സഹനം പ്രധാനമാണ്
സഹനം (സ്വബ്‌റ്) എന്നാല്‍ എന്താണ് എന്ന് പ്രതിപാദിച്ചുകൊണ്ട് പണ്ഡിതന്മാര്‍ അതിന് ഒട്ടേറെ നിര്‍വചനങ്ങള്‍ പറഞ്ഞിട്ടുണ്ട്. അവയില്‍ ഏറ്റം പ്രധാനമാണ് ദുന്നൂനില്‍ മിസ്വ്‌രി(റ) രേഖപ്പെടുത്തിയത്. അദ്ദേഹം പറയുന്നു: സ്വബ്‌റ് (സഹനം) എന്നാല്‍ നിരോധങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുക, പരീക്ഷണങ്ങളുടെ കുരുക്കുകള്‍ കടിച്ചിറക്കേണ്ടിവരുമ്പോള്‍ ശാന്തത കൈക്കൊള്ളുക, ജീവിതമേഖലകളില്‍ ദാരിദ്ര്യം സംജാതമാകുമ്പോള്‍ ഐശ്വര്യം പ്രകടമാക്കുക എന്നിവയാകുന്നു.

ഇമാം റാഗിബുല്‍ ഇസ്വ്ഫഹാനി തന്റെ മുഫ്‌റദാത്തുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്: ശരീഅത്തും ബുദ്ധിയും താല്‍പര്യപ്പെടുന്ന കാര്യങ്ങളില്‍ മനസ്സിനെ തളച്ചിടലാണ് സ്വബ്‌റ്. അഥവാ ഏതെല്ലാം വിഷയങ്ങളില്‍ നിന്ന് മനസ്സിനെ തടഞ്ഞിടണമെന്ന് ദൈവികനിയമവും മനുഷ്യബുദ്ധി(2)യും ആവശ്യപ്പെടുന്നുണ്ടോ അവയില്‍ നിന്ന് മനസ്സിനെ തടഞ്ഞുവെക്കലാണ് സഹനം.(3) എന്നാല്‍, സയ്യിദ് ജുര്‍ജാനി(റ)(4) തന്റെ 'തഅ്‌രീഫാത്തി'ല്‍ എഴുതുന്നതു കാണുക: അല്ലാഹുവിന്റെ പരീക്ഷണങ്ങളുടെ വേദനയെപ്പറ്റി അവനല്ലാത്തവരോട് പരാതി പറയുന്ന ഏര്‍പ്പാട് ഉപേക്ഷിക്കലാകുന്നു സഹനം.

ഇവിടെപ്പറഞ്ഞ സയ്യിദ് ശരീഫിന്റെ നിര്‍വചനത്തില്‍ നിന്ന്, പരീക്ഷണങ്ങളെക്കുറിച്ച് അല്ലാഹുവിനോട് പരാതിയും സങ്കടവും ബോധിപ്പിക്കുക എന്നത് സഹനത്തോട് വിരുദ്ധമല്ല എന്ന് മനസ്സിലാകും; എന്നാല്‍ പടച്ചവന്‍ അല്ലാത്ത മറ്റോരോടെങ്കിലും പരാതി ബോധിപ്പിക്കല്‍ സ്വബ്‌റിന് എതിരാണ്. മഹാനായ ഒരു സ്വൂഫി ഒരു വ്യക്തിയെ കാണാനിടയായി. അയാള്‍ മറ്റൊരു വ്യക്തിയോട് തന്റെ ദാരിദ്ര്യവും പ്രയാസങ്ങളുമൊക്കെപ്പറ്റി പരാതിപ്പെടുകയായിരുന്നു. ആ മഹാന്‍ ചോദിച്ചു: ഹേ മനുഷ്യാ, നിന്നോട് കാരുണ്യം ചെയ്തുകൊണ്ടിരിക്കുന്ന അല്ലാഹുവിനെപ്പറ്റി കാരുണ്യം ചെയ്യാത്ത മനുഷ്യനോടാണോ നീ ആക്ഷേപം പറയുന്നത്? എന്നിട്ടദ്ദേഹം പാടി:

(എന്തെങ്കിലും പരീക്ഷണങ്ങള്‍ നിന്നെ പിടികൂടിയാല്‍ മാന്യമായ ക്ഷമ നീ മുറുകെ പിടിക്കണം;  കാരണം പടച്ചവന്‍ നിന്നെ സംബന്ധിച്ച് ഏറ്റം നന്നായി അറിയുന്നവനത്രേ. ഒരു മനുഷ്യനോടാണ് നീ പരാതികള്‍ ബോധിപ്പിക്കുന്നത് എങ്കില്‍ കരുണാവാരിധിയായ നാഥനെപ്പറ്റി കരുണ ചെയ്യാന്‍ കഴിയാത്ത മനുഷ്യനോട് സങ്കടം പറയലാകും അത്.)

സഹനം പല തരത്തിലുണ്ടെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചതായി കാണാം. എന്നാല്‍ അവയത്രയും വന്നു സന്ധിക്കുന്നത് താഴെ പറയുന്ന മൂന്നെണ്ണത്തിലാണ്-ആരാധനാകര്‍മങ്ങളുടെ മേലുള്ള സഹനം, കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതിനുള്ള സഹനം, പരീക്ഷണങ്ങളിലുള്ള സഹനം. ആരാധനകളുടെ മേലുള്ള സഹനമെന്നാല്‍ ഇതാണ്: അല്ലാഹുവിന്റെ നിയമങ്ങളില്‍ ഋജുവായി നിലകൊള്ളുക, സാമ്പത്തികവും ശാരീരികവും മാനസികവുമായ ആരാധനകളില്‍ സ്ഥിരോത്സാഹം ചെയ്യുക, സല്‍ക്കര്‍മോപദേശവും ദുഷ്‌കര്‍മനിരോധവും വിടാതെ നിര്‍വഹിക്കുക, ഇപ്പറഞ്ഞ കാര്യങ്ങളുടെ മാര്‍ഗത്തിലുണ്ടാകുന്ന വിവിധതരം പരീക്ഷണങ്ങളും പ്രയാസങ്ങളും ക്ഷമിക്കുക. സഹനമെന്നാല്‍ ഇതാണെന്ന് പറയാന്‍ കാരണമുണ്ട്: പ്രവാചകതിരുമേനി(സ്വ)യുടെ പ്രബോധനവും ധര്‍മസമരവും ഏറ്റെടുത്ത പിന്‍ഗാമിയാണിവന്‍. ശത്രുക്കളില്‍ നിന്നുള്ള നിഷേധം, അവരില്‍ നിന്നുള്ള മര്‍ദനങ്ങള്‍, അവരോടുള്ള ഏറ്റുമുട്ടല്‍ എന്നിവയൊക്കെ പുണ്യറസൂല്‍ അഭിമുഖീകരിച്ചിരുന്നു. അതൊക്കെ നബി(സ്വ)യുടെ അനന്തരാവകാശിയായ ഇവനും അനുഭവിച്ചേ പറ്റൂ. ഹ. ലുഖ്മാന്‍(അ) മകനോട് ചെയ്ത ഉപദേശം ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്: പ്രിയപ്പെട്ട മകനേ, നീ നമസ്‌കാരം നിലനിറുത്തുകയും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങളനുഷ്ഠിക്കുന്നതില്‍ എന്തൊക്കെ വിഷമങ്ങളഭിമുഖീകരിക്കുന്നുണ്ടോ അവ നീ ക്ഷമിക്കുക.

നാല് സദ്ഗുണങ്ങള്‍ സാക്ഷാല്‍ക്കരിച്ചവരാണ് വിജയികള്‍ എന്ന് അല്ലാഹു സത്യം ചെയ്തുപറഞ്ഞിരിക്കുകയാണ്, സത്യവിശ്വാസം, സല്‍ക്കര്‍മങ്ങള്‍, ഉമ്മത്തിനോടുള്ള ഗുണകാംക്ഷ, ഇക്കാര്യത്തിനെല്ലാമുള്ള സഹനം എന്നിവയാണവ. വിശുദ്ധ ഖുര്‍ആന്‍ സ്പഷ്ടമാക്കുന്നു: കാലഘട്ടം തന്നെ ശപഥം, നിശ്ചയം മനുഷ്യസഞ്ചയം വമ്പിച്ച പരാജയത്തിലത്രേ. സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍ക്കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം കൊണ്ടും ക്ഷമ കൈക്കൊണ്ടും  പരസ്പരം ഉപദേശിക്കുകയും ചെയ്തവര്‍ ഒഴികെ.

കുറ്റകൃത്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള ക്ഷമയാണ് മറ്റൊന്ന്. മനസ്സിന്റെ അഭിവാഞ്ഛകളിലും അതിന്റെ വ്യതിയാനങ്ങളുമായി ഏറ്റുമുട്ടുന്നതിലും വക്രതകള്‍ ശരിയാക്കുന്നതിലും, പിശാച് അതിനകത്ത് ഇളക്കിവിടുന്ന തിന്മയുടെയും വിനാശത്തിന്റെയും പ്രേരകങ്ങളെ അടിച്ചൊതുക്കുന്നതിലും മനസ്സമരമനുഷ്ഠിക്കലാണ് ഇത്. അങ്ങനെ മനസ്സിനോടവന്‍ ധര്‍മസമരമനുഷ്ഠിക്കുകയും അതിനെ സംസ്‌കരിച്ചെടുക്കുകയും ദുര്‍മാര്‍ഗത്തില്‍ നിന്ന് തിരിച്ചുകൊണ്ടുവരികയും ചെയ്താല്‍ അവന്‍ പൂര്‍ണമായ സന്മാര്‍ഗത്തിലെത്തിയെന്ന് പറയാം. അല്ലാഹു സ്പഷ്ടമാക്കുന്നത് കാണുക: നമ്മുടെ മാര്‍ഗത്തില്‍ ആര് ധര്‍മസമരമനുഷ്ഠിക്കുന്നുവോ അവര്‍ക്ക് നമ്മുടെ മാര്‍ഗങ്ങള്‍ നാം സുഗമമാക്കിക്കൊടുക്കുക തന്നെ ചെയ്യുന്നതാണ്. ഇങ്ങനെ ചെയ്യുന്നവര്‍ വിജയികളായിരിക്കും എന്ന അല്ലാഹുവിന്റെ ശുഭവൃത്താന്തത്തില്‍ അവന്‍ ഉള്‍പ്പെടുകയും ചെയ്യും. ഖുര്‍ആന്‍ പറയുന്നു: നിശ്ചയം, സംസ്‌കാരസമ്പന്നനായിത്തീരുകയും റബ്ബിന്റെ പേരു പറയുകയും നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തവന്‍ വിജയം കൈവരിച്ചിരിക്കുന്നു.

മറ്റൊരിടത്ത് ഖുര്‍ആന്‍ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: ഏതൊരാള്‍ തന്റെ നാഥന്റെ സ്ഥാനം ഭയപ്പെടുകയും സ്വന്തം മനസ്സിനെ ദേഹേച്ഛകളില്‍ നിന്ന് പ്രതിരോധിച്ചുനിറുത്തുകയും ചെയ്തിരിക്കുന്നുവോ അവന്റെ അഭയസ്ഥലം തീര്‍ച്ചയായും സ്വര്‍ഗമാകുന്നു.

വിപത്തുകള്‍ സംഭവിക്കുമ്പോഴുള്ള ക്ഷമയാണ് മൂന്നാമത്തേത്. ഭൗതിക ജീവിതം പരീക്ഷണങ്ങളുടെയും ദൈവികനിരീക്ഷണത്തിന്റെയും സന്ദര്‍ഭമാണ്. അതുകൊണ്ടുതന്നെ മനുഷ്യരുടെ വിശ്വാസം ഭിന്ന വിപത്തുകളിലൂടെ അല്ലാഹു പരീക്ഷണവിധേയമാക്കും-അതു സംബന്ധിച്ച് പൂര്‍ണജ്ഞാനി തന്നെയാണവനെങ്കിലും ശരി. സത്യവിശ്വാസികളെ വ്യത്യസ്ത പ്രതിസന്ധികളിലൂടെ റബ്ബ് നിരീക്ഷണവിധേയമാക്കും. നന്മയും തിന്മയും വേര്‍തിരിയാനും സത്യവിശ്വാസിയും മുനാഫിഖും വ്യതിരിക്തരാവാനും വേണ്ടിയാണിത്.

വിശുദ്ധ ഖുര്‍ആനിലൂടെ പടച്ചവന്‍ ചോദിക്കുന്നു: ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറഞ്ഞതുകൊണ്ടുമാത്രം-യാതൊരു പരീക്ഷണങ്ങള്‍ക്കും വിധേയരാകാതെ-തങ്ങള്‍ ഉപേക്ഷിക്കപ്പെടുമെന്ന് ജനങ്ങള്‍ ധരിച്ചുവശായിരിക്കയാണോ?(1) ഇത്തരം വിപത്തുകളും പരീക്ഷണങ്ങളും സമ്പത്തിലോ ശരീരത്തിലോ കുടുംബത്തിലോ ഒക്കെയുണ്ടാകാമെന്നും ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്- നിശ്ചയം, സമ്പത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാകുന്നു.(2) മറ്റൊരിടത്ത് കൂടുതല്‍ വിശദീകരിച്ചുതന്നെ പ്രഖ്യാപിക്കയാണ്: ഭയം, വിശപ്പ് എന്നിവ മൂലവും സമ്പത്തുക്കളിലും ശരീരങ്ങളിലും പഴവര്‍ഗങ്ങളിലുമുള്ള ദൗര്‍ഭിക്ഷ്യം കൊണ്ടും നിങ്ങളെ നാം പരീക്ഷണവിധേയരാക്കുക തന്നെ ചെയ്യും, തീര്‍ച്ച. ക്ഷമാശീലര്‍ക്ക് നിങ്ങള്‍ സന്തോഷവാര്‍ത്തയറിയിക്കുക-തങ്ങള്‍ക്ക് എന്തെങ്കിലും വിപത്തുകള്‍ വന്നുപെട്ടാല്‍ അവര്‍ ഇങ്ങനെ പറയുകയാണ് ചെയ്യുക: 'നിശ്ചയം, നാം അല്ലാഹുവിനുള്ളതാണ്; അവങ്കലേക്കു തന്നെയാണ് നമ്മുടെ മടക്കം.' അത്തരക്കാര്‍ക്ക് തങ്ങളുടെ നാഥന്റെ പക്കല്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവും വര്‍ഷിക്കുന്നതാകുന്നു.

ആത്മാര്‍ഥനായ ഒരു സത്യവിശ്വാസി ഈ വിപത്തുകളത്രയും സഹനം കൈക്കൊണ്ടും ഭരമേല്‍പിച്ചും ഏറ്റുവാങ്ങുകതന്നെ ചെയ്യുമെന്നതില്‍ സന്ദേഹമേയില്ല; എന്നല്ല, സന്തുഷ്ടിയോടെയും സംതൃപ്തിയോടെയുമാണ് ദൈവികപരീക്ഷണങ്ങള്‍ അവന്‍ കൈയേല്‍ക്കുക. കാരണം, ഈ പ്രയാസങ്ങള്‍ വന്നുഭവിച്ചതിനെപ്പറ്റി പൂര്‍ണജ്ഞാനിയായിരിക്കും അവന്‍. തന്റെ പാപങ്ങള്‍ പൊറുപ്പിക്കുവാനും കുറ്റകൃത്യങ്ങള്‍ മായ്ച്ചുകളയാനുമാണ് സ്രഷ്ടാവായ അല്ലാഹു തനിക്കവ നല്‍കിയിരിക്കുന്നതെന്ന് അവന് നന്നായറിയാം. തിരുനബി(സ്വ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ടല്ലോ:

ഒരു മുസ്‌ലിമിനു വന്നെത്തുന്ന ഏതു ക്ഷീണവും രോഗവും ദുഃഖവും സങ്കടവും പീഡനവും മനഃപ്രയാസവും കാലില്‍ തറച്ചുപോകുന്ന ഒരു മുള്ളു പോലുമുണ്ടല്ലോ, അവ മുഖേന അവന്റെ പാപകൃത്യങ്ങളില്‍ നിന്ന് അല്ലാഹു വിട്ടുപൊറുത്തുകൊടുക്കാതിരിക്കയില്ല. മാത്രമല്ല, ഇത്തരം വിപത്തുകള്‍ മുഖേന ക്ഷമാശീലരായ സത്യവിശ്വാസികള്‍ ഉന്നതപദവികളും ശ്രേഷ്ഠസ്ഥാനങ്ങളും നേടുമെന്നും അവനറിയാം. സംതൃപ്തിയോടും വിധേയത്വത്തോടും അത്തരം വിഷമാവസ്ഥകളെ കൈയേല്‍ക്കുമ്പോഴായിരിക്കുമിത്. തിരുനബി(സ്വ) പ്രസ്താവിച്ചു: താന്‍ അനുവര്‍ത്തിച്ച സല്‍ക്കര്‍മങ്ങള്‍ മുഖേനയല്ലാതെ മുന്‍കൂട്ടിത്തന്നെ ഒരാള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് പദവികള്‍ ലഭിച്ചാല്‍ ശരീരം, സമ്പത്ത്, കുടുംബം എന്നിവയില്‍ റബ്ബ് അവനെ പരീക്ഷണവിധേയനാക്കുന്നതാണ്. എന്നിട്ട് അതുവഴി അവനെ ക്ഷമിപ്പിക്കുകയും മുന്‍കൂട്ടി നേടിയ പദവിക്ക് അവന്‍ അര്‍ഹനായിത്തീരുകയും ചെയ്യുന്നതാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter