യു.പി തെരഞ്ഞെടുപ്പിന് ശേഷം മലപ്പുറം തെരഞ്ഞെടുപ്പ് വിജയം വിലയിരുത്തുമ്പോള്‍ മതേതര ഇന്ത്യക്ക് ഇതില്‍നിന്നും പലതും പഠിക്കാനുണ്ട്. ഹിന്ദുത്വ ഫാസിസത്തെ തകര്‍ത്തെറിയാല്‍ മതേതര കക്ഷികള്‍ ഒന്നിക്കണമെന്നതാണ് അതില്‍ ഏറ്റവും വലിയ കാര്യം.

70 ശതമാനത്തോളം മുസ്‌ലിംകളുള്ള പ്രദേശങ്ങളില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ ജയിച്ച കഥയാണ് യു.പിയില്‍നിന്നും പുറത്തുവന്നത്. തങ്ങളുടെയും രാജ്യത്തിന്റെയും ശത്രുക്കളാണെന്ന് അറിഞ്ഞിട്ടും നന്മക്കുവേണ്ടി ഐക്യപ്പെടാനുള്ള ഒരു കേവല ബോധം പോലും യു.പിയിലെ മുസ്‌ലിംകള്‍ക്ക് ഇല്ലാതെ പോയി. അതിന് രാഷ്ട്രീയവും വൈയക്തികവുമായ പല കാരണങ്ങളുണ്ടാകാം. ഫാസിസ്റ്റ് ഭീകരതയും ഭീഷണിയും തന്നെയാവാം വളരെ പ്രധാനപ്പെട്ട പ്രശ്‌നം. സവര്‍ണ ഹിന്ദുക്കളുടെ അവകാശം മാത്രം സംരക്ഷിക്കുന്ന ഒരു മുഖ്യമന്ത്രി അവരോധിക്കപ്പെടുകയും തുടക്കംമുതല്‍തന്നെ രാജ്യത്തെ ന്യൂനപക്ഷത്തിന് എതിരായ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ഒരവസ്ഥാവിശേഷം അവിടെനിന്നും ഉണ്ടായി.എന്നാല്‍, ബി.ജെ.പിയെ ഉള്ള ആത്മവിശ്വാസവും കെടുത്തിക്കളയുന്നതായിരുന്നു മലപ്പുറത്തെ തെരഞ്ഞെടുപ്പ്. തങ്ങള്‍ പ്രതീക്ഷിച്ച വോട്ടുകള്‍ കിട്ടിയില്ലായെന്നു മാത്രമല്ല, തങ്ങള്‍ക്കുണ്ടായിരുന്ന വോട്ടു പോലും ചോര്‍ന്നുപോവുകയായിരുന്നു മലപ്പുറത്ത്. മതേതര കക്ഷികളുടെ ഐക്യത്തിന്റെ നേട്ടമാണ് ഈ ഉജ്ജ്വല വിജയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.മലപ്പുറം മോഡല്‍ വിജയങ്ങള്‍ ദേശീയ തലത്തിലും സംഭവിക്കുമ്പോഴേ രാജ്യത്തെ ഫാസിസ്റ്റ് കരങ്ങളില്‍നിന്നും രക്ഷിക്കാനാവുകയുള്ളൂ. അതിനുവേണ്ടിയുള്ള അണിയറ പ്രവര്‍ത്തനങ്ങളും സംഘാടനവുമാണ് നടക്കേണ്ടത്. 

മതേതര കക്ഷികള്‍ അനൈക്യപ്പെട്ട യു.പി തെരഞ്ഞെടുപ്പില്‍നിന്നും പാഠമുള്‍കൊണ്ടും മതേതര കക്ഷികള്‍ ഒരളവോളം ഐക്യപ്പെട്ട മലപ്പുറം തെരഞ്ഞെടുപ്പില്‍നിന്ന് പാഠങ്ങള്‍ സ്വീകരിച്ചും ഇന്ത്യന്‍ ജനത ഉണരേണ്ടതുണ്ട്. ഫാസിസത്തെ താഴെയിറക്കാന്‍ അപ്പോഴേ ജനാധിപത്യത്തിന് കഴിയുകയുള്ളൂ.