ഉപജീവനം നല്‍കുന്നവന്‍ എന്നര്‍ത്ഥം വരുന്ന റസ്സാഖ്, റാസിഖ് എന്നിവ അല്ലാഹുവിന്റെ ഉല്‍കൃഷ്ട നാമങ്ങളില്‍ പെട്ടതാണ്.

‘തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനു’മെന്ന് വിശുദ്ധ ഖുര്‍ആന്‍ (അദ്ദാരിയാത്: 38). ജീവന്റെ നിലനില്‍പിനു ഭക്ഷണം അനിവാര്യമാണ്. പട്ടിണിയേക്കാള്‍ വലിയ രോഗമില്ല. അതുകൊണ്ടുതന്നെ, പട്ടിണിയുടെ നിര്‍മാര്‍ജനത്തിനു ഇസ്‌ലാം വളരെ പ്രോത്സാഹനം നല്‍കിയിട്ടുണ്ട്. ഭക്ഷണം നല്‍കുന്നവരെ അല്ലാഹു പുകഴ്ത്തുകയും സമാധാനത്തോടെയുള്ള സ്വര്‍ഗ പ്രവേശം വാഗ്ദാനം നല്‍കുകയും ചെയ്തിട്ടുണ്ട്.

വിശന്നവനെ ഭക്ഷിപ്പിക്കുന്ന സ്വഭാവം ഒരു സംസ്‌കാരവും പാരമ്പര്യവുമായി ഇസ്‌ലാം വളര്‍ത്തിക്കൊണ്ടുവന്നു. സ്‌നേഹവും സൗഹാര്‍ദവും വളരാനും സാമൂഹിക സമ്പര്‍ക്കം ശക്തിപ്പെടാനും അതുവഴി പഴുതുകളടച്ച ദാരിദ്ര്യനിര്‍മാര്‍ജനം ഉറപ്പുവരുത്താനും ആവശ്യമായ വ്യവസ്ഥിതിക്ക് വേണ്ടതെല്ലാം ചെയ്തു. സ്വദഖ, സകാത് തുടങ്ങി ബലി കര്‍മങ്ങളില്‍വരെ ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്ന കുടുംബ ബന്ധ-അയല്‍പക്ക സങ്കല്‍പങ്ങളിലും കനിവിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങളിലും പട്ടിണിക്കെതിരെയുള്ള പടഹധ്വനിയുണ്ട്.

അല്ലാഹുവിന്റെ അടിമകളുടെ സ്വഭാവങ്ങള്‍ വാഴ്ത്തിക്കൊണ്ട് ഖുര്‍ആന്‍ പറയുന്നു:
ആഹാരത്തോട് പ്രിയമുള്ളതോടൊപ്പംതന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരനും അവരത് നല്‍കുന്നതാണ്. (അവര്‍ പറയും): അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. മുഖം ചുളിച്ചുപോകുന്നതും ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് ഞങ്ങള്‍ ഭയപ്പെടുന്നു. അതിനാല്‍ ആ ദിവസത്തിന്റെ തിന്മയില്‍നിന്ന് അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും പ്രസന്നതയും സന്തോഷവും അവര്‍ക്ക് നല്‍കുകയും ചെയ്യുന്നതാണ്. അവര്‍ ക്ഷമിച്ചതിനാല്‍ സ്വര്‍ഗത്തോടൊപ്പം പട്ടുവസ്ത്രങ്ങളും അവര്‍ക്ക് പ്രതിഫലമായി നല്‍കുന്നതാണ്. അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടുംതണുപ്പോ അവരവിടെ കാണുകയില്ല (അല്‍ ഇന്‍സാന്‍: 8-13).

മദീനയില്‍വെച്ചു നടത്തിയ നബി (സ്വ) യുടെ ആദ്യ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: ജങ്ങളേ, നിങ്ങള്‍ സലാം അഭിവാദനം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക. കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുക. ജനങ്ങള്‍ ഉറങ്ങുന്ന വേളയില്‍ നിസ്‌കാരം നിര്‍വഹിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം (തുര്‍മുദി).

food

ഇസ്‌ലാമില്‍ ഉത്തമമായ കര്‍മം ഏതെന്നു നബിയോട് ചോദിക്കപ്പെട്ടു. ‘ നീ ഭക്ഷണം നല്‍കുക. അറിയുന്നവനോടും അറിയാത്തവനോടും സലാം പറയുക’ എന്നതായിരുന്നു തങ്ങളഉടെ മറുപടി (ബുഖാരി).

നബി തിരുമേനിയില്‍നിന്നു പ്രചോദനം ഉള്‍കൊണ്ട സ്വഹാബികള്‍ ഭക്ഷണം നല്‍കുന്നതില്‍ മാത്സര്യത്തിന്റെ പ്രതീകങ്ങളായി മാറി. ഇരുട്ടിന്റെ മറവില്‍ താനും കുടുംബവും പട്ടിണി കിടന്ന് അതിഥിയെ സല്‍കരിച്ചു. മരണ മുഖത്തു കിടക്കുമ്പോഴും തന്റെ ദാഹം ശമിപ്പിക്കാതെ സഹോദരനായി ദാഹജലം വച്ചുനീട്ടി. അയല്‍ക്കാരന്‍ പട്ടിണിയിലായിരിക്കെ താന്‍ വയര്‍ നിറച്ചാല്‍ മതത്തില്‍ തനിക്കു സ്ഥാനമില്ലെന്ന ബോധം അയല്‍ക്കാരന്റെ സുഭിക്ഷതയില്‍ തന്റെ ഭാഗദേയം ഉറപ്പുവരുത്തുന്ന ശീലം വളര്‍ത്തി.

സുഹൈബ് (റ) ആളുകള്‍ക്ക് ധാരാളമായി ഭക്ഷണം നല്‍കിയതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോള്‍ മറുപടി ഇതായിരുന്നു: നബി തങ്ങള്‍ പറയുമായിരുന്നു: നിങ്ങളില്‍ ഉത്തമന്‍മാര്‍ ഭക്ഷനം നല്‍കുന്നവനും സലാം മടക്കുന്നവനുമാണ്. അതാണെന്നെ ഇവ്വിധം ഭക്ഷണം നല്‍കാന്‍ പ്രേരിപ്പിക്കുന്നത് (അഹ്മദ്).

അന്നദാനത്തിന്റെ വിവിധങ്ങളായ ഇടങ്ങള്‍ പരിചയപ്പെടുത്തി നബി (സ്വ) പറഞ്ഞു: വല്ലവുനം അല്ലാഹുവിലും അവസാന നാളിലും വിശ്വസിക്കുന്നുവെങ്കില്‍ അതിഥിയെ ആദരിക്കട്ടെ (ബുഖാരി, മുസ്ലിം). അഥവാ ഭക്ഷണം നല്‍കിയും പ്രസന്ന വദനത്തോടെയും ഊഷ്മള സംഭാഷണത്തോടെയും സ്വീകരിച്ചുമാണ് ആ ആദരവ് പ്രകടിപ്പിക്കേണ്ടത്.

നബി (സ്വ) പറഞ്ഞു: അബൂ ദര്‍റേ, നീ കറി വെക്കുമ്പോള്‍ വെള്ളത്തിന്റെ അളവ് കൂട്ടുക. എന്നിട്ട് അയല്‍ക്കാര്‍ക്കും നല്‍കുക. (മുസ്ലിം). മറ്റൊരിക്കല്‍ തങ്ങള്‍ പറഞ്ഞു: മുസ്ലിം സ്ത്രീകളേ, നിങ്ങള്‍ അയല്‍ക്കാരിക്ക് നല്‍കുന്ന ഒന്നും ചെറുതായി കാണരുത്. അതൊരു ആട്ടിന്റെ കുളമ്പാണെങ്കിലും (ബുഖാരി, മുസ്ലിം).

ഒരു മുസ്ലിമിനു നിങ്ങള്‍ പകരുന്ന സന്തോഷം, അല്ലെങ്കില്‍ അവനില്‍ നിന്ന് നിങ്ങള്‍ അകറ്റുന്ന പ്രയാസം, അവനു വേണ്ടി നിങ്ങള്‍ വീട്ടുന്ന കടം, അവന്റെ വിശപ്പിനു നിങ്ങല്‍ കാണുന്ന പരിഹാരം, ഇതൊക്കെയാണ് അല്ലാഹുവിലേക്ക് ഏറെ പ്രിയങ്കരമായ കര്‍മ്മങ്ങള്‍ (ത്വബ്റാനി).

പട്ടിണിക്കെതിരെയുള്ള പരിശ്രമങ്ങളില്‍ മതമോ ജാതിയോ നോക്കേണ്ടതില്ലെന്നല്ല, മനുഷ്യര്‍ക്കപ്പുറം എല്ലാ ജീവജാലങ്ങളിലേക്കും നീളുന്നതാവണം നമ്മുടെ ഔദാര്യത്തിന്റെ കൈകള്‍. ‘ മൃഗങ്ങളിലും ഞങ്ങള്‍ക്ക കൂലിയുണ്ടോ?’ എന്ന് സ്വഹാബാക്കള്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ പറഞ്ഞ മറുപടി എത്ര പ്രസക്തം. ‘ ജീവന്‍ തുടിക്കുന്ന എല്ലാ കരളിലും കൂലിയുണ്ട്.’ (ബുഖാരി).

food-2

നബി (സ്വ) പറഞ്ഞു: ‘ സ്വര്‍ഗത്തിലെ ചില മാളികകള്‍ പുറത്തുനിന്നു നോക്കിയാല്‍ ഉള്ളും ഉള്ളില്‍ നിന്നു നോക്കിയാല്‍ പുറവും കാണും വിധം സ്ഫടിക സമാനമാണ്. ‘ കേട്ട് നിന്ന ഒരു ഗ്രാമീണന്‍ ചോദിച്ചു. ‘ ആര്‍ക്കുള്ളതാണത് ‘. നല്ലത് പറയുന്നവനും ഭക്ഷണം നല്‍കുന്നവനും വ്രതം പതിവാക്കുന്നവനും ജനങ്ങള്‍ ഉറങ്ങവേ അല്ലാഹുവിനു വേണ്ടി നിരാനിസ്‌കാരം നിര്‍വഹിക്കുന്നവനും (തുര്‍മുദി).

അനുദിനം ലോകം വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് അഹന്ത നടിക്കുമ്പോഴും പട്ടിണി രോഗാതുരമായ ലോകത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ ‘ ദ സ്റ്റേറ്റ് ഓഫ് ഫുഡ് ഇന്‍സെക്യൂരിറ്റി ഇന്‍ദ വേള്‍ഡ് 2015′ റിപ്പോര്‍ട്ട് പ്രകാരം 79.5 ദശലക്ഷം ജനങ്ങള്‍ ലോകത്ത് പട്ടിണി കിടക്കുന്നുണ്ട്. ലോക ജനസാന്ദ്രതയില്‍ ഒമ്പതില്‍ ഒരാള്‍ വീതം പട്ടിണിയിലാണെന്നര്‍ഥം. ലോകത്തെ ഇരുപതോളം രാജ്യങ്ങളില്‍ കാല്‍ ഭാഗം ജനങ്ങളും പട്ടിണിയിലാണെന്നും പഠനം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ പട്ടിണിയെ ഒരു ശത്രുവായിക്കണ്ട് അതിനെതിരെയുള്ള പോരാട്ടത്തില്‍ അന്യോന്യം സഹകരിക്കേണ്ടതുണ്ട്.

2017 നന്മയുടെ വര്‍ഷമായി ആചരിക്കുന്ന യു.എ.ഇ ഈ വര്‍ഷം എമിറേറ്റ്സ് ഭക്ഷ്യബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാതികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആലു മക്തൂം തന്റെ സ്ഥാനാരോഹണ വാര്‍ഷികത്തില്‍ ലോകത്തിന് നല്‍കുന്ന ഉപഹാരമായി ഈ പദ്ധതിയുടെ പ്രഖ്യാപനം നടത്തുകയുണ്ടായി. രാജ്യത്തിനകത്തും പുറത്തുമുള്ള പട്ടിണിപ്പാവങ്ങളിലേക്ക് ഈ പദ്ധതിയുടെ ഫലം എത്തുക തന്നെ ചെയ്യും. അതില്‍ നമ്മുടെ പങ്കാളിത്തം നാം ഉറപ്പുവരുത്തുക.

പട്ടിണിയില്‍ മരിച്ചൊടുങ്ങുന്ന തന്റെ രാജ്യത്തെ ജനങ്ങളുടെ ദുരവസ്ഥയില്‍ വ്യഥ പൂണ്ട് കവി വിലപിച്ചു: സ്വന്തം നാടിന്റെ മണ്ണില്‍ വളര്‍ന്ന ധാന്യക്കതിരിന്റെ കൊളുന്തായിരുന്നുവെങ്കില്‍ വിശക്കുന്ന കുഞ്ഞ് എന്നെ പറിച്ചെടുക്കുമായിരുന്നു. എന്റെ ബീജം രുചിച്ച് തന്റെ ആത്മാവില്‍ നിന്ന് മരണത്തിന്റെ കൈകള്‍ ഒഴിവാക്കുമായിരുന്നു. സ്വന്തം നാടിന്റെ തോപ്പില്‍ പാകമായ പഴമായിരുന്നു ഞാനെങ്കില്‍ വിശക്കുന്ന സ്ത്രീകള്‍ എന്നെ പെറുക്കിയെടുത്ത് ജീവന്‍ നിലനിര്‍ത്തുമായിരുന്നു. എന്റെ ജനങ്ങള്‍ മൃതിയടഞ്ഞത് കലാപകാരികളായിട്ടല്ലല്ലോ. യുദ്ധക്കളത്തിലോ പ്രകൃതി ദുരന്തത്തിലോ അല്ലല്ലോ. അവര്‍ കൊല്ലപ്പെട്ടത്. പട്ടിണി മാത്രമായിരുന്നു അവരുടെ സമ്പാദ്യം. മരണം മാത്രമായിരുന്നു അവരുടെ രക്ഷകന്‍’

Download