സലാഹിന്റെ മാന്ത്രികക്കാലുകള്‍ ഇസ്‌ലാംഭീതിയുടെ കാറകറ്റുമോ?!

ഡോ. ഖുര്‍റതുല്‍ ഐന്‍

31 May, 2018

+ -
image

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ അപ്രത്യക്ഷമാകുന്നത് ഇസ്‌ലാമോഫോബിയയുടെ കറുത്ത കാര്‍മേഘങ്ങളോ? ലോക കായിക പ്രേമികളുടെ കണ്ണിലെ ആവേശമായി മാറിയ സലാഹ് കളിക്കളത്തിലും പുറത്തും അസാധ്യതയുടെ പുതിയ വാതിലുകളാണ് തുറന്നുവെച്ചിരിക്കുന്നത്. 

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ റയല്‍ മാഡ്രിഡ് നായകന്‍ സെര്‍ജിയോ റാമോസുമായുള്ള പോരാട്ടത്തില്‍ തോളെല്ലിന് പരിക്കേറ്റ് നിറ കണ്ണുകളോടെ പിന്‍മാറിയപ്പോള്‍ റഷ്യന്‍ ലോകക്കപ്പിന് സലാഹുണ്ടാകണം എന്ന പ്രാര്‍ത്ഥനയിലായിരുന്നു കായിക പ്രേമികള്‍ ഒന്നടങ്കം. താന്‍ കളിക്കാനുണ്ടാകുമെന്ന് സലാഹ് തന്നെ വ്യക്തമാക്കിയതോടെ ലിവര്‍പൂള്‍ സപ്പോര്‍ട്ടേഴ്‌സിനിടയില്‍ ആവേശത്തിന്റെ പെരുമഴ വര്‍ഷിച്ചിരിക്കയാണ്.

നേട്ടങ്ങളുടെ മാന്ത്രികക്കാലുകള്‍

തന്റെ മാന്ത്രികക്കാലുകള്‍കൊണ്ട് വിസ്മയങ്ങള്‍ രചിക്കുകയായിരുന്ന 25 കാരനായ സലാഹ് തന്റെ കായിക ജീവിതത്തിലുടനീളം. അരങ്ങേറ്റ സീസണില്‍ തന്നെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ ചരിത്രം തുന്നിച്ചേര്‍ത്ത അദ്ദേഹം വളരെ വേഗത്തില്‍ തന്നെ മികച്ച പ്രീമിയര്‍ ലീഗ് കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം മൂന്നു തവണ പ്ലയര്‍ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെടുന്നത്.

അരങ്ങേറ്റ സീസണില്‍ തന്നെ പ്രീമിയര്‍ ലീഗില്‍ 29 ഗോളുകളാണ് സലാഹ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. റോമയില്‍നിന്നും ലിവര്‍പൂളിലേക്കുള്ള കവാടം അങ്ങനെ തുറക്കപ്പെട്ടു. സലാഹിന്റെ ഗോളടി മികവ് ലിവര്‍പൂളിന് വന്‍ കുതിപ്പാണ് സമ്മാനിച്ചിരുന്നത്. 

ലോക ഫുട്‌ബോളില്‍ മെസ്സിയും ക്രിസ്റ്റിയാനോ റൊണാല്‍ഡോയും വര്‍ഷങ്ങളായി കുത്തകയാക്കിവെച്ച സ്ഥാനങ്ങളിലാണ് സലാഹ് വിള്ളല്‍ വീഴ്ത്തിയിരിക്കുന്നത്. വന്‍ ആരാധക വൃന്ദം തന്നെ അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ രംഗത്ത് വന്നിരിക്കുന്നു. റോമക്കെതിരെ ഓരോ ഗോള്‍ പൂര്‍ത്തിയാക്കുമ്പോഴും വന്‍ ആര്‍പ്പുവിളികളോടെയാണ് ലിവര്‍പൂള്‍ ആരാധകര്‍ അദ്ദേഹത്തെ എതിരേറ്റിരുന്നത്. ഈജിപ്ഷ്യന്‍ കിംഗ് എന്ന് വിശേഷിപ്പിച്ച് ഗ്യാലറിയില്‍ വലിയ ബാനറുകള്‍ ഉയര്‍ത്തപ്പെട്ടിരുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പാണ് സലാഹ് ഇറ്റാലിയന്‍ ക്ലബ് എ.എസ് റോമയില്‍ നിന്നും ലിവര്‍പൂളില്‍ ചേരുന്നത്. 42 ദശ ലക്ഷം യൂറോയുടെ കരാര്‍. എന്നാല്‍, ഇത് ലിവര്‍പൂളിലന് വലിയ ഫലം ചെയ്യുമെന്ന നിരീക്ഷണങ്ങളുണ്ടായിരുന്നില്ല. എന്നാല്‍, സര്‍വ്വ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്നതായിരുന്നു പിന്നീട് സലാഹിന്റെ അരങ്ങേറ്റം.

നാലു പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇപ്പോള്‍ ഈജിപ്ത് ലോകക്കപ്പിന് യോഗ്യത നേടുന്നത്. സലാഹിന്റെ മാന്ത്രികക്കാലുകള്‍ പിറന്ന നാടിന് ലോകക്കപ്പിലേക്കുള്ള റഷ്യന്‍ ടിക്കറ്റ് നേടിക്കൊടുക്കുകയായിരുന്നു. ലോക റാങ്കില്‍ 30 റാങ്കിലുള്ള ഈജിപ്ത് സലാഹിലൂടെ റഷ്യയില്‍ കറുത്ത കുതിരകളാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

കളിക്കളത്തിലും മതം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 32 ഗോളുകള്‍ നേടി ഗോള്‍ഡന്‍ ബൂട്ടും മികച്ച താരവുമായി തെരഞ്ഞെടുക്കപ്പെട്ട സലാഹ് ഇന്ന് ഫുട്‌ബോള്‍ ലോകം ഏറ്റവുമധികം ചര്‍ച്ചചെയ്യുന്ന പേരുകളിലൊന്നാണ്. ജീവിതത്തിലും കളിക്കളത്തിലും തന്റെ വിശ്വാസം മുറുകെ പിടിക്കുന്നുവെന്നതാണ് അദ്ദേഹത്തെ പലരില്‍നിന്നും വ്യതിരിക്തമാക്കുന്ന സുപ്രധാനമായൊരു ഘടകം. ഓരോ ഗോളുകള്‍ നേടുമ്പോഴും കളിക്കളത്തില്‍ സാഷ്ടാംഗത്തില്‍ വീഴുന്ന സലാഹ് ആരാധകരുടെ ആവേശമായി മാറിയിട്ടുണ്ട്. വ്യക്തി ജീവിതത്തിലും മതത്തിന് വലിയ പ്രാധാന്യമാണ് സലാഹ് കല്‍പിക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ മേഘമുരുകുമോ?

ലിവര്‍പൂള്‍ സപ്പോര്‍ട്ടേഴ്‌സിനിടയില്‍ ആവേശമായി പടരുന്ന സലാഹിന്റെ ഫുട്‌ബോള്‍ മാന്ത്രികത വര്‍ദ്ധിച്ചുവരുന്ന ഇസ്‌ലാംഭീതിയെ ഉരുക്കിക്കളയുമോ എന്നാണ് നിരീക്ഷകരുടെ പുതിയ ചോദ്യം. ഇസ്‌ലാം ഭീതിയുടെ ഈറ്റില്ലമായ ബ്രിട്ടന്‍ പോലും സലാഹിന്റെ മാന്ത്രികതയില്‍ വിലയിക്കുമ്പോള്‍ കളിക്കളത്തിനു പുറത്തും ആ ആരവം പോസിറ്റീവായി പടരുമോ എന്നതാണ് പ്രതീക്ഷ. 

1970 കളിലും 1980 കളിലും കളിക്കളങ്ങള്‍ വര്‍ഗീയ വിദ്വേഷ പ്രഘോഷണങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. കറുത്ത വര്‍ഗക്കാരും ന്യൂനപക്ഷ കളിക്കാരുമാണ് ഇതിന് പലപ്പോഴും പാത്രമായിരുന്നത്. ഇക്കാലത്ത് സ്റ്റേഡിയത്തില്‍ ഉയര്‍ന്നുകേട്ടിരുന്ന ആരവങ്ങള്‍ പോലും വര്‍ഗീയതയുടെ വിഭജന ചുവയുള്ളതായിരുന്നു. യു.കെയും ഇതിന്റെ പിന്നണി പ്രവര്‍ത്തകരില്‍ മുന്നിലുണ്ടായിരുന്നു.

എന്നാല്‍, സലാഹിനു വേണ്ടി സ്‌റ്റേഡിയങ്ങളില്‍നിന്നുമുയരുന്ന ആരവങ്ങള്‍ നേരെ മറിച്ചാണ്. സഹിഷ്ണുതയുടെ പുത്തന്‍ പുലരി സാധ്യമാക്കുന്നതാണ് ലിവര്‍പൂള്‍ ആരാധകരുടെ പ്രതീക്ഷയുളവാക്കുന്ന വൈകാരിക ആഘോഷങ്ങള്‍. 'സലാഹ് ഇനിയും നേട്ടങ്ങളുടെ കൊടുമുടി താണ്ടിയാല്‍ ഞങ്ങള്‍ അവനോടൊപ്പം മുസ്‌ലിമാകും' എന്നുവരെ ചിലര്‍ അറിയാതെ പറഞ്ഞുപോകുന്നു. 

സലാഹിനുവേണ്ടിയുള്ള ഈ ആരവങ്ങളും പിന്തുണകളും പൊതുതലത്തിലെ പുതിയൊരു മാറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത് എന്നാണ് നിരീക്ഷണം. അടിക്കടി കൂടിക്കൊണ്ടിരിക്കയാണ് സലാഹിന്റെ ആരാധകരുടെ എണ്ണം. ബ്രിട്ടീഷ് ഫുട്‌ബോളിന് അടിസ്ഥാനപരമായും വര്‍ഗീയ മുഖമുണ്ടെങ്കിലും സലാഹിലൂടെ അതിന് ഐക്യത്തിന്റെ പുതിയൊരു മുഖം കൈവരുന്നോ എന്നത് പ്രതീക്ഷയുടെ തിരിനാളം തെളിക്കുന്നു.

കളത്തിനു പുറത്തും ആവേശം

കളിക്കളത്തിനകത്തു മാത്രമല്ല, കളത്തിനു പുറത്തും സലാഹ് ലോകത്തിന്റെ വിശിഷ്യാ, ഈജിപ്തുകാരുടെ ആവേശവും റോള്‍മോഡലുമായി മാറിയിട്ടുണ്ട് ഇന്ന്. തന്റെ സാലറിയുടെ വലിയൊരു ഭാഗവും സ്വന്തം ജന്മനാട്ടില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ചാരിറ്റബിള്‍ പ്രോജക്ടുകള്‍ക്കുമായാണ് അദ്ദേഹം നീക്കിവെക്കുന്നത്. ഇത് കളത്തിനു പുറത്തും നിര്‍മിക്കപ്പെടുന്ന മാനസിക അകല്‍ച്ചകളെ കുറക്കാന്‍ വലിയ നിലക്കു തന്നെ സഹായകമാകുന്നു.