അഖീഖയും പേരിടലും
പ്രസവിച്ച ഏഴാം ദിവസം കുട്ടികള്‍ക്ക് 'അഖീഖ' അറുക്കല്‍ സുന്നത്താകുന്നു. കുട്ടിക്ക് ചിലവ് കൊടുക്കാന്‍ ബാദ്ധ്യസ്ഥരാരോ അവരുടെ മേല്‍ തന്നെയാണ് ഇതിന്റെ ബാദ്ധ്യത. അവര്‍ക്കത് ബലമായ സുന്നത്താണ്. കുട്ടി 'അഖീഖ'ക്ക് പണയം വെക്കപ്പെട്ടതാണ് എന്ന് ഒരു സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. ഈ ഹദീസിന്റെ വിശദീകരണത്തില്‍ അഖീഖ അറുത്ത കുട്ടികള്‍ വളരുന്നത് പോലെ അഖീഖ അറുക്കാത്ത കുട്ടികള്‍ വളരുകയില്ല എന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. അഖീഖ അറുക്കാത്ത കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പരലോകത്തില്‍ വെച്ചു ശുപാര്‍ശ ചെയ്യുകയില്ലെന്നും പറയപ്പെട്ടിരിക്കുന്നു. പ്രസവിച്ചത് മുതല്‍ പ്രായപൂര്‍ത്തിയാകുന്നത് വരെ 'അഖീഖ'യുടെ ബാദ്ധ്യത മുന്‍പറഞ്ഞവര്‍ക്കാണ്. (പ്രായപൂര്‍ത്തിക്ക് ശേഷം ആ ബാദ്ധ്യത അവനിലേക്ക് തന്നെ നീങ്ങുന്നതാണ്.) ആണ്‍കുഞ്ഞാണെങ്കില്‍ 'ഉള്ഹിയ്യ'ത്തിന് മതിയാകുന്ന രണ്ടാടുകളേയും പെണ്‍കുഞ്ഞാണെങ്കില്‍ ഒരാടിനേയുമാണ് അറുക്കേണ്ടത്. (മറ്റ് മൃഗങ്ങളേയും അറുക്കല്‍ അനുവദനീയമാണ്.) പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടികളയലും അന്നേ ദിവസം (മുടികളയുന്നതിന്ന് മുമ്പ്) അറുക്കലുമാണ് സുന്നത്ത്. ആ മുടിയുടെ തൂക്കം സ്വര്‍ണ്ണമോ വെള്ളിയോ ധര്‍മ്മം കൊടുക്കലും സുന്നത്താണ്. അറുക്കുമ്പോള്‍: (അല്ലാഹുവിന്റെ നാമത്തില്‍ അല്ലാഹു മഹാനാണ്. അല്ലാഹുവേ! ഇത് നിനക്കും നിന്നിലേക്കുമുള്ളതാണ്. അല്ലാഹുവേ! ഇത് ഇന്നവന്റെ അഖീഖയാകുന്നു. ഇന്നവന്‍ എന്നു പറയുന്ന സ്ഥാനത്ത് പേര് പറയണം.) എന്ന് പറയല്‍ സുന്നത്താണ്. എല്ലുകള്‍ പൊടിക്കാതെ കഷ്ണിച്ചുകൊടുക്കുന്നതും വയറ്റാട്ടിക്ക് ഒരു കൊറക് കൊടുക്കുന്നതും സുന്നത്താകുന്നു. അല്‍പം മധുരം ചേര്‍ത്തു വേവിച്ചു കൊടുക്കലാണ് പച്ച മാംസം കൊടുക്കുന്നതിലും ഉത്തമം. സ്വന്തം എടുക്കലും, സാധുക്കള്‍ക്ക് വിതരണം ചെയ്യലും സൗജന്യമായി കൊടുക്കലും അനുവദനീയമാണ്- ഉള്ഹിയ്യത്തിന്റെ നിയമം തന്നെയാണ് ഇക്കാര്യത്തില്‍ അഖീഖക്കുള്ളത്. ഉള്ഹിയ്യത്തിന്റെ സുന്നത്തുകളെല്ലാം അഖീഖക്കും സുന്നത്താകുന്നു. പ്രസവിച്ച ഏഴാം ദിവസം (അറവിന് മുമ്പ്) കുട്ടിക്ക് പേരിടല്‍ സുന്നത്താണ്. ചാവ് കുട്ടിയായിരുന്നാലും പേരിടല്‍ സുന്നത്തുണ്ട്. അബ്ദുല്ല, അബ്ദുറഹ്മാന്‍ തുടങ്ങിയ പേരുകളാണ് ഉത്തമം. നബിമാരുടെ പേരും ആവാം. മാലിക്കുല്‍ മുലൂക്ക് (രാജാധിരാജന്‍) മുതലായ പേര് ഹറാമാകുന്നു. പ്രസവിച്ച ഉടനെ കുഞ്ഞിന്റെ വലത്തെ ചെവിയില്‍ ബാങ്കും ഇടത്തെ ചെവിയില്‍ ഇഖാമത്തും കൊടുക്കല്‍ സുന്നത്താണ്. (പ്രസവിച്ച ഉടന്‍) കുട്ടിക്ക് മധുരം കൊടുക്കലും അത് തീ തൊടാത്ത സാധനമായിരിക്കലും മധുരം കൊടുക്കുന്നവര്‍ പുരുഷന്മാരില്‍ നിന്നുള്ള സദ്‌വൃത്തരോ പുരുഷന്മാരില്ലെങ്കില്‍ സ്ത്രീകളില്‍ നിന്നുള്ള സദ്‌വൃത്തരോ ആകലും സുന്നത്താണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter