അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


സഫർ മാസത്തിലെ അവസാനത്തെ ബുധനാഴ്‌ച ഇത്രയെണ്ണം ബലാഉകൾ ഇറങ്ങുമെന്നു ആ ദിനം വളരേ പ്രയാസകരമാണെന്നും ആ പ്രയാസങ്ങളകറ്റാൻ ഒരു പ്രത്യേക എണ്ണം റക്അത്തുകളുള്ള സുന്നത്ത് നിസ്കാരം നിസ്കരിക്കണമെന്നും അതിലെ റക്അത്തുകളിൽ ഇന്ന സൂറത്തുകൾ ഓതണമെന്നും ആ നിസ്കാരത്തിന് ശേഷം വിശുദ്ധ ഖുർആനിലെ ചില സൂറത്തുകൾ ഓതി ചില ദിക്റുകൾ ചൊല്ലി പ്രത്യേകമായ രീതിയിൽ പ്രാർത്ഥിക്കണമെന്നും ചില ആരിഫീങ്ങളിൽ നിന്നും കശ്ഫിന്റെ അഹലുകാരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശൈഖ് അഹ്മദ് ദൈറബി (ഖ.സി)യുടെ മുജർറബാത്തിലും ബാബാ ഫരീദുദ്ദീൻ ഗഞ്ച് ശകർ (ഖ.സി)ന്റെ ഔറാദിലും ശൈഖ് അഹ്മദ് അലി അൽബൂനി (ഖ.സി.)യുടെ ഫിർദൌസിലും ശൈഖ് അഹ്മദ് അൽ അത്വാർ (ഖ.സി)ന്റെ അൽജവാഹിറുൽ ഖംസിലും ഒക്കെ ഈ വിഷയം പല രീതിയിൽ ഉള്ളതായി പറയപ്പെടുന്നു.


എന്നാൽ ഇസ്ലാമിക കർമ്മ ശാസ്ത്ര പണ്ഡിതന്മാർ പ്രത്യേകിച്ചും നാം പിന്തുടരുന്ന ശാഫിഈ മദ്ഹബിൽ കർമ്മ പരമായി നാം അനുവർത്തിക്കേണ്ട കാര്യങ്ങളിൽ ഈ വിഷയം ഉണർത്തിയതായി കാണാൻ കഴിയുന്നില്ല. ളഈഫായ ഹദീസുകൾ കൊണ്ട് കർമ്മങ്ങൾ ചെയ്യാമെന്നത് പൊതു പണ്ഡിതാഭിപ്രായമാണെങ്കിലും ഇക്കാര്യത്തിൽ കർമ്മശാത്ര പണ്ഡിതന്മാരുടെ വിശദമായ വിലിയിരുത്തലുകളെ മുഖവിലക്കെടുത്തു കൊണ്ടാകണമത് എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കാരണം  ളഈഫായ ഹദീസുകളിലും അസറുകളിലും വന്ന പല നിസ്കാരങ്ങളേയും ദിക്റുകളേയും പിൽകാല കർമ്മശാസ്ത്ര പണ്ഡിതന്മാർ അനുഷ്ഠിക്കാൻ പാടില്ലാത്ത ബിദ്അത്തുകളാണെന്നും അത്തരം ഹദീസുകൾ തള്ളപ്പെടേണ്ടതാണെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്. റജബിലെ ആദ്യത്തെ വെള്ളിയാഴ്‌ച രാവിൽ ഇശാ മഗ്രിബിനിടയിൽ നിസ്കരിക്കുന്ന 12 റക്അത്തുള്ള സ്വലാത്തുർറഗാഇബ്, ശഅബാൻ 15ന്റെ രാത്രിയിലുള്ള 100 റക്അത്ത് നിസ്കാരം, റമളാനിലെ അവസാനത്തെ വെള്ളിയാഴ്‌ചയിലുള്ള 17 റക്അത്ത് നിസ്കാരം, ആശുറാഅ് ദിനത്തിലെ നാലോ അതിലധികമോ റക്അത്തുകൾ ഉള്ള നിസ്കാരം, ആഴ്ച നിസ്കാരം തുടങ്ങിയവയിൽ വന്നതായി പറയപ്പെടുന്ന ഹദീസുകൾ അവാസ്തവമാണെന്നും അത് ആരെങ്കിലും പറഞ്ഞാൽ അതിൽ വഞ്ചിതരാകരുതെന്നും വരേ ഇർശാദുൽ ഇബാദ്, ഫത്ഹുൽ മുഈൻ, തുഹ്ഫ, ശറഹുൽ മുഹദ്ദബ് തുടങ്ങിയ കിതാബുകളിൽ കാണാം.  അതു പോലെ വുളുഅ് എടുക്കുന്ന സമയത്ത് ഓരോ അവയവങ്ങളും കഴുകുമ്പോൾ പ്രാർത്ഥിക്കുന്ന പ്രത്യേക ദുആകൾ മുഹർററിലും മറ്റും പറഞ്ഞതിന് അടിസ്ഥാനമില്ലെന്ന് ഇമം നവവി (റ) മിൻഹാജിൽ പറഞ്ഞിട്ടുണ്ട്, തുഹ്ഫ അടക്കമുള്ള മിൻഹാജിന്റെ ശറഹുകളിൽ അത് വിശദീകരിച്ചിട്ടുമുണ്ട്. മാത്രവുമല്ല ളഈഫായ ഹദീസു കൊണ്ട് അമൽ ചെയ്യണമെങ്കിൽ ആ ഹദീസുകൾ പറ്റെ ളഈഫാകാതിരിക്കൽ ശർത്വാണ് എന്ന് തുഹ്ഫ വിശദീകരിക്കുന്നതും കാണാം.


ചുരുക്കത്തിൽ പ്രത്യേക സന്ദർഭങ്ങളിൽ നിസ്കരിക്കപ്പെടുന്ന ചില സുന്നത്ത് നിസ്കാരങ്ങളെക്കുറിച്ചും ചില ദിക്റുകളെക്കുറിച്ചും ദുആകളെക്കുറിച്ചും കർമ്മ ശാസ്ത്ര പണ്ഡിതന്മാർക്കും തസ്വവ്വുഫിന്റെ മശാഇഖുമാർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. ഫുഖഹാഅ് അവയ്ക്ക് അടിസ്ഥാനമില്ലായെന്ന് അവരുടെ അന്വേഷണങ്ങളിൽ വ്യക്തമായതായി പറയുമ്പോൾ  തസ്വവ്വുഫിന്റെ ശൈഖുമാർ അവർക്ക് ലഭിച്ച ജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ അവ അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാൽ ആത്മീയ വഴികളിലെ (ത്വരീഖത്തിലെ) മുരീദുമാർക്കും  അഹ്ലുൽ കശ്ഫുമായി ബന്ധമുള്ളവർക്കും ഇത്തരം വിഷയങ്ങളിൽ അവരവരുടെ ശൈഖിന്റെ നിർദ്ദേശ പ്രകാരം അനുഷ്ഠാനങ്ങൾ നിർവ്വഹിക്കാമെന്നല്ലാതെ പൊതുവായി എല്ലാവരും ഇക്കാര്യങ്ങൾ അനുഷ്ഠിക്കണമെന്ന രീതിയിൽ വിലയിരുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യാതിരിക്കലാണ് ഉത്തമം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.