വാര്‍ദ്ധക്യ പരിചരണം: മാറേണ്ട സമീപനങ്ങള്‍
അമേരിക്കയിലെ ചിക്കാഗോയില്‍ ഈയിടെ നടന്ന അമേരിക്കന്‍ അസോസിയേഷന്‍ ഫോര്‍ അഡ്വാന്‍സ്‌മെന്‍റ് ഓഫ് സയന്‍സ് കോണ്‍ഫ്രന്‍സില്‍ അവതരിപ്പിക്കപ്പെട്ട ഒരു ഗവേഷക പഠനത്തില്‍ ഏകാന്തതയാണ് പൊണ്ണത്തടിയേക്കാളും ദാരിദ്ര്യത്തേക്കാളും വാര്‍ദ്ധക്യ കാലത്ത് ആരോഗ്യത്തിന് ഹാനികരവും മരണ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതുമെന്ന് വെളിപ്പെടുത്തപ്പെട്ടു. ജീവിതത്തിന്‍റെ സായന്തന വേളയില്‍ താങ്ങും തണലുമില്ലാതെ സമൂഹത്തില്‍ നിന്ന് തിരസ്‌കൃതനായി ജീവിക്കാന്‍ വിധിക്കപ്പെടുന്നതോളം വലിയൊരു വിപല്‍സന്ധി മനുഷ്യന് വന്നുഭവിക്കാനില്ലെന്ന വസ്തുതക്കാണ് ഈ പഠനം ആത്യന്തകിമായി അടിവരയിട്ടത്. വൃദ്ധ ജനങ്ങളോടും പ്രായമായവരോടുമുള്ള സമീപനവും പെരുമാറ്റ ശാസ്ത്രവും വളരെ ശാസ്ത്രീയവും സുസ്ഥാപിതവുമായ രീതിയില്‍ ലോകത്തിന് പഠിപ്പിച്ച് കൊടുത്തിട്ടുള്ള പ്രത്യയശാസ്ത്രമെന്ന നിലക്ക് ഇസ്ലാമിന്‍റെ മഹത്വവും ആശയസമഗ്രതയും ഈ സന്ദര്‍ഭത്തില്‍ പരാമര്‍ശ വിധേയമാക്കാതെ വയ്യ. സൂറത്ത് ഇസ്രാഇല്‍ മനുഷ്യ വംശത്തിന്‍റെ സന്മാര്‍ഗ്ഗ ലബ്ധിക്കായി സര്‍വ്വലോക നാഥന്‍ പ്രഘോഷണം ചെയ്ത സാരോപദേശങ്ങളില്‍ പ്രഥമവും പ്രധാനവുമായതിനെ നമുക്കിങ്ങനെ വായിക്കാം. ':തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്‍റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ ഒരാളോ അവര്‍ രണ്ട് പേരും തന്നെയോ നിന്‍റെയടുത്ത് വാര്‍ദ്ധക്യം പ്രാപിക്കുകയാണെങ്കില്‍ അവരോട് നീ 'ഛെ' എന്ന് പറയുകയോ അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോട് കൂടി എളിമയുടെ ചിറക് അവര്‍ ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയത് പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് പറയുകയും ചെയ്യുക.' ഇവ്വിധം കാരുണ്യത്തോടെയും സ്‌നേഹലാളനയോടെയും പരിഗണനയോടെയും അക്ഷോഭ്യതയോടെയും സഹനസന്നദ്ധതയോടെയും മാത്രമേ പ്രായമായവരോട് പെരുമാറാനും ഇടപഴകാനും പാടുള്ളൂ എന്നര്‍ത്ഥം. തന്റെ ആരോഗ്യകാലത്ത് മക്കളെ സുഖസൗകര്യങ്ങളോടെ പോറ്റാന്‍ പാടുപെട്ടും സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണവും സുഭദ്രവുമായ നിര്‍മ്മിതിയില്‍ ഭാഗഭാക്കായും ജീവിതാസ്തമയത്തിന്റെ ചക്രവാളത്തിലേക്ക് സഞ്ചരിച്ചെത്തിയവര്‍ക്ക് തണലും സുരക്ഷിതത്വ ബോധവും ഏകാന്തതയുടെ തടവില്‍ നിന്നുള്ള മോചനവും ലഭ്യമാക്കുന്നതില്‍ പൊതു സമൂഹം പരാജയപ്പെട്ടാല്‍ അത് സമൂഹത്തിന്റെ ന്യായപൂര്‍ണ്ണമായ നിലനില്‍പിനു തന്നെ ഭീഷണിയാണെന്നതില്‍ അര്‍ത്ഥശങ്കക്കിടമില്ല. ഈ വീക്ഷണ കോണിലാണ് ഉപര്യുക്ത ഖുര്‍ആന്‍ സൂക്തത്തെ നാം വായിക്കേണ്ടതും ഗ്രഹിക്കേണ്ടതും. തിരുദൂതരു(സ)ടെ ഒരു വചനത്തില്‍ പ്രായമായവരോട് ആദരവ് പ്രകടിപ്പിക്കല്‍ സര്‍വ്വലോക രക്ഷിതാവായ അല്ലാഹുവിനോട് ആദരവ് കാണിക്കുന്നതിന്റെ ഭാഗമാണെന്ന് പറയുന്നുണ്ട്. സാമൂഹികമായ മര്യാദകളുടെയും പെരുമാറ്റശീലങ്ങളുടെയും ക്രമബദ്ധവും മൂല്യാധിഷ്ഠിതവുമായ നിര്‍വ്വഹണത്തിലൂടെ മാത്രമേ ഒരു സൃഷ്ടിക്ക് തന്റെ സൃഷ്ടാവിനോടുള്ള ബാദ്ധ്യതകള്‍ യഥാവിധി നിര്‍വ്വഹിക്കാന്‍ കഴിയൂ എന്നാണ് ഇതിന്റെ വിവക്ഷ. ഇതേ ആശയത്തിലാണ് ഇളയവരോട് ദയാവായ്പ് കാണിക്കാത്തവരും മുതിര്‍ന്നവരോട് ആദരവ് പ്രകടമാക്കാത്തവരും നമ്മില്‍ പെട്ടവനല്ലെന്ന തിരുവചനവും വായനക്ക് വിധേയമാക്കപ്പെടേണ്ടത്. മുതിര്‍ന്നവരോടുള്ള ബഹുമാന പ്രകടനത്തെ അനിവാര്യവും അനുപേക്ഷിണീയവുമായ ഒരു സാമൂഹ്യ ബാദ്ധ്യതയാക്കിത്തീര്‍ക്കുകയാണിവിടെ ഇസ്ലാം. അവരെ ഏകാന്തതയുടെ തടവുകാരാവാനനുവദിക്കുന്നിടത്തോളം വലിയ സാമൂഹ്യ ദ്രോഹം വേറെയില്ലെന്ന വ്യംഗ്യമായ സൂചനയും ഈ വചനങ്ങളിലുണ്ട്. ഇന്ന് മൂന്നാം ലോക രാജ്യങ്ങളില്‍ പോലും നിത്യകാഴ്ചയായ വൃദ്ധസദനങ്ങള്‍ ഭൂതവും ഭാവിയും വിസ്മൃതിയുടെ പരകോടിയില്‍ തള്ളി വര്‍ത്തമാനത്തിന്റെ ശാപമേറ്റു വാങ്ങാന്‍ വിധിക്കപ്പെട്ട ആധുനികന്റെ മൂല്യശോഷണത്തിന്റെയും ചരമമടഞ്ഞ മനുഷ്യത്വത്തിന്റെയും ദുര്‍ഭഗ പ്രതീകങ്ങളാണ്. ശൈശവത്തിന്റെ നാളുകളില്‍ തനിക്കു ലഭിച്ച ദയാവായ്പിലൊരംശം തന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്ന് പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച ഖുര്‍ആനികാദ്ധ്യാപനത്തിന്റെ സാമൂഹ്യ പ്രസക്തിയും കാര്യഗൗരവവും ഉള്‍ക്കൊള്ളാനാവാതെ മാതാപിതാക്കളെ വൃദ്ധസദനങ്ങളിലേക്കയക്കുന്നവന്‍ ചരിത്രം ആവര്‍ത്തനത്തിന്റെ വഴി തേടുമെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ തയ്യാറാവാതെ തന്റെ ജീവിത സായന്തനത്തിലെ നല്ലനേരങ്ങളെത്തന്നെയാണ് നാടുകടത്തുന്നത് എന്നതാണ് സത്യം. പ്രായമായവരെ ബഹുമാനാദരവുകളോടെ സമീപിക്കുന്നവന് തന്റെ ജീവിതത്തിന്റെ സായാഹ്ന വേളയില്‍ സ്‌നേഹാദരവുകള്‍ കൊണ്ട് മൂടാന്‍ അല്ലാഹു ആളുകളെ നിയോഗിക്കുമെന്ന നബി വചനം നിര്‍ഭാഗ്യവശാല്‍ അവന്റെ കണ്ണു തുറപ്പിക്കാതെ പോവുന്നു. ചുരുക്കത്തില്‍, ഏകാന്തതയുടെ വീര്‍പ്പുമുട്ടലില്‍ എരിഞ്ഞടങ്ങി ജീവിതം ഹോമിച്ചു കളയാനുള്ള അഭിശപ്ത വേളയല്ല വാര്‍ദ്ധക്യം. മറിച്ച് ചുറ്റുമുള്ള ജനതക്ക് തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയും മൂല്യബോധവും പ്രകടിപ്പിക്കാനും നന്മയുടെയും മാനവികതയുടെയം പക്ഷത്താണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന് സ്വയം ബോധ്യപ്പെടുത്താനുമുള്ള സുവര്‍ണ്ണാവസരമാണ്. 'വാങ്ങുന്നു കുടിക്കുന്നു പുറത്തേക്കെറിയുന്നു ജീവിതം നിറച്ചൊരീ കൂടുകള്‍ നാളേക്കില്ല' എന്ന കവി വചനം അന്വര്‍ത്ഥമാക്കി ഉപഭോഗ സംസ്‌ക്കാരത്തെ മുറുകെപ്പുണര്‍ന്ന് ജീവിക്കുന്നവര്‍ തങ്ങള്‍ ചെയ്തു വെക്കുന്ന സാമൂഹ്യ വിരുദ്ധതയുടെയും മൂല്യരാഹിത്യത്തിന്റെയും ആഴവും പരപ്പുമുള്‍ക്കൊണ്ട് ഇത്തരം മൂഢതകളില്‍ നിന്നും പിന്തിരിഞ്ഞു നടക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter