അഞ്ചു നേരത്തെ ഫര്‍ള് നിസ്‌കാരങ്ങളില്‍ അദാആയി നിര്‍വ്വഹിക്കപ്പെടുന്നതോ നിബന്ധനയൊത്ത യാത്രയില്‍ നഷ്ടപ്പെട്ടതോ ആയ നാലു റക്അത്തുള്ള നിസ്‌കാരം അനുവദനീയമായ ദീര്‍ഘയാത്രയില്‍ ഖസ്‌റാക്കി (രണ്ടു റക്അത്തായി ചുരുക്കി) നിസ്‌കരിക്കാവുന്നതാണ്. ഏതൊരു നാട്ടില്‍നിന്നാണോ യാത്രപോകുന്നത് ആ നാടിന്റെ അതിര്‍ത്ഥി വിടുന്നതോടെ ഇതു അനുവദനീയമാകും.
ഹാശിമിയ്യായ 48 മൈലാണ് ദീര്‍ഘയാത്രയ്ക്കുള്ള ദൂരം. അബ്ബാസികളുടെ ഭരണകാലത്ത് കണക്കാക്കിയ മൈലാണിത്. ബനൂ ഉമയ്യക്കാരുടെ ഭരണകാലത്ത് നിര്‍ണ്ണയിച്ച മൈലനുസരിച്ച് 40- ഇന്നത്തെ കി.മി. അനുസരിച്ച് 132 വരും. ഒരാള്‍ പോകാനുദ്ദേശിക്കുന്ന നാട്ടിലേക്ക് യാത്ര പുറപ്പെടുന്ന നാട്ടില്‍നിന്നു 132 കി.മീ. ദൂരമുണ്ടെങ്കില്‍ പ്രസ്തുത യാത്രയില്‍ ഫര്‍ള് നിസ്‌കാരം ഖസ്‌റാക്കാം. പോയി മടങ്ങിവരാനുള്ള ദൂരം ഇത്രയുണ്ടായാല്‍ പോരാ.
രണ്ടു മര്‍ഹല (132 കി.മീ.) ദൂരമുള്ളയാത്രയിലും പൂര്‍ത്തിയാക്കി നിസ്‌കരിക്കുലാണ് ഉത്തമം എന്നു നമ്മുടെ ഇമാമുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. അബൂഹനീഫ(റ)യുടെ അഭിപ്രായം മാനിച്ചുകൊണ്ടാണിത്. 132 കി.മീ. ദൂരമുണ്ടെങ്കിലും ഖസ്‌റാക്കാന്‍ പറ്റില്ല, പൂര്‍ത്തിയാക്കിതന്നെ നിസ്‌കരിക്കണം എന്നതാണു ഹനഫീ മദ്ഹബ്. മൂന്നു മര്‍ഹല (198 കി.മീ.) ദൂരമുള്ള യാത്രയില്‍ ഖസ്‌റാക്കി നിസ്‌കരിക്കലാണു ഉത്തമം. ഇതും ഹനഫീ മദ്ഹബ് മാനിച്ചു കൊണ്ടാണ്. മൂന്നു മര്‍ഹലയുള്ള യാത്രയില്‍ ഖസ്‌റാക്കല്‍ നിര്‍ബന്ധമാണെന്നാണു ഹനഫീ വീക്ഷണം. ഇമാം കുര്‍ദി(റ) പറയുന്നു: ഹനഫിക്കാരുടെ അടുത്തുള്ള മൂന്നു മര്‍ഹല നമ്മുടെ മദ്ഹബിലെ രണ്ടു മര്‍ഹലയുടെ ദൂരമേയുള്ളൂ. അതുകൊണ്ടുതന്നെ 132 കി.മീ. ദൂരമുള്ള യാത്രയില്‍ ഖസ്‌റാക്കലാണു ഉത്തമം. (കുര്‍ദി 2/44, ബുഷ്‌റല്‍ കരീം 1/168, ബിഗ്‌യ 76, തര്‍ശീഹ് 131)
നീണ്ട യാത്രയുടെ ദൂരം യാതൊരു ബുദ്ധിമുട്ടും കൂടാതെ അല്‍പസമയം കൊണ്ടു വിട്ടുകടന്നാലും ഖസ്‌റാക്കാം. (ഇഖ്‌നാഅ് 2/146) കാരണം, യാത്രക്കാരനു ഖസ്‌റാക്കി നിസ്‌കരിക്കാനുള്ള നിമിത്തം അവന്‍ യാത്രക്കാരനാവുകയെന്നതാണ്, പ്രത്യുത ബുദ്ധിമുട്ടുണ്ടാവുകയെന്നതല്ല. ബുദ്ധിമുട്ട് എന്നത് ഹിക്മത്താണ് (യുക്തി) ഇല്ലത്തല്ല( നിമിത്തം). ഹിക്മത്തില്ലെങ്കിലും വിധിയുണ്ടാകും. നിമിത്തത്തിന്റെമേല്‍ ബന്ധിക്കപ്പെട്ട നിയമമാണെങ്കില്‍ നിമിത്തം ഇല്ലാതാവലോടുകൂടി നിയമവും ഇല്ലാതാകുന്നു. ഹിക്മത്തിന്റെ സ്ഥിതി അതല്ല, അതില്ലെങ്കിലും നിയമം ഉണ്ടാകും. അതുണ്ടെങ്കിലും നിയമം ഇല്ലാെതയും വരാം. (ബുജൈരിമി 3/18, ജംഉല്‍ ജവാമിഅ് 2/238)
ഒരാള്‍ക്ക് തന്റെ ഉദ്ദേശ്യസ്ഥലത്തേക്ക് രണ്ടു വഴിയുണ്ട്. ഒരു വഴി 132 കി.മീ ദൂരം ഉള്ളതും മറ്റേത് അത്ര ദൂരം ഇല്ലാത്തും. അങ്ങനെ ചുരുക്കി നിസ്‌കരിക്കുക എന്ന ആവശ്യത്തോടെ ദീര്‍ഘവഴിയില്‍ യാത്ര തുടര്‍ന്നാല്‍ ചുരുക്കി നിസ്‌കരിക്കാവുന്നതല്ല. മറ്റെന്തെങ്കിലും ആവശ്യത്തിനു വേണ്ടിയാണു ദീര്‍ഘദൂരമുള്ള വഴിയില്‍ പ്രവേശിച്ചതെങ്കില്‍ ചുരുക്കി നിസ്‌കരിക്കാം. ഖസ്‌റാക്കാനുള്ള ദൂരമില്ലാത്ത സ്ഥലത്തേക്ക് ഒരാള്‍ യാത്രചെയ്തു. അവിടെ എത്താറായപ്പോള്‍ മറ്റൊരു പ്രദേശത്തേക്ക് യാത്ര നീട്ടി. രണ്ടും കൂടി ഖസ്‌റിന്റെ ദൂരം ഉണ്ട്. എങ്കിലും അവനു ചുരുക്കി നിസ്‌കരിക്കാവുന്നതല്ല. യാത്ര നീട്ടാന്‍ തീരുമാനിച്ച മഹല്ലു മുതല്‍ ഉദ്ദേശിച്ചിടത്തേക്കു 132 കി.മീ. ദൂരം ഉണ്ടാവുകയും ഉപര്യുക്ത മഹല്ല് വിട്ടുകടക്കുകയും വേണം. എങ്കിലേ ചുരുക്കി നിസ്‌കരിക്കാവൂ. (നിഹായ 2/261)
ഫര്‍ള് നിസ്‌കാരം ജമാഅത്തോടുകൂടി മടക്കി നിസ്‌കരിക്കാമല്ലോ. ഖസ്‌റാക്കി നിസ്‌കരിച്ചവയും മടക്കി നിസ്‌കരിക്കാം. അന്നേരം പൂര്‍ത്തിയാക്കിയോ ചുരുക്കിയോ നിസ്‌കരിക്കാം. (ഹാശിയത്തുന്നിഹായ 2/247) നേര്‍ച്ചയാക്കപ്പെട്ട നാലു റക്അത്തുള്ള നിസ്‌കാരം ചുരുക്കി നിസ്‌കരിക്കാവതല്ല. (മുഗ്‌നി 1/262)
നാട്ടില്‍ വെച്ച് നഷ്ടപ്പെട്ട നിസ്‌കാരം യാത്രയില്‍ ചുരുക്കി നിസ്‌കരിക്കല്‍ അനുവദനീയമല്ല. അതുപോലെ തന്നെ യാത്രയില്‍ നഷ്ടപ്പെട്ട നിസ്‌കാരം നാട്ടില്‍വെച്ചു ഖസ്‌റാക്കാനും പറ്റില്ല. ഒരാള്‍ ഫര്‍ളു നിസ്‌കാരത്തിന്റെ സമയം പ്രവേശിച്ചശേഷം യാത്ര പുറപ്പെട്ടുവെങ്കില്‍ പ്രസ്തുത നിസ്‌കാരം യാത്രയില്‍ വെച്ചു അദാആയി നിര്‍വ്വഹിച്ചാലും ഖളാആയി നിര്‍വ്വഹിച്ചാലും ചുരുക്കി നിസ്‌കരിക്കാം. നീണ്ട യാത്ര ഉദ്ദേശിച്ചു പുറപ്പെട്ടവന്‍ ചുരുക്കി നിസ്‌കരിക്കുകയും പ്രസ്തുത ദൂരം എത്തും മുമ്പ് സ്വദേശത്തേക്ക് മടങ്ങുകയും ചെയ്താല്‍ ഉപര്യുക്ത നിസ്‌കാരം സാധുവാണ്, ഖളാ വീട്ടേണ്ടതില്ല. (മുഗ്‌നി 1/268)
നിസ്‌കാരത്തിന്റെ (ഉദാ: ളുഹ്ര്‍) അവസാന സമയത്ത് ഒരാള്‍ യാത്ര തുടങ്ങി. പൂര്‍ത്തിയാക്കി നിസ്‌കരിക്കാന്‍ സമയമില്ല. എങ്കില്‍ ഒരു റക്അത്തു നിസ്‌കരിക്കാനുള്ള സമയമുണ്ടെങ്കില്‍ ഖസ്‌റാക്കാം, ഇല്ലെങ്കില്‍ പറ്റില്ല. (ഹാശിയത്തുന്നിഹായ 2/248) ഖസ്ര്‍ അനുവദനീയമാവാന്‍ ഉദ്ദിഷ്ട സ്ഥലം ഏതാണെന്നു മനസ്സിലാക്കണം. എന്നാല്‍ പ്രത്യേക സ്ഥലമൊന്നും ഉന്നംവെച്ചിട്ടില്ലെങ്കിലും ഖസ്‌റിന്റെ ദൂരം മുറിച്ചുകടക്കുമെന്ന കരുത്തോടെ ശരിയായ ലക്ഷ്യം വെച്ചു യാത്ര ചെയ്താല്‍ ഖസ്‌റാക്കാം. (റഷീദി 2/259)
അനുവദനീയമായ യാത്രയില്‍ മാത്രമേ ഖസ്‌റാക്കി നിസ്‌കരിക്കാന്‍ പറ്റുകയുള്ളൂവെന്നു പറഞ്ഞുവല്ലോ. അപ്പോള്‍ തെറ്റായ യാത്രയില്‍ ചുരുക്കി നിസ്‌കരിക്കുക എന്ന ഇളവ് ഇല്ല. എന്നാല്‍ ഒരാള്‍ അനുവദനീയമായ യാത്രയില്‍ വഴിയില്‍ വെച്ചു തെറ്റു ചെയ്തുവെങ്കിലും ഖസ്‌റാക്കി നിസ്‌കരിക്കാം. എന്തുകൊണ്ടെന്നാല്‍ അവന്‍ യാത്ര കൊണ്ടു കുറ്റക്കാരനല്ല, യാത്രയില്‍ തെറ്റ് ചെയ്തവനാണ്. (ശര്‍ഹു ബാഫള്ല്‍ 2/29) ഹലാലായ യാത്ര കുറ്റകരമായ യാത്രയാക്കിയാല്‍ അവിടംമുതല്‍ ഖസ്‌റാക്കാന്‍ പറ്റില്ല. കുറ്റകരമായ യാത്ര കരുതി പുറപ്പെട്ട ശേഷം പശ്ചാതാപം നടത്തിയാല്‍ ശരിയായ പശ്ചാതാപത്തിനു ശേഷം 132 കി.മീ. ദൂരം ഉണ്ടെങ്കില്‍ തൗബ ചെയ്ത മഹല്ലു വിട്ടുകടന്നശേഷം ഖസ്‌റാക്കാം. (തുഹ്ഫ ഇബ്‌നു ഖാസിം 2/387)വഴിക്കുവെച്ച് ജുമുഅ ലഭിക്കുമെന്ന പ്രതീക്ഷയില്ലാതെ വെള്ളിയാഴ്ച സുബ്ഹിക്കു ശേഷം യാത്രപോകല്‍ നിഷിദ്ധമാണ്. അങ്ങനെപോയാല്‍ വഴിയില്‍ വെച്ചു തൗബ ചെയ്താലും ജുമുഅ നഷ്ടപ്പെട്ടു എന്നു ബോധ്യപ്പെടുന്നതുവരെ അവനു ഖസ്‌റാക്കാന്‍ പറ്റില്ല. അതിനു മുമ്പ് നടത്തിയ തൗബ ശരിയായ തൗബയല്ല. ജുമുഅയില്‍നിന്നു ഇമാം സലാം വീട്ടിയെന്നു ഭാവനയുണ്ടായാല്‍ ജുമുഅ നഷ്ടപ്പെട്ടുവെന്നു കണക്കാക്കാം. (നിഹായ 2/265)

ഏകനായും രണ്ടുപേര്‍ മാത്രമായും യാത്ര ചെയ്യല്‍ കറാഹത്താണെങ്കിലും പ്രസ്തുത യാത്രയില്‍ ഖസ്‌റാക്കാവുന്നതാണ്. (തുഹ്ഫ 2/369, ഖല്‍യൂബി 1/265) അല്ലാഹുവിനെ കൊണ്ടു സംതൃപ്തനായി നേരം പോക്കുന്നവന്‍, തനിച്ചു പോകേണ്ട ആവശ്യം നേരിട്ടവന്‍ എന്നിവരെ സംബന്ധിച്ചിടത്തോളം തനിച്ച് യാത്ര ചെയ്യല്‍ കറാഹത്തില്ല. കേവലം ഉല്ലാസയാത്രയില്‍ ഖസ്‌റാക്കല്‍ അനുവദനീയമല്ല. അതേസമയം, മനഃക്ലേശം ദൂരീകരിക്കാന്‍ വേണ്ടിയുള്ള ഉല്ലാസയാത്രയില്‍ ഖസ്‌റാക്കാം. (തുഹ്ഫ 2/383) നാടുകാണുക എന്ന ഉദ്ദേശ്യത്തോടെയുള്ള യാത്രയില്‍ ഖസ്‌റാക്കാവുന്നതല്ല. (ബുഷ്‌റല്‍ കരീം 1/138)സ്ഥിരയാത്രക്കാരനു യാത്ര എത്ര ദൂരമുണ്ടെങ്കിലും പൂര്‍ത്തിയാക്കി നിസ്‌കരിക്കലാണു ഉത്തമം. കുടുംബസമേതം കപ്പലില്‍ കഴിയുന്ന കപ്പിത്താനും ഖസ്‌റാക്കാതെ നിസ്‌കരിക്കലാണു നല്ലത്.നിബന്ധനകള്‍ നാല്ഖസ്‌റാക്കി നിസ്‌കരിക്കാന്‍ നാലു നിബന്ധനകള്‍ ശ്രദ്ധിക്കണം. 1. നിയ്യത്തു ചെയ്യുമ്പോള്‍ ഖസ്‌റിനെ കരുതല്‍. ഉദാ: ളുഹ്ര്‍ എന്ന ഫര്‍ളു നിസ്‌കാരം ഞാന്‍ രണ്ടു റക്അത്തു നിസ്‌കരിക്കുന്നു. 2 പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നവനോടു തുടരാതെയിരിക്കല്‍. 3. ഖസ്‌റാക്കി നിസ്‌കരിക്കുകയെന്ന കരുത്തിനോട് എതിരാവുന്ന എല്ലാ കാര്യത്തെ തൊട്ടും സൂക്ഷിക്കല്‍. 4. നിസ്‌കാരം മുഴുവന്‍ യാത്രയിലായിരിക്കല്‍. ചുരുക്കി നിസ്‌കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പൂര്‍ത്തിയാക്കി നിസ്‌കരിക്കുന്നുവെന്നു കരുതിയാല്‍ അല്ലെങ്കില്‍ പൂര്‍ത്തിയാക്കണോ വേണ്ടെയോ എന്നു സംശയത്തിലായാല്‍ പൂര്‍ത്തിയാക്കല്‍ നിര്‍ബന്ധമാണ്.നിബന്ധനയൊത്ത യാത്ര, തുടങ്ങിയസ്ഥലത്തു തിരിച്ചെത്തലോടുകൂടി അവസാനിക്കും. യാത്രികന്‍ നിരുപാധികമോ പൂര്‍ണമായ നാലു ദിനമോ ഒരു പ്രദേശത്തു താമസിക്കാന്‍ കരുതിയാല്‍ അവിടെ എത്തിച്ചേരുന്നതോടെ യാത്ര മുറിയും. നാലു ദിവസം ഒരു നാട്ടില്‍ താമസിക്കല്‍ കൊണ്ടും യാത്ര മുറിയും. അതുപോലെത്തന്നെ നീണ്ട യാത്ര ഉദ്ദേശിച്ചു പുറപ്പെട്ട ശേഷം ഒരിടത്ത് ഇറങ്ങുകയും അനന്തരം സ്വദേശത്തേക്ക് മടങ്ങാന്‍ കരുതുകയും ചെയ്താലും യാത്ര അവസാനിക്കും. നാലു ദിവസമാകും മുമ്പ് ശരിയാകുമെന്നു പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു ആവശ്യം നിറവേറ്റിയാല്‍ യാത്ര തുടരുമെന്ന ഉദ്ദേശ്യത്തോടെ ഒരു സ്ഥലത്തു താമസിച്ചാല്‍ പതിനെട്ടു ദിവസം വരെ ഖസ്‌റാക്കാം. ഈ പതിനെട്ടു ദിവസത്തിലും മുമ്പു പറഞ്ഞ നാലു ദിവസത്തിലും പോക്കുവരവിന്റെ രണ്ടു ദിവസവും പരിഗണിക്കില്ല. നബി(സ) തങ്ങള്‍ മക്കാവിജയത്തിനു ശേഷം പതിനെട്ടു ദിവസം നിസ്‌കാരം ഖസ്‌റാക്കി മക്കയില്‍ താമസിച്ചിരുന്നു. (തുഹ്ഫ 2/378)ജംഇന്റെ മസ്അലകള്‍ഖസ്‌റാക്കാന്‍ പറ്റുന്ന യാത്രയില്‍ ളുഹ്‌റും അസ്‌റും ളുഹ്‌റിന്റെ സമയത്തു മുന്തിച്ചോ അസ്‌റിന്റെ സമയത്ത് പിന്തിച്ചോ ജംആക്കി (ഒരുമിച്ചൂകൂട്ടി) നിസ്‌കരിക്കാവുന്നതാണ്. ഇപ്രകാരം മഗ്‌രിബും ഇശാഉം മുന്തിച്ചും പിന്തിച്ചും ജംആക്കാം. ഒന്നാം നിസ്‌കാരത്തിന്റെ സമയത്ത് മാത്രമാണ് സഞ്ചാരമെങ്കില്‍ പിന്തിക്കലും അങ്ങനെയല്ലെങ്കില്‍ മുന്തിക്കലുമാണ് ശ്രേഷ്ഠം.

മുന്തിച്ചു ജംആക്കുമ്പോള്‍ അഞ്ചു നിബന്ധനകള്‍ പാലിക്കണം.ഒന്ന്, ആദ്യത്തെ നിസ്‌കാരത്തില്‍ ജംഇനെ കരുതണം. നിസ്‌കാരത്തിന്റെ ആദ്യത്തില്‍ കരുതലാണ് ഉത്തമം. സലാം വീട്ടുന്നതിന്റെ മുമ്പു എപ്പോള്‍ വേണമെങ്കിലും കരുതാം. രണ്ടു നിസ്‌കാരങ്ങള്‍ മുന്തിച്ചു ജംആക്കുമ്പോള്‍ ആദ്യത്തെ നിസ്‌കാരത്തില്‍ ജംഇനെ കരുതാന്‍ മറന്നുപോയാല്‍ പ്രബല വീക്ഷണപ്രകാരം ഇനി ജംആക്കാന്‍ മാര്‍ഗ്ഗമില്ല. എങ്കിലും ഒന്നാം നിസ്‌കാരം  തീര്‍ന്ന ശേഷം രണ്ടാം നിസ്‌കാരത്തിലെ തക്ബീറത്തുല്‍ ഇഹ്‌റാമിനു മുമ്പായി ജംഇന്റെ നിയ്യത്തുണ്ടായാല്‍ മതിയെന്ന് ഇമാം മുസ്‌നി(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ)യുടെ മറ്റൊരു അഭിപ്രായത്തില്‍ നിന്നു പുറപ്പെടുവിച്ച ഖൗലാണിത്. ഇതു ശക്തവുമാണ്. (ശര്‍ഹുല്‍ മുഹദ്ദബ് 4/375)രണ്ട്, തര്‍ത്തീബ് (വഴിക്കുവഴി ചെയ്യല്‍). ളുഹ്‌റും അസ്‌റും ജംആക്കുമ്പോള്‍ ആദ്യം ളുഹ്ര്‍ നിസ്‌കരിക്കുക.മൂന്ന്, വിട്ടുപിരിയാതെ കൊണ്ടു വരല്‍. ളുഹ്ര്‍ നിസ്‌കരിച്ച ഉടനെത്തന്നെ അസ്ര്‍ നിസ്‌കരിക്കണം. റവാതിബ് കൊണ്ടു പിരിക്കാവുന്നതല്ല. നാല്) രണ്ടാമത്തെ നിസ്‌കാരത്തില്‍ പ്രവേശിക്കുന്നതുവരെ യാത്ര നിലനില്‍ക്കല്‍. അഞ്ച് അവന്റെ ഭാവനയില്‍ ആദ്യത്തെ നിസ്‌കാരം സാധുവാകണം. മുന്തിച്ചു ജംആക്കി രണ്ടു നിസ്‌കാരവും നിര്‍വ്വഹിച്ചശേഷം ആദ്യത്തേത് അസാധുവാണെന്നു വെളിവായാല്‍ രണ്ടാമത്തേത് ഫര്‍ളായി വീടുകയില്ല, രണ്ടും മടക്കി നിസ്‌കരിക്കണം. (തുഹ്ഫ 2/398)പിന്തിച്ചു ജംആക്കുമ്പോള്‍ രണ്ടു നിബന്ധനകളാണുള്ളത്. ഒന്ന്) ഒന്നാം നിസ്‌കാരത്തിന്റെ സമയത്തു പിന്തിച്ചു ജംആക്കുന്നതിനെ കരുതണം. സമയത്തിലായി ഒരു റക്അത്ത് നിസ്‌കരിക്കാന്‍ മാത്രം വിശാലതയുള്ള വേളയില്‍ കരുതിയാലും മതിയാവുമെങ്കിലും നിസ്‌കാരം മുഴുവനും നിര്‍വ്വഹിക്കാന്‍ സമയമില്ലാത്ത വേളയില്‍ അവന്‍ കുറ്റക്കാരനാവും. രണ്ട്) രണ്ടു നിസ്‌കാരവും പൂര്‍ത്തിയാവുന്നതു വരെ യാത്ര നിലനില്‍ക്കണം. (തുഹ്ഫ 2/398)
മുന്തിച്ചു ജംആക്കുമ്പോള്‍ പാലിക്കേണ്ട ശര്‍ത്വുകളായ തുടര്‍ച്ചയും ഉടനെയാക്കലും  (തര്‍തീബും മുവാലാതും) ഒന്നാം നിസ്‌കാരത്തില്‍ ജംഇനെ കരുതലും പിന്തിച്ചു ജംആക്കുന്നതില്‍ സുന്നത്തുള്ളൂ. (തുഹ്ഫ 2/399)
പിന്തിച്ചു ജംആക്കുമ്പോള്‍ രണ്ടു നിസ്‌കാരവും പൂര്‍ത്തിയാവുന്നതുവരെ യാത്ര നിലനില്‍ക്കണമെന്നത് ഒന്നാം നിസ്‌കാരം അദാആകാനുള്ള നിബന്ധനയാണ്. അപ്പോള്‍ ളുഹ്ര്‍ അസ്‌റിലേക്കോ മഗ്‌രിബ് ഇശാഇലേക്കോ പിന്തിച്ചു ജംആക്കിയവന്‍ അവ നിസ്‌കരിക്കുന്നതിനു മുമ്പ് ഉദ്ദിഷ്ട സ്ഥലത്ത് പ്രവേശിച്ച് യാത്ര അവസാനിപ്പിച്ചാല്‍ ജംആക്കപ്പെട്ട നിസ്‌കാരങ്ങളില്‍ ആദ്യത്തേത് ഖളാഅ് ആകുമെങ്കിലും അവന്‍ കുറ്റക്കാരനാവുകയില്ല. (ശര്‍ഹു ബാഫള്ല്‍ 2/36, ഫതാവല്‍ കുബ്‌റാ 1/231)ജുമുഅയും അസ്‌റും മുന്തിച്ചു ജംആക്കാം. ജുമുഅ അസ്‌റിലേക്കു പിന്തിച്ചു ജംആക്കാന്‍ പറ്റില്ല. ജുമുഅ ളുഹ്‌റിന്റെ സമയത്തു തന്നെ സംഭവിക്കണമല്ലോ. (ബാജൂരി 1/306) ജംആക്കി നിസ്‌കരിക്കുമ്പോള്‍ തന്നെ ഖസ്‌റാക്കിയും നിസ്‌കരിക്കാം.
132 കി.മീ. ദൂരം ഇല്ലാത്ത ചെറിയ യാത്രയിലും ജംആക്കാമെന്നാണു മാലികീ മദ്ഹബ്. ശാഫിഈ മദ്ഹബിലും അങ്ങനെ അഭിപ്രായമുണ്ട്. അത്യാവശ്യ ഘട്ടത്തില്‍ പ്രസ്തുത അഭിപ്രായപ്രകാരം പ്രവര്‍ത്തിക്കാം. മഗ്‌രിബിന്റെ അഞ്ചുമിനുട്ടു മുമ്പ് കോഴിക്കോട്ടുനിന്നു മലപ്പുറത്തേക്ക് ബസ് കയറി. അവന്‍ മലപ്പുറത്തു എത്തും മുമ്പ് ഇശാ ബാങ്ക് കൊടുക്കും. ഇത്തരം വേളയില്‍ ശാഫിഈ മദ്ഹബിലെത്തന്നെ രണ്ടാം അഭിപ്രായം പരിഗണിച്ച് മഗ്‌രിബിനെ ഇശാഇലേക്ക് പിന്തിച്ചു ജംആക്കാം. എന്നാല്‍ മഗ്‌രിബ് ഖളാഅ് ആക്കേണ്ടിവരുന്നില്ല. (തുഹ്ഫ 2/394 നോക്കുക.)
രോഗം മൂലവും മുന്തിച്ചും പിന്തിച്ചും ജംആക്കാം. ഇമാം നവവി(റ)യും മറ്റു പലരും ഇക്കാര്യം പ്രസ്താവിക്കുകയും പ്രബലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷേ, രോഗം കാരണം ജംആക്കാന്‍ ഒന്നാം നിസ്‌കാരം കൊണ്ടു തുടങ്ങുമ്പോഴും അതില്‍നിന്നു വിരമിക്കുമ്പോഴും രണ്ടാം നിസ്‌കാരം കൊണ്ട് തക്ബീര്‍ ചൊല്ലുന്നതു വരെയും രോഗം ഉണ്ടായിരിക്കണം. ഫര്‍ള് നിസ്‌കാരത്തില്‍ ഇരുന്നു നിസ്‌കരിക്കല്‍ അനുവദനീയമാകുന്ന തരത്തില്‍ ശക്തമായ ബുദ്ധിമുട്ടുള്ള രോഗമാവണം.
ഹനഫീ മദ്ഹബില്‍ ജംആക്കി കൊണ്ടുള്ള നിസ്‌കാരം ഇല്ല, പക്ഷേ ഹജ്ജിന്റെ വേളയില്‍ അറഫയില്‍ വെച്ചും മുസ്ദലിഫയില്‍ വെച്ചും ജംആക്കാമെന്ന് ഇമാം ഹനഫീ(റ) അഭിപ്രായപ്പെടുന്നു. അത് ഹജ്ജിന്റെ കര്‍മത്തിന്റെ ഭാഗമായിട്ടാണവര്‍ കാണുന്നത്, യാത്രക്കാരന്റെ ആനുകൂല്യം എന്ന നിലയ്ക്കല്ല. ഹനഫിക്കാര്‍ അറഫയില്‍വെച്ചും മുസ്ദലിഫയില്‍വെച്ചും ജംആക്കുന്നതുകൊണ്ട് ശാഫിഈ മദ്ഹബുകാര്‍ക്ക് ജംആക്കാവുന്നതല്ല. ഹജ്ജിന്റെ കര്‍മം എന്ന നിലയ്ക്കു നമുക്ക് ജംഇല്ല. നിബന്ധനയൊത്ത യാത്രക്കാരന്‍ എന്ന കാരണം ഉണ്ടങ്കിലേ ജംഅ് അനുവദനീയമാവൂ. (ജമല്‍ 1/608 നോക്കുക.)
ജംആക്കുന്ന നിസ്‌കാരത്തില്‍ മുവാലാത്ത് (വിട്ടുപിരിയാതെ കൊണ്ടുവരല്‍) പാലിക്കുമ്പോള്‍ ഒന്നാമത്തെ നിസ്‌കാരത്തിനു ശേഷം ദിക്‌റും പ്രാര്‍ത്ഥനയും കൊണ്ടുവന്നു നിസ്‌കാരങ്ങള്‍ക്കിടയില്‍ പിരിക്കരുത്. അതിനാല്‍ രണ്ടു നിസ്‌കാരങ്ങളും കഴിഞ്ഞ ശേഷം ഓരോ നിസ്‌കാരത്തിന്റെയും ശേഷമുള്ള നിശ്ചിത ദിക്ര്‍ കൊണ്ടുവരികയാണു നല്ലത്. രണ്ടു നിസ്‌കാരത്തിനും കൂടി ഒരു നിസ്‌കാരത്തില്‍ സുന്നത്തായ ദിക്‌റുകള്‍ കൊണ്ടുവന്നാലും അടിസ്ഥാന സുന്നത്ത് ലഭിക്കും. (ശര്‍വാനി 2/105, 106)