അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഇസ്തിഗാസ അഥവാ അല്ലാഹു അല്ലാത്തവരോട് സഹായാർത്ഥന നടത്തുക, ഇസ്തിശ്ഫാഅ് അഥവാ അല്ലാഹു അല്ലാത്തവരെക്കൊണ്ട് അല്ലാഹുവിലേക്ക് ശുപാർശ തേടുക, തവസ്സുൽ അഥവാ അല്ലാഹുവിനോട് ഇടതേടി പ്രാർത്ഥിക്കുക എന്ന വിഷയത്തിക്കുറിച്ചാണ് ചോദ്യമെന്ന് മനസ്സിലാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും അനുവദനീയമാണെന്നും ഇസ്ലാം മതവിശ്വാസികൾക്കിടയിൽ ഇക്കാര്യം പ്രസിദ്ധമാണെന്നും നബിമാരുടേയും മുർസലീങ്ങളുടേയും സലഫുസ്സ്വാലിഹീങ്ങളുടേയും മുസ്ലിം പൊതു ജനത്തിന്റേയും നാളിതു വരേയുള്ള ചരിത്രത്തിൽ ഇത് അറിയപ്പെട്ടതാണെന്നും ഈ കാലത്തിനിടക്ക് ഇബ്നു തൈമിയ്യ വരുന്നത് വരേ ഇസ്ലാം മത വിശ്വാസികളിൽ നിന്ന് ആരും ഇക്കാര്യം നിഷേധിച്ചിട്ടില്ലെന്നും ഒരു കാലത്തും അത്തരമൊരു നിഷേധം കേട്ടിട്ടില്ലെന്നും ഇബ്നു തൈമിയ്യയാണ് ആദ്യമായി ഇക്കാര്യത്തിൽ സാധാരണക്കാരായ ദുർബല വിശ്വാസികളെ ആശക്കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ പറയുകയും മുമ്പ് ആരും പറയാത്ത പുതിയ വാദവുമായി രംഗത്ത് വരികയും ചെയ്തതെന്നും ഈബ്നു തൈമിയ്യ എന്നവരുടെ സമകാലികൻ കൂടിയായ ശൈഖുൽ ഇസ്ലാം അൽ ഇമാം സുബ്കി (റ) സംശയങ്ങൾക്കിടം നൽകാത്ത വിധം വ്യക്തമാക്കിത്തന്നിട്ടുണ്ട് (ശിഫാഉസ്സഖാം).  


യഥാർത്ഥത്തിൽ ഇസ്തിഗാസ എന്ന് പറഞ്ഞാൽ അല്ലാഹു അല്ലാത്തവരോട് വിളിച്ചു പ്രാർത്ഥിക്കക എന്നല്ല അർത്ഥം. അത് ബോധപൂർവ്വം ഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹത്തെ മുശ്രിക്കുകളാക്കാൻ വേണ്ടി ഒരു ന്യൂനപക്ഷം പടച്ചുണ്ടാക്കി അടിച്ചേൽപ്പിച്ച ഒരു പദപ്രയോഗമാണ്. അല്ലാഹു അല്ലാത്തവരെ ആരാധിക്കുന്നതും വിളിച്ചു പ്രാർത്ഥിക്കുന്നതും അവിശ്വാസികളും മുശ്രിക്കുകളുമാണ്. അവരുടെ കാര്യത്തിൽ അതിനെ തിരുത്തിക്കൊണ്ട് അല്ലാഹു ധാരാളമായി താക്കീതുകൾ വിശുദ്ധ ഖുർആനിൽ നൽകിയിട്ടുണ്ട്. ഈ ആയത്തുകളെയെല്ലാം സത്യവിശ്വാസികളായ മുസ്ലിംകളുടെ മേൽ അടിച്ചേൽപ്പിച്ച് അധിക്ഷേപിക്കുന്ന ഈ വിഭാഗത്തിന്റെ ഇക്കാര്യത്തിലുള്ള മുൻഗാമികൾ ഖവാരിജുകളായിരുന്നു. അവർ അന്ന് അഥവാ സ്വഹാബത്ത് ജീവിച്ചിരുന്ന കാലത്ത് അവിശ്വാസികളുടേ മേൽ ഇറങ്ങിയ ആയത്തുകൾ മുഅ്മിനീങ്ങളുടെ മേൽ ആരോപിച്ചിരുന്നതിനാൽ അവരാണ് ഭൂമിയിലെ ഏറ്റവും ദുശിച്ച വർഗമെന്ന് സയ്യിദുനാ അബ്ദുല്ലാഹി ബിനു ഉമർ (റ) വ്യക്തമാക്കിയിട്ടുണ്ട്.


അഹ്ലുസ്സുന്നത്തി വൽജമാഅയുടെ വിശ്വാസ പ്രകാരം ഏതൊരു കഴിവും സൃഷ്ടിക്കുന്നതും ആരുടേയും ആശ്രയമില്ലാതെ സ്വതന്ത്രമായി സഹായിക്കുന്നതും അല്ലാഹു മാത്രമാണ്. ആ അർത്ഥത്തിൽ അല്ലാഹുവിനോട് മാത്രമേ സഹായം ചോദിക്കാവൂ എന്നും അല്ലെങ്കിൽ അവൻ ഇസ്ലാമിന് പുറത്താണ് എന്നുമാണ്. എന്നാൽ അല്ലാഹു സൃഷ്ടികൾക്ക് ധാരാളം കഴിവകൾ നൽകിയിട്ടുണ്ട്. ആ കഴിവകൾ നമ്മുടെ പുരോഗതിക്ക് വേണ്ടി അവരോട് നമുക്ക് ചോദിക്കാം. ഇതിന് ദൃശ്യമെന്നോ അദൃശ്യമെന്നോ മതപരമെന്നോ ഭൌതികമെന്നോ ആത്മീയമെന്നോ ഐഹികമെന്നോ പാരത്രികമെന്നോ ഭൂമിയിൽ ജീവിച്ചിരിക്കുന്നവരെന്നോ ബർസഖിൽ ജീവിച്ചിരിക്കുന്നവരെന്നോ യാതൊരു വ്യത്യാസമില്ലാതെ അല്ലാഹു ഏത് വിഷയത്തിൽ ഏതറ്റം വരേ ഒരു സൃഷ്ടിക്ക് കഴിവു നൽകിയോ അതെല്ലാം ചോദിക്കാമെന്നും ആ ചോദിക്കലൊന്നും അല്ലാഹുവിനോട് ചോദിക്കുന്ന പോലെയോ അവനെ വിളിച്ചു പ്രാർത്ഥിക്കുന്നത് പോലെയോ അവനെ ആരാധിക്കുന്നത് പോലെയോ അല്ലെന്നും അല്ലാഹു നൽകിയ കഴിവ് നേരിട്ട് ചോദിക്കുകയാണെന്നുമാണ് ഇബ്നു തൈമിയ്യ എന്നവർ വരുന്നത് വരേ ഒരു സംശയവുമില്ലാതെ മുസ്ലിം ഉമ്മത്ത് വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നത്. ഇതിന് കാരണം ഇക്കാര്യങ്ങൾ വിശുദ്ധ ഖുർആൻ കൊണ്ടും തിരു ഹദീസ് കൊണ്ടും പ്രവാചകന്മാരുടേയും സലഫുസ്സ്വാലിഹീങ്ങളുടേയും മഹൽ ജീവിതം കൊണ്ടും തെളിഞ്ഞതാണ് എന്നതാണ്.


അല്ലാഹു ഓരോരുത്തർക്കും നൽകിയ കഴിവുകൾ വ്യത്യസ്തങ്ങളായതു കൊണ്ട് ഓരോരുത്തരോടും അവരവർക്ക് നൽകപ്പെട്ട കഴിവ് കൊണ്ട് അവർക്ക് നൽകപ്പെട്ട അളവിൽ സഹായിക്കാനാണ് സഹായമർത്ഥിക്കുന്നത്. അല്ലാതെ അവരെയൊന്നും അല്ലാഹുവിന്റെ ലെവലിലേക്ക് ഉയർത്തിയിട്ടല്ല. ഉദാഹരണത്തിന് ഒരു ഡോക്ടറോട് എന്നെ സഹായിക്കണേ എന്ന് നേരിട്ട് ചോദിക്കുന്നത് യഥാർത്ഥ ശാഫി അദ്ദേഹമാണ് എന്ന വിശ്വാസത്തിലല്ല. അസുഖം മാറ്റാനുള്ള ചില അറിവുകളും കഴിവുകളും അല്ലാഹു നൽകിയെന്നത് കൊണ്ട് അത് ഉപയോഗിക്കാനാണ്. അസുഖം ഭേദമാകുന്നതിൽ ഒരു പക്ഷേ അദ്ദേഹം വിജയിക്കാം അല്ലെങ്കിൽ പരാജയപ്പെടാം. എന്നാലും അദ്ദേഹത്തോട് ആ വിഷയത്തിൽ സഹായം ചോദിക്കാം.. കോടതിയിലെ കേസുമായി ബന്ധപ്പെട്ട് ഒരു വക്കീലിനോട് എന്നെ രക്ഷിക്കണേ എന്ന് പറയുന്നത് അദ്ദേഹമാണ് അല്ലാഹുവിനെപ്പോലെ തന്റ രക്ഷകൻ എന്ന അർത്ഥത്തിലല്ല, നിയമ വശങ്ങൾ ശരിയായി അവതരിപ്പിച്ച് കേസ് ജയിക്കാൻ അല്ലാഹു അദ്ദേഹത്തിന് കഴിവ് നൽകിയെന്ന് നാം വിശ്വിസിക്കുന്നത് കൊണ്ട് അത് ചോദിക്കാനാണ്. അയാൾ കേസ് ജയിക്കാം അല്ലെങ്കിൽ തോൽക്കാം. എന്നാലും അയാളോട് സഹായം ചോദിക്കാം. ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരു അടിമ ഇവിടയൊന്നും ഈ രീതിയിൽ വിശദമായി മനസ്സിലുറപ്പിച്ച് ഓരോരുത്തരോടും സഹായാർത്ഥന നടത്തിയില്ലെങ്കിൽ അവൻ ഇവസ്ലാമിന് പുറത്താണ് മുശ്രിക്കാണ് എന്ന് എങ്ങനെ പറയാൻ കഴിയും. അതു പോലെ അമ്പിയാക്കളോടും ഔലിയാക്കളോടും സഹായർത്ഥന നടത്തുന്നത് അല്ലാഹു അവർക്ക് മുഅ്ജിസത്തും കറാമത്തും നൽകിയിട്ടുണ്ടെന്നും അത് കൊണ്ട് നമ്മെ സഹായിക്കാൻ അവർക്ക് കഴിയുമെന്നും വിശ്വസിക്കുന്നതിനാലാണ്.. അവർ അല്ലാഹുവുമായി അടുത്തവരായത് കൊണ്ട് അവരുടെ പ്രാർത്ഥനകൾ നമ്മുടേതിനേക്കാൾ സ്വീകരിക്കപ്പെടാൻ കൂടുതൽ സാധ്യതയുണ്ട് എന്നതിനാൽ നാം അവരോട് സഹായം ചോദിക്കുന്ന വിഷയം സാധിപ്പിച്ചു തരാൻ അവർ അല്ലാഹുവിനോട് പ്രാർത്ഥിക്കും അഥവാ ശുപാർശ ചെയ്യും എന്ന വിശ്വാസത്താലാണ്. അല്ലാതെ അവരെ അല്ലാഹുവിന്റെ ലെവലിലേക്ക് ഉയർത്തിയിട്ട് അല്ലാഹുവിനെപ്പോലെ അവർ നമ്മെ സഹായിക്കും എന്ന വിശ്വാസത്തിലല്ല. ഇമാം റംലി (റ) പറയുന്നു: 'അമ്പിയാ മുർസലീങ്ങളെക്കൊണ്ടും ഔലിയാക്കളെക്കൊണ്ടും ഉലമാക്കളെക്കൊണ്ടും സജ്ജനങ്ങളെക്കൊണ്ടും ഇസ്തിഗാസ നടത്തൽ (സഹായം തേടൽ) അനുവദനീയമാണ്. ഇവർക്കെല്ലാം മരണശേഷവും സഹായിക്കുവാൻ കഴിയും. കാരണം അമ്പിയാക്കളുടെ മുഅ്ജിസത്തും ഔലിയാക്കളുടെ കറാമത്തും അവരുടെ മരണത്തോടെ മുറുഞ്ഞു പോകുകയില്ല'. ( ഫതാവാ റംലി). ഇക്കാര്യം ഇസ്ലാമികമാണെന്ന് മനസ്സിലാക്കുന്നതിനും ഈ വിഷയത്തിലെ വിമർശം എത്ര അപഹാസ്യകരമാണെന്ന് ലളിതമായി ബോധ്യപ്പെടുത്തുന്നതനും ഏതാനും ഉദാഹരണങ്ങൾ മാത്രം ഇവടെ സൂചിപ്പിക്കുന്നു:


1. സാധാരണ മനുഷ്യ കഴിവിൽ പെടാത്ത കാര്യം അല്ലാഹു അതിന് കഴിവ് നൽകിയ വലിയ്യിനോട് ചോദിക്കാമെന്ന് സൂറത്തുന്നംലിലെ 38-40 ആയത്തുകൾ വിശദമായി മനസ്സിലാക്കിത്തരുന്നുണ്ട്. അതു കൊണ്ട് സാധാര മനുഷ്യ കഴിവിൽ പെടാത്ത കാര്യങ്ങൾ ചെയ്യാൻ ഔലിയാക്കൾക്ക് സാധിക്കുമെന്നും അത് ചോദിക്കാമെന്നും സലക്ഷ്യം സ്ഥാപിച്ച് പ്രോത്സാഹിപ്പിച്ച അല്ലാഹുവിനെതിരെ വിമർശകർ തെളിവ് കൊണ്ടു വരുമോ....... ? 


2. അല്ലാഹുവിന്റെ വിശേഷണമായ رءوف, رحيم എന്നിവ കൊണ്ട് അല്ലാഹു നബി (സ്വ)യെ വിശേഷിപ്പിച്ചിട്ടുണ്ട് (സൂറത്തുത്തൌബ 128). അതു കൊണ്ട് അല്ലാഹു തന്നെ തന്റെ വിശേഷണത്തിൽ ശിർക്ക് ചെയ്തു എന്ന് വിശ്വസിക്കുന്നത് എത്ര അപകടകരമാണ്.. رأفة ഉം , رحمة ഉം സൃഷ്ഠിക്കുന്നതും ആരുടേയും സഹയമില്ലാതെ സ്വതന്ത്രമായി അവ വർഷിക്കുന്നതും അല്ലാഹു മാത്രമാണ്, എന്നാൽ അല്ലാഹു നൽകിയ കഴിവു കൊണ്ട് ഇവ രണ്ടും അല്ലാഹുവിന്റെ ഇറാദത്ത് മശീഅത്ത് അനുസരിച്ച് റസൂൽ (സ്വ)യുംചെയ്യും എന്നാണതിന്റെ അർത്ഥം. ഇക്കാര്യം അല്ലാഹു വിശദീകരിക്കാതെ നേരിട്ട് അവന്റെ വിശേഷണങ്ങൾ റസൂൽ (സ്വ)ക്ക് ഉപയോഗിച്ചതിനാൽ ആ ആയത്ത് വിശുദ്ധ ഖുർആനിൽ കടത്തിക്കൂട്ടിയതാണെന്നോ ശിർക്ക് വിശ്വസിക്കാൻ കാരണമാകുന്ന പരാമർശമായതിനാൽ ആ ആയത്ത് ഓതരുതെന്നോ പറയാൻ പറ്റുമോ.......?       .


3.. സ്വർഗവും നരകവും അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. എന്നാൽ ഒരു സ്വഹാബി വര്യൻ നേരിട്ട് റസൂൽ (സ്വ)യോട് സ്വർഗം ചോദിക്കുകയുണ്ടായി (സ്വഹീഹ് മുസ്ലിം). ആ സമയത്ത് അതിനെ എതിർക്കാതെ, ആ ചോദ്യം അപകടമാണെന്നും റസൂൽ (സ്വ)യെ അല്ലാഹുവിനോളം ഉയർത്തലാണെന്നും ഓർമ്മപ്പെടുത്താതെ ആ ചോദ്യം അംഗീകരിച്ച പ്രവാചക തിരുമേനി (സ്വ)യുടെ നടപടിയെ വിമാർശിക്കാൻ ആരാണ് ധൈര്യപ്പെടുക...?


4. തവസ്സുൽ ചെയ്തും ഇസ്തിഗാസ ചെയ്തും ഇസ്തിശ്ഫാഅ് ചെയ്തും എങ്ങനെ പ്രാർത്ഥിക്കണമെന്നു് നബി (സ്വ) ഒരു അന്ധനായ സ്വഹാബിയെ പഠിപ്പിച്ചിട്ടുണ്ട് (തിർമ്മിദി, ഇബ്നു മാജ്ജഃ, അഹ്മദ്). ഇങ്ങനെ പഠിപ്പിച്ച നബി (സ്വ)ക്കെതിരെ ആരെങ്കിലും ഇജ്മാഅ് /കൊണ്ടു വരുമോ?.


5.. സ്വഹാബികൾ തങ്ങളിലൊരാളെ തങ്ങൾക്കും അല്ലാഹുവിനുമിടയിൽ ഇടയാളനാക്കി മഴക്കു വേണ്ടി പ്രാർത്ഥിക്കുകയും അവർക്ക് മഴ ലഭിക്കുകയും ചെയ്തു (സ്വഹീഹുൽ ബുഖാരി). അതു കൊണ്ട് ഉമർ (റ) അടക്കം ഈ കർമ്മത്തിൽ പങ്കെടുത്ത സ്വഹാബീ വര്യന്മാരാരും അതിനെ അനുകൂലിച്ച മറ്റു സ്വഹാബികളും ദീനിൽ തെളിവല്ലാെയെന്ന് ആരെങ്കലും വാദിക്കുമോ ...


6. വിജനമായ സ്ഥലത്തിലൂടെ യാത്ര ചെയ്യേണ്ടി വരുമ്പോൾ വഴി തെറ്റിയാൽ അല്ലാഹുവിന്റെ അദൃശ്യരായ അടിമകളെ വിളിച്ച് സഹായം തേടാൻ മുത്ത് നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട് (ത്വബ്റാനീ). എന്നെ വിളിച്ച് പ്രാർത്ഥിച്ചോളൂ. ഞാൻ നിങ്ങളുടെ വിളി കേട്ട് ഉത്തരം ചെയ്യുമെന്ന പറഞ്ഞ സർവ്വ ശക്തനായ അല്ലാഹു ഉണ്ടായിരിക്കെ പിന്നെ നബി (സ്വ) അദൃശ്യരായ അടിമകളെ വിളിച്ചു പ്രാർ്ഥിക്കാൻ പറഞ്ഞു എന്ന് പറഞ്ഞ് നബി (സ്വ) ക്കെതിരെ പ്രചാരണത്തിനിറങ്ങുമോ....


ഇങ്ങനെ എണ്ണിയാൽ തീരാത്ത നിരവധി തെളിവുകൾ ഇക്കാര്യത്തിലുണ്ട്. ഒരു ചോദ്യോത്തര പംക്തിയുടെ പരിമിതി കാരണമാണ് ഓരോന്നും വിശദീകരിക്കാത്തത്.  പിൽക്കാലത്ത് വന്ന എല്ലാ നുറ്റാണ്ടിലേയും മഹാന്മാരും സജ്ജനങ്ങളും ഇക്കാര്യങ്ങളൊക്കെ ചെയ്തു പോന്നിട്ടുമുണ്ട്. എന്നാൽ ഇക്കാര്യങ്ങളെല്ലാം ഒരു സത്യ വിശ്വാസി തനിക്കും അല്ലാഹുനുമിടയില്‍ അല്ലാഹുവിനെ മറികടന്ന് മധ്യവർത്തിളെ സ്വീകരിക്കലായും അവരോട്‌ ദുആ ചെയ്യലായും അവരില്‍ അല്ലാഹുവിനെപ്പോലെ കാര്യങ്ങള്‍ ഭരമേല്‍പ്പിക്കലായും ചിത്രീകരിച്ച്  കാഫിറാക്കാൻ തുനിയുന്നതിന്റെ അപകടം എത്ര ഭയാനകമാണ്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ..