24 May 2018
19 Rajab 1437

സന്താന ശിക്ഷണവും സ്ത്രീ വിദ്യാഭ്യാസവും

ടി.ജെ. മുക്കം‍‍

28 January, 2018

+ -
image

'ഒരു ആണ്‍കുട്ടിയെ വിദ്യ അഭ്യസിപ്പിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഒരു വ്യക്തിയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്. ഒരു പെണ്‍കുട്ടിയെയാണ് വിദ്യ അഭ്യസിപ്പിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു കുടുംബത്തെയാണ് വിദ്യ അഭ്യസിപ്പിക്കുന്നത്' -വില്യം ഷേക്‌സ്പിയര്‍
സ്ത്രീ വിദ്യാ സമ്പന്നയാകണം. അറിവ് നേടുമ്പോഴാണ് അവള്‍ മാന്യയാകുന്നത്. ഉല്‍കൃഷ്ട സ്വഭാവത്തിന് ഉടമയായിത്തീരുന്നത് മത-ധാര്‍മിക ബോധം കൈവരുന്നത് വിജ്ഞാനം കൊണ്ട് മാത്രമാണ്. വിദ്യാഭ്യാസവും മതബോധവുമുള്ളവള്‍ വീടിന്റെ വിളക്ക് തന്നെയാണ്. 
അതിന്റെ പ്രകാശകിരണങ്ങള്‍ മറ്റുള്ളവരില്‍ കൂടി ചെന്നെത്തുന്നു. അവര്‍ക്ക് വെളിച്ചമേകുന്നു ചുറ്റുപാടും തിങ്ങിക്കൂടിയ അന്ധകാരത്തെ അത് ഇല്ലാതാക്കുന്നു. സന്താനങ്ങള്‍ക്ക് ധാര്‍മിക ശിക്ഷണം ലഭിക്കണമെങ്കില്‍ സ്ത്രീ വിദ്യാസമ്പന്നയാകേണ്ടത് അനിവാര്യമാണ്.ശരിയായ ധാര്‍മിക ശിക്ഷണം കുട്ടികള്‍ക്ക് നല്‍കാന്‍ കല്‍പിച്ചിട്ടുണ്ട്. ജനനം മുതല്‍ തന്നെ അതിന് വേദിയൊരുക്കണം. അതിനുള്ള മാര്‍ഗ്ഗങ്ങളും നിശ്ചയിച്ച് തന്നിട്ടുണ്ട്. ചെറുപ്പം മുതല്‍ ശിക്ഷണം നല്‍കിയിട്ടില്ലെങ്കില്‍ ഭാവി അപകടത്തിലാകും.
കുഞ്ഞ് ജനിച്ചാല്‍ നല്ല പേരിടുക, യഥാസമയം വിദ്യ അഭ്യസിപ്പിക്കുക, ധാര്‍മികതയിലൂടെ വളര്‍ത്തുക തുടങ്ങിയവയെല്ലാം സന്താനങ്ങളുടെ ഭാവിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. 
എന്നാല്‍ ഇവയൊക്കെ വേണ്ടവിധത്തില്‍ ശ്രദ്ധിക്കാന്‍ വിദ്യാസമ്പന്നയായ മാതാവിനേ കഴിയൂ. സന്താന ശിക്ഷണത്തില്‍ അലംഭാവം കാട്ടിയാല്‍ ചുട്ടുപൊള്ളുന്ന നരകാഗ്‌നിയാണ് കാത്തിരിക്കുന്നത്. ഈ ബോധം തികച്ചും അവളിലുണ്ടാവും. അതാണവളെ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്.നിങ്ങളെയും ഭാര്യാസന്താനങ്ങളെയും  നരകാഗ്‌നിയില്‍ നിന്ന് സംരക്ഷിക്കുക.      (ഖുര്‍ആന്‍)
കുടുംബം, മതം, വിദ്യാലയം എന്നിവ കുട്ടികളെ പരമ്പരാഗതമായി നിയന്ത്രിച്ചിരുന്ന സ്ഥാപനങ്ങളാണ്. എന്നാല്‍ മതബോധം നമ്മുടെ കുട്ടികളില്‍ ഇന്ന് തീരെ കുറഞ്ഞു വരുന്നു. സദാചാരം പഠിപ്പിക്കേണ്ട വിദ്യാലയങ്ങള്‍ അത് പൂര്‍ണമായും സാധ്യമാകുന്നില്ല.
പിന്നെ കുടുംബാന്തരീക്ഷമാണ്. അത് പറയാതിരിക്കലാണ് ഭേദം. ഇത്തരമൊരു സാഹചര്യത്തിലാണ് നമ്മുടെ മക്കള്‍ വളരുന്നത്. തികച്ചും ശോചനീയമായ അവസ്ഥയില്‍ ഇവിടെ മതവിജ്ഞാനവും അവബോധവുമുള്ള കുടുംബിനിക്ക് ഇവ തടയാനാകും. മോശമായ ഭവന സാഹചര്യങ്ങളെ സംസ്‌കരിച്ചെടുക്കാനാകും. അശ്ലീലതയെ അകറ്റി നിര്‍ത്തി ആത്മീയതയിലേക്ക് മക്കളെ വഴിതിരിച്ച് വിടാനാകും. വിജ്ഞാന സമ്പാദനം വഴി. ബാധ്യതകള്‍ അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വിദ്യാഭ്യാസമുള്ള ഉത്തമകുടുംബിനിക്ക് മാത്രമേ ഇവിടെ സാഹചര്യങ്ങളെ തിരുത്തിക്കുറിക്കാനാകൂ.ചെറുപ്പത്തില്‍ തന്നെ സന്താനങ്ങള്‍ക്ക് ശിക്ഷണം നല്‍കേണ്ടതുണ്ട്. ചെറുപ്പത്തിലെ ശിക്ഷണത്തിന്റെ അഭാവം അവരെ ദുഷിപ്പിക്കും. പാശ്ചാത്യരുടെ അധഃപതനത്തിന്റെ പ്രധാനകാരണം ഇതുതന്നെയാണ്. മാതാവിന്റെ സ്‌നേഹം, വാത്സല്യം, ശിക്ഷണം ഒന്നും അനുഭവിക്കാന്‍ അവരുടെ കുട്ടികള്‍ക്കാവുന്നില്ല. അതുകൊണ്ട് തന്നെ മക്കള്‍ ദുഷിച്ച് കുറ്റകൃത്യങ്ങളിലും അരുതായ്മകളിലും ചെന്നെത്തുന്നു. അമേരിക്കയില്‍ ഓരോ സെക്കന്റിലും ഓരോ വലിയ കുറ്റകൃത്യം നടക്കുന്നുവത്രെ. ഓരോ 23 മിനിറ്റിലും കൊലപാതകവും നടക്കുന്നു. ഓരോ 6 മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. അവിടെ സമൂഹം എന്തുമാത്രം അധഃപതിച്ചിരിക്കുന്നു.
പിതാവിനെ അപേക്ഷിച്ച് മാതാവിനാണ് കുട്ടികളുടെ വളര്‍ച്ചയില്‍ കൂടുതല്‍ പങ്ക് വഹിക്കാനാവുക. നമ്മുടെ കുട്ടികള്‍ മിക്ക സമയവും മാതാവിനോടൊട്ടി നില്‍ക്കുന്നവരാണ്. മാതാവിന്റെ പ്രവൃത്തികള്‍ അവര്‍ കാണുന്നു, അനുകരിക്കുന്നു. ഇവിടെ മാതാവ് കൂടുതല്‍ കരുതലോടെ പെരുമാറണം. നല്ല മാതൃകകള്‍ സൃഷ്ടിക്കണം. മതവിദ്യ നേടിയ കുടുംബിനിക്ക് തീര്‍ച്ചയായും അതിന് കഴിയും.
അതുപോലെ കുട്ടികളുടെ പഠനത്തില്‍ സഹായിക്കാനും. ആവശ്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാനും. വിദ്യാസമ്പന്നര്‍ക്ക് സാധിക്കും. ചുരുക്കത്തില്‍ കുട്ടികളുടെ ഗതി-വിഗതികള്‍ നിയന്ത്രിക്കാന്‍ കുടുംബിനിക്ക് അറിവ് നേടല്‍ അനിവാര്യമാണ്. നമ്മുടെ പെണ്‍മക്കള്‍ക്ക് ആവശ്യമായ മതവിജ്ഞാനം നേടിക്കൊടുക്കാന്‍ നാം ശ്രദ്ധിക്കണം.വിജ്ഞാന സമ്പാദനത്തില്‍ നമ്മുടെ മങ്കമാര്‍ക്ക് മുന്‍ഗാമികളില്‍ വലിയ മാതൃകയുണ്ട്. നബി പത്നി ആഇശ ഖുര്‍ആന്‍, നബിവചനങ്ങള്‍, ചരിത്രം, കവിത തുടങ്ങിയവയില്‍ മികവ് പുലര്‍ത്തിയിരുന്നു. മാത്രമല്ല നല്ല ഒരു അധ്യാപികയുമായിരുന്നു.അവര്‍ പറയുന്നു: 'ഏറ്റവും നല്ല സ്ത്രീകള്‍ മദീനാ നിവാസികളാണ്. ദീനീ വിഷയങ്ങള്‍ പഠിക്കാനവര്‍ക്ക് ലജ്ജ പ്രതിബന്ധമായിരുന്നില്ല.