നിപ തരുന്ന പാഠങ്ങളും കരുതലുകളും

ഡോ. ശക്കീല്‍ ഫിര്‍ദൗസി

29 May, 2018

+ -
image

രണ്ടാഴ്ചയിലേറെയായി കേരളത്തില്‍ പതിനഞ്ചോളം പേരുടെ ജീവനെടുത്ത നിപ വൈറസ് ഭീഷണിക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. വൈറസിന്റെ ഉത്ഭവം എവിടെയായിരുന്നുവെന്നതും അതിനുള്ള ചികിത്സ എന്താണെന്നതും വ്യക്തതയില്ലാതെത്തന്നെ തുടരുന്നു. 

പേരാമ്പ്രയിലെ ഒരു കുടുംബത്തില്‍നിന്നും നാലു പേരുടെ മരണത്തിന് വഴിയൊരുക്കിയാണ് കേരളത്തെ മൊത്തം ഭീതിയിലാഴ്ത്തിയ ഈ വൈറസ് കടന്നുവരുന്നത്. കേട്ടുകേള്‍വി മാത്രമുള്ള വസൂരിക്കാലത്തെ അനുഭവങ്ങളുടെ ആവര്‍ത്തനമായിരുന്നു പിന്നീട്. 

മരിച്ച മയ്യിതിനെ ബന്ധുക്കള്‍ക്ക് കാണാന്‍ പോലും വിട്ടുകൊടുക്കാതെ ഖബ്‌റകടക്കുന്ന ഭീകര രംഗമാണുണ്ടായത്. ജനാസ പേക്ക് ചെയ്ത ശേഷം വളരെ അകലത്തില്‍ വെച്ച് നിസ്‌കരിക്കുകയും ആറടിക്കു പകരം പത്തടി താഴ്ച്ചയില്‍ മറമാടുകയും ചെയ്യുന്ന അവസ്ഥ നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്തതാണ്. പക്ഷെ, അങ്ങനെയൊരു ദുരന്ത കാഴ്ച്ച നിപയുടെ വരവോടെ നമ്മുടെ മുമ്പിലുമുണ്ടായി. 

വവ്വാലില്‍ തുടങ്ങി വിവിധ കാരണങ്ങള്‍ വൈദ്യശാസ്ത്രം ഇതിനു പറഞ്ഞുനോക്കുന്നുണ്ടെങ്കിലും അനുമാനങ്ങള്‍ക്കപ്പുറം അതിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും ആവൃതമായി തന്നെ കിടക്കുന്നു. 

ഏതായാലും, പിടികിട്ടാത്ത ഇത്തരം മഹാമാരികള്‍ വലിയ ചിന്തകളും പാഠങ്ങളുമാണ് മനുഷ്യനു മുമ്പില്‍ വിശിഷ്യാ, വിശ്വാസിയുടെ മുമ്പില്‍ ഇട്ടേച്ചുപോകുന്നത്. ഉത്തരം കിട്ടാത്ത ചോദ്യങ്ങളെപ്പോലെയുള്ള ഇത്തരം ഭീകര വൈറസുകള്‍ സ്രഷ്ടാവിനു മുമ്പില്‍ മനുഷ്യനെ വിനയാന്വിതനാക്കുന്നു. അവന്റെ നിസ്സഹായത അവന്‍ ശരിക്കുമിവിടെ തിരിച്ചറിയുന്നു. 

മനുഷ്യകരങ്ങളാണ് ഭൂമിയില്‍ ദുരന്തങ്ങള്‍ക്ക് വഴിമരുന്നിടുന്നതെന്ന ഖുര്‍ആന്‍ ബോധനം ഇവിടെ വിഷയീഭവിക്കേണ്ടതുണ്ട്. അവന്റെ ദുഷ്‌ചെയ്തികളും അധര്‍മപ്രവര്‍ത്തനങ്ങളും പരീക്ഷണങ്ങള്‍ക്കും കണ്ണ് തുറപ്പിക്കലുകള്‍ക്കും അവസരങ്ങളൊരുക്കിയേക്കാം. നിപയും അപകടകാരികളായ മറ്റു പലതരം പനികളും ഈ ഗണത്തില്‍ വായിക്കുന്നതാണ് ഏറെ ചിന്തനീയം. 

രോഗം പടര്‍ന്നുപിടിച്ച നാട്ടിലേക്ക് യാത്ര ചെയ്യരുതെന്നും അവിടത്തുകാര്‍ മറ്റു സ്ഥലങ്ങളിലേക്ക് നീങ്ങരുതെന്നും ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കാണാം. സുരക്ഷയുടെയും രോഗവ്യാപനത്തെ തടയുന്നതിന്റെയും ഭാഗമായിട്ടാണിത്. അനുയോജ്യവും ഫലപ്രദവുമായ ചികിത്സയും ഇത്തരം രോഗങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതായിട്ടുണ്ട്. മരുന്നുകള്‍ ഉപയോഗിക്കുന്നതോടൊപ്പം ഇത്തരം വിപത്തുകളില്‍നിന്നും മോചനം ലഭിക്കാന്‍ അല്ലാഹുവിനോട് നിരന്തരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടതുണ്ട്. 

മലബാറില്‍ വസൂരി പടര്‍ന്നുപിടിച്ച കാലത്ത് മറ്റു പലതരം ചികിത്സകളോടൊപ്പംതന്നെ മന്‍ഖൂസ് മൗലിദ് പാരായണം ചെയ്ത് പ്രാര്‍ത്ഥിക്കാന്‍ പൊന്നാനി സൈനുദ്ദീന്‍ മഖ്ദൂം നിര്‍ദ്ദേശിച്ചത് അതിനാലായിരുന്നു. രോഗം നല്‍കുന്ന നാഥനോട് മനമുരുകി പ്രാര്‍ത്ഥിക്കുമ്പോഴാണ് ഏതു രോഗവും പിന്‍വലിക്കപ്പെടുന്നത്. മരുന്നുകളും ചികിത്സകളും അതിന്റെ ഭൗതികമായ നിമിത്തങ്ങള്‍ മാത്രം. രണ്ടും അതിന്റെ വഴിയില്‍ നടക്കണം. മരുന്ന് നല്‍കുന്നതും അതിലൂടെ രോഗത്തിന് ശമനം നല്‍കുന്നതും അല്ലാഹു തന്നെയാണ്. 

മനുഷ്യന്‍ കൂടുതല്‍ ദൈവവിശ്വാസിയായി മാറുകയാണ് ഇത്തരം മഹാമാരികള്‍ക്കു മുമ്പില്‍. ജീവിതം കൂടുതല്‍ കരുതലുകളോടും സൂക്ഷ്മതയോടുമാകണമെന്ന് ഇത് മനുഷ്യനെ പഠിപ്പിക്കുന്നു.