ക്ഷമ വിവേകിയുടെ ആയുധം
മറ്റുള്ളവര്‍ തൊടുത്തുവിടുന്ന സ്വഭാവ ദൂഷ്യത്തിന്റെ കൂരമ്പുകളെ ക്ഷമയുടെയും സഹനത്തിന്റെയും പരിചകൊണ്ട് പ്രതിരോധിക്കുക എന്നതു തന്നെയാണ് സമ്പുഷ്ടവും സന്തുഷ്ടവുമായ വ്യക്തി ജീവിതത്തിന്റെ കാതലായ ഭാഗം. ക്ഷമയെന്ന ഒറ്റമൂലിയിലൂടെ സമൂഹത്തിന്റെ പെരുമാറ്റ രോഗത്തെ ചികിത്സിക്കുന്നവര്‍ക്ക് അത്ഭുപൂര്‍വമായ ബഹുമാനവും ജനസമ്മിതിയും പൊതുസമൂഹത്തില്‍നിന്ന് ലഭ്യമാവുക സ്വാഭാവികം. അവരുടെ സല്‍പ്രവൃത്തികള്‍ക്ക് അര്‍ഹമായ അംഗീകാരം ഇന്നല്ലെങ്കില്‍ നാളെ ഒരിക്കലെങ്കില്‍ മറ്റൊരിക്കല്‍ ഇഹലോകത്ത് വച്ചും പരലോകത്ത് വച്ചും വന്നുചേരുമെന്നത് തീര്‍ച്ച. അല്ലാഹുവിനു വേണ്ടി പാതളത്തോളം താഴ്ന്നവനെ ആകാശത്തോളം അവനുയര്‍ത്തുമെന്ന് വിശുദ്ധ വചനങ്ങളില്‍ കാണാം. തയ്യല്‍ കട നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന സൂഫിവര്യന്‍ മഹാനായ അബൂ അബ്ദില്ലാ(റ)യുടെ ജീവിതചര്യ കാണുക: മഹാനവര്‍കളുടെ പക്കല് നിത്യവും ഒരവിശ്വാസിയായ മനുഷ്യന്‍ വസ്ത്രം നെയ്യാന്‍ ഏല്‍പ്പിക്കാറുണ്ടായിരുന്നു. വസ്ത്രം നെയ്തു കഴിഞ്ഞാല്‍ നേരും നെറിയുമില്ലാത്ത അയാള്‍ കള്ളനാണയങ്ങളാണ് പ്രതിഫലമായി കൊടുത്തയച്ചിരുന്നത്. സല്‍സ്വഭാവത്തിന്റെ പാല്‍ക്കടലായ ആ മഹാന്‍ ഒന്നും പറയാതെ ആ കള്ള നാണയങ്ങള്‍ സ്വീകരിക്കും. പരാതി പറയുകയോ അത് തിരിച്ചു നല്‍കുകയോ ചെയ്യാറുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ ഒരു ദിവസം മഹാനവര്‍കള്‍ എന്തോ ആവശ്യത്തിനു വേണ്ടി പുറത്തുപോയ സമയത്ത് അവിശ്വാസിയായ മനുഷ്യന്‍ കടന്നുവന്നു. പതിവുപോലെ അയാള്‍ ഏല്‍പ്പിച്ച വസ്ത്രം തിരിച്ചുവാങ്ങി. പ്രതിഫലമായി കള്ള നാണയങ്ങള്‍ നല്‍കുകയും ചെയ്തു. ഗുരുവര്യനു പകരം കടയില്‍ ഇരുന്ന ശിഷ്യന് കാര്യം മനസ്സിലായപ്പോള്‍ ആ നാണയങ്ങള്‍ തിരിച്ചു നല്‍കി. അല്‍പസമയത്തിനു ശേഷം മഹാന്‍ തിരിച്ചുവന്നു. ശിഷ്യന്‍ കാര്യം വിവരിച്ചു. ആ സമയം മഹാനവര്‍കള്‍ പ്രതിവചിച്ചു: ''നീ ഒരിക്കലും അയാള്‍ക്ക് തന്റെ കള്ളനാണയങ്ങള്‍ തിരിച്ചുനല്‍കാന്‍ പാടില്ലായിരുന്നു. ഞാന്‍ സാധാരണയായി അവ സ്വീകരിച്ച് കിണറ്റിലെറിയാറാണ് പതിവ്. കാരണം അതുകൊണ്ടൊരു മുസ്‌ലിം മനുഷ്യനെ വഞ്ചിക്കരുതല്ലേ... ഇതാണ് പ്രവാചക ശ്രേഷ്ടരുടെയും അവിടുത്തെ സച്ചരിതരായ പിന്‍ഗാമികളുടെയും ജീവിച ചര്യയിലെ പ്രമുഖ സ്ഥാനീയമായ സല്‍സ്വഭാവത്തിന്റെ സ്വഭാവം. ഈ സല്‍സ്വഭാവത്തെ ജീവിതത്തിന്റെ അടിസ്ഥാനമായി മനസ്സിലാക്കുന്ന സമൂഹത്തില്‍ ഒരിക്കലും അനൈക്യത്തിന്റെയും ശൈഥില്യത്തിന്റെയും വിഷവിത്തുകള്‍ മുളച്ചുപൊങ്ങുകയില്ല, വര്‍ഗീയ ദ്രുവീകരണത്തിന്റെ വിഷപ്പല്ലുകള്‍ വളര്‍ന്നുവരില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter