സ്ത്രീകളുടെ പള്ളി പ്രവേശം അനുവദനീയമാണോ?. അല്ല എങ്കിൽ മക്കത്തും മദീനത്തും അത് വ്യാപകമല്ലേ?

ചോദ്യകർത്താവ്

Janoob

Jun 3, 2017

CODE :Aqe8572

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

സ്ത്രീകള്‍ പള്ളിയില്‍പോകുന്നതിന്റെ വിധി മുമ്പ് വിശദമായി പ്രതിപാദിച്ചതാണ്. പള്ളിയില്‍ പോകുന്നതിലല്ല പ്രശ്നമെന്നും ജുമുഅ ജമാഅതുകളില്‍ പങ്കെടുക്കുന്നതിലാണ് നിരുല്‍സാഹപ്പെടുത്തുന്ന ഹദീസുകള്‍ വന്നിട്ടുള്ളതെന്നും അവിടെ നാം വിശദീകരിച്ചിട്ടുണ്ട്.

ഹറമുകളില്‍ ഹജ്ജിനോ ഉംറക്കോ സിയാറതിനോ വരുന്നത് തടയാന്‍ പറ്റില്ലല്ലോ. ഹജ്ജും ഉംറയും പുരുഷനെന്നപോലെ സ്ത്രീക്കും നിര്‍ബന്ധമാണ്. അത് നിര്‍വഹിക്കാനായി ഹറമില്‍ തന്നെ പോവണമെന്നതില്‍ തര്‍ക്കമില്ല. എന്ന പോലെ പരിശുദ്ധ റൌള സിയാറാത് ചെയ്യലും സ്ത്രീക്കും പുരുഷനും ഒരു പോലെ ഇബാദതാണ്. അതിനായി മദീനയിലും സ്ത്രീക്ക് പ്രവേശിക്കാമെന്നതിലും എതിരഭിപ്രായത്തിനു സ്ഥാനമില്ല. എന്നാലും സ്ത്രീ വസ്ത്രധാരണയിലും മറ്റും ശരീഅത് നിര്‍ദ്ദേശിച്ച വിധമല്ല വരുന്നതെങ്കില്‍ നിര്‍ബന്ധമായ ത്വവാഫില്‍ നിന്ന് വരെ അവളെ ഭരണാധികാരികള്‍ തടയണമെന്ന് ഇമാം ഇബ്നു ഹജര്‍ റ പറയുന്നത് കാണാം.

ജുമുഅക്കും ജമാഅതിനുമായി സ്ത്രീകള്‍ ഹറമുകളില്‍ വരുന്നത് മറ്റു പള്ളികളില്‍ പോകുന്ന അതേ വിധി തന്നെയാണ്. ഹറമുകളിലെ ഇമാമുമാര്‍ ഇടക്കിടക്ക് സ്ത്രീകള്‍ പള്ളിയില്‍ വരുന്നത് നിരുത്സാഹപ്പെടുത്താറുമുണ്ട്. മസ്ജിദുന്നബവിയില്‍ ഞാന്‍ അങ്ങയുടെ കൂടെ നിസ്കരിക്കാന്‍ വരട്ടെ എന്ന് ചോദിച്ച സ്വഹാബി വനിതയോടാണ് മദീന പള്ളിയില്‍ നിനക്ക് ലഭിക്കുന്നതിനേക്കാള്‍ പുണ്യം നിന്‍റെ വീട്ടില്‍ ലഭിക്കുമെന്ന് പറഞ്ഞതെന്ന് പ്രത്യേകം ഓര്‍ക്കണം. അതു പോലെ നബി ഇന്നുണ്ടയിരുന്നെങ്കില്‍ സ്ത്രീകള്‍ പള്ളിയില്‍ വരുന്നത് തടയുമായിരുന്നെന്ന് ആഇശ (റ) പറഞ്ഞത് മദീന പള്ളിയിലേക്ക് വരുന്ന സ്ത്രീകളെ കണ്ടിട്ടാണ്. ആ ഹദീസ് അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ പള്ളിയില്‍ പോവരുതെന്ന് പണ്ഡിതര്‍ വിശദീകരിച്ചതും. ഈ തെളിവുകളില്‍ നിന്നു തന്നെ നമുക്ക് ഹറമുകളും സ്ത്രീകളുടെ വിഷയത്തില്‍ മറ്റു പള്ളികളെ പോലെയാണെന്ന് മനസ്സിലാക്കാമല്ലോ.

അതിനെല്ലാം പുറമെ ഹറമുകളെ നോക്കി മതവിധികള്‍ തീരുമാനിക്കാനാകില്ല. ഹറമില്‍ വരുന്നവരെല്ലാം മുസ്‍ലിംകളാണെങ്കിലും കര്‍മ്മപരമായി വിത്യസ്ത അഭിപ്രായക്കാരാണെന്നും പ്രത്യേകം ഓര്‍ക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter