അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

കന്നിമൂല, സ്ഥാനം നോക്കല്‍ ഇസ്ലാമില്‍ സുന്നത്തോ നിര്‍ബന്ധമോ അല്ല. മറ്റു നിലക്ക് അനിസ്ലാമികമായത് അവയിലില്ലെങ്കില്‍ അവ നോക്കുന്നത് അനുവദനീയമാണ്. ഒരു സംസ്കാരത്തിന്‍റെ ഭാഗമായി അതില്‍ ചിലത് വ്യാഖ്യാനിക്കപ്പെട്ടുവന്നതു കൊണ്ട് മാത്രം അത്  അവരുടെ മതത്തില്‍ നിന്നു കടം കൊണ്ടതാണെന്നും അതവരുടെ മതകീയ ആചാരമാണെന്നും അതിനാലത് നിഷിദ്ധമാണെന്നും പറയുക സാധ്യമല്ല. ഉദാഹരണത്തിനു ആര്യവൈദ്യം ഹൈന്ദവ ദേവന്മാരുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിക്കപ്പെടുന്നത്. പക്ഷേ, ആ ചികിത്സാരീതി സ്വീകരിക്കുന്നത് നിഷിദ്ധമോ ശിര്‍കോ ആകുന്നില്ല. ഇന്ന് നാം ഉപയോഗിക്കുന്ന ഗ്രിഗേറിയന്‍ കലണ്ടറിലെ മാസങ്ങളുടെ പേരുകളും ആഴ്ചയിലെ ദിവസങ്ങളും പേരുകളും ഗ്രീക്ക് സംസ്കാരത്തിലുണ്ടായിരുന്നവര്‍ വിശ്വസിച്ചിരുന്ന ദൈവങ്ങളുടെ നാമങ്ങളാണ്.  ഇതു പോലെ ഗണിത ശാസ്ത്രവും ഹൈന്ദവ വിശ്വാസങ്ങളിലെ കഥാപാത്രങ്ങളീലൂടെ അവതരിപ്പിക്കപ്പെടാറുണ്ട്.

നമ്മുടെ ജീവിത സൌകര്യങ്ങള്‍ ഒരുക്കുന്നത് ഏറ്റവും അനുയോജ്യമായ രീതിയിലായിരിക്കണമെന്നത് ഇസ്‍ലാമിന്‍റെ കാഴ്ചപ്പാടാണ്. വീടു നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥാനം നോക്കുന്നത് പൊതുവേ ഹലാല്‍ എന്ന ഗണത്തില്‍ പെടും. പ്രത്യേകമായി വിധി പ്രസ്താവ്യമില്ലാത്തവയെല്ലാം അനുവദനീയമെന്ന ഗണത്തിലാണ് പെടുത്തുകയെന്നത് ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിന്‍റെ അടിസ്ഥാനമാണ്.  എല്ലാ ഇമാമുമാരും അത് അംഗീകരിക്കുന്നുണ്ട്. വീടു നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അത് നിര്‍ബന്ധം, നിഷിദ്ധം, അനുവദനീയം തുടങ്ങി വിധികള്‍ വിവരിക്കുമ്പോള്‍ ഫിഖ്ഹിന്‍റെ ഭാഗവും അത് വിശ്വാസ പരമായി ശിര്‍ക്ക് പോലോത്തവ വരുന്നുണ്ടോ എന്നു ചര്‍ച്ച ചെയ്യുമ്പോള്‍ അത് അഖീദയും മറ്റു വിഷയങ്ങളുടെ അടിസ്ഥാനത്തിലാകുമ്പോള്‍ അതത് വിജ്ഞാന ശാഖകളുമായും ബന്ധപ്പെട്ടിരിക്കും.

ഇവ്വിഷയകരമായി മുമ്പ് വന്ന ചോദ്യോത്തരങ്ങള്‍ താഴെ വായിക്കാം.

വീടിന് സ്ഥാനം നോക്കുന്നതിന്‍റെ വിധി

വീട് പണിയുമ്പോള്‍ സ്ഥാനം നോക്കുന്നത്

അടുക്കും ചിട്ടയുമുള്ള വീട്

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.