അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഇത്തരം വിഷയങ്ങളില്‍ ഇസ്‌ലാമിക നിലപാട് അറിയാനുള്ള താങ്കളുടെ താത്പര്യത്തെ ആദ്യമേ അഭിനന്ദിക്കുന്നു
ഒന്നിലധികം നിക്ഷേപകരുടെ പണം സ്വീകരിച്ചു വ്യത്യസ്ത ഓഹരികള്‍ (stock), കടപ്പത്രങ്ങള്‍ (bond) തുടങ്ങിയ ധനകാര്യ സാമഗ്രി (Financial Instruments) കളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാണ് സാധാരണ മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നറിയപ്പെടുന്നത്. ഒരേ കമ്പനിയുടെ തന്നെ ഒരുപാടു ഓഹരികള്‍ വാങ്ങി കൂട്ടുമ്പോള്‍ ഉണ്ടാകാവുന്നത്ര നഷ്ട സാധ്യത മ്യൂച്ചല്‍ ഫണ്ടുകളില്ല. പലയിടങ്ങളിലായി നിക്ഷേപിക്കുന്നത് കൊണ്ട് പൊതുവേ ധനകാര്യ മാര്‍ക്കറ്റുകളില്‍ ഏറെ ആകര്‍ഷിക്കപ്പെടുന്ന ഇനമാണ് മ്യൂച്ചല്‍ ഫണ്ടുകള്‍.
എവിടെയാണോ മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപിക്കപ്പെടുന്നത് അതിനനുസരിച്ച് അതിന്റെ ഇസ്‌ലാമിക വിധി മനസ്സിലാക്കേണ്ടത്. സാധാരണയായി ഇന്ത്യപോലുള്ള രാജ്യങ്ങില്‍ മ്യൂച്ചല്‍ ഫണ്ടിന്റെ നല്ലൊരു ഭാഗം  പോകുന്നത് സുരക്ഷിത നിക്ഷേപമായി കരുതപ്പെടുന്ന  കടപ്പത്രങ്ങളി(ബോണ്ട്‌)ലേക്കാണ്. കടപ്പത്രങ്ങള്‍ പലിശ അടിസ്ഥാനത്തില്‍ വരുമാനം ഉറപ്പു തരുന്ന ഒരു ധനകാര്യ സാമഗ്രിയാണ്. അതിനാല്‍ തന്നെ ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് അനുവദിനീയമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകളിലെ നിക്ഷേപം ലാഭ-നഷ്ട അടിസ്ഥാനത്തില്‍ കണക്കാക്കപ്പെടുന്ന ഓഹരി(stock)കള്‍ പോലുള്ള ഇക്വിറ്റി സെക്യൂരിറ്റികളില്‍ മാത്രമാണ് നിക്ഷേപിക്കുന്നതെങ്കില്‍ ആ ഓഹരികള്‍ വാങ്ങുന്നതിനുള്ള ഇസ്‌ലാമിക വിധി ഈ ഫണ്ടിനും ബാധകമായിരിക്കും. ഒരു കമ്പനിയുടെ ഓഹരി വാങ്ങുന്നതിന് ഒട്ടേറെ നിബന്ധനകള്‍ ബാധകമാണ്. ആ നിയമങ്ങള്‍ പാലിക്കുന്ന കമ്പനികളുടെ ഓഹരി മാത്രമേ വാങ്ങാന്‍ പാടുള്ളൂ. അവ ഇങ്ങനെ സംഗ്രഹിക്കാം.
൧. കമ്പനിയുടെ വരുമാന സ്രോതസ്സ് ഹലാലായിരിക്കണം. മദ്യം, പന്നിയിറച്ചി, ചൂതാട്ടം, ലോട്ടറി, പലിശയടിസ്ഥാനത്തിലുള്ള ധനകാര്യം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരി വാങ്ങവതല്ല.
൨. കമ്പനിയുടെ പ്രവര്‍ത്തനം ഹലാലാണെങ്കിലും പലിശയടിസ്ഥാനത്തില്‍ ധനകാര്യ ഇടപാടുകള്‍ നടത്തുന്നുണ്ടെങ്കില്‍ അവയുടെ ഓഹരി വാങ്ങാന്‍ പാടില്ല എന്നതാണ് പ്രബല പണ്ഡിതാഭിപ്രായം.
൩. മുകളില്‍ പറഞ്ഞ രണ്ടു നിബന്ധനകള്‍ പാലിച്ചാല്‍ തന്നെയും കമ്പനിയുടെ ലിക്വിഡ്‌  സ്വത്തുക്കളും അല്ലാത്തവയും തമ്മിലുള്ള ബന്ധം കൂടി പരിഗണിച്ചു മാത്രമേ ഒരു തീരുമാനത്തിലെത്താന്‍ കഴിയൂ.  അതായത്‌ ഒരു കമ്പനിയുടെ ഓഹരി ആ കമ്പനിയുടെ മൊത്തം സ്വത്തുക്കളെ പ്രതിനിധീകരിക്കുന്നു. അങ്ങനെയെങ്കില്‍ കമ്പനിയുടെ ലിക്വിഡ് (പണം) സ്വത്തുക്കളും അല്ലാത്തവയും അതില്‍ ഉള്‍പ്പെടുന്നുവെന്ന് അര്‍ത്ഥം. അങ്ങനെയെങ്കില്‍ പണം പണത്തിനു പകരം കൈമാറ്റം ചെയ്യുമ്പോഴുള്ള നിയമം ഇവിടെയും ബാധകമാവും.പണം പണത്തിനു പകരം കൈമാറുമ്പോള്‍ തുല്യമാവുക, റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ ഇടപാട് പൂര്‍ത്തിയാക്കുക തുടങ്ങിയ നിയമങ്ങള്‍ ബാധകമാണ്.

അതിനാല്‍ ഒറ്റ ഇടപാടില്‍ ലിക്വിഡ്‌ (പണം) സ്വത്തുകളും അല്ലാത്തവയും വില്‍ക്കുന്നതും വാങ്ങുന്നതും ശാഫി മദ്ഹബ് പ്രകാരം ശരിയാവില്ല. രണ്ടും വേര്‍തിരിച്ചു ഇടപാട് നടത്തണമെന്നാണ് ഒരു മുദ്ദ് അജവയും ഒരു ദിര്‍ഹമും ഒന്നിച്ചു രണ്ടു ദിര്‍ഹമിന് പകരം വില്‍ക്കാമോ എന്ന പ്രശ്നം ചര്‍ച്ച ചെയ്യുന്നിടത്ത് അത് പറ്റില്ലെന്നും അവ രണ്ടു വേര്‍തിരിച്ചു വില്‍ക്കണമെന്നും തുഹ്ഫ ഉള്‍പ്പെടയുള്ള ശാഫീ മദ്ഹബിലെ ഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു.അതുകൊണ്ട് തന്നെ ലിക്വിഡ് (പണം) സ്വത്തുകളും അല്ലാത്തവയും ഉള്‍ക്കൊള്ളുന്ന ഓഹരികള്‍ വാങ്ങുന്നത് ശാഫീ മദ്ഹബ് പ്രകാരം അനുവദിനീയമല്ല. പലിശയും ചതിയും ഇടപാടില്‍ വരാന്‍ സാധ്യതയുള്ളത് കൊണ്ടാണിത്. പണ വസ്തുക്കളും അല്ലാത്തവയും വേര്‍തിരിച്ചു തന്നെ ഇടപാട് നടത്തണം.

എന്നാല്‍ ഹനഫീ മദ് ഹബ് പ്രകാരം അവ രണ്ടും ഒറ്റ ഇടപാടില്‍ കൈമാറ്റം ചെയ്യാവുന്നതാണ്. പക്ഷെ അങ്ങനെ ചെയ്യുമ്പോള്‍ രണ്ടു നിബന്ധനകള്‍ പാലിച്ചിരിക്കണം.  ഒന്ന്: കമ്പനിയുടെ പണമല്ലാത്ത (illiquid) സ്വത്തുക്കള്‍ പരിഗണിക്കപ്പെടാന്‍ കഴിയുന്ന തോത് ഉണ്ടായിരിക്കണം. അതായത്‌ അവ പേരിനു മാത്രമായാല്‍ പോരാ.

രണ്ടു: വിലയായി നല്‍കപ്പെടുന്ന സംഖ്യ വില്പന വസ്തുവില്‍   ഉള്‍പ്പെടുന്ന പണത്തേക്കാള്‍ കൂടുതലുണ്ടായിരിക്കണം.  അതായത്‌ ഒരു കമ്പനിയുടെ ഓഹരി 75 രൂപ പണത്തെയും ബാക്കി പണമല്ലാത്ത സ്വത്തിനെയും പ്രതിനിധീകരിക്കുന്നുവെങ്കില്‍ ഓഹരിയുടെ വിലയായി നല്‍കപ്പെടുന്നത് 75 രൂപയ്ക്ക് മുകളിലുള്ള സംഖ്യയായിരിക്കണം.

മേല്‍ പറഞ്ഞ നിബന്ധനകള്‍ പാലിച്ച കമ്പനിയുടെ ഓഹരികള്‍ ഹനഫീ മദ്ഹബ് പ്രകാരം വാങ്ങാവുന്നതാണ്. അത് പോലെ അത്തരം നിക്ഷേപങ്ങില്‍ മാത്രം നിക്ഷേപിക്കുന്ന അല്ലെങ്കില്‍ ഇസ്‌ലാമികമായി അംഗീകരിക്കപ്പെടുന്ന സുകൂകളില്‍ നിക്ഷേപിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

ദൈനം ദീന ജീവിതത്തില്‍ ഇസ്‌ലാമിക വിധിവിലക്കുകള്‍ പൂര്‍ണ്ണമായി പാലിക്കാന്‍ പടച്ചവന്‍ തൗഫീഖ്‌ നല്‍കട്ടെ. ആമീന്‍