അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഇത്തരം കാര്യങ്ങളിലുള്ള താങ്കളുടെ ശ്രദ്ധയും സൂക്ഷ്മതയും പ്രശംസനീയമാണ്.


മലമൂത്രവിസര്‍ജ്ജന സ്ഥലത്ത്നിന്ന് വുദു ചെയ്യുന്നതില്‍ രണ്ട് കാര്യങ്ങളാണുള്ളത്. നജസ് ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലമാണെന്നതിനാല്‍ വുദു എടുക്കുമ്പോള്‍ നിലത്ത് പതിക്കുന്ന വെള്ളം ശരീരത്തിലേക്ക് തെറിക്കാനും നജസ് ഉണ്ടാവാനുമുള്ള സാധ്യതയുണ്ട്. ആ സാധ്യത എത്രമാത്രമാണോ അതിനുസരിച്ച് അത് നിഷിദ്ധമോ കറാഹതോ അനുവദനീയമോ ആവും. എന്നാല്‍, അത്തരം നജസുകളൊന്നും തന്നെ ഇല്ലെന്ന് പൂര്‍ണ്ണമായും ഉറപ്പുണ്ടെങ്കില്‍പോലും, അവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം വുദൂവിന്റെ തുടക്കത്തില്‍ ബിസ്മി ചൊല്ലല്‍ സുന്നതാണെന്നതും കക്കൂസ് പോലോത്ത സ്ഥലങ്ങളില്‍ വെച്ച് അത്തരം ദിക്റുകള്‍ ചൊല്ലുന്നത് കറാഹതാണെന്നതുമാണ്. ആ നിലക്കും കക്കൂസില്‍വെച്ച് വുദു ചെയ്യുന്നത് കറാഹതായി വരുന്നതാണ്.


എന്നാല്‍ ഇക്കാലത്ത് പലയിടത്തുമുള്ള ബാത്റൂമുകള്‍ കക്കൂസും കുളിമുറിയും, കഴുകുന്ന സ്ഥലവും (വാഷ്‌ ബാസിന്‍) എല്ലാം ആണ്. അത്തരം സാഹചര്യത്തില്‍ ഏത് ഉപയോഗതിനാണോ നാം ഉദ്ദേശിക്കുന്നത് അതിന്റെ വിധി ആയിരിക്കും അതിനുണ്ടാവുക. ഉദാഹരണം കക്കൂസിന്റെ ആവിശ്യതിന്നു കേറിയാല്‍ അവിടെ ഖലാഇലിന്റെ എല്ലാ വിധികളും ബാധകമാണ്. എന്നാല്‍ വുളു ഉണ്ടാക്കാന്‍ മാത്രം കയറുമ്പോള്‍ അത് വെറും കഴുകാനുള്ള സ്ഥലം ആയിട്ടാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ അവിടെ വുളു എടുക്കല്‍ കറാഹതില്ലെന്നും ചില ആധുനിക പണ്ഡിതര്‍ അഭിപ്രായപ്പെടുന്നുണ്ട്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.