ഹജ്ജ്: കര്‍മങ്ങളുടെ അകംപൊരുള്‍ തേടുമ്പോള്‍

ആത്മാവും ഹൃദയവും  ശരീരവും ഒന്നിക്കുന്ന അവാച്യമായ നിമിഷങ്ങളെക്കുറിച്ചാണ് ഹജ്ജിന് പറയാനുള്ളത്. ഓരോ മുസ്‌ലിമിന്നും നിര്‍ബന്ധ ബാധ്യതയായ കര്‍മമെന്നതിലുപരി ഒരുപാട് അര്‍ത്ഥ തലങ്ങള്‍ ഹജ്ജിനുണ്ട്. ആത്മാവിന്റെയും ശരീരത്തിന്റെയുമൊപ്പം സ്രഷ്ടാവിന്റെ അദ്ധ്യാത്മിക സാന്നിധ്യം കൂടിയാകുമ്പോഴാണ് സമൂര്‍ത്തമായ രീതിയില്‍ ഹജ്ജ് അനുഭവേദ്യമാകുന്നത്. പരീക്ഷണങ്ങളുടെ അതിവൃഷ്ടിയിലൂടെ കഷ്ടപ്പാടുകളുടെ കനല്‍പഥം താണ്ടിയ ഒരു മഹിത കുടുംബത്തിന്റെ ദീപ്തമായ ഓര്‍മ്മകള്‍ കൂടി സമ്മാനിക്കുന്നുമുണ്ട് ഹജ്ജ് കര്‍മം. ഒരു കര്‍മത്തിന്റെ പൗരാണികതയിലാണ് അതിന്റെ മഹത്വം അന്തര്‍ലീനമായി കിടക്കുന്നത്. ഈ മഹത്വം സത്യത്തിന്റെ മഹാ സംഗമമായ ഹജ്ജിനു മാത്രം അകവകാശപ്പെട്ടതാണ്.ഹജ്ജ് എന്ന പദത്തിന്റെ ഭാഷാര്‍ത്ഥം ഉദ്ദേശ്യം എന്നാണ്. വെറും ഉദ്ദേശ്യല്ല ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്, സ്രഷ്ടാവിലേക്കുള്ള സമ്പൂര്‍ണ പ്രയാണമാണത്.

പുണ്യഭൂമിയായ മക്കയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനം ആത്യന്തിക ലക്ഷ്യമായി കാണുന്ന ഒരു ചില്ലു വ്യാപാരിയെ അവതരിപ്പിക്കുന്നുണ്ട് വിഖ്യാത ലാറ്റിനമേരിക്കന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ തന്റെ ആല്‍കെമിസ്റ്റില്‍. ഈ ഉത്കടമായ ആഗ്രഹമാണ് അദ്ദേഹത്തിന്റെ ചിന്തകള്‍ ജീവസുറ്റതാക്കുന്നതു തന്നെ. കൃതിയിലെ കഥാപാത്രം തന്റെ യാത്രയുടെ ഗതിയും ഭാവിയും നിര്‍ണ്ണയിച്ചത് ഇദ്ദഹത്തിന്റെ ഇഛാശക്തിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടിട്ടായിരുന്നു.   ഇതുപോലെ ലോകത്തെ ഏതൊരു മുസ്‌ലിം സഹോദരന്റെയും ചിരകാലാഭിലാഷങ്ങളില്‍ പെട്ടതാണ് പരിശുദ്ധ മക്കയിലെത്തി ഹജ്ജ് കര്‍മ്മം നിര്‍വഹിക്കലും പുണ്യപ്രവാചകന്റെ റൗളാശരീഫ് സന്ദര്‍ശിക്കലും. നേരത്തെ മനസുകൊണ്ടും ഹൃദയം കൊണ്ടും താണ്ടിയ ആത്മീയ വഴി ശാരീരികമായി പിന്നിട്ട് അവന്‍ കഅ്ബക്കടുത്തെത്തുമ്പോള്‍ താന്‍ ഓരോ ദിവസവും അഞ്ചു നേരം തിരിഞ്ഞുനില്ക്കുന്ന സുന്ദര സൗധം കണ്ട് ഇത് കൊണ്ടാണ് വികാരാധീതനാകുന്നത്. സ്വന്തം നാട്ടില്‍ നിന്നും അടിമ എത്തിപ്പിടിക്കാന്‍ ബദ്ധപ്പെടുന്ന ദൈവസാമീപ്യം ദൈവ ഗൃഹത്തില്‍ വെച്ച് അനിര്‍വചനീയമാം വിധത്തില്‍ അവന്ന് അനുഭവപ്പെടുകയും ചെയ്യുന്നു. സമുദായസമാനനെന്ന് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്‌റാഹീം നബി (അ)യുടെയും തന്റെ പൊന്നു മകന്‍ ഇസ്മായില്‍ (അ) മിന്റെയും വിളിക്ക് ഉത്തരം നല്കി വന്നെത്തിയവരാണവര്‍. ഈ വിശുദ്ധ കര്‍മത്തിലെ വേഷവിധാനം തന്നെ ഇതിനുദാഹരണം.

ഇസ്‌ലാം പൊതുജീവിതത്തില്‍ അനുവദിച്ച് നാം തുടരുന്ന വസ്ത്രധാരണാ രീതിയില്‍ നിന്ന് തീര്‍ത്തും വിഭിന്നമായി കഫന്‍ പുടവയോട് സമാനമായ രണ്ട് വെളുത്ത തുണിക്കഷ്ണങ്ങളാണ് ഇവിടെ മതം അനുശാസിക്കുന്നത്. മുഴുവന്‍ ഹാജിമാരും ഈ വസ്ത്രരീതി സ്വീകരിക്കുമ്പോള്‍ ഏകതയുടെ ഒരു പ്രതീകം അവിടെ വരച്ചുകാണിക്കപ്പെടുന്നുണ്ട്.  അഥവാ  ധനികനും ദരിദ്രനും ജ്ഞാനിയും അജ്ഞാനിയും തമ്മിലുള്ള വൈജാത്യങ്ങള്‍ ആമൂലാഗ്രം മായ്ചുകളഞ്ഞ് സമത്വത്തിന്റെ പുതിയ രീതിശാസ്ത്രം പ്രഘോഷണം ചെയ്യാനാണിതെന്ന് വ്യക്തം.വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ സമൂഹത്തിലെ സ്ഥാനം, വ്യതിരിക്തത, വര്‍ണാഭിമുഖ്യം എന്നിവയുടെ പ്രതീകമായ വസ്ത്രരീതികള്‍ വെടിഞ്ഞ് സൃഷ്ടി സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തിനു മുന്നില്‍ നമിക്കുകയാണ് ചെയ്യുന്നത്.എല്ലാം മറന്ന് സ്രഷ്ടാവില്‍ ലയിക്കുമ്പോള്‍ അവന്‍ നേടിയ വിശ്വാസവും ചൈതന്യവുമാണ് ശേഷം അവന്റെ ജീവിതത്തെ പ്രഫുല്ലമാക്കുന്നത്.

ഇഹ്‌റാം മുന്നോട്ടുവെക്കുന്ന ഒരുപിടി ചിന്തകള്‍ മനുഷ്യസമൂഹത്തെ ഒന്നടങ്കം സ്ഫുടം ചെയ്‌തെടുക്കാന്‍ പര്യപ്തമാണ്. ഒരു വ്യക്തിയുടെ സ്വത്വത്തിന്റെ പ്രഖ്യാപനമാണ് അവന്റെ വസ്ത്രരീതി. ഈ വസ്ത്രരീതി തന്നെ ഇഹ്‌റാമിലൂടെ മാറ്റിവെക്കുമ്പോള്‍ അവന്‍ സ്വയം സംസ്‌കരിക്കാന്‍ മുതിരുകയാണ് ചെയ്യുന്നത്. പരലോകത്തേക്കുള്ള യാത്രയുടെ ഓര്‍മപ്പെടത്തല്‍ കൂടിയാണ് ഇഹ്‌റാം. കഫന്‍ പുടവയുടെ രൂപത്തിലുള്ള വസ്ത്രധാരണത്തിലൂടെ പരലോകയാത്രക്കുള്ള തയ്യാറെടുപ്പാണ് അവന്‍ നടത്തുന്നത്. അമേരിക്കയില്‍ ഇസ്‌ലാമാശ്ലേഷണത്തിന് ശേഷം കറുത്ത വര്‍ഗക്കാര്‍ക്ക് മാത്രമായി ഒരു സംഘം രൂപീകരിക്കാന്‍ മുതിര്‍ന്ന മാല്‍കം എക്‌സ് ഇഹ്‌റാം മുന്നോട്ടു വെക്കുന്ന സഹിഷ്ണുതയുടെ പാഠം കണ്ട് ആകൃഷ്ടനായി ആ സംഘം പിരിച്ചുവിടുക വരെ ചെയ്തുവെന്നത് ചരിത്രം. ഇവിടെ വ്യക്തികള്‍ക്ക് നിലനില്പില്ലെന്നും സമൂഹത്തിനാണ് നിലനില്പുള്ളതെന്നും നാം മനസ്സിലാക്കുന്നു. ഒരു സമൂഹമെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ഇബ്‌റാഹീം നബിയുടെ സ്വഭാവവിശേഷങ്ങളാണ് ഉത്തമ സംസ്‌കാരങ്ങളുടെ കൈമാറ്റ ഭൂമിയായ മക്കയുടെ മണ്ണില്‍  ഏകീകൃത വേഷവിധാനത്തില്‍ നിന്നുകൊണ്ട് നാം സ്വാംശീകരിച്ചെടുക്കുന്നത്.

ഹജ്ജിന്റെ ഓരോ കര്‍മവും ആദ്ധ്യാത്മികതയും ഭൗതികതയും  ഇഴകിച്ചേര്‍ന്നതാണ്. ത്വവാഫും, സഅ്‌യും അറഫയും മറ്റും അതില്‍ അവിഭാജ്യ ഘടകമാകുന്ന തിന്റെ പിന്നിലുള്ള നിയാമകഘടകങ്ങളും ഇവ രണ്ടുമാണ്. മബ്‌റൂറായ (സ്വീകാര്യമായ) ഹജ്ജിന്റെ പ്രതിഫലമായി സ്വര്‍ഗപ്രവേശത്തില്‍ കുറഞ്ഞൊന്നുമില്ല എന്ന് പ്രവാചക വചനം. ഐഹിക ജീവിതത്തിന്റെ ലക്ഷ്യമായ സ്വര്‍ഗം ഉറപ്പാക്കുന്നതിലൂടെ മുഅ്മിന്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുത്തുചെല്ലുന്നു. വിശുദ്ധ കര്‍മം നിര്‍വഹിച്ച് തിരിച്ചുവന്നവര്‍ക്ക് തുടര്‍ന്നുള്ളത് ഒരു പുതുജീവിതമായിരിക്കും ഒരുമ്മ പെറ്റ കുഞ്ഞിനെ പോലെ.

  കഅ്ബ എന്ന വിസ്മയ ഗേഹത്തെ ഏഴു പ്രാവശ്യം പ്രദക്ഷിണം ചെയ്യുന്ന ത്വവാഫ് കര്‍മ്മം അതിന്റെ രൂപാവിഷ്‌കാരം കൊണ്ട് തന്നെ ശ്രദ്ധേയമാണ്. ഒരു ബിന്ദുവിലേക്ക് നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവിടെ നമ്മളും ആ വസ്തുവും തമ്മില്‍ അഭൗമമായ ഒരു കാന്തികവലയം രൂപപ്പെടുന്നുണ്ട്. ഇതേ കാന്തികശക്തിയാണ് ത്വവാഫിലും ഉദ്ദീപിപ്പിക്കപ്പെടുന്നത്. ആ കേന്ദ്രത്തില്‍ കുടിയിരിക്കുന്ന കാന്തികശക്തി ജീവിതത്തിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നതില്‍ അനല്പമായ പങ്ക് വഹിക്കുന്നുണ്ട്.ധ്രുവീയ രീതി (വിപരീത ഘടികാര ദിശ) യിലാണ് തീര്‍ത്ഥാടകന്റെ ചലനമെന്നതിനാല്‍ ഗോളശാസ്ത്രവുമായി ചില താരതമ്യങ്ങള്‍ക്ക് വിധേയമാവുന്നുണ്ട് ത്വവാഫ്. സൂര്യന്‍ എന്ന കേന്ദ്രത്തെ ലക്ഷീകരിച്ചാണ് സൗരയൂഥത്തിലെ ഓരോ ഗ്രഹങ്ങളും കറങ്ങുന്നത് തന്നെ, അഥവാ സൂര്യനും ഇതര ഗ്രഹങ്ങളും തമ്മില്‍ ഒരു കാന്തികവലയമുണ്ട് അതാണ് ത്വവാഫിന്റെ വിഷയത്തിലും പ്രതിഫലിക്കുന്നത്.അനശ്വരനായിട്ടുള്ളവന്‍ അല്ലാഹു മാത്രമാണെന്നും മനുഷ്യന്റെ നിലനില്പിന് സ്ഥിരതയില്ലെന്നും കഅ്ബക്ക് ചുറ്റും കറങ്ങുന്ന ഹാജിമാര്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. തീര്‍ത്ഥാടകലക്ഷങ്ങള്‍ ശുഭ്രസാഗരമായി നക്ഷത്രങ്ങളെ പോലെ ചുറ്റും പരിക്രമണം നടത്തുമ്പോഴും മദ്ധ്യത്തില്‍ സ്ഥിരമായി നില്ക്കുന്ന വിശുദ്ധ ഗേഹം അല്ലാഹുവിന്റെ ശാശ്വതയിലേക്കും ഏകതയിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്. സ്വന്തമായി അസ്ഥിത്വമുള്ള ഒരു വ്യക്തി ഈ പുണ്യഗേഹത്തിന് ചുറ്റും പരിക്രമണം ചെയ്യുന്ന വിശ്വാസിസാഗരത്തിലേക്ക് അലിഞ്ഞുചേരുമ്പോള്‍ അവന്‍ ഒരു ജനതയുടെ സാകല്യത്തിലേക്ക് പരിവര്‍ത്തിക്കപ്പെടുന്നുണ്ട്, എല്ലാ 'ഞാനു'ം ചേര്‍ന്ന് അല്ലാഹുവിന്റെ തിരുസവിധത്തില്‍ ഞങ്ങളായി മാറുന്നു.

ആദ്ധ്യാത്മികമായി ചിന്തിക്കുമ്പോള്‍ വിശ്വാസിയുടെ ത്വവാഫ് ശരീരം കൊണ്ടാണെന്നതിലുപരി ഹൃദയം കൊണ്ടാണെന്നാണ് ഇമാം ഗസ്സാലി(റ)വിന്റെ ഇഹ്‌യാ ഉലൂമുദ്ദീന്‍ ഭാഷ്യം. ഹൃദയം കൊണ്ടാകുമ്പോഴേ ത്വവാഫ് മൂര്‍ത്ത രൂപം പ്രാപിക്കുകയുള്ളൂവെന്നര്‍ത്ഥം.ത്വവാഫ് കര്‍മ്മം തുടങ്ങുന്നതിന് നമ്മുടെ വലംകൈ കൊണ്ട് അല്ലാഹുവിന്റെ വലം കൈയുടെ പ്രതീകമായ ഹജറുല്‍ അസ്‌വദിനെ സ്പര്‍ശിക്കുകയോ അതിന് നേരെ കൈപത്തി കൊണ്ട് ആംഗ്യം കാണിക്കുകയോ വേണം, ഈ സമയം നിങ്ങള്‍ അല്ലാഹിവിലേക്ക് തിരിക്കുകയാണ് വിശുദ്ധ കര്‍മ്മമായ ത്വവാഫ് ചെയ്യാന്‍ നിങ്ങള്‍ എല്ലാ ഭൗതിക വിധേയത്വങ്ങളില്‍ നിന്നും മാറി സ്രഷ്ടാവിനോട് ചേര്‍ന്നിരിക്കുയാണ്.

സഅയ് കര്‍മത്തിനും പ്രമുഖമായ സ്ഥാനമുണ്ട് ഹജ്ജില്‍. പകരം നല്കാനാവാത്ത മാതൃസ്‌നേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുകയാണ് ഒരോ വിശ്വാസിയും സഅ്‌യിലൂടെ. സഫക്കും മര്‍വക്കും ഇടയില്‍ ഓടി തന്റെ കാല്‍വെള്ളയിലെ ചുവപ്പു മാറാത്ത പിഞ്ചു മകന്റെ ദാഹാഗ്നി ശമിപ്പിക്കാന്‍ ഒരിറ്റു വെള്ളം തേടിയ ഹാജറാ ബീവിയുടെ ത്യാഗ സ്മരണകളാണ് ഹാജിമാര്‍ അയവിറക്കുന്നത്. ദൈവകാരുണ്യത്തിനുള്ള നന്ദി പ്രകാശനവും ഇതിനു പിന്നിലെ ഘടകമാണ്. സഅ്‌യ് ഒരന്വേഷണമാണ്. ഒരു ലക്ഷ്യം വെച്ചുള്ള നീക്കമാണത്. മുഅ്മിന്റെ ജീവിതം പ്രതീക്ഷാനിര്‍ഭരമായിരിക്കണെമെന്നാണ് സഅ്‌യിന്റെ പാഠം. സഫക്കും മര്‍വക്കുമിടയില്‍ തന്റെ പിഞ്ചുകുഞ്ഞിന് ഒരിറ്റുവെള്ളം നല്കാന്‍ ഇലാഹിന്റെ കരുണാകടാക്ഷം പ്രതീക്ഷിച്ചായിരുന്നു ഹാജറ ബീവി ഏഴു പ്രാവശ്യം ഓടിനടന്നത്. ആ പ്രതീക്ഷയായിരുന്നു ഇസ്മായീല്‍ (അ) കാലിട്ടടിച്ച സ്ഥലത്തുനിന്നും സംസത്തിന്റെ രൂപത്തില്‍ ഉറവപൊട്ടിയത്.  ഏകപരാശക്തിയായ അല്ലാഹുവിനോടുള്ള ഇഖ്‌ലാസും വിധേയത്വവും തെളിവെള്ളം പോലെ പ്രപഞ്ചനം ചെയ്യപ്പെടുന്നുണ്ടിവിടെ. അവന്റെ കാരുണ്യവും കടാക്ഷവും കാംക്ഷിച്ച് അടിമ ഇരുമലകള്‍ക്കിടയില്‍ ഓടി നടക്കുന്നതും അതുകൊണ്ട് തന്നെ. ത്വവാഫ് ആത്മീയതയുടെ പ്രതീകമാണെങ്കില്‍ സഅ്‌യ് പദാര്‍ത്ഥജീവിതത്തിന് ഇസ്‌ലാം കല്പിക്കുന്ന അര്‍ത്ഥതലങ്ങളാണ് വ്യക്തമാക്കുന്നത്. ഒരിടത്ത് ഇലാഹിലേക്ക് നടന്നടുക്കുവാനുള്ള ദാഹവും മറ്റിടത്ത് പദാര്‍ത്ഥലോകത്ത് ഇലാഹിന്റെ സഹായം അത്യാവശ്യമാണെന്നതിലേക്കുള്ള സൂചനയും. അന്ത്യനാളില്‍  രണ്ട് തുലാസുകള്‍ക്കിടയില്‍ അടിമയുടെ ഭാവി ആടിക്കളിക്കുമ്പോള്‍ അവരുടെ പരക്കംപാച്ചിലിനെയും ഓര്‍മ്മപ്പിക്കുന്നുണ്ട് സഅ്‌യ് എന്ന് ഇമാം ഗസാലി (റ)     

ലോകക്രമത്തിന്റെ ഏക ജീവിത സന്ധാരണ മാര്‍ഗമായി ഇസ്‌ലാം ഉദ്‌ഘോഷണം ചെയ്യപ്പെട്ട ദിനമാണ് അറഫ. അറഫയില്ലാതെ ഹജ്ജില്ല എന്ന പ്രവാചക അദ്ധ്യാപനം തന്നെയാണ് അറഫ ഹജ്ജിന് അവിഭാജ്യമാണെന്നതിന്റെ തെളിവ്. ആഫ്രിക്കനും യൂറോപ്യനും ഏഷ്യക്കാരനും തുടങ്ങി രാഷ്ട്രവേലികള്‍ക്കതീതമായി അവിടെ സമ്മേളിച്ച മുസല്‍മാന്റെ ശുഭ്രസാഗരം എകനായ നാഥന്റെ സവിധത്തിലേക്ക് തിരിഞ്ഞു നടക്കുന്നു. അവിടെ ഇസ്‌ലാം വിഭാവനം ചെയ്യുന്ന സീമകളില്ലാത്ത സാമൂഹിക വീക്ഷണത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ അനാവൃതമാകുന്നുണ്ട്. മുസ്‌ലിം ഉമ്മത്തിന്റെ വര്‍ഷാന്ത സമ്മേളനമാണ് അറഫയെന്ന ഹജ്ജ്.ഇത് നമുക്കിടയില്‍ ഐക്യബോധത്തിന്റെ വിത്തു പാകുന്നു. അത്‌കൊണ്ടാണ് ലോകത്തിന്റെ ഏത് കോണിലും ഒരു മുസ്‌ലിം സഹോദരന്‍ വേദനിക്കുമ്പോള്‍ നാം വ്യസനിക്കുന്നത്. പണ്ഡിതനും പാമരനും ധനികനും ദരിദ്രനും എന്നില്ലാതെ ഇവിടെ സമ്മേളിച്ച ലോകമുസ്‌ലിംകളുടെ ഈ വലിയ സംഗമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇതര മുസ്‌ലിം സഹോദരങ്ങള്‍ ഈ ദിവസം വ്രതമനുഷ്ഠിക്കുന്നു. മഅ്ശറ എന്ന വരാനിരിക്കുന്ന ഒരു വലിയ യാഥാര്‍ത്ഥ്യത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അറഫ.  വിശ്വാസി ജനലക്ഷങ്ങളുടെ ഈ സാഗരസഞ്ചയം ആദിപിതാവ് ആദം നബി(അ) മിന്റെയും ഹവ്വാ ബീവിയുടെയും പുനസ്സമാഗമത്തിന്റെ ഓര്‍മകള്‍ അയവിറക്കാന്‍ കൂടിയാണ്. മക്കയില്‍ നിന്ന് അറഫയിലേക്ക് അവിടെ നിന്നും വീണ്ടും മക്കയിലേക്ക്. ഇത് അല്ലാഹുവിലേക്കുള്ള മടക്കത്തെയാണ് സൂചിപ്പിക്കുന്നത് അഥവാ നാം അല്ലാഹുവിന്നുള്ളതാണ്, അല്ലാഹുവിലേക്ക് തന്നെയാണ് മടക്കവും എന്നതിനെ സൂചിപ്പിക്കുണ്ടിത്.

അറഫാ സംഗമത്തിന് ശേഷം ഹാജിമാരെല്ലാം മശ്അറിലെത്തുന്നു. അറഫയിലെ കര്‍മ്മം സൂര്യാസ്തയത്തോടെ കൂടി അവസാനിക്കുന്നു ഇനി മശ്അറിലെ രാപ്പാര്‍ക്കലാണ്. അറഫിയിലെ പാര്‍പ്പ് പകലായിരുന്നെങ്കില്‍ ഇവിടെ രാത്രിയാണ്. അറഫ നിങ്ങള്‍ക്ക് ലോകയാഥാര്‍ത്ഥ്യത്തിലേക്ക് നോക്കിയിരുന്ന് ചിന്തിക്കാനുള്ള അവസരമായിരുന്നു എന്നാല്‍ മശ്അറില്‍ നിങ്ങള്‍ക്കുള്ളതോ അവബോധം സൃഷ്ടിച്ചെടുക്കലും. അഥവാ രാത്രിയുടെ യാമങ്ങളില്‍ വിശ്വാസിയുടെ ചിന്തകള്‍ അവനോട് കലഹിക്കുന്നു, അതോ ഇരുട്ടിന്റെ നിശബ്ദതയിലും സ്വഛന്ദതയിലും.നിങ്ങള്‍ ഇലാഹീ ചിന്തകളിലും മുഴുകുന്നു.

ദൈവിക പരീക്ഷണത്തിന്റെ തീരാവ്യഥയിലായിരിക്കുമ്പോഴും ആ ദൈവത്തെ കൈവിടാതെ തന്നെ ഇലാഹീ മാര്‍ഗത്തില്‍ ത്യാഗ സന്നദ്ധനാകുന്നതില്‍ നിന്ന് തന്നെ പിറകോട്ടു വലിക്കാന്‍ വന്ന ഇബ്‌ലീസിനെ ആട്ടിയകറ്റിയ ഇബ്‌റാഹീം നബി (അ) മിന്റെ സ്മരണ പുതുക്കലാണ് മിനയിലെ കല്ലേറ് കര്‍മം. ഓരോ കല്ലുകളും നാം എറിയുമ്പോഴും അവിടെ പ്രതീകവത്കരിക്കപ്പെടുന്നത് ആത്മശുദ്ധീകരണമാണ്.ഓരോ ഏറിലും ഹാജി തകര്‍ക്കുന്നത് അഥവാ തകര്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നത് തന്റെ ആത്മാവിന്റെ ദുഷ്ടചോദനകളും നിഴലുകളായ പ്രലോഭനങ്ങളെയുമാണ്. അധര്‍മചിന്തയും വഴിവിട്ട വികാരവിചാരങ്ങളും അകറ്റി നിര്‍ത്തുവാന്‍ നമ്മില്‍ ഉള്‍പ്രേരകമാവുകയാണ് ഓരോ ഏറും. ഇബ്‌റാഹീം നബി (അ) യഥാര്‍ത്ഥ ഇബ്‌ലീസിനെയാണ് എറിഞ്ഞതെങ്കില്‍ പിന്നെയെന്തിന് പ്രത്യക്ഷരൂപത്തിലില്ലാത്ത ഇബ്‌ലീസിനെ നാമെറിയുന്നു എന്ന ചോദ്യത്തിന്റെ അനൗചിത്യം ഇവിടെ വ്യക്തമാകുന്നു. മിനായിലെ മൂന്ന് ജംറകള്‍ മൂന്ന് പ്രതീകങ്ങളാണ്, നിങ്ങള്‍ കല്ലെറിയുന്നത് നിങ്ങളില്‍ തന്നെ കുടിയിരിക്കുന്ന കാപട്യം, ആര്‍ത്തി, അക്രമത്വര എന്നീ മൂന്ന് വിഗ്രഹങ്ങക്കെതിരെയാണ്.

പൗരാണിക കര്‍മമാണ് ഹജ്ജ്. കഅ്ബ അതിന്റെ കേന്ദ്രവലയവും. ദൈവിക മഹത്വത്തെ തനതായ രീതിയല്‍ ആവിഷ്‌കരിക്കുന്ന കഅ്ബയുടെ രൂപമാതൃക അവര്‍ണനീയം. മനുഷ്യന് സ്വന്തം കൈകൊണ്ട് സൃഷ്ടിക്കാന്‍ കഴിയുന്ന സൗന്ദര്യം, എത്രയായാലും അത് ദൈവത്തിന് ചേരുമെന്ന് കരുതുന്നത് വെറുതെ. അത്‌കൊണ്ട് മനുഷ്യന് സങ്കല്പിക്കാവുന്നതില്‍ ഏറ്റവും ലളിതമായ രൂപാവിഷ്‌കാരമായിരിക്കും ദൈവത്തിന്റെ മഹത്വം വിളിച്ചോതുക ? ഈ വിശുദ്ധാത്ഭുതത്തെ സംബന്ധിച്ച് മുഹമ്മദ് അസദ് കുറിക്കുന്നതിങ്ങനെ.കഅ്ബ എന്നും അത്ഭുതമാണ്. കലവറയില്ലാത്ത അത്ഭുതം. ഈ പുണ്യഗേഹത്തിന് നേരെ തിരിഞ്ഞ് സാഷ്ടാംഗം നമിച്ചിട്ടില്ലാതെ മുസ്‌ലിമിന്റെ ഈമാന്‍ അപൂര്‍ണ്ണമാണ് . കഅ്ബ മുഅ്മിനിന്റെ ജീവിതത്തില്‍ അത്രത്തോളം അലിഞ്ഞുചേര്‍ന്നതാണ്.ദൈവത്തിന്റെ ഏകതയുടെ പ്രതീകമാണ് ഈ സുന്ദര സൗധം.ചുറ്റുമുള്ള തീര്‍ത്ഥാടകന്റെ ചലനം ഉദ്‌ഘോഷിക്കുന്നത് അല്ലാഹുവിന്റെ മഹത്വവും. കഅ്ബയുടെ ലളിതമായ രൂപഘടന നിങ്ങളുടെ ആത്മാവിനെയും ശരീരത്തെയും അല്ലാഹുവിലേക്ക് കേന്ദ്രീകരിക്കുന്നു. അവിടെ ദൈവത്തില്‍ നിന്ന് നിങ്ങളുടെ ശ്രദ്ധ തെറ്റിക്കാല്‍ പാകത്തിലുള്ള ഒന്നുമില്ല. സ്രഷ്ടാവിന്റെ പരിശുദ്ധ ഗേഹത്തിന്റെ ഈ സുന്ദരമായ ഈ ആവിഷ്‌കാരം ഹജ്ജ് ചെയ്യാന്‍ മാത്രമാണ് വന്നതെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

അനന്തവിശാലമായ സന്ദേശത്തിന്റെ പാതയാണ് ഹജ്ജ് വെട്ടിത്തെളിയിക്കുന്നത്. തഖ്‌വയും ആത്മസമര്‍പ്പണവും ഇതില്‍ ചിലത് മാത്രം. തവക്കുലിന്റെ അതുല്യമായ അനുഭവങ്ങളും ഹജ്ജ് മുന്നോട്ട് വെക്കുന്നുണ്ട്. ഒരു പിതാവും മകനും തമ്മിലുള്ള പിതൃപുത്ര ബന്ധം എത്രത്തോളം ഊഷ്മളമായിരിക്കേണ്ടതുണ്ടെന്നും ഹജ്ജ് പറയുന്നു. ഇലാഹിന്റെ കല്പന ശിരസാവഹിക്കാന്‍ തന്റെ മകനെ ബലിയറുക്കാന്‍ തയ്യാറായ ഇബ്‌റാഹീം നബിക്ക് ഹിതകരമായ മറുപടിയായിരുന്നില്ല ഇസ്മായീല്‍ (അ)മില്‍ നിന്നും ഉണ്ടായത്. സ്രഷ്ടാവിന്റെ ആജ്ഞയാണെങ്കില്‍ അത് നടപ്പാക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളൂ വെന്ന് പ്രതിവചിച്ച ഇസ്മായില്‍ നബിയുടെ മാതൃക ഇന്നത്തെ തലമുറക്ക് ഒരു ഗുണപാഠമാണ്.പിതാവും മകനും തമ്മിലുള്ള ബന്ധം ഇത്രത്തോളം ദൃഡീകരിക്കപ്പെടേണ്ടതുണ്ട്.

തെറ്റിന്റേയും അസത്യത്തിന്റെയും മടിത്തട്ടില്‍ അഭിരമിക്കുന്ന മനുഷ്യരാശിക്ക് മാറ്റത്തിന്റെ പുതിയ വാതായനങ്ങളാണ് ഹജ്ജ് തുറന്നിടുന്നത്. ഒരു സനാതന സംസ്‌കാരത്തിന്റെ സംസ്ഥാപനത്തിനും കൂടി സാക്ഷിയാകുന്ന ഈ മണ്ണ്. ഒരു നിര്‍ബന്ധ ബാധ്യത നിര്‍വഹിക്കാനായതിന്റെ സംതൃപ്തി,അതിലുപരി തെറ്റുകളും കുറ്റങ്ങളും പ്രപഞ്ചനാഥനോട് മനമുരുകി ഏറ്റുപറഞ്ഞതിന്റെ നിര്‍വൃതി എല്ലാം ചേരുമ്പോള്‍ സ്വീകാര്യമായ ഹജ്ജ് ആയിത്തീരുന്നു. ഇനി ഒരിക്കലും പാപപങ്കിലമായ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറച്ച് തീരുമാനിക്കുന്നതോടെ, ശിഷ്ട ദിനങ്ങളില്‍ ആ തീരുമാനം നടപ്പാക്കാന്‍ പരമാവധി ശ്രമിക്കുന്നതോടെ, ഉമ്മ പെറ്റ കുഞ്ഞിനെ പ്പോലെ നിഷ്‌കളങ്കരാക്കി മാറ്റുന്ന യഥാര്‍ത്ഥ ഹജ്ജ് ആയിത്തീരുന്നു നമ്മുടേത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter