ബലി പെരുന്നാള്‍: മാനവികതയുടെ അതുല്യരൂപം

ആത്മ സമര്‍പ്പണത്തിന്റെയും ത്യാഗ സന്നദ്ധതയുടെയും ഓര്‍മ്മപ്പെടുത്തലാണ്  ഓരോ ബലിപെരുന്നാളും. കൊണ്ടും കൊടുത്തും പരസ്പര സ്നേഹവും സൌഹാര്‍ദ്ധവും ഊട്ടിയുറപ്പിക്കലാണ് ഇതിന്റെ പരമമായ ലക്ഷ്യം. പെരുന്നാളിലും തുടര്‍ന്നുവരുന്ന രണ്ട് മൂന്ന് ദിനങ്ങളിലും ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന ദൈവീക തീരുമാനമുള്ളതിനാലാണ് ഫിത്വര്‍ സകാത്ത്‌ നല്‍കാന്‍ ഇസ്ലാം കല്പിക്കുന്നത്. ബലി കര്‍മത്തിലും ഈ ഒരു പങ്കുവെക്കല്‍ നമുക്ക്‌ കാണാന്‍ സാധിക്കും. സുഭിക്ഷമായി പെരുന്നാള്‍ ആഘോഷിക്കാനുള്ള വകയാണ് ഏത് പാവപ്പെട്ടവനും ബലികര്‍മ്മത്തിലൂടെ ലഭ്യമാവുന്നത്. മുപ്പത്‌ ദിവസത്തെ ത്യാഗ നിര്‍ഭരമായ വ്രതാനുഷ്ട്ടാനത്തിന്റെ പരിസമാപ്തിയായാണ് ഈദുല്‍ ഫിത്വര്‍ വന്നെത്തുന്നത്.

അത് പോലെ ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില്‍ പെട്ട ഹജ്ജിന്‍റെ പവിത്രമായ ദിനത്തിലാണ്  ഈദുല്‍ അള്ഹ സമാഗതമാകുന്നത്. ലോകത്തെ തന്നെ ഏറ്റവും വലിയ മതകീയ സംഗമമാണ് ഹജ്ജ്. ലോകത്തിന്റെ നാനാഭാഗത്ത് നിന്നും വരുന്ന ജനലക്ഷങ്ങള്‍ വര്‍ഗ്ഗ-വര്‍ണ്ണ-ദേശ-ഭാഷാ വ്യത്യാസങ്ങളൊന്നുമില്ലാതെ, ഒരേ വേഷത്തില്‍ ഒരേ ലക്ഷ്യത്തില്‍ അറഫയില്‍ ഒരുമിച്ച് കൂടുന്നതാണ് ഹജ്ജിന്റെ ഏറ്റവും പ്രധാന ഭാഗം.  ഹജ്ജ് എന്നാല്‍ അത് അറഫ തന്നെയാണെന്ന് പ്രവാചകര്‍ പറഞ്ഞതും അതുകൊണ്ട് തന്നെ. അറഫാ സംഗമം മാനവികതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. ദരിദ്രനാരെന്നോ സമ്പന്നനാരെന്നോ അവിടെ തിരിച്ചറിയാനാവുന്നില്ല. എല്ലാവരും ഉരുവിടുന്നത് ഒരേ മന്ത്രം. മധ്യാഹ്നം മുതല്‍ സൂര്യാസ്തമയം വരെ ആ മരുഭൂമിയില്‍ കൂടിയിരിക്കുന്നവര്‍ക്കെല്ലാം ഒരേ രൂപവും നിറവുമാണ്. എല്ലാവരും ധരിക്കുന്നതും ഒരേ വസ്ത്രം തന്നെ. ചെയ്തുപോയ പാപങ്ങളോര്‍ത്ത്, വരാനിരിക്കുന്ന രംഗങ്ങളോര്‍ത്ത് പശ്ചാത്തപ വിവശരായി നാഥന്റെ മുമ്പില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളായിരിക്കും എല്ലാവരുടേതും. അവസാനം പെയ്തൊഴിഞ്ഞ ആകാശം പോലെ, പ്രതീക്ഷകളുടെ വെള്ളിവെളിച്ചവുമായി വിശ്വാസികള്‍ മുസ്ദലിഫയിലേക്ക് നീങ്ങുന്നു.

മുപ്പത്‌ ലക്ഷത്തോളം വരുന്ന വന്‍ജനസഞ്ചയമാണ് അന്നേദിവസം അവിടെ ഒരുമിച്ചുകൂടുന്നത്. നിയന്ത്രണാതീതമാവാന്‍ സാധ്യതകളേറെയുള്ള ഈ ജനസഞ്ചയം സ്വയം നിയന്ത്രിതരായി, ആരും ആരെയും ശകാരിക്കുകയോ ചീത്ത് വാക്ക് ഉരിയാടുക പോലുമോ ചെയ്യാതെ, സ്വഛന്ദമായി ഗമിക്കുന്ന ഒരു നീര്‍ധാര പോലെ നീങ്ങുന്നത് കാണുമ്പോള്‍ പരസ്പര സ്നേഹത്തിന്റെയും സൌഹാര്‍ദ്ധത്തിന്റെയും ഉദാത്ത മാതൃകകളായി മാറുന്നതാണ് നമുക്ക് കാണാനാവുന്നത്. എല്ലാവരും അല്ലാഹുവിന്റെ അതിഥികളാണെന്ന സമുന്നത വിചാരമാണ് അവരെ സ്വയം നിയന്ത്രിതരാക്കുന്നതും അതിലൂടെ മനുഷ്യത്വത്തിന്റെ ഉത്തുംഗതിയിലെത്തിക്കുന്നതും. ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട മാനുഷികമൂല്യങ്ങളുടെ പരിശീലനമാണ് ഈ ദിനങ്ങളിലൂടെ ലഭ്യമാവുന്നത്. ശിഷ്ടജീവിതത്തിലും അത് തുടരാനാവുമ്പോഴാണ് ഹജ്ജ് പൂര്‍ണ്ണമാവുന്നത്. ആഘോഷങ്ങള്‍പോലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആരാധനായാണ്.

ജീവിതത്തിലെ ഓരോ അടക്കവും അനക്കവും പ്രതിഫലം ലഭിക്കുന്ന മഹത്തായ ആരാധനാമുഹൂര്‍ത്തങ്ങളായിരിക്കണമെന്നതാണ് ഇസ്ലാമിന്റെ കാഴ്ചപ്പാട്. സ്നേഹത്തോടെ ഭാര്യയുടെ വായിലേക്ക് വെച്ച് കൊടുക്കുന്ന ചോറ്റുരുളക്ക് പോലും പ്രതിഫലമുണ്ടെന്ന പ്രവാചകാധ്യാപനം നല്‍കുന്നതും ആ സന്ദേശം തന്നെയാണ്. അത് കൊണ്ട് തന്നെ, മറ്റേതൊരു അനുഷ്ട്ടാനങ്ങളെയും പോലെ പെരുന്നാള്‍ ആഘോഷിക്കുന്നതിനും ഇസ്ലാം  വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പെരുന്നാളാഘോഷത്തിന്റെ പേരില്‍ സര്‍വ സ്വാതന്ത്ര്യവും ഇസ്ലാം അനുവദിക്കുന്നില്ല. സ്നേഹ സന്തോഷങ്ങള്‍ പങ്കുവെക്കുന്നതിന് പുറമേ സഹായത്തിന്റെയും സഹകരണത്തിന്റെയും വലിയൊരു അധ്യായമാണ് ഈ ആഘോഷങ്ങളിലൂടെ നാം ചെയ്യുന്നതും ശീലിക്കുന്നതും. പട്ടിണി കിടക്കുന്നവന്റെ വിശപ്പടക്കിയും പാവപെട്ടവന്റെ കണ്ണീരൊപ്പിയുമാണ് ഈ ദിനങ്ങള്‍ ധന്യമാക്കേണ്ടത്. പെരുന്നാള്‍ ദിനങ്ങളില്‍ കൂട്ടുകുടുംബസന്ദര്‍ശനത്തിന് പ്രാധാന്യമേറുന്നതും അത് കൊണ്ട് തന്നെ.

പെരുന്നാള്‍ ദിനത്തില്‍ തിരുനബി(സ) നല്‍കിയിരുന്ന ഉപദേശങ്ങളില്‍ ഇത്തരം സദുപദേശങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നതായി ബുഖാരി ഉദ്ധരിക്കുന്ന ഹദീസില്‍ നമുക്ക്‌ കാണാം: അബൂ സയീദ്‌ (റ)ല്‍ നിന്ന്‍ നിവേദനം: നബി (സ) ചെറിയ പെരുന്നാളിലും വലിയ പെരുന്നളിലും നിസ്കാരസ്ഥലത്തേക്ക് പുറപ്പെടുമായിരുന്നു.ആദ്യമായി നിസ്കരിക്കും, അതില്‍ നിന്ന്‍ വിരമിച്ചാല്‍ ജനങ്ങള്‍ക്ക് അഭിമുഖമായി നില്‍ക്കും. ജനങ്ങള്‍ അവരുടെ വരികളില്‍ ഇരിക്കും .അവരോട് ഉപദേശിക്കുകയും ആവശ്യമായ കല്‍പനകള്‍ നല്‍കുകയും ചെയ്യും.സൈന്യത്തെ അയക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവരെ അയക്കും.എന്തെങ്കിലും കല്പിക്കാനുണ്ടെങ്കില്‍ അത് ചെയ്യും(ബുഖാരി). മദ്യവും മദിരാക്ഷിയുമായി അഴിഞ്ഞാടുന്ന മുഹൂര്‍ത്തങ്ങളാണ് , ആഘോഷങ്ങളെന്ന് കേള്‍ക്കുമ്പോഴേക്ക് നവസമൂഹത്തിന്റെ മനസ്സിലേക്ക് കടന്നുവരുന്ന ചിത്രം. ഇത്തരം ആഭാസങ്ങള്‍ ആഘോഷത്തിന്റെ ഭാഗമാവുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ചോര്‍ന്നുപോവുന്നത് ആരാധനയുടെ അന്തസത്തയും അകക്കാമ്പുമാണ്. അത്കൊണ്ട് തന്നെ അത്തരം ആഘോഷങ്ങള്‍ക്ക് മതത്തിന്റെ ചട്ടക്കൂടുകള്‍ക്ക്  പുറത്ത് മാത്രമേ ഇടം നല്‍കാനാവൂ. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter