അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഇമാം സാബിതുല്‍ ബുനാനി റ പ്രമുഖനായ പണ്ഡിതനും ആബിദുമാണ്. ബുഖാരിയും മുസ്‍ലിമും മഹാനില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. നിസ്കാരത്തിന്‍റെ ആനന്ദം മനസ്സറിഞ്ഞ് അനുഭവിച്ചവരാണ് സാബിതുല്‍ ബുനാനി റ. ആ ആനന്ദം മരിച്ചാല്‍ മുറിഞ്ഞ് പോവുമോ എന്ന ഭയത്താല്‍ ഖബ്റില്‍ വെച്ചും നിസ്കരിക്കാനുള്ള കഴിവിനു വേണ്ടി അദ്ദേഹം ദുആ ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസ് ഗ്രന്ധങ്ങളില്‍ കാണാം. ഇമാം ബൈഹഖി شعب الإيمان ലും ഇബ്നു ഖയ്യിം തന്‍റെ ഖസ്വീദതുന്നൂനിയ്യയിലും ابن سعد، ابو نعيم ، ابن أبي شيبة തുടങ്ങിയവര്‍ അവരുടെ ഗ്രന്ഥങ്ങളിലും മറ്റു പണ്ഡിതരും സാബിത് റ ഖബ്റില്‍ നിസ്കരിക്കാനുള്ള തൌഫീഖിന് വേണ്ടി ദുആ ചെയ്യാറുണ്ടായിരുന്നുവെന്ന് ഉദ്ധരിച്ചിട്ടുണ്ട്. ഖബ്റില്‍ വെച്ച് നിസ്കരിക്കാനുള്ള കഴിവ് നിന്‍റെ അമ്പിയാക്കളല്ലാത്ത ആര്‍ക്കെങ്കിലും നീ അത് നല്‍കുമെങ്കില്‍ എനിക്കത് നല്‍കണേ എന്നാണ് അദ്ദേഹത്തിന്‍റ ദുആയുടെ പദം.


മുഹദ്ദിസും മാലികി ഫഖീഹുമായ ഇമാം ഖുര്‍ത്വുബി മുസ്‍ലിമിന്‍റെ ശര്‍ഹായ മുഫ്ഹിമില്‍ സാബിത് റ ന്‍റെ ദുആ ഉദ്ധരിക്കുന്നുണ്ട്. ഖബ്റ് മൂടിയതിന് ശേഷം അദ്ദേഹത്തെ ഖബറടക്കിയ ആള്‍ സാബിത് റ ഖബ്റില്‍ നിസ്കരിക്കുന്നത് കണ്ടുവെന്നും അദ്ദേഹം തന്‍റെ ഈ കിതാബില്‍ ഉദ്ധരിക്കുന്നു. ജീവിച്ച പോലെ മരിക്കമുമെന്നും മരിച്ചത് പോലെയാണ് പുനര്‍ജന്മം നല്‍കപ്പെടുമെന്നും പറയുന്ന ഹദീസ് ഈ സംഭവം ശരിയാണെന്ന് അറിയിക്കുന്നുവെന്നും ഖുര്‍ത്വുബി റ പറയുന്നു. മൂസാ നബി അ ഖബ്റില്‍ നിസ്കരിക്കുന്നതിനെ കുറിച്ച് പറയുന്ന ഹദീസിന്‍റെ ശര്‍ഹിലാണ് ഇത് മഹാന്‍ ഉദ്ധരിക്കുന്നത്. 


മൂസാ നബി നിസ്കരിച്ചത് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്. അമ്പിയാക്കള്‍ക്ക് മുഅ്ജിസതായി സംഭവിക്കുന്നത് ഔലിയാക്കള്‍ക്ക് കറാമതായി ഉണ്ടാവാമെന്ന് പണ്ഡിതര്‍ പറയുന്നു. സാബിത് റ ഖബ്റില്‍ നിസ്കരിച്ചത് പല പണ്ഡിതരും ഉദ്ധരിക്കുന്നുമുണ്ട്. അതിനാല്‍ ഇത്തരം സംഭവങ്ങള്‍ അസംഭവ്യമല്ല. ഉണ്ടാകാവുന്നതാണ്. സംഭവിച്ചുവെന്ന് വിശ്വസ്തരായ പണ്ഡിതര്‍ പറയുകയും ചെയ്യുന്നു. അവരെ നമുക്ക് വിശ്വസിക്കാമല്ലോ.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.