നന്നാവാന്‍ അഞ്ചു കാര്യങ്ങള്‍
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു: ''ഒരിക്കല്‍ പ്രവാചകന്‍ (സ) തന്റെ കൈപിടിച്ചു കൊണ്ട് അഞ്ചു കാര്യങ്ങള്‍ ഇപ്രകാരം എണ്ണിപ്പറഞ്ഞു- നിഷിദ്ധങ്ങളെ സൂക്ഷിക്കുക, എങ്കില്‍ നീ ജനങ്ങളില്‍ ഏറ്റവും നല്ല ദൈവദാസനാവും. അല്ലാഹു നല്‍കിയതെന്തോ അതില്‍ തൃപ്തിപ്പെടുക, എങ്കില്‍ നീ ഐശ്വര്യവാനാവും. അയല്‍ക്കാരന് നന്‍മ ചെയ്യുക, എങ്കില്‍ സത്യവിശ്വാസിയാവും. സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുക, നീ മുസ്‌ലിമാവും. അധികം ചിരിക്കരുത്, അത് മനസ്സിനെ മരിപ്പിക്കും.'' (അഹ്മദ്, തിര്‍മുദി)
വ്യക്തിസംസ്‌കണരത്തിന്റെ അടിസ്ഥാനങ്ങളാണ് തിരുവചനത്തില്‍ പറഞ്ഞ അഞ്ചു കാര്യങ്ങള്‍. ജീവിതത്തിന്റെ മുഴുവന്‍ മേഖലയെയും സ്പര്‍ശിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.
'നിഷിദ്ധങ്ങളെ സൂക്ഷിക്കുക' എന്നതാണ് ഒന്നാമത്തെ നിര്‍ദ്ദേശം. ദൈവകല്‍പനകള്‍ അനുസരിക്കുന്നതുപോലെ പ്രധാനമാണ് നിഷിദ്ധങ്ങളുടെ വര്‍ജ്ജനവും. ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെ. നിസ്‌കാരത്തിലൂടെ ദൈവദാസനാകാം. പക്ഷെ ഏറ്റവും നല്ല ദൈവദാസനാകണമെങ്കില്‍ നിഷിദ്ധങ്ങളില്‍നിന്ന് അകലാനും ജീവിതത്തില്‍ സംസ്‌കാരവും സംശുദ്ധിയും വളര്‍ത്താനും അതിനു കഴിയും. ഈ ഫലം ലഭിക്കുന്നില്ലെങ്കില്‍ നിസ്‌കാരങ്ങള്‍ നിരര്‍ത്ഥകമായിരിക്കും. മദ്യപാനം, വ്യഭിചാരം, മാതാപിതാക്കളെ പീഡിപ്പിക്കല്‍, പലിശ, അഴിമതി തുടങ്ങിയവയെല്ലാം നിഷിദ്ധങ്ങളില്‍ പെടും.
രണ്ടാമത്തെ നിര്‍ദ്ദേശം 'ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക' എന്നതാണ്. സംതൃപ്തിയാണ് സമാധാനത്തിന്റെ ഉറവിടം. ഉള്ളതുകൊണ്ട് തൃപ്തിയടയുകയാണതിന്റെ മാര്‍ഗം. ആഢംബരങ്ങളും അലങ്കാരങ്ങളും ആകാശം മുട്ടേ ആഗ്രഹിക്കുന്നവരാണ് അധിക പേരും. അത് കിട്ടിയില്ലെങ്കില്‍ അസ്വസ്തനാവും. അമിതമായ ആഗ്രഹങ്ങള്‍ അനര്‍ത്ഥങ്ങളുണ്ടാക്കും. ഉള്ളതിലുള്ള തികഞ്ഞ തൃപ്തിയാണ് യഥാര്‍ത്ഥ ഐശ്വര്യം. ദൈവം തന്നത് എത്ര ചെറുതായാലും അത് തൃപ്തിയോടെ അനുഭവിക്കുന്നവര്‍ക്ക് മനസ്സമാധാനം കൈവരുന്നതാണ്.
'അയല്‍വാസിക്ക് നന്‍മ ചെയ്യണ'മെന്നാണ് മൂന്നാമത്തെ കാര്യം. സാമൂഹിക ബന്ധത്തിലെ പ്രഥമ യൂണിറ്റാണ് അയല്‍ക്കാരന്‍. അയല്‍ക്കാര്‍ തമ്മില്‍ സരച്ചേര്‍ചയില്ലാതാവുമ്പോള്‍ സമൂഹമാണ് തകരുന്നത്. അയല്‍ക്കാരന്‍ അന്യനാണെങ്കിലും സ്വന്തക്കാരോട് ചെയ്യുന്ന സുകൃതം അവനും ചെയ്തുകൊടുക്കണം. നല്ല അയല്‍പക്ക ബന്ധം സ്ഥാപിച്ചെടുക്കാന്‍ നിരവധി മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നബിവചനങ്ങളില്‍ കാണാം. രക്തബന്ധത്തെപ്പോലെ മനുഷ്യരെ പരസ്പരം കൂട്ടിയിണക്കുന്ന മറ്റൊരു പ്രധാന കണ്ണിയാണ് സാമീപ്യവാസവും. അയല്‍വാസിയോട് സ്‌നേഹത്തില്‍ വര്‍ത്തിക്കല്‍ വിശ്വാസത്തിന്റെ അനിവാര്യതയത്രെ. 'അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ നമ്മില്‍ പെട്ടവനല്ല' എന്ന നബിവചനം ഈ ബന്ധത്തിന്റെ ദാര്‍ഢ്യതയാണ് വ്യക്തമാക്കുന്നത്.
സ്വന്തത്തിന് ഇഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും ഉഷ്ടപ്പെടുകയെന്ന നാലാമത്തെ നിര്‍ദ്ദേശം, സുഭദ്രമായൊരു സാമൂഹിക ജീവിതത്തിന്റെ മൂലശിലയാണെന്നു പറയാം. മുസ്‌ലിമാണെന്ന് പറഞ്ഞാല്‍ പോരാ അത് ജീവിതത്തില്‍ പ്രകടമാക്കണം. എല്ലാവരോടും സ്‌നേഹവും സൗഹാര്‍ദ്ദവും കാണിക്കണം. സ്വന്തം സുഖ-ക്ഷേമത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന സ്വാര്‍ത്ഥ ചിന്ത വെടിയണം.
തിരുമേനി പറഞ്ഞു: ''മതവിശ്വാസികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പ കാണിക്കുന്നതിന്റെയും ഉപമ ഒരു ശറീരത്തിന്റെ ഉപമ പോലെയാണ്. ഒരവയവത്തിന് പോറലേറ്റാല്‍  മറ്റവയവങ്ങള്‍ ക്ഷീണിച്ചും ഉറക്കമിളച്ചും വിഷമത്തില്‍ പങ്കു വഹിക്കുന്നത് കാണാമല്ലോ.'' (ബുഖാരി, മുസ്‌ലിം) സഗൗരവം ചിന്തിക്കേണ്ട നിര്‍ദ്ദേശമാണ് 'അമിതമായി ചിരിക്കരുത്, അത് മനസ്സിനെ മരിപ്പിക്കു'മെന്നത്. കളിയിലും ചിരിയിലും നിമഗ്നനായ ഒരാള്‍ക്ക് ജീവിതത്തെ ഗൗരവമായി കാണാന്‍ സാധിക്കുന്നതല്ല. ജീവിതത്തില്‍ കളിയും ചിരിയും ആവാം, വിരോധമില്ല. പക്ഷെ അമിതമാവരുതെന്നു മാത്രം.
തെറ്റുകളില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശക്തിയുള്ള ജാഗ്രവത്തായ മനസ്സാണ് വിശ്വാസി വളര്‍ത്തിയെടുക്കേണ്ടത്. അതിനുള്ള പ്രധാന വഴി ഗൗരവമുള്ള ചിന്തയും ആഴത്തിലുള്ള അവബോധവുമാണ്. കാര്യങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യാനേ വിനോദത്തിലും പൊട്ടിച്ചിരിയിലും താത്പര്യമുള്ളവര്‍ക്ക് സാധിക്കുകയുള്ളൂ. മനസ്സിന്റെ മരണമാണ്അതിന്റെ ഫലം.
ഒരവസരത്തില്‍ പ്രവാചകന്‍ (സ) പറയുകയുണ്ടായി: ''ഞാന്‍ അറിയുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ കുറച്ചു മാത്രം ചിരിക്കുകയും ധാരാളം കരയുകയും ചെയ്യുമായിരുന്നു.'' ചിരി മിതപ്പെടുത്തണമെന്നു സാരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter