ന്യൂ ജന്‍ കാലത്തെ മുസ്‌ലിമിന്റെ വസ്ത്രം
whiteവിവേകബുദ്ധിയും ലജ്ജയുമാണ് മനുഷ്യനെ മറ്റു ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നത്. ഈ രണ്ടു ഘടകങ്ങളും ഇല്ലാത്തവരെ നാം തികഞ്ഞ അവജ്ഞയോടെയും വെറുപ്പോടെയും മാത്രമേ നോക്കി ക്കാണുകയുള്ളൂ. വിവേക ബുദ്ധിയില്ലാത്ത മനുഷ്യന്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന കോപ്രായത്തരങ്ങള്‍ കാണിക്കുന്നു. എന്നതു പോലെ, ലജ്ജയില്ലാത്തവനാണ് നാണം പോലും മറക്കാതെ ജീവിക്കുന്നവന്‍. നാണം മറക്കാന്‍ മനുഷ്യനെ പ്രരിപ്പിക്കുന്നത് അവന്റെ വിശ്വാസവും വിവേകവുമാണ്. പ്രാകൃത സമൂഹവും ചില വനവാസികളും തങ്ങളുടെ നാണം മറക്കാതെ ജീവിക്കുന്നത് ഉപര്യുക്ത ഘടകങ്ങളുടെ അഭാവം കൊണ്ടാണെന്ന് നമുക്ക് മനസ്സിലാക്കാം. 'നാണമില്ലെങ്കില്‍ ദുന്‍യാവിലും ജീവിതത്തിലും ഒരര്‍ത്ഥവുമില്ല. നാണം കൊണ്ട് മാത്രം എത്ര തിന്‍മകള്‍ ഞാന്‍ ചെയ്യാതിരിക്കുന്നുവെന്ന' കവിവാക്യം എത്ര അര്‍ത്ഥഗര്‍ഭമാണ്. മനുഷ്യജീവിതത്തില്‍ അടിസ്ഥാന പരമായ മൂന്ന് ആവശ്യങ്ങളാണ് ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവ. ഇവ മൂന്നുമില്ലാതെ സന്തോഷപ്രദമായ ജീവിതം മനുഷ്യനു സങ്കല്‍പ്പിക്കാവു ന്നതേയല്ല. ആദിമാതാപിതാക്കള്‍ സ്വര്‍ഗത്തില്‍ കഴിഞ്ഞുകൂടിയ കാലം ശരീരമാസകലം മറയുന്ന പ്രത്യേക വസ്ത്രം കൊണ്ടവര്‍ ആവരണം ചെയ്യപ്പെട്ടിരുന്നു. പൈശാചിക പ്രേരണയാല്‍ വിലക്കപ്പെട്ട ഖനിയകത്താക്കിയ നിമിഷം ആ ഉടയാട ഊരിപ്പോവുകയും തദവസരം തങ്ങളുടെ നഗ്നത മറയ്ക്കാന്‍ സ്വര്‍ഗീയ ഇലകളില്‍ അവര്‍ക്കഭയം പ്രാപിക്കേണ്ടിയും വന്നു. പിന്നീടവര്‍ ഭൂമിയിലേക്കിറക്ക പ്പെട്ടപ്പോള്‍ അവരുടെ ഭൗതിക ജീവിതത്തില്‍ അനിവാര്യമായ വസ്ത്രവും കൂടെ ഇറക്കിക്കൊടുത്തു. ഖുര്‍ആന്‍ പറയുന്നു: ''ആദം സന്തതികളേ, നിങ്ങള്‍ക്ക് ഔറത്ത് മറക്കുന്നതിനും അലങ്കാരത്തിനുമുള്ള വസ്ത്രങ്ങള്‍ നാം നിശ്ചയമായും ഇറക്കി ത്തന്നിരിക്കുന്നു. തഖ്‌വ എന്ന വസ്ത്രമാണ് ഏറ്റവും ഉത്തമമായത്. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാകുന്നു. അവര്‍ ചിന്തിക്കുന്നവരായേക്കാം'' (അഅ്‌റാഫ്-26) തഖ്‌വയുടെ വസ്ത്രം എന്നതു കൊണ്ടുള്ള വിവക്ഷയില്‍ വ്യാഖ്യാനങ്ങള്‍ ധാരാളം കാണാം. വിശ്വാസം, സദ്പ്രവര്‍ത്തനം, അല്ലാഹുവിലുള്ള ഭക്തി എന്നൊക്കെയാണ് അത് കൊണ്ട് ഉദ്ദേശ്യമെന്ന് പലരും വ്യാഖ്യാനിക്കുന്നു. ഇവയുള്ളവന്‍ മാത്രമേ തന്റെ ഔറത്ത് വേണ്ടവിധം മറയ്ക്കുകയുള്ളു. പാരത്രികലോകത്ത് വിശ്വാസി ധരിപ്പിക്കപ്പെടുന്ന വസ്ത്രമാണ് തഖ്‌വയുടെ വസ്ത്രം എന്നും അര്‍ത്ഥമാക്കപ്പെടുന്നു. മനുഷ്യന്റെ നാണം മറയ്ക്കാനുള്ള വസ്ത്രം ഇറക്കിക്കൊടുത്തതോടൊപ്പം ശരീരം മൊഞ്ചാക്കി മോടിപ്പെടുത്താനുള്ള ഉടയാടകളും അല്ലാഹു ഇറക്കിയിട്ടു ണ്ടെന്നാണ് ഖുര്‍ആന്റെ ഭാഷ്യം. അടിമയ്ക്ക് താന്‍ ചെയ്ത അനുഗ്രഹങ്ങളുടെ പ്രതിഫലനങ്ങള്‍ കാണാന്‍ അല്ലാഹു ഇഷ്ടപ്പെടുന്നു വെന്ന നബിവചനം (തിര്‍മുദി) ശരീരമോടി വര്‍ധിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച അടിമകളെ കണ്ട് സന്തോഷിക്കുവാന്‍ അല്ലാഹു താത്പ്പര്യപ്പെടുന്നുണ്ടെന്നാണ് പഠിപ്പിക്കുന്നത്. ഭംഗിയുള്ള വസ്ത്രങ്ങളും സ്വാദുള്ള ഭക്ഷണങ്ങളും അല്ലാഹു അടിമകള്‍ക്കു വേണ്ടി സൃഷ്ടിച്ചതാണ്. അവ നിഷിദ്ധമാക്കാന്‍ ഒരാള്‍ക്കും തന്നെ അവകാശമില്ല. അല്ലാഹു പറയുന്നു: ''ആദം സന്തതികളേ, എല്ലാ ആരാധനാ വേളയിലും നിങ്ങള്‍ അലങ്കാരം അണിയുക. നിങ്ങള്‍ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുക; അമിതമാക്കരുത്. അമിതമാക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നതേയല്ല. അല്ലാഹു തന്റെ അടിമകള്‍ക്കായി സൃഷ്ടിച്ചുവച്ച അലങ്കാരവസ്തു ക്കളെയും നല്ല ആഹാരങ്ങളെയും നിഷിദ്ധമാക്കുന്നവന്‍ ആരാണ് എന്ന് നബിയേ നിങ്ങള്‍ ചോദിക്കുക. അതു മുഴുവന്‍ ഐഹിക ജീവിതത്തില്‍ സത്യവിശ്വാ സികള്‍ക്ക് അവകാശപ്പെട്ടതാണ്. പരലോകത്താവട്ടെ, അതവര്‍ക്ക് മാത്രം ലഭിക്കുന്നതുമത്രെ. അറിവുള്ള ജനങ്ങള്‍ക്ക് അപ്രകാരം നാം ലക്ഷ്യങ്ങളെ വിവരിച്ചു കൊടുക്കുന്നതാണ്.'' (അഅ്‌റാഫ്-31,32) അബ്ദുല്ലാഹിബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു: ''നബി(സ) പറയുന്നു: പൊങ്ങഛം അല്‍പ്പം മനസ്സിലുള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ഒരാള്‍ ചോദിച്ചു: നബിയേ, ഒരാള്‍ തന്റെ വസ്ത്രവും ചെരുപ്പുമൊക്കെ നല്ല ഭംഗിയുള്ളതാവാന്‍ താത്പര്യപ്പെടുമല്ലോ (അത് പൊങ്ങഛമായി മാറുമോ?)'' നബി(സ) പറയുന്നു: ''അല്ലാഹു ഭംഗിയുള്ളവനും ഭംഗി ഇഷ്ടപ്പെടുന്നവനുമാണ്. പൊങ്ങഛമെന്നാല്‍ മറ്റുള്ളവന്റെ അവകാശങ്ങള്‍ ധ്വംസിക്കലും ജനങ്ങളെ നിന്ദിക്കലുമാണ് (സ്വഹീഹ് മുസ്‌ലിം). ഭംഗിയായി വസ്ത്രം ധരിക്കണമെന്നും അതൊരിക്കലും പൊങ്ങഛമാകില്ലെന്നുമാണ് മുന്‍ചൊന്ന ഹദീസിന്റെ സാരം. വസ്ത്രം ധരിക്കുന്നതെന്തിന് ഒരു വ്യക്തി വസ്ത്രം ധരിക്കുന്നത് ഔറത്ത് മറയും വിധമായിരിക്കണമെന്നതോടൊപ്പം അവന്റെ മാന്യത നഷ്ടപ്പെടാത്ത രീതിയിലുമായിരിക്കണം. പുരുഷന്‍ സ്ത്രീയുടെയും സ്ത്രീ പുരുഷന്റെയും കോലം കെട്ടുന്നത് ഇസ്‌ലാം നിശിതമായി വിമര്‍ഷിച്ചിട്ടുണ്ട്. പണ്ഡിതന്‍ അങ്ങാടിപ്പിള്ളകളുടെ രൂപത്തിലും നേരെ തിരിച്ചും തലപ്പാവ് ധരിക്കുന്നത് കൊണ്ട് മാന്യത നഷ്ടപ്പെട്ടുപോകുമെന്നും കര്‍മശാസ്ത്ര വിശാരദന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (ഫത്ഹുല്‍ മുഈന്‍) ഇന്നത്തെ വസ്ത്രധാരണ രീതി തികച്ചും ഇസ്‌ലാമികവും മാന്യത പുലര്‍ത്തുന്നതുമാവുന്നുണ്ടോയെന്ന് നാം സഗൗരവം ചിന്തിക്കേണ്ടതാണ്. തുടിച്ച നിതംബവും സ്തനവും കാട്ടി പുരുഷന്‍മാരുടെ വികാരത്തെ ഇക്കിളിപ്പെടുത്തുന്ന വിധം വസ്ത്രം ധരിക്കുന്ന സ്ത്രീകളും ഔറത്ത് കൃത്യമായി മറയാത്ത വിധം പാന്റ്‌സ് ധരിക്കുന്ന പുരുഷന്‍മാരും, ഇടുങ്ങിയ പാന്റ് ധരിച്ച് മലമൂത്രവിസര്‍ജനം പോലും ശരിയാംവിധം നിര്‍വഹിക്കാനാവാതെ നജസോടുകൂടി പരിശുദ്ധ പള്ളികളിലും മറ്റും അല്ലാഹുവിനെ വണങ്ങുന്ന 'മാന്യന്‍മാരും', അരഭാഗം വരെ എത്താത്ത ഇടുങ്ങിയ കുപ്പായം ധരിച്ച്, സാഷ്ഠാംഗ വേളയില്‍, ധരിച്ചിരിക്കുന്ന പാന്റ്‌സ് കീഴ്‌പ്പോട്ടും കുപ്പായം മുകളിലോട്ടും വലിഞ്ഞ് നഗ്നതയുടെ സര്‍വ സീമകളും സീനുകളും പിന്‍ഭാഗത്തുള്ളവര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന നിസ്‌കാരക്കാരും നിറഞ്ഞാടുന്ന കാലമാണിത്. സ്ത്രീകളുടെ ഔറത്ത് മുഴുവന്‍ മറയ്ക്കുന്ന നല്ല വസ്ത്രമായി വിപണിയിലിറങ്ങിയിരുന്ന പര്‍ദ്ദ ഇന്നു പലതരത്തില്‍ വ്യത്യസ്ത പേരുകളില്‍ 'അപായ'മായി മാറിയിരിക്കുന്നു. ഔറത്ത് മറയാതെ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് മൈലുകള്‍ അടിച്ചു വീശുന്ന സ്വര്‍ഗീയ പരിമണം പോലും ആസ്വദിക്കാന്‍ കഴിയില്ല. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം: നബി(സ) പറയുന്നു: ''രണ്ടു വിഭാഗം നരകാവകാശികളുണ്ട്. ഞാനിതുവരെ അവരെ കണ്ടിട്ടില്ല. 1) പശുവിന്റെ വാലു പോലോത്ത ചാട്ടവാര്‍ കൈയിലേന്തി ജനങ്ങളെ അടിച്ചു തൊഴിക്കുന്ന ആണുങ്ങള്‍ 2) ചില സ്ത്രീകള്‍. അവര്‍ വസ്ത്രം ധരിക്കുമെങ്കിലും ധരിക്കാത്തത് പോലെയാണ ്(ഔറത്ത് വേണ്ടവിധം മറക്കാത്തവര്‍). ചാഞ്ഞും ചെരിഞ്ഞും നടക്കുന്ന അവരുടെ ശിരസ്സ് ഒട്ടകത്തിന്റെ ചെരിഞ്ഞ പൂഞ്ഞ പോലെയാകും. അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ അതിന്റെ പരിമളമാസ്വദിക്കുകയോ ചെയ്യില്ല. അതിന്റെ സുഗന്ധം ഒരുപാട് വഴിദൂരം എത്തുന്നതാണുതാനും (സ്വഹീഹ് മുസ്‌ലിം) വസ്ത്രം ധരിക്കേണ്ടതെങ്ങനെ സ്ത്രീക്കും പുരുഷനും പ്രത്യേകമായ ഔറതുകള്‍ ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. പുരുഷന്‍മാര്‍ക്ക് മുട്ടുപൊക്കിളിനിടയിലുള്ള ഭാഗമാണെങ്കില്‍ സ്ത്രീകള്‍ക്ക് വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത ഭാഗങ്ങളാണ് ഔറത്തായി ഗണിക്കപ്പെടുന്നത്. സ്വതന്ത്രയായ സ്ത്രീകള്‍ക്ക് നാല് ഔറത്തുകളുണ്ട്. 1-അന്യപുരുഷന്‍മാരുടെ മുന്നില്‍ അവളുടെ ശരീരം മുഴുവനും അവള്‍ക്ക് ഔറത്താണ്. 2-വിവാഹം ഹറാമായവരുടെ സാന്നിദ്ധ്യത്തിലും ആരുമില്ലാത്ത വേളയിലും (ഖല്‍വത്) മുട്ടുപൊക്കിളിനിടയിലുള്ള ഭാഗമാണവള്‍ക്ക് ഔറത്ത്. 3) കാഫിറായ സ്ത്രീയുടെ സന്നിധിയില്‍ ജോലിക്കിടെ വെളിവാകുന്ന ഭാഗം. 4)നിസ്‌കാരത്തില്‍ മുന്‍കയ്യും മുഖവുമല്ലാത്ത ബാക്കി മുഴുവന്‍ ഔറത്താണ്. (ഇആനത്-ബാബുസ്സ്വലാത്). ഔറത്തുകള്‍ മറക്കാനാണ് മനുഷ്യന്‍ വസ്ത്രമെടുക്കുന്നത്. വസ്ത്രമണിയുന്നതു കൊണ്ട് തന്റെ നഗ്നത മറക്കണമെന്ന ഉദ്ദേശ്യം മനസ്സിലുണ്ടെങ്കില്‍ അത് പ്രതിഫലാര്‍ഹമാവുകയും അതുവഴി ഹൃദയം പ്രകാശിക്കുകയും ചെയ്യും. ഔറത്ത് മറയാത്ത മുന്തിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൊണ്ടും പരിധിവിട്ട് വസ്ത്രം നിലത്തിഴഞ്ഞ് വലിക്കുന്നത് കൊണ്ടും ഒരു ഗുണവും ലഭിക്കുന്നില്ലെന്നു മാത്രമല്ല ശിക്ഷയ്ക്ക് വിധേയനാവുകയും ചെയ്യും. പുരുഷന്‍മാര്‍ ഞെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നത് അല്ലാഹുവിന്റെ ശാപത്തിന് വിധേയമാക്കുമെന്ന് ഹദീസുകളില്‍ കാണാം. ഇബ്‌നു ഉമര്‍(റ) നിവേദനം ചെയ്യുന്നു: ''തന്റെ വസ്ത്രം വലിച്ചിഴച്ച് നടക്കുന്നവനിലേക്ക് അല്ലാഹു റഹ്മത്തിന്റെ നോട്ടം നോക്കുകയില്ലെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.'' (മുസ്‌ലിം). അഹന്തയോടെ വസ്ത്രം വലിച്ചിഴക്കല്‍ ഹറാമും ഇല്ലെങ്കില്‍ കറാഹത്തുമാണ്. സ്ത്രീകള്‍ക്ക് ഞെരിയാണിക്ക് താഴെ വസ്ത്രം എടുക്കല്‍ അനുവദനീയമാണെന്ന് ഉമ്മുസലമ(റ) നിവേദനം ചെയ്യുന്ന ഹദീസ് പിടിച്ച് പണ്ഡിതര്‍ ഏകാഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. തണ്ടംകാലിന്റെ പാതി വരെ വസ്ത്രം എടുക്കലാണ് സുന്നത്ത്. അതിനെക്കാള്‍ താഴ്ന്ന് ഞെരിയാണി വരെ ഇറങ്ങുന്നത് കറാഹത്തില്ല. ഞെരിയാണിക്ക് താഴെ ഇറങ്ങുന്നത് വിലക്കപ്പെട്ടതും അഹംഭാവത്തോടെ അങ്ങനെ ചെയ്യുന്നത് ഹറാമുമാണ്. നീളത്തിലും വീതിയിലും സാധാരണയെക്കാള്‍ വസ്ത്രം നീട്ടിയെടുക്കുന്നത് കറാഹത്താണെന്ന് ഖാളി(റ) പണ്ഡിതരില്‍ നിന്ന് ഉദ്ധരിച്ചിട്ടുണ്ട് (ശര്‍ഹ് മുസ്‌ലിം). ഹസന്‍, ഹുസൈന്‍, അബ്ദുല്ലാഹിബ്‌നു ജഅ്ഫര്‍(റ) എന്നിവരൊക്കെ ജലവാസികള്‍ തങ്ങളുടെ ഔറത്ത് കാണുമെന്ന മടികാരണം പാന്റസ് ധരിച്ചാണ് കുളിക്കാന്‍ പോലുമിറങ്ങാറുണ്ടായിരുന്നത്. ഇമാം അഹ്മദ്ബ്‌നു ഹമ്പലിന്റെ ചരിത്രത്തില്‍ ഇങ്ങനെ കാണാം. അദ്ദേഹം പറയുന്നു 'വിവസ്ത്രരായി കുളിക്കാനിറങ്ങുന്ന ഒരുകൂട്ടം ആളുകളുടെ കൂടെ ഒരു ദിവസം ഞാന്‍ പെട്ടു. അന്നേരം പുണ്യനബി(സ)യുടെ ഒരു ഹദീസ് എന്റെ ഓര്‍മ്മയിലേക്ക് വന്നു. അല്ലാഹുവിനും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാള്‍ അരയുടുപ്പ് ധരിച്ചല്ലാതെ കുളിപ്പുരയില്‍ പ്രവേശിക്കരുത്. എന്നിട്ട് ഞാന്‍ നഗ്നതമറച്ചുകൊണ്ട് തന്നെ കുളിച്ചു. അന്നു രാത്രി ഒരാള്‍ എന്റെയരികില്‍ വന്ന് പറഞ്ഞു: ''ഇന്ന് നീ സുന്നത്തനുസരിച്ച് പ്രവര്‍ത്തിച്ചത് കാരണം അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതന്നിരിക്കുന്നു.'' ഞാന്‍ ചോദിച്ചു: ''നിങ്ങളാരാണ്.'' ''ഞാന്‍ ജിബ്‌രീലാണെന്നും അല്ലാഹു താങ്കളെ അനുകരിക്കാവുന്ന പണ്ഡിതനാക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു'' (റൂഹുല്‍ ബയാന്‍) തുണിയെടുക്കുന്ന ചിലയാളുകളില്‍ കണ്ടുവരുന്ന വളരെ മോശമായ പ്രവണതയാണ് മടക്കിക്കുത്തല്‍. മുട്ടുപൊക്കിളിനിടയിലാണ് തന്റെ ഔറത്തെന്ന് ബോധമുള്ളവന്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് വളരെ ഖേദകരമാണ്. മനുഷ്യപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ രേഖപ്പെടുത്താന്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകളും ഹഫളത്തിന്റെ മലക്കുകളും സദാ നമ്മോടൊപ്പം സഞ്ചരിക്കുന്നുണ്ട്. തണ്ഡാസില്‍ പ്രവേശിക്കുമ്പോഴും സംയോഗ വേളയിലും മാത്രം ഒഴിഞ്ഞുനില്‍ക്കുന്ന മാലാഖമാര്‍ ഔറത്ത് കാണിക്കുന്ന വ്യക്തികളെ വെറുക്കുമെന്നതില്‍ തര്‍ക്കമില്ല. തണ്ഡാസില്‍ പോവുമ്പോള്‍ പോലും മുറിയില്‍ പ്രവേശിച്ച ശേഷമേ വസ്ത്രം ഉയര്‍ത്താവൂ എന്ന് പഠിപ്പിച്ച പുണ്യനബി(സ)യുടെ മതാനുയായികള്‍ തന്നെയാണ് ബഹു ഭൂരിഭാഗവും ഈ വൃത്തികേട് കാണിക്കുന്നത്. മാന്യത നഷ്ടപ്പെടുന്ന വിധം വസ്ത്രമെടുക്കുന്നവരും വര്‍ധിക്കുന്ന കാലമാണിത്. വലിയ ബര്‍മുഡയും മറ്റും ധരിച്ച് തുണിമടക്കിക്കുത്തുന്നവന്‍ നഗ്നത മറക്കുന്നുണ്ടെങ്കിലും തന്റെ മാന്യത നഷ്ടപ്പെടുന്നുണ്ടെന്ന് അറിയാതെ പോകുന്നു. വസ്ത്രം വാങ്ങേണ്ടതും ധരിക്കേണ്ടതും വസ്ത്രം വാങ്ങുന്നതിനും ധരിക്കുന്നതിനും ചില പ്രത്യേക ദിവസങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ശനി, ഞായര്‍, ചൊവ്വ എന്നീ ദിവസങ്ങളില്‍ പുതിയ വസ്ത്രം ധരിക്കല്‍ നല്ലതല്ലെന്ന് കിതാബുകളില്‍ കാണാം. ശനിയാഴ്ച പുതിയ വസ്ത്രം ധരിച്ചുതുടങ്ങിയാല്‍ ധരിക്കുന്ന സമയത്തൊക്കെ ശരീരം രോഗാതുരമാകുന്നതാണ്. ചൊവ്വാഴ്ച ധരിക്കാന്‍ തുടങ്ങിയാല്‍ ആ വസ്ത്രം തീ കത്തി നശിക്കുവാനും മോഷ്ടിക്കപ്പെടാനും സാധ്യതയുണ്ട്. അതോടൊപ്പം എപ്പോഴും മുശിപ്പനുഭവപ്പെടുമെന്നും കാണാം. തിങ്കളാഴ്ച ധരിച്ചുതുടങ്ങുന്നത് ഏറ്റവും സവിശേഷമാണെന്നും ബര്‍ക്കത്ത് അധികരിക്കാന്‍ കാരണമാകുമെന്നുമുണ്ട്. ഇത്‌പോലെ ബുധനാഴ്ചയും വ്യാഴാഴ്ചയും പുതുവസ്ത്രങ്ങള്‍ ധരിച്ചു തുടങ്ങാന്‍ നല്ല ദിവസങ്ങളാണ്. എന്നാല്‍, പുത്തനുടുപ്പുകള്‍ ധരിച്ചുതുടങ്ങാന്‍ ഏറ്റവും പുണ്യം വെള്ളിയാഴ്ചയാണെന്നും സാമ്പത്തിക വര്‍ധനവിന് തന്നെ അത് വഴിയൊരുക്കുമെന്നും മഹാന്‍മാര്‍ രേഖപ്പെടുത്തുന്നു. (തദ്കിറതുല്‍ വാഇളീന്‍). വസ്ത്രം വാങ്ങാനും ഏറ്റവും പുണ്യം ധരിക്കല്‍ പുണ്യമുള്ള ദിവസങ്ങള്‍ തന്നെയാണ്. പുതുവസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ അല്ലാഹു നല്‍കിയ അനുഗ്രഹത്തിന് നന്ദിസൂചകമായി അവനെ സ്മരിക്കേണ്ടതുണ്ട്. നബി(സ) പറയുന്നു: ''ആരെങ്കിലും ഭക്ഷണം കഴിച്ച ശേഷം എന്റെ യാതൊരു കഴിവും ശക്തിയുമില്ലാതെ എന്നെ ഇത് ഭക്ഷിപ്പിച്ച നാഥനാണ് സര്‍വസ്തുതിയുമെന്ന് പറഞ്ഞാല്‍ അവന്റെ മുന്‍ദോശങ്ങള്‍ അല്ലാഹു പൊറുക്കുന്നതാണ്. ആരെങ്കിലും പുതുവസ്ത്രം ധരിക്കുമ്പോള്‍ എന്റെ യാതൊരു ശക്തിയും കഴിവുമില്ലാതെ എന്നെയിത് ധരിപ്പിച്ച നാഥനാണ് സര്‍വസ്തുതിയുമെന്ന് പറഞ്ഞാല്‍ അവന്റെ മുന്‍ദോശങ്ങളും അല്ലാഹു പൊറുക്കുന്നതാണ്. തുണിയെടുക്കുന്നവര്‍ തുണിയുടെ ആദ്യമടക്ക് (ഉള്‍ഭാഗത്തേക്കുള്ളത്) ഇടതുഭാഗത്ത് നിന്ന് വലത്തോട്ടും പുറം ഭാഗത്തു കാണുന്ന മടക്ക് വലതുഭാഗത്ത് നിന്നു ഇടത്തോട്ടുമാണ് എടുക്കേണ്ടത്. മയ്യിത്ത് കഫന്‍ ചെയ്യപ്പെടേണ്ടതും ഇപ്രകാരമാണ്. (തുഹ്ഫ തക്ഫീനുല്‍മയ്യിത്ത്) പാന്റ്‌സ് ധരിക്കേണ്ടത് ഇരുന്നുകൊണ്ടും തലപ്പാവ് ധരിക്കേണ്ടത് നിന്നുകൊണ്ടുമാണ്. അല്ലാത്തപക്ഷം ദാരിദ്ര്യം ഉണ്ടാകുമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു. (ശര്‍വാനി1/238) വെള്ള വസ്ത്രം: മേന്‍മയും മഹത്വവും ഏതു വര്‍ണത്തിലുള്ള വസ്ത്രവും ധരിക്കാന്‍ ഇസ്‌ലാം അനുവാദം നല്‍കുന്നുണ്ട്. നബി(സ)പല സന്ദര്‍ഭങ്ങളില്‍ പല വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതായി ഹദീസുകളില്‍ കാണാം. എന്നാല്‍, കുങ്കുമ വര്‍ണവും മഞ്ഞച്ചായവും മുക്കിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്ന് രേഖകളിലുണ്ട്. (ഫത്ഹുല്‍ മുഈന്‍-സ്വലാതുല്‍ ജുമുഅ) കറുപ്പ് നിറമുള്ള വസ്ത്രവും ചെരിപ്പും നിത്യമായി ധരിക്കല്‍ കറാഹത്താണ്.(ബിഗ്‌യ) ഖത്വീബ് കറുപ്പ് വസ്ത്രം പതിവായി ധരിക്കല്‍ കറാഹത്താണെന്ന് ഫിഖ്ഹിന്റെ ഗ്രന്ഥത്തില്‍ കാണാം. പട്ട് എന്റെ സമുദായത്തിലെ പുരുഷന്‍മാര്‍ക്ക് ഹറാമാണെന്നും സ്ത്രീകള്‍ക്ക് അനുവദനീയമാണെന്നും നബി(സ) അരുളിയിട്ടുണ്ട്. (തിര്‍മുദി) എന്നാല്‍, യുദ്ധവേളയിലും പേന്, ചൊറി എന്നിവ കൊണ്ട് പരീക്ഷിക്കപ്പെട്ടാലും, മറ്റു വസ്ത്രങ്ങളിലില്ലാത്ത ഉപകാരം പട്ട് കൊണ്ട് ലഭ്യമായാലുമൊക്കെ പട്ട് പുരുഷനും അനുവദനീയമാണ്. (ഫത്ഹുല്‍ മുഈന്‍- സ്വലാതുല്‍ജുമുഅ) വെള്ള വസ്ത്രത്തിന് ഇസ്‌ലാം കൂടുതല്‍ മേന്‍മയും മഹത്വവും കല്‍പ്പിക്കുന്നുണ്ട്. നബി(സ) കൂടുതല്‍ ഇഷ്ടപ്പെടുകയും അണിയുകയും ധരിക്കാന്‍ മറ്റുളളവരെ പ്രേരിപ്പിക്കുകയും ചെയ്ത വസ്ത്രമാണത്. ഉഹ്ദിലും മറ്റു സന്ദര്‍ഭങ്ങളിലും നബിയെ സഹായിക്കാനിറങ്ങിയ മാലാഖമാര്‍ ധരിച്ചിരുന്നത് വെള്ള വസ്ത്രമാണെന്ന് കാണാം. (ഉംദതുല്‍ഖാരി, കിതാബുല്ലിബാസ്). വെള്ളവസ്ത്രത്തിന്റെ മഹത്വം വിളിച്ചോതുന്ന നിരവധി ഹദീസുകളുണ്ട്. നിങ്ങളുടെ വസ്ത്രങ്ങളില്‍ നിന്ന് വെള്ളവസ്ത്രം നിങ്ങള്‍ ധരിക്കുക, അതാണ് ഏറ്റവും നല്ല വസ്ത്രം. നിങ്ങളില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ നിങ്ങള്‍ വെള്ളവസ്ത്രത്തില്‍ കഫന്‍ ചെയ്യുകയും ചെയ്യുക. (തിര്‍മുദി, അബൂദാവൂദ്, ഇബ്‌നുമാജ) പള്ളികളിലും ഖബ്‌റുകളിലും അല്ലാഹുവിനെ സന്ദര്‍ശിക്കാന്‍ വേണ്ടി നിങ്ങളണിയുന്ന ഉടയാടകളില്‍ ഏറ്റവും ഉത്തമം വെള്ള വസ്ത്രമാണ്. (ഇബ്‌നുമാജ) വെള്ളിയാഴ്ച ജുമുഅക്ക് വേണ്ടി നല്ല വസ്ത്രങ്ങള്‍ ധരിക്കണമെന്ന് പറഞ്ഞയുടനെ വെള്ളയാണ് കൂടുതല്‍ ഉത്തമമെന്ന് പറഞ്ഞത് കാണാം.(തുഹ്ഫ) പെരുന്നാള്‍ ഭംഗിയുടെയും സന്തോഷത്തിന്റെയും ദിനമായതു കൊണ്ട് ഏറ്റവും ഭംഗിയും വില കൂടിയതുമായ വസ്ത്രമാണ് അന്ന് ധരിക്കേണ്ടത്. മാത്രവുമല്ല, പെരുന്നാളും വെള്ളിയാഴ്ചയും ഒരേദിനം വന്നാല്‍ വെള്ളിയാഴ്ചയെ പരിഗണിച്ച് വെള്ള ധരിക്കണമോ പെരുന്നാള്‍ ദിനത്തെ പരിഗണിച്ച് വെള്ളയെക്കാള്‍ നല്ല വസ്ത്രം ധരിക്കണമോ എന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങള്‍ കാണാം. എന്നാലും ആ ദിവസം ജുമുഅക്ക് പോകുന്ന സന്ദര്‍ഭമൊഴികെ ബാക്കി സമയങ്ങളില്‍ വെള്ളയെക്കാള്‍ നല്ല വസ്ത്രം ഉണ്ടെങ്കില്‍ അത് ധരിക്കണമെന്നാണ് പ്രധാന അഭിപ്രായം.(ശര്‍വാനി) എന്നാല്‍ ഒരാളുടെ അടുക്കലുള്ള വസ്ത്രങ്ങളില്‍ ഏറ്റവും നല്ലതും വിലകൂടിയതും വെള്ളയാണെങ്കില്‍ മറ്റുള്ളവയെക്കാള്‍ കൂടുതല്‍ ഉത്തമവും സര്‍വ പുണ്യങ്ങളും ലഭിക്കുന്നതും അത് ധരിക്കുമ്പോഴാണെന്നതില്‍ തര്‍ക്കമേതുമില്ലല്ലോ. വൃത്തി കൂടുതല്‍ സൂക്ഷിക്കാന്‍ വെള്ളവസ്ത്രം ഉപകാര പ്രദമാണെന്നതില്‍ ആര്‍ക്കും സന്ദേഹമില്ല. ചെളിയോ മറ്റു അഴുക്കോ നജസോ വെള്ള വസ്ത്രത്തിലായാല്‍ പെട്ടെന്ന് ശ്രദ്ധയില്‍ പെടാനും കഴുകി വൃത്തിയായി കൊണ്ടുനടക്കാനും മറ്റു കളറുകളെക്കാള്‍ സൗകര്യ പ്രദമാണ്. വസ്ത്രശുദ്ധി മനുഷ്യ ജീവിതത്തിലെ ടെന്‍ഷനകറ്റാന്‍ കൂടുതല്‍ സഹായകമാണെന്ന് ഇമാം ശാഫി(റ) പറഞ്ഞിട്ടുണ്ട്. ഇരുണ്ട കളറുകള്‍ ശരീരത്തിലേല്‍ക്കുന്ന താപത്തെ കൂടുതല്‍ ആകിരണം ചെയ്യുമ്പോള്‍ വെള്ളയും മറ്റു ലൈറ്റ്കളറുകളും താപത്തെ വികരണം ചെയ്യുകയാണ് ചെയ്യുന്നത്. ഉഷ്ണ കാലത്ത് വെള്ളവസ്ത്രമാണ് ഏറ്റവും ഉചിതമെന്നും ഉഷ്ണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ക്ക് വലിയ ഒരു കവചമാണ് വെള്ള വസ്ത്രമെന്നും ഇത് മനസ്സിലാക്കിത്തരുന്നു. വെള്ള പൊതുവില്‍ സമാധാനത്തിന്റെ ഒരു നിറം കൂടിയാണല്ലോ. വെള്ളവസ്ത്രവും ആ മനസ്സമാധാനം ദാനം ചെയ്യുമെന്നതില്‍ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter