അല്‍ഹറം: അനുഗ്രഹങ്ങള്‍ പെയ്‌തൊഴിയുന്നില്ല

 

സ്ഥലങ്ങളും കാലങ്ങളും വസ്തുക്കളും എല്ലാം ഒരുപോലെയല്ല. ചിലതു ചിലതിനെക്കാള്‍ പുണ്യമുള്ളതാണ്. ഈ പുണ്യം ചിലപ്പോള്‍ അവയുടെ സ്വത്വത്തെ പരിഗണിച്ചു കൊണ്ടും മറ്റുചിലപ്പോള്‍ അവയില്‍ നിര്‍വഹിക്കപ്പെടുന്ന ആരാധനകള്‍ക്ക് കൂടുതല്‍ പ്രതിഫലങ്ങള്‍ നല്‍കപ്പെടുന്നതു പരിഗണിച്ചു മാവാം.
ഹറം ശരീഫിന്റെയും അതിനകത്തുള്ളതിന്റെയും വിശേഷങ്ങള്‍ വിവരിച്ചുകൊണ്ടുള്ള ഒരു പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിശുദ്ധ മക്കയുടെയും പരിസരത്തെയും നിശ്ചിത സ്ഥലമാണ് ഹറംശരീഫ്. ഈ സ്ഥലം പ്രത്യേകം ആദരിക്കപ്പെട്ടതാണ്. മക്കയിലെ ഹറമിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ആദ്യം വ്യക്തമാക്കാം. കഅ്ബയില്‍ നിന്ന് കിഴക്കോട്ട് വാദീനമിറ വരെ ഒമ്പതു മൈല്‍. അറഫാ മൈതാനം ഹറമിനു പുറത്താണ്. കഅ്ബയില്‍നിന്ന് തെക്ക് നജ്ദ്, ഇറാഖ് ഭാഗത്തേക്ക് ഏഴു മൈല്‍. കഅ്ബയില്‍നിന്നു വടക്ക് ജിഅ്‌റാന വഴി ഒമ്പതു മൈല്‍. വടക്കു പടിഞ്ഞാര്‍ തന്‍ഈം ഭാഗത്തേക്ക് മൂന്നു മൈല്‍. തന്‍ഈം ഹറമില്‍ പെട്ടതല്ല. കഅ്ബയില്‍ നിന്നു ജിദ്ദ വഴി ഹുദൈബിയ്യ വരെ രണ്ടു മൈല്‍. ചരിത്രപണ്ഡിതനായ അബുല്‍ വലീദില്‍ അസ്‌റഖി തന്റെ കിതാബുമക്ക എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതാണിത്. 
ജിദ്ദ വഴി മക്കയിലേക്കു പ്രവേശിക്കുന്ന ഭാഗത്താണു ഹറമിന്റെ അതിര്‍ത്തി കൂടുതല്‍ വിശാലം. മക്കാ പ്രദേശമായ തന്‍ഈം ഹറം ശരീഫിന്റെ പുറത്താണ്. അപ്പോള്‍ മക്ക മുഴുവന്‍ ഹറമല്ലെന്നു ബോധ്യപ്പെട്ടു. ഹറം മുഴുവനും മക്കയുമല്ല. മക്കയല്ലാത്ത ഭാഗമാണ് ഹറമിന്റെ പല സ്ഥലങ്ങളും. 
ഹറം ശരീഫില്‍ വച്ച് നിര്‍വഹിക്കപ്പെടുന്ന ഏതു പുണ്യകര്‍മങ്ങള്‍ക്കും ഒരു ലക്ഷം സല്‍കര്‍മങ്ങളുടെ പ്രതിഫലമുണ്ട്. നിസ്‌കാരം, ഖുര്‍ആന്‍ പാരായണം, സ്വദഖ, ദിക്ര്‍ തുടങ്ങി സര്‍വ കര്‍മങ്ങള്‍ക്കും ഈ പ്രതിഫലമുണ്ട്. ഹറമിന്റെ പരിധിക്കുള്ളില്‍ പെടുന്ന ഏതു പ്രദേശത്തുവച്ചു നിര്‍വഹിച്ചാലും ഒരു ലക്ഷത്തിന്റെ പ്രതിഫലം ലഭിക്കും. (ശര്‍വാനി 3/466)
മക്കയുമായുള്ള സഹവാസം തന്നെ സുന്നത്താണ്. പക്ഷേ, മക്കയോടു കാണിക്കേണ്ട ആദരവുകളും ബഹുമതികളും നിലനിര്‍ത്തുവാനും വര്‍ജിക്കേണ്ട കാര്യങ്ങള്‍ വര്‍ജിക്കുവാനും സാധിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കു മാത്രം. മക്കയില്‍നിന്നു പിരിഞ്ഞാല്‍ മക്കയുടെ പുറത്തു വച്ച് പാപം പ്രവര്‍ത്തിക്കുമെന്നറിയാമെങ്കിലും മക്കയില്‍ തെറ്റ് ചെയ്തുകൊണ്ടിരിക്കരുത്. മക്കയുടെ പുറത്താകുമ്പോള്‍ തെറ്റുകള്‍ കൂടുതല്‍ സംഭവിക്കുമെന്നും മക്കയിലാകുമ്പോള്‍ ആപേക്ഷികമായി കുറവുണ്ടാകുമെന്നും അറിയാമെങ്കില്‍ പോലും തെറ്റുകള്‍ ചുരുങ്ങാന്‍ മക്കയില്‍ പ്രവേശിക്കാന്‍ പാടില്ല. മക്കയുടെ ബഹുമതി അവന്റെ സാന്നിധ്യംകൊണ്ട് കളങ്കപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്. 
ഹറമില്‍വച്ച് നിര്‍വഹിക്കപ്പെടുന്ന സല്‍കര്‍മങ്ങള്‍ക്ക് പ്രതിഫലം കൂടുതലുള്ളതുപോലെ അവിടെ വച്ചു പ്രവര്‍ത്തിക്കുന്ന തെറ്റുകളും ഗൗരവകരമാണെന്ന് ഇബ്‌നു അബ്ബാസും(റ) മറ്റും പറഞ്ഞിട്ടുണ്ട്.
അല്ലാഹു പറയുന്നു: ''വല്ലവനും ഹറമില്‍ വച്ച് പാപങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ വേദനാജനകമായ ശിക്ഷയ്ക്കു നാം അവനെ വിധേയനാക്കും. ചെറുപാപങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു പോലും ഈ ശിക്ഷയ്ക്ക് അര്‍ഹതയുണ്ടെന്നാണു പ്രസ്തുത സൂക്തത്തിലെ ധ്വനി. പാപം ചെയ്യണമെന്ന് ഉദ്ദേശിക്കുന്നവര്‍ക്കു പോലും ഖുര്‍ആനില്‍ കഠിനിശക്ഷ മുന്നറിയിപ്പു നല്‍കിയത് ഹറം ശരീഫിന്റെ പ്രത്യേകതയാണെന്ന് ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രവുമല്ല, ഹറമില്‍ വച്ച് തെറ്റ് ചെയ്യണമെന്ന് ഹറമിന്റെ പുറത്തു വച്ച് ഉദ്ദേശിക്കുന്നവന്‍ പോലും അവന്‍ ഹറമില്‍ പ്രവേശിച്ചിട്ടില്ലെങ്കിലും ആയത്തിന്റെ മുന്നറിയിപ്പിന്റെ വ്യാപ്തിയില്‍ പെടുമെന്ന് ചില ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പള്ളികളില്‍ ഏറ്റവും മഹത്വമുള്ളത് ഹറം ശരീഫിന്റെ പരിധിയില്‍ പെട്ട മസ്ജിദുല്‍ ഹറാമാണ്. കഅ്ബയും അതിനു ചുറ്റുമുള്ള പള്ളിയാണ് മസ്ജിദുല്‍ ഹറം കൊണ്ടു വിവക്ഷ. സാധാരണ പള്ളിയെക്കാള്‍ പതിനായിരം കോടി ഇരട്ടിയാണ് മസ്ജിദുല്‍ ഹറാമിലെ നിസ്‌കാരത്തിന്റെ പുണ്യം. ഇമാം ഇബ്‌നു ഹജര്‍(റ) ഇക്കാര്യം തുഹ്ഫയില്‍ മൂന്നു സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. (തുഹ്ഫ 3/466, 1/65, 10/95)
മസ്ജിദുല്‍ ഹറമിലെ പതിനായിരം കോടിയുടെ പുണ്യം ഫര്‍ളും സുന്നത്തുമായ നിസ്‌കാരങ്ങള്‍ക്കുണ്ട്. മറ്റു കര്‍മങ്ങള്‍ക്ക് ഒരു ലക്ഷത്തിന്റെ പ്രതിഫലമാണുള്ളത്. ഹറം ശരീഫില്‍ എവിടെവച്ച് ചെയ്താലും (മസ്ജിദുല്‍ ഹറാമിന്റെ അകത്തും പുറത്തും) ഒരുലക്ഷത്തിന്റെ പ്രതിഫലമുണ്ട്.
പതിനായിരം കോടിയുടെ പുണ്യം എന്നുള്ളത് നബി(സ്വ)യുടെ കാലത്തുള്ള പള്ളിക്കു മാത്രമല്ല പിന്നീട് വര്‍ധിപ്പിച്ചതിലും ബാധകമാണ്. (ശര്‍വാനി 3/466) 
മസ്ജിദുല്‍ ഹറാം ഇനിയും വിശാലമാക്കിയാലും പതിനായിരം കോടിയുടെ മഹത്വം അതിനു ബാധകമാണ്. പക്ഷേ, ഹറമ് വിട്ട് 'ഹില്ലി' ലേക്ക് എത്തിയാല്‍ പ്രസ്തുത സ്ഥലത്തിന് ഇരട്ടി പുണ്യമുണ്ടാവില്ല. (ശര്‍വാനി 3/466)
സാധാരണ പള്ളിയെക്കാള്‍ ആയിരം ഇരട്ടി പുണ്യം മസ്ജിദുല്‍ അഖ്‌സ്വയിലെ നിസ്‌കാരത്തിനും പത്തുലക്ഷത്തിന്റെ പുണ്യം മസ്ജിദുന്നബവിയിലെ നിസ്‌കാരത്തിനുമുണ്ട്. (തുഹ്ഫ 3/467). പ്രസ്തുത മൂന്നു പള്ളികളില്‍ വച്ച് തനിച്ചു നിസ്‌കരിക്കലാണ് മറ്റു പള്ളികളില്‍ വച്ച് ജമാഅത്തായി നിസ്‌കരിക്കുന്നതിനെക്കാള്‍ പുണ്യം. (ശര്‍വാനി 2/308)
മറ്റു പള്ളികളിലേതു പോലെത്തന്നെ ഈ മൂന്നു പള്ളികളില്‍ വച്ചുള്ള നിസ്‌കാരത്തിന്റെ പുണ്യം പുരുഷന്മാരുടെ നിസ്‌കാരത്തിനു മാത്രം ബാധകമാണെന്ന് ഇമാം ഇബ്‌നുഖുസൈമ(റ)യില്‍ നിന്ന് ഫതാവല്‍ കുബ്‌റ(1/201)യില്‍ ഇമാം ഇബ്‌നു ഹജര്‍(റ) ഉദ്ധരിച്ചിട്ടുണ്ട്. ചുരുക്കത്തില്‍, ഹജ്ജിന്റെ വേളയില്‍ അല്ലാത്തപ്പോഴും സ്ത്രീകള്‍ക്ക് ഏതു പള്ളികളെക്കാളും പുണ്യം അവരുടെ റൂം തന്നെയാണ്. ഹറമില്‍ എവിടെവച്ചു നിര്‍വഹിച്ചാലും ലഭിക്കുന്ന ഒരു ലക്ഷം പ്രതിഫലം ഹറമിന്റെ പരിധിയില്‍ പെട്ട റൂമില്‍ വച്ച് നിര്‍വഹിക്കുന്ന നിസ്‌കാരത്തിനും ലഭ്യമാണല്ലോ. ഈ പുണ്യത്തില്‍ കൊതിച്ചു റൂമുകളില്‍ വച്ച് നിസ്‌കാരവും മറ്റു പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കുകയാണു സ്ത്രീകള്‍ക്ക് പുണ്യവും ലാഭകരവും.
നബി(സ്വ) തങ്ങള്‍ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലമാണ് ലോകത്തുവച്ച് ഏറ്റവും പുണ്യമുള്ള സ്ഥലം. (മിര്‍ഖാത് 1/447). ഈ സ്ഥലം കഴിച്ചതിനു ശേഷമാണ് മറ്റെല്ലാ സ്ഥലത്തിനും പുണ്യമുള്ളത്. അല്ലാഹുവിന്റെ അര്‍ശിനെക്കാളും മസ്ജിദുല്‍ ഹറാമിനെക്കാളും കഅ്ബയെക്കാളും മഹത്വം നബി(സ്വ)യുടെ ഹുജ്‌റാ ശരീഫിനുണ്ട്. ഇക്കാര്യം ഖണ്ഡിത (ഇജ്മാഅ്) മാണ്. (മിര്‍ഖാത് 1/447)
നബി(സ്വ)യുടെ ശരീരം അടക്കം ചെയ്യപ്പെട്ട സ്ഥലത്തിനു 'ഹുജ്‌റാ ശരീഫ' എന്നാണ് പേര്‍. നബി(സ്വ)യുടെ ഖബ്‌റിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തിന്റെ പേര്‍ 'റൗള ശരീഫ്' എന്നും. ഈ റൗള ശരീഫിനെക്കാളും പുണ്യമാണ് ഹുജ്‌റാ ശരീഫക്കുള്ളത്.
പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന 15 ഇടങ്ങളില്‍ അറഫാ മൈതാനമല്ലാത്ത 15ഉം ഹറം ശരീഫില്‍ പെട്ടതാണ്. കഅ്ബയുടെ ചുറ്റുഭാഗവുമുള്ള മേല്‍പ്പുരയില്ലാത്ത സ്ഥലമാണു മത്വാഫ്(പ്രദക്ഷിണ സ്ഥലം) ത്വവാഫിന്റെ വേള പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സമയമാണ്. കഅ്ബയുടെ കിഴക്കു ഭാഗത്ത് മത്വാഫിലാണ് ഇബ്‌റാഹീം മഖാമും സംസം കിണറും സ്ഥിതി ചെയ്യുന്നത്. കഅ്ബയുടെ തെക്ക് കിഴക്കു ഭാഗത്ത് (ഹജറുല്‍ അസ്‌വദിന്റെ ഭാഗം) മസ്ജിദുല്‍ ഹറം അവസാനിക്കുന്നിടത്താണ് സഫ എന്ന സ്ഥലം. സഫയുടെ കിഴക്കു വടക്ക് 395 മീറ്റര്‍ ദൂരെയാണ് മര്‍വ. കഅ്ബയുടെ കിഴക്കു തെക്കേ മൂലയില്‍ സ്ഥിതിചെയ്യുന്ന ഹജറുല്‍ അസ്‌വദിന്റെ ഭാഗത്തേക്കാണ് (കഅ്ബയുടെ മൂല) കേരളത്തില്‍ നിന്നു നിസ്‌കരിക്കുന്നവര്‍ തിരിയുന്നത്.
പ്രാര്‍ത്ഥനയ്ക്ക് ഉത്തരം കിട്ടുന്ന 15 ഇടം: മത്വാഫ്, മുല്‍തസം (ഹജറുല്‍ അസ്‌വദിന്റെയും വാതിലിന്റെയും ഇടയില്‍), സ്വര്‍ണപ്പാത്തിയുടെ താഴെ (ഹിജ്ര്‍ ഇസ്മാഈല്‍) സംസം കിണറിങ്കല്‍, കഅ്ബ, സഫ, മര്‍വ, സഅ്‌യ്, ഇബ്‌റാഹീം മഖാമിന്റെ പിന്‍ഭാഗം, അറഫ, മുസ്ദലിഫ, മിന, മൂന്നു ജംറകളുടെ അരികെ. (ഹാശിയല്‍ ഈളാഹ്: 271)
ഈ വിവരിച്ച 15 ഇടങ്ങളില്‍ മത്വാഫ്, മുല്‍തസം, പാത്തി, സംസം കിണര്‍ കഅ്ബ, മഖാമു ഇബ്‌റാഹീം എന്നിവ മസ്ജിദുല്‍ ഹറാമിന്റെ അകത്താണ്. 
ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ''മസ്ജിദുല്‍ ഹറമിനകത്ത് രണ്ട് ഖബ്‌റുകളുണ്ട്. ഒന്ന്, ഇസ്മാഈല്‍ നബിയുടേത്. അത് ഹിജ്ര്‍ ഇസ്മാഈലിനകത്താണ്. മറ്റൊന്ന് ശുഐബ് നബിയുടേത്. അത് ഹജറുല്‍ അസ്‌വദിനു നേരെയാണ്. (തഫ്‌സീര്‍ ഖുര്‍ത്വുബി: 2/130) ഇസ്മാഈല്‍ നബി(അ)യുടെ മാതാവ് ബീവി ഹാജറ(റ)യുടെയും ഖബ്ര്‍ ഹിജ്‌റ് ഇസ്മാഈലിലാണ്. ഇക്കാര്യം ചരിത്ര പണ്ഡിതനായ യാഖൂതുല്‍ ഹമവി രേഖപ്പെടുത്തിയിട്ടുണ്ട്. (മുഅ്ജമുല്‍ ബുല്‍ദാന്‍: 2/221)
മസ്ജിദുല്‍ ഹറാമിനകത്തുള്ള കഅ്ബയ്ക്ക് ഇന്ന് ഒരു കവാടമാണുള്ളത്. കഅ്ബയുടെ ചുറ്റും പുറം തിണ്ണ പോലെയുള്ള വസ്തുവാണ് ശാദിര്‍വാന്‍. അതു കഅ്ബയുടെ തറയില്‍ പെട്ടതാണ്. പില്‍ക്കാലത്ത് കഅ്ബയുടെ ചുമര്‍ പടുത്തപ്പോള്‍ തറയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തിയ ഭാഗമാണത്. 
കഅ്ബയുടെ തെക്കു കിഴക്കേ മൂല റുക്‌നുല്‍ അസ്‌വദ് എന്നും വടക്കുകിഴക്കേ മൂല റുക്‌നുല്‍ ഇറാഖീ എന്നും വടക്കു പടിഞ്ഞാറേ മൂല റുക്‌നില്‍ യമാനീ എന്നും അറിയപ്പെടുന്നു.
ഹറം ശരീഫിലെ വേട്ടജീവികളെ നശിപ്പിക്കല്‍ ഏവര്‍ക്കും നിഷിദ്ധമാണ്. അതുപോലെ ഹറമില്‍ സ്വയം മുളച്ചുണ്ടായ (നട്ടുപിടിപ്പിച്ചതല്ലാത്ത) വൃക്ഷങ്ങളുണ്ടെങ്കില്‍ അവ നശിപ്പിക്കലും ഹറാമാണ്. നശിപ്പിച്ചവര്‍ക്കു ഫിദ്‌യ നിര്‍ബന്ധമാകും.
നബി(സ്വ) പറഞ്ഞു: ഹറമിനെ അര്‍ഹിക്കുംവിധം ആദരിക്കും കാലമത്രയും ഈ സമുദായം നന്മയില്‍ തുടരുന്നതും എപ്പോള്‍ അവരത് നഷ്ടപ്പെടുത്തുന്നുവോ അപ്പോള്‍ അവര്‍ നശിക്കുന്നതുമാണ്. (ഇബ്‌നുമാജ)  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter