ഹജ്ജ്: തുടങ്ങിയടത്തേക്കുള്ള മടക്കം

ഇബ്രാഹിമീ വിളിനാദം കേട്ട് ലക്ഷങ്ങളാണ് വര്‍ഷാവര്‍ഷം മക്കയിലേക്ക് എഴുന്നള്ളുന്നത്. ഹജ്ജിന്റെ മാസ്മരികതയില്‍ ലയിച്ച് അവര്‍ സമ്പൂര്‍ണ്ണമായി സ്ഫുടം ചെയ്‌തെടുക്കപ്പെടുന്നു. ഓരേ സമയം ശരീരത്തിന്റെയും ആത്മാവിന്റെയും ലയനമായ ഹജ്ജ് സത്യവിശ്വാസിയുടെ ജന്മത്തിന്റെ കാത്തുവെയ്പ്പു കൂടിയാണ്. ജീവിതം തുടങ്ങിയേടെത്തേക്കുള്ള ഒരു പ്രതീകാത്മക മടക്കം. ഇബ്രാഹീമും ഹാജറയും ഇസ്മാഈലും അനിര്‍വ്വചനീയമായ സ്മൃതി ഭാവങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നു. പ്രകൃതിയുടെ നിത്യതാളത്തെ സജീവമാക്കുകയാണ് ത്വവാഫ്. മുസ്ദലിഫയിലും മിനായിലും ജീവിതം തന്നെ പ്രായോഗിക പ്രകടനമാവുകയാണ്. അറഫ മഹ്ശറയെ അനുസ്മരിപ്പിക്കുന്നു. ആരാധന ഹജ്ജിലടെ അതിന്റെ മൂര്‍ത്തീമത്ഭാവം തേടുകയാണെന്നാണ് ഹജ്ജ് ചെയ്തപ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്.

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിരണ്ട്, എഴുപത്തി മൂന്ന് കാലഘട്ടങ്ങളിലാണ് ഞാന്‍ ആദ്യമായി വിശുദ്ധ ഹജ്ജിന് പുറപ്പെടുന്നത്. എന്റെ ഓര്‍മ്മയില്‍ ഞാന്‍ പുറം രാജ്യവുമായി ബന്ധപ്പെടുന്നതും അന്നായിരുന്നു. ജീവിതത്തിലേക്ക് നിര്‍ണായകമായ ഒരു നിമിഷം കടന്നുവരുന്നതായി അനുഭവപ്പെട്ടു. കാലങ്ങളായി മനസ്സില്‍ കാത്തുവെച്ച പൂതി സാക്ഷാത്കരിക്കപ്പെടുകായണ്. അഞ്ചു നേരവും നാം മുന്നിട്ട് നില്‍ക്കുന്ന പരിപാവനമായ ഗേഹം നേരില്‍കാണുന്നതിന്റെ ആഹ്ലാദം ഉള്ളില്‍ തിരതള്ളി. സമസ്ത വിഷമങ്ങളും അതില്‍ ഉരുകിയൊഴുകി.

കപ്പലിലായിരുന്നു യാത്ര. കൊണ്ടോട്ടിക്കടുത്ത കോടങ്ങാടില്‍ മുദര്‍രിസായി സേവനം ചെയ്യുമ്പോഴാണത്. റമളാന് മുമ്പേ പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരുന്നു. ഒരു ബ്രിട്ടീഷ് കമ്പനിയായ ‘മുഗള്‍ ലൈന്‍’ന്റെ ‘മുഹമ്മദിയ്യ’ കപ്പല്‍ മുംബൈ സീ പോര്‍ട്ടില്‍ നിന്നും ഞങ്ങളെയും പേറിക്കുതിച്ചു. ഒരേ ലക്ഷ്യവും ബോധവുമായി ഒരുപാട് ഹൃദയങ്ങള്‍ ഒരുപോലെ മിടിച്ചു.

ആകെ രണ്ടു കപ്പലുകളാണ് അന്നുണ്ടായിരുന്നത്. എഴുന്നൂറ് രൂപയായിരുന്നു യാത്രാചെലവ്. ഒരു നാലായിരം രൂപയുണ്ടെങ്കില്‍ എല്ലാം വളരെ റാഹത്തായി തീര്‍ക്കാവുന്ന കാലമായിരുന്നു. പക്ഷേ, ദീനീ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പണ്ഡിതന്‍മാര്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു.

വലിയ സൗകര്യങ്ങളുള്ള കപ്പലായിരുന്നെങ്കിലും യാത്ര വളരെ കഠിനമായിരുന്നു. ഒരാഴ്ചയിലേറെ സഞ്ചാരം നീണ്ടു. കാലാവസ്ഥ വ്യതിയാനവും കടല്‍ വാസവും കാരണം സഹയാത്രികര്‍ക്കെല്ലാം വയറിളക്കവും ഛര്‍ദ്ദിയുമൊക്കെ വന്നുതുടങ്ങി. ഞാനും മറ്റൊരാളും മാത്രം അവശേഷിച്ചു. കരയോടടുക്കാറായപ്പോള്‍ അയാളും ഛര്‍ദ്ദിച്ചു. ഞാന്‍ മാത്രം ബാക്കിയായി. സഹയാത്രികരില്‍ പരിചിതരായി നാട്ടില്‍ നിന്നുള്ള ഒരാളും അയാളുടെ പത്‌നിയും മാത്രമാണുണ്ടായിരുന്നത്.

മുംബൈ സീ പോര്‍ട്ടില്‍ എത്താറായപ്പോഴുണ്ടായ അത്ഭുതകരമായ ഒരു കാഴ്ച അവിടെ വലിയ പണ്ഡിതരെന്ന് തോന്നിക്കുന്ന നെഞ്ചുവരെ തൂവെള്ള താടി താഴ്ത്തിറക്കിയ, തലയില്‍ വലിയ തൊപ്പി വെച്ച പ്രായമായ പലരും ‘ഖുല്‍ ഹുവല്ലാഹു’ വും മറ്റും കാണാതെ ചൊല്ലിപ്പഠിക്കുന്നതായിരുന്നു. അന്നു മുതലേ നമ്മുടെ നാടും പുറം നാടുമുള്ള അന്തരം വളരെ പ്രകടമായിത്തോന്നി. ‘ദാറുല്‍ ഹുദ പോലുള്ള സ്ഥാപനങ്ങള്‍ വന്നതില്‍ പിന്നെ ചെറിയ ആശ്വാസത്തിനുള്ള മാറ്റങ്ങളെല്ലാം ഇന്ത്യയിലെ പുറം നാടുകളില്‍ രൂപപ്പെടുന്നുണ്ട്. മുംബെയിലെ ഖുവ്വത്തുല്‍ ഇസ്‌ലാമെല്ലാം വലിയ പ്രതീക്ഷ തന്നെയാണ്.
കടല്‍ സഞ്ചാരം അകതാരില്‍ ഒരുപാട് ചിന്തകള്‍ കോറിയിട്ടു. പടച്ചവന്റെ അപാര ശക്തിയും അനുഗ്രഹവും കടലോളം ഓര്‍മിപ്പിക്കുന്ന മറ്റൊന്നുമില്ല. ഇസ്‌ലാമും മരൂഭൂമിയും പോലെ ഇസ്‌ലാമും കടലും അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. കേരളത്തിലേക്ക് മാലിക് ദീനാറും കൂട്ടരും ഇസ്‌ലാമിന്റെ കൈത്തിരിയുമായി കടല്‍ കടന്നെത്തിയത് അത്ഭുതാവഹം തന്നെ. പാരാവാരമായി പരന്നുകിടക്കുന്ന അതില്‍ കാറ്റിന്റെ ഗതി മാത്രമായിരുന്നല്ലോ അവര്‍ക്കാശ്രയം. നടുക്കടലിലെത്തുന്നതിന്റെ മുമ്പ് തന്നെ നമ്മുടെ ലോകം ഒരു കപ്പല്‍ മാത്രമായി സങ്കോചിക്കുന്നു. ചുറ്റും ജലം മാത്രം കാണപ്പെടുന്ന ആ അവസ്ഥയില്‍ നമ്മുടെ എല്ലാമെല്ലാം ആ കപ്പല്‍ തന്നെ. അതിലപ്പുറം നമുക്കൊരു ചിന്തയുമില്ല. പിന്നീട് ഏദന്‍ മലകലുടെ തലപ്പുകള്‍ കണ്ടുതുടങ്ങുന്നു. അപ്പോഴുണ്ടാകുന്ന നിര്‍വൃതി അവാജ്യമാണ്. മുങ്ങിത്താഴുന്നവന് ഒരു പുല്‍ക്കൊടി കിട്ടിയാലുണ്ടാവുന്ന ആശ്വാസം അപ്പോള്‍ പെയ്തു തുടങ്ങും. പതുക്കെ പതുക്കെ കടല്‍ക്കര(ജിദ്ദ സീ പോര്‍ട്ട്) നമ്മെ ആലിംഗനം ചെയ്യുന്നു.

ഹജ്ജ് വേളയില്‍ ഒരു മസ്അല പ്രശ്‌നം ഉടലെടുക്കുകയുണ്ടായി. ‘ഫിദ്‌യ’ അറക്കുന്നത് എവിടെ വെച്ചാകണമെന്നതായിരുന്നു സംശയം. ഹജ്ജ് ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന മുസ്‌ലിയാര്‍ ‘ഫീ അയ്യിമകാനിന്‍ കാന’ എന്ന ഇബാറത്ത് വായിച്ച് ലോകത്ത് എവിടെ വെച്ചും ‘ഫിദ്‌യ’ അറക്കാമെന്ന് പ്രസ്താവിച്ചു. ഇവ്വിഷയകമായി പരിചയ സമ്പന്നയായ ഒരു സ്ത്രീ ഇതിനെ ചോദ്യം ചെയ്തു. അങ്ങനെയാകുമ്പോള്‍ കോഴിക്കോട് വെച്ചും അറക്കാന്‍ പറ്റുമോ എന്നൊക്കെ അവര്‍ ചോദിച്ചു. മുസ്‌ലിയാര്‍ അതെ എന്ന് മറുപടി പറഞ്ഞു. റൂമില്‍ നിന്ന് പുറത്തുവരികയായിരുന്ന ഞാന്‍ ഇവര്‍ക്കു മുന്നിലാണ് എത്തിപ്പെട്ടത്. അവര്‍ ആവശ്യപ്പെട്ടതിനുസരിച്ച് ഹറമില്‍ വെച്ച് എവിടെയുമാകാം അറുക്കപ്പെടേണ്ടതെന്ന് ഞാന്‍ തിരുത്തിക്കൊടുത്തു. ഹജ്ജ് വേളയിലുണ്ടായ വലിയൊരനുഭവമായിരുന്നു ഈ ഫത്‌വ പ്രശ്‌നം. തുടര്‍ന്ന് ആ പഠന ക്ലാസ് നിര്‍ത്തലാക്കിയെന്നാണ് അറിവ്.

ദാറുല്‍ ഹുദായില്‍ പ്രിന്‍സിപ്പാളായി ചാര്‍ജ്ജെടുക്കുന്നതിന്റെ തലേവര്‍ഷമാണ് പിന്നീട് ഹജ്ജ് കര്‍മ്മത്തിന് അവസരം ലഭ്യമാകുന്നത്. തൊണ്ണൂറ്റിമൂന്നിലോ തൊണ്ണൂറ്റി നാലിലോ ആണത്. ചെമ്മാട് മഹല്ലില്‍ മുദര്‍രിസായിരുന്നു അപ്പോള്‍. ആ വര്‍ഷം തന്നെ സിഎച്ച് ഹൈദ്‌റൂസ് മുസ്‌ലിയാര്‍ ഇഹലോകവാസം വെടിഞ്ഞു. അല്ലാഹു അദ്ദേഹത്തിന്റെ ഖബറിടം സ്വര്‍ഗീയമാക്കുമാറാവട്ടെ. ഇരുഹജ്ജുകളും നിര്‍ണായക മാറ്റങ്ങളാണ് ജീവിതത്തിലുണ്ടാക്കിയത്. രണ്ടാമത്തെ ഹജ്ജിന് വിമാനത്തിലായിരുന്നു പോയിരുന്നത്. രണ്ട് ഹജ്ജുകള്‍ക്കിടയിലെ കാലവും വളയരെയേറെ വികസിച്ചിരുന്നു എന്നത് ബോധ്യമാണ് കടല്‍ക്കപ്പലില്‍ യാത്ര ചെയ്ത എനിക്ക് ആകാശക്കപ്പലില്‍ യാത്ര ചെയ്തപ്പോഴുണ്ടായത്.

യാത്ര തന്നെ ഒരുപാട് വികാസം പ്രാപിച്ചു. ഹജ്ജിലും ഹറമിലുമെല്ലാം മാറ്റങ്ങള്‍ പ്രകടമായി. ഹജ്ജിന് ആള്‍പെരുപ്പം കൂടുന്നതും ഹാജിമാര്‍ കുത്തഴിയുന്നതും സാധാരമായി. മക്കയിലെ അവാമു(പൊതുജനത)കളുടെ ചെയ്തികളില്‍ നിങ്ങള്‍ വഞ്ചിതരാകരുതെന്ന ഇമാം നവിവി(റ)യുടെ മുന്നറിയിപ്പ് നാം സഗൗരവം ഓര്‍ക്കേണ്ട ഒരു കാലമാണിത്. മക്കയില്‍ പോയി വരുമ്പോഴേക്കും വഹാബി ചിന്തകളുമായി വിലസുന്ന ആളുകള്‍ക്ക് ഇതില്‍ വലിയ പാഠമുണ്ട്. ആള്‍ക്കൂട്ടം ചെയ്യുന്നതൊക്കെയും പലപ്പോഴും ശരിയോട് യോജിക്കണമെന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter