അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


നിത്യ അശുദ്ധിക്കാരന് വുദു ചെയ്യണമെങ്കില്‍ സമയമാവല്‍ നിര്‍ബന്ധമാണ്. സമയത്തിനു മുമ്പ് അവന്‍ ചെയ്യുന്നത് വുദൂ ആയി പരിഗണിക്കുകയില്ല. കാരണം സമയം പ്രവേശിക്കുകയെന്നത് നിത്യഅശുദ്ധിക്കാരന്‍റെ വുദൂഇലെ ശര്‍ത് (നിബന്ധന) യാണ്. നിബന്ധന പാലിക്കാതെ ചെയ്യുന്ന വുദൂ വുദൂ അല്ലല്ലോ. ജുമുഅക്കായാലും മറ്റു സുന്നതോ ഫര്‍ദോ ആയ നിസ്കാരങ്ങളായാലും ആ നിസ്കാരത്തിന്‍റെ സമയം പ്രവേശിച്ചതിനു ശേഷമേ വുദൂ ചെയ്യാവൂ. ശാഫിഈ ഹനഫീ ഹന്‍ബലീ എന്നീ മൂന്ന് മദ്ഹബിലും ഇതു തന്നെയാണ് നിയമം.


മൂത്രമൊഴിച്ചതിനു ശേഷം  ഒന്നോ രണ്ടോ തുള്ളി ഉറ്റുന്നവരെ കുറിച്ചൊക്കെ മൂത്രവാര്‍ച്ചക്കാരന്‍ എന്ന് പറയാനാവില്ല. നിസ്കാരത്തിനും ശുദ്ധീകരണത്തിനും സമയം ലഭിക്കാത്ത വിധം മൂത്രം വന്ന് കൊണ്ടിരിക്കുന്നവനാണ് മൂത്രവാര്‍ച്ചക്കാരന്‍. അതിനു സമയം ലഭിക്കുന്നവര്‍ മൂത്രം വരാത്ത സമയത്ത് വുദൂ എടുത്ത് നിസ്കരിക്കേണ്ടതാണ്. ആദ്യ സമയത്ത് അശുദ്ധിക്കാരനായി നിസ്കരിച്ചവന് നിസ്കാരത്തിന്‍റെ സമയം അവസാനിക്കുന്നതിനു മുമ്പ് പ്രസ്തുത സമയം ലഭിക്കുമാറ് മൂത്രം വരാതിരുന്നാല്‍ വുദൂവും നിസ്കാരവും മടക്കേണ്ടതാണ്.


ഹറമിലെ ജുമുഅക്കായാലും സമയം പ്രവേശിച്ചതിനു ശേഷം തന്നെയാണ് വുദൂ ചെയ്യേണ്ടത്. മാലികി മദ്ഹബില്‍ നിത്യ അശുദ്ധിക്കാരനു വുദു ചെയ്യല്‍ നിര്‍ബന്ധമില്ല. അത്യാവശ്യ സമയത്ത് ആ അഭിപ്രായം അവലംഭിക്കാവുന്നതാണ്. സമയത്തിനു മുമ്പ് വുദൂ ചെയ്തവന് നിസ്കാരം അവസാനിക്കുന്നതിനു മുമ്പ് അശുദ്ധിയുണ്ടായിട്ടില്ലെങ്കില്‍ ആ വുദൂ പരിഗണിക്കുമെന്ന് ചില മദ്ഹബുകളിലുണ്ട് ആ അഭിപ്രായവും തഖ്‍ലീദ് ചെയ്യാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.