‍ത്ഥിക്കും കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിഞ്ഞുവെന്ന് ഉറപ്പു വരുത്താന്‍ മഹാനവര്‍കള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ഹൃദയം നിറഞ്ഞ ആ പുഞ്ചിരിയും വശ്യമായ പെരുമാറ്റവും പാണ്ഡിത്യത്തിന് അലങ്കാരമേകിയ വിനയവുമൊക്കെ ആരുടെയും മനസ്സില്‍ നിന്ന് അത്ര വേഗം മാഞ്ഞു പോകാനിടയില്ല. ശിഷ്യരായ ഞങ്ങളൊക്കെ ആ വാത്സല്യം ആവോളം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്തു. 
ക്ലാസ് റൂമിന് പുറത്ത് കോളേജിന്റെ ഇടനാഴിയിലോ പള്ളിയിലേക്കുള്ള വഴിയിലോ വെച്ച് ഞങ്ങളെ കണ്ടുമുട്ടുമ്പോള്‍ പോലും ഹൃദ്യമായി പുഞ്ചിരിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തിരുന്ന ആ മഹാഗുരുവിന്റെ വിനയവും വിശാല മനസ്‌കതയും ഞങ്ങളുടെ മനസ്സില്‍ ഒരു റോള്‍ മോഡല്‍ രൂപപ്പെടാന്‍ കാരണമായത് സ്വാഭാവികം മാത്രം.സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ കര്‍മവീഥിയില്‍ പ്രാദേശിക തലം തൊട്ട് തന്നെ സജീവമായിരുന്ന മഹാനവര്‍കള്‍ ദീര്‍ഘകാലം SYS മങ്കട മണ്ഡലം കമ്മിറ്റി പ്രസിഡന്റായിരുന്നു. 2008 ല്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും പ്രാദേശിക തലം മുതല്‍ സംസ്ഥാന തലം വരെയുള്ള പ്രാസ്ഥാനിക പരിപാടികളിലെല്ലാം നിറസാന്നിധ്യമായി. കൂട്ടിലങ്ങാടി, കടൂപുറം, കാച്ചിനിക്കാട്, മക്കരപ്പറമ്പ് ഭാഗങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിപുലമായ വ്യക്തിബന്ധങ്ങള്‍ പ്രസ്ഥാനത്തിന് വലിയ മുതല്‍ക്കൂട്ടായിട്ടുണ്ട്. സാധാരണ ജനങ്ങളുമായി ഇത്രമാത്രം ഇടപഴകി ജീവിച്ച ഇദ്ദേഹം നേതൃസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്കെല്ലാം വലിയ മാതൃകയാണ്.
തന്റെ അഭിവന്ദ്യ ഗുരുവിന്റെ നാമധേയത്തില്‍ സ്ഥാപിതമായ കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സ് എന്ന കലാലയത്തെ അതിന്റെ ആദ്യ ദിനങ്ങള്‍ തൊട്ടേ നെഞ്ചേറ്റിയ ഒരു വ്യക്തിത്വം കൂടിയായിരുന്നു മഹാനവര്‍കള്‍. രണ്ട് പതിറ്റാണ്ട് കാലത്തോളം സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍ പദവിയലങ്കരിച്ച അദ്ദേഹം തന്റെ ജീവിത ദൗത്യമായാണ് പ്രസ്തുത നിയോഗത്തെ കണ്ടിരുന്നത്. 
സ്ഥാപനത്തില്‍ നിന്ന് ലഭിച്ചിരുന്ന തുഛമായ ശമ്പളം സന്തോഷത്തോടെ സ്വീകരിക്കുകയും, ഉസ്താദുമാരുടെ ശമ്പളം നല്‍കാന്‍ പ്രയാസം വരുന്ന ചില ഘട്ടങ്ങളില്‍ സ്ഥാപനത്തെ അങ്ങോട്ട് സഹായിക്കുകയും ചെയ്തിരുന്ന മഹാനവര്‍കള്‍ സ്ഥാപനത്തിനു വേണ്ടി ചെയ്ത സേവനങ്ങള്‍ നിസ്തുലമാണ്.
കോട്ടുമല ഇസ്ലാമിക് കോംപ്ലക്‌സിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ കഴിഞ്ഞ ഡിസംബര്‍ 28ന് _സ്വദാഖ 2017_ എന്ന പേരില്‍ ഒരു സമ്പൂര്‍ണ പൂര്‍വ അധ്യാപക- പൂര്‍വ വിദ്യാര്‍ത്ഥി സംഗമം നടത്തിയപ്പോള്‍ ഉപദേശ നിര്‍ദേശങ്ങളുമായി മഹാനവര്‍കള്‍ മുന്നിലുണ്ടായിരുന്നു. സ്ഥാപനത്തിന്റെ പുരോഗതിയില്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെ  സ്ഥാപനത്തില്‍ നിന്ന് ഇടക്കാലത്ത് പഠനം നിര്‍ത്തിയവരെ കൂടി ഉള്‍പ്പെടുത്തി  സ്വദാഖ (Sincere And Devoted Alumni of KAMSIC) എന്ന പേരില്‍  വിശാലമായ ഒരു കൂട്ടായ്മക്ക് രൂപം നല്‍കിയത് അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
വ്യക്തിപരമായി ജീവിതത്തിലെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ആ വാത്സല്യവും ആശീര്‍വാദവുമൊക്കെ വലിയ പ്രചോദനമായി അനുഭവപ്പെട്ടി ട്ടുണ്ട്. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ജാമിഅ: സമ്മേളനത്തില്‍ ഈ വിനീതനു വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങിയ ആ മഹാഗുരുവിന്റെ വിനയവും, ഞങ്ങളുടെ വന്ദ്യ പിതാവിന്റെ വിയോഗ വേളയില്‍ സാന്ത്വനം പകര്‍ന്നതുമൊക്കെ ഒളിമങ്ങാത്ത ഓര്‍മകളായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.സച്ചരിതരായ മുന്‍ഗാമികളോടൊപ്പം സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂടാന്‍ അദ്ദേഹത്തിനും നമുക്കും അല്ലാഹു തൗഫീഖ് നല്‍കട്ടേ