ദീര്‍ഘ കാലത്തെ മൗനത്തിനു ശേഷം പശുഭീകരവാദത്തെക്കുറിച്ച് മോദി ഇപ്പോള്‍ ഇടക്കിടക്ക് പ്രസ്താവനകളിറക്കാന്‍ തുടങ്ങിയിരിക്കുന്നു. പശുവിന്റെ പേരില്‍ ആളുകളെ കൊല്ലുന്നത് അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹം കുറച്ചുമുമ്പ് പറഞ്ഞത്. ഇപ്പോള്‍ മണ്‍സൂണ്‍ കാല പാര്‍ലമെന്റ് സെഷനു തൊട്ടുമുമ്പായി നടന്ന സര്‍വ്വ കക്ഷി യോഗത്തിലും മോദി ഇതു തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. പ്രധാനമന്ത്രിക്കുള്ളിലെ അവസരവാദി ഉണരുന്ന നേരങ്ങളാണിത്. ആളുകളുടെ ഭാഗത്തുനിന്നും പ്രതിഷേധങ്ങളും എതിര്‍പ്പുകളും വല്ലാതെ ഉയരുമ്പോള്‍ മാത്രം പ്രസ്താവന ഇറക്കുകയും ഗോരക്ഷകര്‍ കൊലവിൡനടത്തുമ്പോള്‍ മിണ്ടാതിരിക്കുകയും ചെയ്യുന്ന മോദി തന്റെ അജണ്ടകള്‍ നപ്പാക്കുകയാണ് മൗനരാഷ്ട്രീയത്തിലൂടെ. ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട രണ്ടു ഡസനിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദിര്‍ദാക്ഷിണ്യം കൊല്ലാക്കൊല ചെയ്യപ്പെടുകയും രാജ്യത്തും പുറത്തും ഇത് ചര്‍ച്ചാവിഷയമാകുകയും ചെയ്തപ്പോള്‍ മാത്രമാണ് ഇവ്വിഷയകമായി പ്രസ്താവനയിറക്കാന്‍ അദ്ദേഹം തയ്യാറായിരിക്കുന്നത്. അതുതന്നെ, കുറ്റവാളികള്‍ക്കു നേരെയുള്ള നിയമനടപടികളെക്കുറിച്ച് യാതൊന്നും സൂചിപ്പിക്കുകപോലും ചെയ്യാത്തവിധം, എവിടെയും തട്ടാത്ത നിലക്ക്, തികച്ചും തന്ത്രപരമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലക്ക് രാജ്യത്തെ ന്യൂനപക്ഷങ്ങളെ മാത്രം ഉന്നംവെക്കുന്ന ഈ ഭീഷണിയെ തുടച്ചുമാറ്റും വിധം എന്നോ നിയമനിര്‍മാണം വരെ നടത്തി പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട ആള്‍ ഇത്രയും കാലം അപകടകരമായ മൗനം പാലിച്ചത് ഇതിനു പിന്നിലെ നിഗൂഢമായ അജണ്ടയാണ് വ്യക്തമാക്കുന്നത്. കാലികളുടെ അറവ് നിരോധിച്ച സര്‍ക്കാര്‍ അത് ചെയ്യുന്നവരെ വകരുത്താനുള്ള മൗനാനുവാദം പാര്‍ട്ടിക്കാര്‍ക്ക് നല്‍കുകയായിരുന്നുവെന്നുവേണം മനസ്സിലാക്കാന്‍. അതുകൊണ്ടാണ് ഒന്നും രണ്ടുമല്ല, പത്തും പതിനഞ്ചും കൊലകള്‍ നടന്നിട്ടും മോദി മി്ണ്ടാതിരുന്നത്. പിന്നീടത് രാജ്യത്തും പുറത്തും വ്യാപക ചര്‍ച്ചയായതോടുകൂടെ മാത്രമാണ് മോദി മുഖം മിനുക്കാന്‍ പുറത്തുവന്നത്. അതുതന്നെ തികച്ചും കപടമായ മുഖത്തുടുകൂടെയും.കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവരികയാണ് മോദി ചെയ്യേണ്ടത്. അല്ലാതെ, അഹിംസയുടെ മഹത്വം പാടുകയല്ല. ബി.ജെ.പി ഭരണകൂടത്തിന്റെ മൗനസമ്മതമാണ് രാജ്യത്ത് സംഘികള്‍ അഴിഞ്ഞാടാന്‍ കാരണമെന്നത് പകല്‍വെളിച്ചംപോലെ വ്യക്തമായ കാര്യമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കാന്‍ മോദി സര്‍ക്കാര്‍ രംഗത്ത് വരാത്ത കാലത്തോളം രാജ്യത്ത് ഈ ദുരന്തം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. ന്യൂനപക്ഷ വിരുദ്ധത മാറ്റി നിര്‍ത്തി സര്‍ക്കാര്‍ ഇതിന് ചെങ്കൂറ്റം കാണിക്കുകയാണ് വേണ്ടത്. ഹിന്ദുത്വഫാസിസം രാജ്യത്തെ ന്യൂനപക്ഷങ്ങളോട് ചെയ്യുന്നത് ഭരണഘടനകൊണ്ടുമാത്രമല്ല, മനുഷ്യത്വത്തിന്റെ നിഘണ്ടു ഉപയോഗിച്ചുപോലും നീതികരിക്കാന്‍ കഴിയാത്തതാണ്. മുസ്‌ലിം ഇഷ്യൂകള്‍ വരുമ്പോള്‍ (അത് അയഥാര്‍ത്ഥമാകുമ്പോള്‍ തന്നെ) അത് കൊണ്ടാടുകയും ഭീകരതയും തീവ്രതയുമായി ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നവര്‍തന്നെ സംഘ്പരിവാര്‍ ഭീകരതക്കെതിരെ കണ്ണടക്കുകയാണ് ചെയ്യുന്നത്. യു.പി അടക്കം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും ഇത് കണ്ടുകൊണ്ടിരിക്കുന്നു. ഇതിനെതിരെ രാജ്യത്തെ മനസ്സാക്ഷിയുള്ളവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സാമൂഹിക, രാഷ്ട്രീയ, സാഹിത്യ മേഖലകളില്‍നിന്നെല്ലാം ഇതിനെതിരെ ശബ്ദവും പ്രതിഷേധവും ഉയരേണ്ടതുണ്ട്. ഫാസിസം മൗനത്തില്‍നിന്നും ഊര്‍ജം സ്വീകരിക്കുമ്പോള്‍ ഓര്‍മകള്‍കൊണ്ട് പ്രതിരോധം തീര്‍ക്കാന്‍ എല്ലാവരും കൈകോര്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര മൂല്യങ്ങള്‍ ഇനിയും ശക്തിപ്പെടണം. അപ്പോഴേ ഇന്ത്യ ഇന്ത്യയാവൂ.