എന്താണ് മഅരിഫത് . വിശദീകരിക്കാമോ . സ്വലാത്തിലൂടെ മാത്രം അത് നേടാൻ കഴിയുമോ . എങ്കിൽ എത്രത്തോളം സ്വലാത് ദിനം ചൊല്ലണം ?

ചോദ്യകർത്താവ്

muhammad noufal

Jun 29, 2019

CODE :Oth9337

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മഅ്രിഫത്ത് എന്നാല്‍ അല്ലാഹുവിനെ യഥാവിധി അറിയലാണ്. അല്ലാഹു തന്റെ ദാത്തും സ്വിഫാത്തും പ്രവര്‍ത്തനങ്ങളും കല്‍പനകളും നിരോധനകളും വ്യക്തമായി നമുക്ക് മനസ്സിലാക്കിത്തരാനാണ് അവന്റെ കലാമും നബി (സ്വ)യുടെ രിസാലത്തുമായ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ യഥാര്‍ത്ഥ മഅ്രിഫത്ത് സാധ്യമാകണമെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും ശരിയായി മനസ്സിലാക്കകുയുമാണ് ആദ്യം ചെയ്യേണ്ടത്. അല്ലാഹുവുമായി ബന്ധപ്പെട്ട എല്ലാ അറിവുകളും അതിലാണ് കുടി കൊള്ളുന്നത്. മുത്തഖീങ്ങളെ അല്ലാഹുവിലേക്ക് നയിക്കുന്നതാണ് ഈ ഗ്രന്ഥം എന്ന്  വിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചതുമാണ് (സൂറത്തുല്‍ ബഖറഃ) നാം പതിവായി ചൊല്ലുന്ന ആയത്തുല്‍ കുര്‍സിയ്യും സൂറത്തുല്‍ ഹശ്റിലെ അവസാനത്തെ ആയത്തുകളും വിശുദ്ധ ഖുര്ആനിന്റെ മൂന്നിലൊന്നിന് തുല്യമായ സൂറത്തുല്‍ ഇഖ്ലാസ്വുമൊക്കെ അല്ലാഹുവിന്റെ അസ്ഥിത്വം പരിചയപ്പെടാന്‍ നമ്മെ പ്രാപ്തരാക്കുന്ന പല ആയത്തുകളുില്‍ ചിലതാണ്. അല്ലാഹുവിനെ അറിഞ്ഞ് സ്മരിക്കുവാന്‍ വേണ്ടി മനസ്സിനെ പാകപ്പെടുത്താനാണ് വിശുദ്ധ ഖുര്‍ആനിനെ അല്ലാഹു ഇറക്കിയത് (സൂറത്തുസ്സുുമര്‍) എന്നും അല്ലാഹുവിനെ എപ്രകാരം അറിയണം, മനസ്സിലാക്കണം (സൂറത്തു മുഹമ്മദ്) എന്നും വിശുദ്ധ ഖുര്‍ആന്‍ മനസ്സിലാക്കിത്തരുന്നുണ്ട്.. വിശുദ്ധ ഖുര്‍ആന്‍ ശരിയായി മനസ്സിലാകണമെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ ജനങ്ങള്‍ക്ക് പ്രായോഗിക രീതിയില്‍ സ്വ ജീവിതം കൊണ്ട് വിശദീകരിക്കാന്‍ നിയുക്തരായ അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യും വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയായ ഹദീസ് പഠിക്കുകയും ശരിയായി മനസ്സിലാക്കകുയും വേണം. ഇമാം അബുല്‍ ഹസല്‍ അശ്അരി (റ) പറയുന്നു: അല്ലാഹുവിന്റെ മഅ്രിഫത്തിലേക്കാണ് നബി (സ്വ) സൃഷ്ടികളെ മുഴുവന്‍ ക്ഷണിച്ചത് എന്ന കാര്യം ഇജ്മാഅ് ആണ് (രിസാലത്തുല്‍ അശ്അരീ). ചുരുക്കത്തില്‍ ഇവ രണ്ടും യഥാവിധി മനസ്സിലാക്കല്‍ മഅ്രിഫത്തിന്റെ വഴിയില്‍ പ്രവേശിക്കുന്നവരുടെ പ്രഥമവും പ്രധാനവുമായ ബാധ്യതയാണ്. അതു പോലെ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിനെ മനസ്സിലാക്കാന്‍ വേണ്ടി നമ്മോട് പല തവണ ഉണര്‍ത്തിയതാണ് പ്രപഞ്ചത്തിലെ അവന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും. അത് നമ്മുടെ മനസ്സിനെ അല്ലാഹുവിന്റെ അസ്ഥിത്വം അംഗീകരിക്കാന്‍ പ്രാപ്തമാക്കും. നമ്മുടെ ശരീരത്തെക്കുറിച്ച് പഠിക്കാനും അതിന്റെ സൃഷ്ടി വൈഭവത്തെക്കുറിച്ച് മനസ്സിലാക്കാനും അല്ലാഹുവും (സൂറത്തുദ്ദാരിയാത്ത്) ആരെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് മനസ്സിലാക്കിയാല്‍ അവന് അല്ലാഹുവിനെ മനസ്സിലാകും എന്ന് അല്ലാഹുവിന്റെ റസൂല്‍ (സ്വ)യും (അല്‍ ഹാവീ) അരുള്‍ ചെയ്തിട്ടുണ്ട്.

അതു പോലെ അല്ലാഹുവിനെ അറിയുമാനും അല്ലാഹുവിലേക്ക് എത്തുവാനും അവന്റെ പ്രീതി കരസ്ഥമാക്കാനുമുള്ള ഒരു പ്രധാനപ്പെട്ട വഴിയാണ് നബി (സ്വ)യുടെ മേല്‍ ഉള്ള സ്വലാത്ത്. ദിനേന ഇത്ര ദിവസം എണ്ണം തന്നെ സ്വലാത്ത് ചൊല്ലണം എന്ന് പറയപ്പെടുന്നില്ല. കാരണം അല്ലാഹുവും മലക്കുകളും നബി തങ്ങളുടെ മേല്‍ സദാ സ്വലാത്ത് നിര്‍വ്വഹിക്കുന്നുണ്ടെന്നും സത്യ വിശ്വാസികളെല്ലാം പുണ്യ നബിയടെ മേല്‍ എപ്പോഴും സ്വലാത്തും സലാമും ചൊല്ലിക്കൊണ്ടിരിക്കണമെന്നും അല്ലാഹു തആലാ തന്നെ കല്‍പ്പിച്ചതാണ് (സൂറത്തുല്‍ അഹ്സാബ്). നിങ്ങള്‍ എന്റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍ അല്ലാഹു നിങ്ങള്‍ക്ക് പത്ത് അനുഗ്രഹം വര്‍ഷിക്കുമെന്നും (സ്വഹീഹ് മുസ്ലിം), നാളെ ആഖിറത്തില്‍ എന്റെ സമീപസ്ഥരാകാനും ഇഷ്ടം നേടാനും ധാരാളമായി എന്റെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കണമെന്നും (തിര്‍മ്മിദീ), എന്റെ മേല്‍ ധാരാളമായി നിങ്ങള്‍ സ്വലാത്ത് ചൊല്ലുക, നിങ്ങള്‍ ചൊല്ലുന്ന ഓരോ സ്വലാത്തും എന്നിലേക്ക് എത്തിക്കാന്‍ വേണ്ടി അല്ലാഹു ഒരു വിഭാഗം മലക്കുകലെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും (അബൂദാവൂദ്) നബി തങ്ങള്‍ നമ്മോട് ഉണര്‍ത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പുണ്യ നബി (സ്വ)ക്ക് നമ്മോടുള്ള അടുപ്പവും ഇഷ്ടവും വര്‍ദ്ധിപ്പിക്കുകയും ഒന്നിന് പത്തെന്ന വിധം അനുഗ്രഹം ചെയ്ത് അല്ലാഹു നമ്മോട് അടുക്കാന്‍ കാരണമാകുകയും ചെയ്യുന്ന സ്വലാത്ത് നമ്മുടെ ശരീരവും മനസ്സും അറിഞ്ഞു കൊണ്ട ധാരാളമായി ചൊല്ലല്‍ ആത്മീയ യാത്രയില്‍ നമ്മുടെ പാദങ്ങള്‍ ഉറപ്പിച്ചു നിര്‍ത്താന്‍ അനിവാര്യമാണ്..

ചുരുക്കത്തില്‍ അല്ലാഹുവിന്റെ മഅ്രിഫത്തിന്റെ വഴിയിലേക്ക് പ്രവശിക്കുന്നവരെ ആ പാദയില്‍ ഉറപ്പിച്ചു നിര്‍ത്തുക്കാനും മഅ്രിഫത്ത് സാധ്യമാക്കാനും ഉതകുന്ന ഒരു പ്രാധാന പാഥേയമാണ് ധാരാളമായി സ്വലാത്ത് ചൊല്ലല്‍. എന്നാല്‍ അത് അല്ലാഹുവിന്റെ ഗ്രന്ഥവും നബി തങ്ങളുടെ സൂന്നത്തും മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയവരില്‍ നിന്ന് നാം മനസ്സിലാക്കി അവയനുസരിച്ച് അവരുടെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും ഇഖ്ലാസ്വോട് കൂടി പ്രവര്‍ത്തിച്ച് കൊണ്ടും ചെറുതും വലുതുമായ തെറ്റു കുറ്റങ്ങളില്‍ നിന്ന് സ്വ ശരീരത്തിനേയും ഹൃദയത്തേയും ശുദ്ധീകരിച്ചു കൊണ്ടുമാകണം. അപ്പോഴേ അല്ലാഹു നമ്മെ ഇഷ്ടപ്പെട്ട് അവനിലേക്ക് നമ്മെ അടുപ്പിച്ച് നമ്മുടെ കൈ കാലുകളും കണ്ണും കാതുമൊക്കെ അവനാകുന്ന മര്‍ത്തബിലേക്ക് നാം എത്തുകയുള്ളൂ (സ്വഹീഹുല്‍ ബുഖാരീ). ഒരു ശൈഖിന്റേയും ആവശ്യമില്ലാതെ അല്ലാഹു സ്വയം വഴി കാട്ടുന്ന (അഥവാ തന്റെ തര്‍ബിയത്ത് അല്ലാഹു തആലാ ഏറ്റെടുക്കുന്ന) ആ  ഘട്ടത്തിലേ അവനും നമുക്കുമിടയിലെ മറ നീങ്ങി ആരിഫീങ്ങള്‍ അവനെ മനസ്സിലാക്കിയത് പോലെ നമുക്ക് അവനെ മനസ്സിലാക്കാനും അവന്റെ നൂറുത്തജല്ലീ അനുഭവിച്ചറിയുവാനും (അഥവാ മഅ്രിഫത്തിന്റെ തീരത്തണയാന്‍) കഴിയുകയുള്ളൂ. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല, നന്നായി അധ്വാനിച്ചാല്‍ മാത്രമേ ഇത് പ്രാപ്യമാകുകയുള്ളൂ. കാരണം ശരീഅത്ത് എന്ന കപ്പലില്‍ കയറിയിട്ട് ആ കപ്പലിന്റെ സഹായത്തോടെ ത്വരീഖത്ത് എന്ന കടലില്‍ കഠിനാധ്വാനം ചെയ്ത് മുങ്ങിത്തപ്പിയാല്‍ മാത്രമേ മഅ്രിഫത്ത് എന്ന അമൂല്യ രത്നം കണ്ടെടുക്കാന്‍ സാധിക്കുകയുള്ളൂ. (ഹിദായത്തുല്‍ അദ്കിയാഅ്).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter