26 April 2018
19 Rajab 1437

കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍: ജീവിത വിശുദ്ധിയുടെ പണ്ഡിത സ്തുതി

മോയിന്‍ മലയമ്മ‍‍

23 December, 2016

+ -
imageസ്വൂഫിവര്യനായ ആനക്കര കോയക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിനുശേഷം സമസ്തയുടെ പത്താമത്തെ പ്രസിഡന്റായി വന്ന അനുഗ്രഹ സാന്നിധ്യമായിരുന്നു കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍. തന്റെ ജീവിതത്തിന്റെ സായാഹ്നത്തില്‍ നാഥന്‍ കാത്തുവെച്ച അലങ്കാരമായിരുന്നു അദ്ദേഹത്തിന് സമസ്ത പ്രസിഡന്റ് എന്ന സ്ഥാനം. കേരളീയ മുസ്‌ലിം പാണ്ഡിത്യത്തിന് കൈവരുന്ന അനുഗ്രഹീതമായ ഒരു സ്ഥാനം എന്ന നിലക്ക് കുറച്ചു കാലമാണെങ്കിലും അത് അലങ്കരിച്ച് കടന്നുപോകാനായിരുന്നു അല്ലാഹു അവരെ തെരഞ്ഞെടുത്തിരുന്നത്. നിസ്തുലമായ തന്റെ പാണ്ഡിത്യത്തിനും ജീവിത വിശുദ്ധിക്കും കൈവന്ന ഇലാഹിയ്യായ ഒരംഗീകാരമായിരുന്നു ഇത്.ജനനവും കുടുംബവും1942 ലാണ് ഉസ്താദിന്റെ ജനനം. ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പുവാണ് പിതാവ്. മാതാവ് പെരിമണ്ണില്‍ ആമിന. ആമ്പാടത്ത് കുഞ്ഞിപ്പു മുസ്‌ലിയാരുടെ മകള്‍ ഫാത്വിമയാണ് ഭാര്യ. ഭാര്യാപിതാവ് അറിയപ്പെട്ട പണ്ഡിതനും കാലങ്ങളോളം പ്രമുഖ ദര്‍സ് നടത്തിയ പ്രഗല്‍ഭനുമായിരുന്നു. നീണ്ട പഠനത്തിനൊടുവില്‍ ഉസ്താദിന്റെ മകളെത്തന്നെ വിവാഹം നടത്തുകയായിരുന്നു. കുമരം പുത്തൂര്‍ പള്ളിക്കുന്നാണ് സ്വദേശം.പഠനത്തിന്റെ ആദ്യ കാലങ്ങള്‍പ്രാഥമിക വിദ്യാഭ്യാസം ഓത്തുപ്പള്ളിയില്‍ വെച്ചാണ് ഉസ്താദ് നേടിയത്. മുങ്കത്ത് മൊയ്തീന്‍ മൊല്ല എന്നവരായിരുന്നു ഓത്തുപ്പള്ളിയിലെ ഉസ്താദ്. ശേഷം പിതാവിന്റെ അനിയനായ ബീരാന്‍ കുട്ടി മുസ്ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. ശേഷം ഭാര്യപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പ മുസ്ലിയാരുടെ അടുക്കലെത്തി തുടര്‍ന്ന് സമസ്ത മുശാവറ മെമ്പറായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്ലിയാരുടെ ദര്‍സില്‍ ഒരു വര്‍ഷവും മണ്ണാര്‍ക്കാട് കുഞ്ഞായിന്‍ മുസ്ലിയാരുടെ അടുത്ത് രണ്ട് വര്‍ഷവും പഠനം നടത്തി. വീണ്ടും ഭാര്യ പിതാവിന്റെ ദര്‍സില്‍ തന്നെ ചേര്‍ന്ന് വിവിധ കിതാബുകള്‍ തഹ്ഖീഖാക്കി. ജാമിഅയിലെത്തുന്നത് വരെ അവിടെതന്നെയായിരുന്നു പഠിച്ചിരുന്നത്.ജാമിഅയിലെ വിദ്യാര്‍ത്ഥിക്കാലം1963 ലാണ് മുഹമ്മദ് മുസ്‌ലിയാര്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ വിദ്യാര്‍ത്ഥിയായി എത്തിയത്. സ്ഥാപനത്തിന്റെ പ്രാരംഭകാലമായിരുന്നു ഇത്. അവിടെ അദ്ദേഹം മുഖ്തസറില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. മൂന്ന് കൊല്ലത്തോളം അവിടെ കഴിച്ചുകൂട്ടി. മൊത്തം 27 പേരാണ് അന്ന് ജാമിഅയിലുണ്ടായിരുന്നത്. നാല് പേര്‍ മുതവ്വലിലും ബാക്കി മുഖ്തസറിലും. രണ്ട് ബാച്ചിനും ഒപ്പമാണ് അന്ന് സനദ് നല്‍കപ്പെട്ടിരുന്നത്. ജാമിഅയിലെ പ്രഥ സനദ് ദാന സമ്മേളനമായിരുന്നു അത്.ഗുരുനാഥന്മാര്‍ഭാര്യാപിതാവ് ആമ്പാടത്ത് മുഹമ്മദ് മുസ്‌ലിയാരായിരുന്നു തന്റെ ജീവിതത്തില്‍ ഏറെ സ്വാധീനിച്ച പ്രധാന ഗുരുവര്യന്‍. ദീര്‍ഘ കാലമുള്ള അദ്ദേഹത്തിനു കീഴിലെ പഠനങ്ങളിലൂടെയാണ് വിവിധ വൈജ്ഞാനിക മേഖലകളില്‍ അടിത്തറയൊരുക്കുന്നത്. ജാമിഅയില്‍ എത്തിയതോടെ പ്രഗല്‍ഭരായ ഗുരുവര്യന്മാരുടെ ശിഷ്യത്വം നേടാന്‍ സാധിച്ചു. ശംസുല്‍ ഉലമ ഇ.കെ. അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വൈജ്ഞാനിക അഭിവൃദ്ധിയില്‍ ഏറെ സ്വാധീനിച്ച ഉസ്താദുമാരാണ്.അധ്യാപന വഴിയില്‍വൈജ്ഞാനിക മേഖലയില്‍ അപാരമായ കഴിവും അവഗാഹവുമായിരുന്നു ഉസ്താദിന്. അതുകൊണ്ടുതന്നെ, ഈ മേഖലയില്‍ തന്നെ തുടരാനും സേവനം ചെയ്യാനുമായിരുന്നു താല്‍പര്യം. തന്റെ പിന്നീടുണ്ടായ അധ്യാപന യാത്രകള്‍ ഈ വൈജ്ഞാനിക തൃഷ്ണയുടെ ആഴം വ്യക്തമാക്കുന്നു.

ജാമിഅയില്‍ നിന്നും വിട്ട ശേഷം ഒറമ്പുറത്തായിരുന്നു ഉസ്താദിന്റെ സേവനം. അധ്യാപന രംഗമാണ് ഉസ്താദ് എന്നും തെരഞ്ഞെടുത്തിരുന്നത്. ശേഷം, വിവിധ കാലങ്ങളിലായി മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ പല പ്രമുഖ ദര്‍സുകളിലും മുദരിസായി ഉസ്താദ് പ്രവര്‍ത്തിച്ചു. മാട്ടൂല്‍തെക്ക്, കൊളപ്പറമ്പ്, മണലടി, എപ്പിക്കാട്, ഇരുമ്പുഴി, ചെമ്പ്രശേരി, പള്ളിശ്ശേരി, നന്തി, ആലത്തുര്‍ പടി, പാലക്കാട് ജന്നത്തുല്‍ ഉലൂം, ചെമ്മാട്, മടവൂര്‍, കാരത്തൂര്‍ തുടങ്ങിയവ അതില്‍ പ്രധാനപ്പെട്ട കേന്ദ്രങ്ങളാണ്. താന്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം പ്രശംസനീയമാംവിധം ദര്‍സുകള്‍ മുന്നോട്ടു കൊണ്ടുപോവാന്‍ ഉസ്താദിന് സാധിച്ചിരുന്നു.ജാമിഅയില്‍ അധ്യാപകനായി…apppഒടുവില്‍ താന്‍ പഠിച്ചുവളര്‍ന്ന ജാമിഅ നൂരിയ്യയില്‍തന്നെ മുദരിസായി ഉസ്താദ് ക്ഷണിക്കപ്പെട്ടു. വൈജ്ഞാനിക മേഖലയിലെ ഉസ്താദിന്റെ അപാരമായ കഴിവും നീണ്ട കാലത്തെ ദര്‍സീ പാരമ്പര്യവുമായിരുന്നു ഇതിനു നിദാനം. ജാമിഅയില്‍ പ്രമുഖരായ പണ്ഡിതന്മാരോടൊപ്പം ഇതോടെ പുതിയൊരു വൈജ്ഞാനിക യാത്രക്ക് തുടക്കം കുറിക്കുകയായിരുന്നു.

ഏകദേശം രണ്ടു പതിറ്റാണ്ടു കാലം നീണ്ടുനില്‍ക്കുന്നതായിരുന്നു ജാമിഅയില്‍ ഉസ്താദിന്റെ സേവനം. അനേകം പണ്ഡിത ശിഷ്യന്മാരെ വാര്‍ത്തെടുക്കാന്‍ ഈ കാലയളവില്‍ ഉസ്താദിന് സാധിച്ചു. വിവിധ വിജ്ഞാന ശാഖകളിലുള്ള തന്റെ അറിവും പാണ്ഡിത്യവും ഉസ്താദ് ശരിക്കും ഉപയോഗപ്പെടുത്തിയത് ഈയൊരു കാലയളവിലായിരുന്നു.

അധ്യാപന ജീവിതത്തിന്റെ ആദ്യഘട്ടത്തിലും ബാഫഖി തങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ജാമിഅയില്‍ അഞ്ച് വര്‍ഷത്തോളം അദ്ദേഹം സേവനം ചെയ്തിരുന്നു.സമസ്തയില്‍ജീവിത വഴിയില്‍ വിനയവും ഇഖ്ലാസും കൈമുതലാക്കി സുന്നത്ത് ജമാഅത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും വേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ചിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 1995 ലാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി കടന്നുവരുന്നത്. ചെമ്മാട് പള്ളിദര്‍സില്‍ മുദരിസായി സേവനം ചെയ്യുന്ന കാലമായിരുന്നു ഇത്.

കിതാബുകള്‍ മനസ്സിലാക്കുന്നതിലും മസ്അലകള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിലും തന്റെ അസാധാരണമായ കഴിവ് പരിഗണിച്ച് താമസിയാതെത്തന്നെ ഫത്‌വ കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. മുശാവറയിലെത്തി രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.

2012 മുതല്‍ സമസ്ത വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തോടെ ആനക്കര കോയക്കുട്ടി മുസ്‌ലായാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

മണ്ണാര്‍ക്കാട് താലൂക്ക് സമസ്തയുടെ പ്രഥമ സെക്രട്ടറിയായാണ് ഉസ്താദ് സമസ്തയുടെ നേതൃരംഗത്ത് സജീവമായി തുടങ്ങുന്നത്. എസ്. എം. എഫ് ജില്ലാ പ്രസിഡണ്ട്, സമസ്ത പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് താലൂക്ക് പ്രസിഡന്റ്, മദ്രസാ മാനേജ്മെന്റ് കമ്മിറ്റി സംസ്ഥാന പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളിലും ഉസ്താദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇഖ്‌ലാസ്വിന്റെ പണ്ഡിത വഴിയില്‍apk-kശംസുല്‍ ഉലമാ, കോട്ടുമല ഉസ്താദ്, കണ്ണ്യാല മൗല അടക്കമുള്ള മഹത്തുക്കളുമായി അഭേദ്യ ബന്ധം പുലര്‍ത്തിയിരുന്നു ഉസ്താദ്. അതുകൊണ്ടുതന്നെ, ആത്മീയ മേഖലയില്‍ സ്വന്തമായ ഒരിടം തന്നെ അദ്ദേഹം നിലനിര്‍ത്തിയിരുന്നു. ആരാധനകളിലും ഭക്തിയിലും വളരെ മുന്‍പന്തിയിലായിരുന്നു.

തന്റെ മികവും കഴിവും മനസ്സിലാക്കി മുഹഖിഖായ ആലിം എന്ന് കണ്ണ്യാല മൗല അദ്ദേഹത്തെ വിശേഷിപ്പിക്കുകയുണ്ടായി. ഒരു യഥാര്‍ത്ഥ പണ്ഡിതന്റെ എല്ലാ അടയാളങ്ങളും ഒത്തിണങ്ങിയിരുന്ന ഉസ്താദ് ഭൗതികതക്ക് മുന്നില്‍ പരിത്യാഗിയായി എന്നും എല്ലാവര്‍ക്കും മാതൃകയായിട്ടാണ് ജീവിച്ചിരുന്നത്. തീര്‍ത്തും വിനയാന്വിതവും സാത്വികവുമായിരുന്നു ആ ജീവിതം. ഇഖ്‌ലാസ്വായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര.അനുഗ്രഹം പോലെ സമസ്തയുടെ അമരത്ത്തന്റെ പാണ്ഡിത്യത്തിനും ജീവിത വിശുദ്ധിക്കുമുള്ള ഔദ്യോഗിക അംഗീകാരമായിരുന്നു സമസ്തയുടെ അധ്യക്ഷ പദവിയിലേക്കുള്ള ഉസ്താദിന്റെ കടന്നുവരവ്. മറ്റു പലരെക്കാള്‍ അറിവിനോടും ഇസ്‌ലാമിക ശിആറുകളോടും താന്‍ താന്‍ സ്വീകരിച്ച നിലപാടുകളായിരുന്നു ഇങ്ങനെയൊരു സ്ഥാന ലബ്ധിക്കു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന ഘടകം. ദൈവികമായ ഒരംഗീകാരം കൂടിയിയാരുന്നു ഈ സ്ഥാനക്കയറ്റം.

03-05-2016 ല്‍ സമസ്ത പ്രസിഡന്റ് ആനക്കര ഉസ്താദിന്റെ വിയോഗത്തോടെയാണ് തല്‍സ്ഥാനത്തേക്ക് ഉപാധ്യക്ഷനായിരുന്ന ഉസ്താദ് കടന്നുവരുന്നത്. അണികള്‍ക്കിടയില്‍ ആവേശവും സംതൃപ്തിയും നല്‍കുന്നതായിരുന്നു ഈ കടന്നുവരവ്. വളരെ ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണെങ്കിലും പ്രസിഡന്റ് പഥത്തിലുള്ള ഉസ്താദിന്റെ സാന്നിധ്യം സമസ്തക്ക് അതിന്റെ മഹിതവും പരമ്പരാഗതവുമായ വഴി കാത്തുസൂക്ഷിക്കുന്നതില്‍ വലിയൊരു ആത്മാഭിമാനം തന്നെ നേടിക്കൊടുത്തിട്ടുണ്ടെന്ന് നമുക്ക് വിശ്വസിക്കാം.വിയോഗം

ആഗ്രഹം പോലെത്തന്നെ ഒരധ്യാപകനായി രക്ഷിതാവിലേക്ക് യാത്രയാവാന്‍ സാധിച്ചു ഉസ്താദിന്. കുറച്ചുകാലമായി ശാരീരികമായ അസ്വാസ്ഥ്യങ്ങള്‍ നേരിട്ടുവരികയായിരുന്നു. എന്നിരുന്നാലും ക്ലാസിന്റെ കാര്യത്തില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒടുവില്‍ നാഥന്റെ വിളിക്ക് ഉത്തരം നല്‍കി ഇന്നലെ അര്‍ധരാത്രി (ബുധനാഴ്ച, 14, ഡിസംബര്‍, 2016) ഉസ്താദ് യാത്രയായിരിക്കുന്നു. അവരുടെ പാരത്രിക ജീവിതം അല്ലാഹു സുഖകരമാക്കി അനുഗ്രഹിക്കട്ടെ.

പട്ടിക്കാട് ജാമിഅ പ്രധാന മുദരിസ്, വൈസ് പ്രന്‍സിപ്പാള്‍, നാട്ടുകല്‍ ഇമാം നവവി ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി, മണ്ണാര്‍ക്കാട് ദാറുന്നജാത്ത് വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് ഉസ്താദിന്റെ അന്ത്യം