ദിവസങ്ങള്‍ നീണ്ടുനിന്ന ബി.ജെ.പി ജനരക്ഷാ റാലി തിരുവനന്തപുരത്ത് സമാപിച്ചത് കേരള മുഖ്യമന്ത്രിയെ വെല്ലുവിളിച്ചുകൊണ്ടുള്ള അമിത് ഷായുടെ പ്രസംഗത്തോടെയാണ്. വികസനത്തിന്റെ കാര്യത്തില്‍ ബി.ജെ.പിയെ കണ്ട് പഠിക്കണമെന്നാണ് അദ്ദേഹം വളരെ പ്രാധാന്യത്തോടെ എടുത്തുകാണിച്ച വിഷയം. എന്നാല്‍, മോദി സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം രാജ്യം പുരോഗമിക്കുകയോയിരുന്നോ അതോ ജനജീവിതം അരക്ഷിതമാകുംവിധം കൊലക്കളമായി മാറുകയായിരുന്നോ? ഒരുത്തരം ആവശ്യമില്ലാത്ത വിധം ഇന്ത്യയിലെ ഓരോ പൗരനും ആയിരം നാവുകൊണ്ട് വിളിച്ചുപറയും അമിത് ഷാ- മോദി കൂട്ടുകെട്ട് രാജ്യത്ത് നടത്തിയത് ഏറ്റവും വലിയ ഫാഷിസ്റ്റ് ഭരണമായിരുന്നുവെന്ന്.

ഒരു ഭാഗത്ത് ലോക രാഷ്ട്രങ്ങള്‍ക്കു മുമ്പില്‍ മുഖം മിനുക്കാന്‍ പ്രധാനമന്ത്രി ഊര് തെണ്ടുമ്പോള്‍, മറുഭാഗത്ത് ഗോ രക്ഷകരെയും ആര്‍.എസ്.എസ്സിനെയും ഉപയോഗപ്പെടുത്തി രാജ്യത്തെ ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ഇഞ്ചിഞ്ചായി ഇല്ലായ്മ ചെയ്യുകയായിരുന്നു. ഇത്രമാത്രം അരക്ഷിതവും ജനങ്ങള്‍ക്ക് രാജ്യത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതുമായ ഒരു ഭരണം മുമ്പ് കഴിഞ്ഞുപോയിട്ടുണ്ടാവില്ല. അത്രമാത്രം ഭയാശങ്കകള്‍ പങ്കുവെച്ച ബി.ജെ.പി പുതിയ മേച്ചിന്‍പുറങ്ങള്‍ തേടിയിറങ്ങിയിരിക്കയാണ് ജനരക്ഷാ യാത്രയിലൂടെ.കേരളമാണിപ്പോള്‍ അവരുടെ മുഖ്യ അജണ്ട. യോഗിയുടെ കൈയിലെ യു.പിയെപ്പോലെ ഈ മണ്ണും യുദ്ധഭൂമിയാക്കാനാണ് അവര്‍ സ്വപ്‌നം കാണുന്നത്. റോം കത്തിയെരിയുമ്പോള്‍ രാജാവ് വീണവായിക്കുകയായിരുന്നുവെന്ന് പറഞ്ഞതുപോലെയാണ് ഇപ്പോള്‍ ഇവരുടെ അവസ്ഥ. യൂ.പിയില്‍ പശുവിന്റെ പേരിലുള്ള കൂട്ടക്കൊലകള്‍കൊണ്ടും ഖൊരക്പൂരില്‍ നൂറുക്കണക്കിന് കുഞ്ഞുങ്ങളുടെ ശ്വസിക്കാനുള്ള സിലിണ്ടര്‍ കിട്ടാതെ ഉണ്ടായ ദാരുണമായ മരണങ്ങള്‍ കൊണ്ടും കത്തിയാളുമ്പോള്‍ യോഗി കേരളത്തെ നന്നാക്കാന്‍ ഇങ്ങോട്ട് ഓടിവരികയായിരുന്നു. തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സാമൂഹികാന്തരീക്ഷവും ജനജീവിതവും മെച്ചപ്പെടുത്തുന്നതിനു പകരം രാജ്യമുഴവുനും തങ്ങളും അക്രമ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാനാണ് ബി.ജെ.പി ഇന്ന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ദേദീയ നേതാക്കളുടെ ഒന്നാകെ കേരളത്തിലേക്കുള്ള എഴുന്നള്ളിപ്പും ഇതിന്റെ ഭാഗമായിട്ടു തന്നെ വേണം മനസ്സിലാക്കാന്‍. സംസ്ഥാനത്ത് ഉള്ള സമാധാനവും ഇല്ലായ്മ ചെയ്യാനേ അമിത് ഷാക്കും അനുയായികള്‍ക്കും ഇവിടെ സാധിക്കൂ എന്നതാണ് ഈയടുത്ത് നടന്ന പല സംഭവങ്ങളും വ്യക്തമാക്കുന്നത്. കേന്ദ്രത്തിലെ അധികാരത്തിന്റെ ഹുങ്ക് കാണിക്കാനായി മാത്രം പാവപ്പെട്ട അനവധി പേരാണ് ഇവിടെ വധിക്കപ്പെട്ടിരിക്കുന്നത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് കൈവന്ന ശക്തിയും ആത്മവിശ്വാസവുമാണ് ദേശീയ നേതാക്കളെ അണിനിരത്തി മലബാറിന്റെ ഹൃദയത്തിലൂടെ കടന്നുപോവാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. കുറച്ചുമുമ്പ് കോഴിക്കോട് വെച്ച് ദേശീയ കൗണ്‍സില്‍ നടത്തിയതും അതിന്റെ ഭാഗമായിട്ടായിരുന്നു.തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ തല്‍ക്കാലത്തേക്ക് മാറ്റിവെച്ച് രാഷ്ട്രീയമായി കേരളത്തിന്റെ പൊതുമണ്ഡലത്തെ സമീപ്പിക്കാനും അങ്ങനെ രൂപപ്പെട്ടുവരുന്ന പഴുതുകളിലൂടെ കയറി ഭാവികേരള രാഷ്ട്രീയത്തില്‍ നിര്ണായക ഇടം നേടാനുമാണ് ബി.ജെ.പി ലക്ഷ്യം വെക്കുന്നത്. അതിനായി പറ്റാവുന്ന അടവുനയങ്ങള്‍ക്കെല്ലാം തയ്യാറായിട്ടാണ് മോദി-ഷാ നേതൃത്വം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ തന്ത്രപൂര്‍ണമായ ഈ കടന്നുകൂടല്‍ ശ്രമം കേരളത്തെ സംചബന്ധിച്ചിടത്തോളം വന്‍ നഷ്ടവും അതിന്റെ സമാധാനാന്തരീക്ഷള്‍ക്ക് ഏല്‍ക്കുന്ന വലിയ ആഘാതവുമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവോടെ കേരളത്തിലെ പ്രബുദ്ധരായ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇതിനെ മുഖവിലക്കെക്കാതെ വന്നാല്‍ ഉത്തരേന്ത്യ പോലെ വര്‍ഗീയ കലാപങ്ങളുടെ പറുദീസകളിലൊന്നായി കേരളത്തെയും നാം എണ്ണേണ്ടി വരും. 

മതന്യൂനപക്ഷങ്ങള്‍ക്കും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് ഏറെ വേരോട്ടമുള്ള നാടാണ് കേരളം. അതുകൊണ്ടുതന്നെ, ഊഴം തെറ്റാതെ കൃത്യമായി ഇടതു വലതു സഖ്യങ്ങളാണ് ഇവിടെ മാറി മാറി ഭരണം നടത്തിവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് ലഭിക്കുകയും മറ്റു ചില മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് വളരുകയും ചെയ്തതോടെ ദക്ഷിണേന്ത്യയില്‍ പുതിയ സ്വപ്‌നം നെയ്യുകയാണ് ബി.ജെ.പി. കേരളത്തില്‍ ഒരു മ്ുന്നേറ്റം സാധ്യമായാല്‍ അത് ദക്ഷിണേന്ത്യയില്‍ മൊത്തം വലിയ പ്രഭാവമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കേന്ദ്രത്തില്‍ അധികാരം തങ്ങളുടെ കരങ്ങളിലാണെന്നത് പാര്‍ട്ടി വളര്‍ത്താന്‍ പറ്റിയ വലിയൊരു പിടിവള്ളിയായും അവര്‍ മനസ്സിലാക്കുന്നു. എന്തിനും തയ്യാറായുള്ള മോദി-ഷാ കൂ്ട്ടുകെട്ടും ഇതിന് അനുകൂലോര്‍ജ്ജമായിരിക്കും.കേരളത്തില്‍ ഇടതുപക്ഷത്തിന് വിള്ളലുണ്ടാക്കുകയും ന്യൂനപക്ഷ വിഭാഗങ്ങളെ ദുര്‍ബലമാക്കുകയും ചെയ്യുകവഴി തങ്ങളുടെ പൊസിഷണിംഗ് സാധ്യമാക്കുകയെന്നതാണ് ബി.ജെ.പി ഇന്ന് ഇവിടെ സ്വപ്‌നം കാണുന്നത്. പലതവണ ശ്രമിച്ച് പരാജയപ്പെട്ട സംസ്ഥാന നേതൃത്വത്തിലപ്പുറം ദേശീയ നേതൃത്വത്തിനാണ് ഇതില്‍ ഏറെ ശുഷ്‌കാന്തിയും. ബി.ഡി.ജെ.എസ് പോലെയുള്ള സംവിധാനങ്ങള്‍ സൃഷ്ടിച്ച് ഇടതു ചായ്‌വുള്ളവരെ കുടുക്കിവലിക്കാനും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് നല്ല നേതൃനിരയെ മുന്നില്‍ കാട്ടി കടന്നുവരാനും അങ്ങനെ ജനങ്ങളെ വശീകരിക്കാനുമാണ് പാര്‍ട്ടിയുടെ പദ്ധതികളെന്നറിയുന്നു.ഉത്തരേന്ത്യയില്‍ സവര്‍ണ ഹിന്ദുക്കളുടെ പാര്‍ട്ടിയെന്ന നിലക്കാണ് ബി.ജെ.പിക്ക് നില്‍നില്‍പ്പ്. ദലിതരും താഴ്ന്ന മറ്റു ജാതികളും വിഭാഗങ്ങളും ആ വലയത്തില്‍നിന്നും പുറത്താണ്. അവരോടുള്ള സഹകരണം സവര്‍ണ ഫാസിസ്റ്റ് ലോബികള്‍ അംഗീകരിക്കുകയുമില്ല. എന്നാല്‍, ഈയൊരു ടിക്കറ്റ് കേരളത്തില്‍ വിലപോകില്ലെന്ന് ബി.ജെ.പിയുടെ പുതിയ നേതൃത്വം ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. പിന്നാക്ക ഹൈന്ദവ വിഭാഗങ്ങളെയും മറ്റു ആദിവാസികളെയുമെല്ലാം കൂടെ നിര്‍ത്തിയാലേ തങ്ങളുടെ പദ്ധതി എളുപ്പത്തില്‍ വിജയം കാണൂ എന്നവര്‍ കണക്കുകൂട്ടുന്നു. അതിന്റെ ഭാഗമായാണ് സി.കെ. ജാനുവുമായും മറ്റും പാര്‍ട്ടി ഒരുക്കുന്ന സഹകരണങ്ങള്‍. 

മത ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ വിശിഷ്യാ, മുസ്‌ലിംകളോടുള്ള നിലപാടിന്റെ കാര്യത്തില്‍ ഭരണത്തിലേറിയതു മുതല്‍ മൗനം തുടരുന്ന പ്രധാനമന്ത്രി കേരളത്തിലെത്തിയതോടെ അതുപോലും തുറന്നുപറയാന്‍ തയ്യാറായി. ദക്ഷിണേന്ത്യയിലെ രാഷ്ട്രീയം ഉത്തരേന്ത്യയിലെ രാഷ്ട്രീയത്തില്‍നിന്നും തുലോം ഭിന്നമാണെന്ന് അദ്ദേഹം പഠിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളോട്, വിശേഷിച്ച് മുസ്‌ലിംകളോട് 50 വര്‍ഷം മുമ്പ് ഭാരതീയ ജനസംഘം പ്രസിഡന്റ് ദീനയാല്‍ ഉപാധ്യായ സ്വീകരിച്ച നയം തന്നെ തുടരാനാണ് തീരുമാനമെന്നാണ് മോദി കഴിഞ്ഞ ദേശീയ കൗണ്‍സിലിന്റെ സമാപന സമ്മേളനത്തില്‍ കോഴിക്കോട് വെച്ച് പ്രഖ്യാപിച്ചിരുന്നത്. മുസ്‌ലിംകളെ പ്രീണിപ്പിക്കുകയോ അവഹേളിക്കുകയോ ചെയ്യാതെ അവരെ ശുദ്ധീകരിക്കുന്നതാണ് ഈ നയമെന്നും അദ്ദേഹം തന്നെ വ്യക്തമാക്കി. കാലിക്കറ്റ് കോഴിക്കോട് ആയതുപോലെയാണത്രെ ഈ ഭാരതീയ ജനസംഘം ഭാരതീയ ജനതാ പാര്‍ട്ടിയായി പരിണമിച്ചത്. അത്രയും ലാഘവത്തിലായിരുന്നു മോദിയുടെ അവതരണം.സംസ്ഥാനത്തെ കയറിപ്പിടിക്കാന്‍ ആവുന്ന കഴിവുകളോടെയെല്ലാം ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന സംഘ്പരിവാര്‍ ഫാഷിസത്തെ ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. ജാതി മത ഭേദമന്യേ രാഷ്ട്രീയമായി ഐക്യപ്പെടുകയും ഈ ദുരന്തത്തെ ഇല്ലായ്മ ചെയ്യാന്‍ സംഘടിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത വന്നുപെട്ടിരിക്കുന്നു. അതിനുള്ള ശ്രമങ്ങള്‍ തുടങ്ങാന്‍ ഇനിയെങ്കിലും കേരളത്തിലെ മത രാഷ്ട്രീയ കോണുകളില്‍നിന്നും ചലനങ്ങളുള്‍ ഉണ്ടാവട്ടെയെന്ന് ആഗ്രഹിക്കുന്നു.