അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഗൃഹ പ്രവേശ സമയത്ത് ആദ്യമായി ഭക്ഷണം പാചകം ചെയ്യുമ്പോൾ ഇന്നത് കൊണ്ട് തന്നെ തുടങ്ങണം എന്ന് കാണുന്നില്ല. എന്നാൽ പാൽ നല്ല ഒരു ഭക്ഷണ പദാർത്ഥമാണ്. കന്നു കാലികളുടെ ഉദരത്തിലെ ചാണകത്തിനും ചോരക്കുമിടയിൽ നിന്ന് സംശുദ്ധവും കുടിക്കുന്നവർക്ക് രുചികരുവുമായ പാൽ നാം നിങ്ങളെ കുടിപ്പിക്കുന്നു (സൂറത്തുന്നഹ്ൽ). മിഅ്റാജിന്റെ രാത്രിയിൽ സിദ്റത്തുൽ മുൻതഹായിൽ വെച്ച് പാലിന്റേയും തേനിന്റേയും കള്ളിന്റേയും പാത്രങ്ങൾ ജിബ്രീൽ (അ) വച്ചു നീട്ടിയപ്പോൾ നബി (സ്വ) തെരഞ്ഞെടുത്തത് പാലായിരുന്നുവെന്നും അപ്പോൾ പാൽ ഫിത്വറത്തിന്റെ ഭക്ഷ്യ വസ്തുവാണെന്ന് ജിബ്രീൽ (അ) പ്രതിവചിച്ചുവെന്നും ഇമാം ബുഖാരിയും ഇമാം മുസ്ലിമും റിപ്പോർട്ട് ചെയ്ത ഹദീസിൽ കാണാം. ഈ രീതിയിൽ അല്ലാഹു നമുക്ക് കുടിക്കാനായി സംശുദ്ധവും രുചികരവുമായി സൃഷ്ടിച്ച വസ്തുവെന്ന നിലക്കോ കുടിക്കാൻ നബി (സ്വ) തെരഞ്ഞെടുത്ത ഭക്ഷ്യ വസ്തു എന്ന നിലക്കോ നല്ല ഒരു പോഷകാഹാരമെന്ന നിലക്കോ ഒക്കെ വീട് കുടിയിരിക്കുന്ന സമയത്ത് അവിടെ കൂടിയവർക്ക് കുടിക്കാൻ വേണ്ടി പാല് കാച്ചുന്നതിന് വിരോധമില്ല.


എന്നാൽ ഗൃഹ പ്രവേശവുമായി ബന്ധപ്പെട്ട് ചില ഹൈന്ദവ ആചാരങ്ങൾ നമ്മുടെ നാട്ടിൽ പണ്ടു മുതലേ കാണപ്പെടാറുണ്ട്. ഗൃഹപ്രവേശം നടത്തുമ്പോള്‍ പാല്‍പാത്രം പിടിച്ച് വിളക്കു കൊളുത്തി ഗൃഹനാഥ ഇടതുകാലും ഗൃഹനാഥന്‍ വലതുകാലും വെച്ച് അകത്തേക്ക് പ്രവേശിക്കുന്നു. തുടർന്ന് പാൽ പാത്രം അടുപ്പത്ത് വെച്ച് തിളപ്പിക്കുന്നു. പാല്‍ തിളച്ചു തൂവിയ ശേഷം ഈശ്വരനെ പ്രാര്‍ത്ഥിച്ച് അടുപ്പില്‍ നിന്നും താഴെ ഇറക്കി വെയ്ക്കുന്നു. അതിനു ശേഷം മൂന്ന് ചെറിയ സ്പൂണ്‍ പാല്‍ അടുപ്പിലൊഴിച്ച് അഗ്നി ദേവന് സമര്‍പ്പിക്കുന്നു. ചിലരുടെ അഭിപ്രായത്തിൽ അമൃത് സമാനമായ ക്ഷീരം ഇങ്ങനെ തൂവിക്കളയുന്നത് മോശമാണ്. പകരം പാൽ തൂവാതെ തിളപ്പിച്ച് താഴെ ഇറക്കി വെച്ചതിനു ശേഷം ചെറിയ ടീസ്പൂൺ കൊണ്ട് മൂന്നു പ്രാവശ്യം പാൽ അടുപ്പിലൊഴിച്ച് അഗ്നി ദേവന് സമർപ്പിക്കണം. കാരണം അഗ്നിയാണ് എല്ലാവർക്കും എന്നും അന്നം പാകപ്പെടുത്തിത്തരുന്നത്. അതു പോലെ പാല്‍ അഥവാ ക്ഷീരം ഈ ലോകത്തിന്റെ പ്രതീകമാണ്. ക്ഷീര സാഗരത്തില്‍ ഭഗവാന്‍ വിഷ്ണു ശയിക്കുന്നു. പാലില്‍ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അത് ദൃശ്യമല്ലാത്തതുപോലെ പാലില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ കണ്ടെത്തണമെന്ന സന്ദേശം കൂടി ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല്‍ കാച്ചണം എന്ന തത്വത്തിലുണ്ട്. ചുരുക്കത്തിൽ ഹൈന്ദവ സഹോദരങ്ങൾ അവരുടെ അഗ്നി ദേവനെ പ്രീതിപ്പെടുത്താനും അവരുടെ വിഷ്ണു ദേവനെ കണ്ടെത്താനും അതുവഴി പുതിയ വീടിനും വീട്ടുകാർക്കും സർവ്വൈശ്വര്യവും ഉണ്ടാകാനും വേണ്ടി നടത്തി വരുന്ന പാൽകാച്ചൽ ചടങ്ങിനോട് ഒരു ശതമാനമെങ്കിലും യോജിച്ചു കൊണ്ട് ഒരു മുഅ്മിൻ തന്റെ ഗൃഹപ്രവേശ സമയത്ത് പാൽ കാച്ചൽ നടത്തൽ നിഷിദ്ധമാണ്, ബോധപൂർവ്വമാണെങ്കിൽ അവന്റെ ഈമാനിനെ വരെ ബാധിക്കാവുന്നതുമാണ്.


അത് കൊണ്ട് ഒരു വിശ്വാസി എന്ത് ചെയ്യുമ്പോഴും എന്താണ് ചെയ്യുന്നത് എന്ന് മനസ്സിലാക്കി അത് ഇസ്ലാമികമാണെന്ന് ഉറപ്പു വരുത്തി ചെയ്യണം. ഒരു കാരണവശാലും  മറ്റു മതസ്ഥരുടെ വിശ്വാസത്തേയും ആചാരത്തേയും അംഗീകരിച്ചു കൊണ്ടും സ്വന്തം വിശ്വാസത്തെ അവഗണിച്ചു കൊണ്ടും പ്രവർത്തിച്ചു കൂടാ. അത് അത്യന്തം അപകടകരമാണ്.  പരിശുദ്ധ ഖുർആനും തിരു സുന്നത്തും ഇക്കാര്യം പലവുരു മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.