'ആമി'യില്‍നിന്നും കമല സുരയ്യയിലേക്കുള്ള ദൂരം

സവാദ് ഹുദവി കട്ടക്കാല്‍

28 February, 2018

+ -
image

ദൃശ്യ മേഖലകളില്‍ ജനം സ്വീകാര്യതയോടെ ഏറ്റെടുത്തിരിക്കുന്ന വലിയൊരു സംവിധാനമാണ് സിനിമ. ഇതേ മാധ്യമം ഉപയോഗിച്ചാണ് പല രാജ്യങ്ങളും പല രാഷ്ട്രീയ പാര്‍ട്ടികളും പല സംഘടനകളും അവരുടെ ആശയങ്ങള്‍ ജനത്തിലെത്തിക്കാന്‍ ശ്രമം നടത്താറുള്ളത്. ശരിയായ വഴിയിലൂടെ പ്രവേശിക്കുമ്പോഴുണ്ടാവുന്ന മാര്‍ഗ്ഗ തടസ്സങ്ങളും നിയമ വേലികളും പലരെയും ഈ മാധ്യമത്തിലേക്ക് തിരിക്കുന്നുണ്ട്. പ്രത്യേകിച്ച് ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന അടിസ്ഥാന അവകാശത്തിന്റെ പിന്‍ബലത്തില്‍. മേല്‍പ്പറഞ്ഞ ഭരണഘടനാ അവകാശമനുസരിച്ച് ആര്‍ക്കും എന്തും ചെയ്യാമെങ്കിലും അതും ചെയ്യുന്നവന്റെ മാന്യതയുടെ മുഖംമൂടി വലിച്ചെറിഞ്ഞ് കൊണ്ടോ, അപരന്റെ മനസ്സിനെയോ, മതത്തിനെയോ, മറ്റൊരു വര്‍ഗ്ഗത്തേയോ മുറിവേല്‍പ്പിച്ച് കൊണ്ടോ ആവരുതെന്ന വലിയൊരു നിര്‍ദേശവും ഭരണഘടന തന്നെ വെച്ചിട്ടുണ്ട്.

ഈ കുറിപ്പിന്റെ തലവാചകം കണ്ടാല്‍ ഉടനെ അഡാര്‍ ലൗ എന്ന സിനിമയും ഗാനവും ചിലരുടെ മനസ്സിലേക്ക് ഓടിയെത്തുമെങ്കിലും അതിനേക്കാളും തീവ്ര വേദനയോടു കൂടി ചരിത്ര വക്രീകരണം നടത്തിയ മറ്റൊരു സിനിമ നമ്മുടെ മുന്നിലൂടെ കടന്നു പോയത് ആരും ശ്രദ്ധിക്കാതെ പോയോ എന്നൊരു വിലാപമുണ്ട്. ചരിത്രങ്ങള്‍ എക്കാലത്തും സ്മരണീയമായി ഇവിടെ നിലനിര്‍ത്താന്‍ സിനിമകള്‍ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ നല്ല മനസ്സോടെ ചെയ്യേണ്ട ഇത്തരം കാര്യങ്ങള്‍ സന്തോഷങ്ങള്‍ക്കപ്പുറം പലര്‍ക്കും വിഷമങ്ങള്‍ സമ്മാനിച്ചാണ് കടന്നു പോവുന്നത്.

അടുത്തു വന്ന പല സിനിമകളിലും ഇതുപോലെ മുസ്ലിം വേഷങ്ങളും ചരിത്രങ്ങളുമൊക്കെ വക്രീകരണത്തോടെയാണ് ചിത്രീകരിക്കപ്പെടുന്നത്. അഭ്രപാളിയില്‍ പടയൊരുങ്ങുന്ന ചിത്രങ്ങളുടെ പിന്നാമ്പുറത്ത് പോലും ഇതേ വക്രീകരണങ്ങള്‍ തയ്യാറക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്ന സത്യം നമ്മില്‍ പലര്‍ക്കും അറിയാതെ പോവുന്നു. മുമ്പുള്ള സിനിമകളൊന്നും ഇവിടെ ചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. അങ്ങനെവന്നാല്‍ ചില തിരക്കഥാ കൃത്തുകള്‍ക്ക് അതിന് മാത്രമേ സമയമുള്ളൂ എന്ന് ചോദിക്കേണ്ട ഗതികേട് പോലും വന്നുപെട്ടേക്കാം.

പറഞ്ഞു വരുന്നത് ഈ ഫെബ്രുവരിയില്‍ റിലീസായ ആമി എന്ന സിനിമയെ കുറിച്ച് തന്നെയാണ്. കമലാ സുരയ്യയെന്ന വിഖ്യാത സാഹിത്യകാരിയെ ചരിത്ര വക്രീകരണത്തിലൂടെയാണ് സംവിധായകനും തിരക്കഥാ കൃത്തുമായ കമല്‍ അവതരിപ്പിച്ചിട്ടുള്ളത്. കമലാ സുരയ്യയുടെ ഇസ്ലാമിക ആശ്ലേഷണം ഇന്ത്യയില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ട ഒരു കാര്യമായിരുന്നല്ലോ. അതില്‍ സത്യമെന്തെന്നറിയാതെയാണോ കമല്‍ ഈ സിനിമയെടുത്തതെന്ന് സംശയിക്കപ്പെടേണ്ടിരിക്കുന്നു. മതം മാറ്റത്തിന് ശേഷം അവരോട് നടന്ന ഏതെങ്കിലും അഭിമുഖങ്ങളിലെങ്കിലും സിനിമയിലുള്ളത് പോലെ സ്‌നേഹത്തിന് വേണ്ടി മതംമാറിയെന്ന് പറഞ്ഞതായി ഓര്‍ക്കുന്നുണ്ടോ?

ഖത്തറില്‍ നടന്ന സ്റ്റേജ് പരിപാടിയില്‍ വളരെ വിശാലമായി തന്നെ തന്റെ ഇസ്ലാമിക ആശ്ലേഷണത്തെ കുറിച്ച് അവര്‍ വിശദീകരിക്കുന്നുണ്ട്. വിവേകപൂര്‍വ്വവും ചിന്തിച്ചും പഠിച്ചുമാണ് ഇത്തരമൊരു മതംമാറ്റത്തെ കുറിച്ച് ചിന്തിച്ചതും പ്രവര്‍ത്തിച്ചതുമെന്നും, ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയോ ആരോടെങ്കിലുമുള്ള വിവാഹ താത്പര്യമോ പ്രണയമോ അല്ല ഇതിന് പിന്നിലെന്നും അവര്‍ അവിടന്ന് വിശദീകരിച്ചിരുന്നു. പിന്നെ സിനിമയില്‍ അവതരിപ്പിച്ചത് പോലെ വിവാഹത്തിന് വേണ്ടി മതംമാറിയെന്നത് ചരിത്ര വക്രീകരണമല്ലേ?

അത് ആ സാഹിത്യകാരിയോട് ചെയ്യുന്ന ക്രൂരതയല്ലേ?. പല ഗോസിപ്പുകളും പല ആരോപണങ്ങളും പലരേയും കുറിച്ച് ജനം ചര്‍ച്ച ചെയ്‌തേക്കാം. അതെല്ലാമെടുത്ത് സിനിമയെടുക്കുന്നത് അവരോട് ചെയ്യുന്ന പാതകം തന്നെയല്ലേ?. കേരളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായി എണ്ണുന്ന കമലില്‍ നിന്നും ഇതു സംഭവിച്ചത് ഏറെ വേദനയോടു കൂടെ തന്നെ നാം കാണേണ്ടിരിക്കുന്നു.

മാസങ്ങള്‍ക്ക് മുമ്പ് മഹേഷ് നാരായണന്‍ തിരക്കഥയെഴുതി ചിത്രീകരിച്ച ടേക്ക് ഓഫ് എന്ന സിനിമയിലെ രംഗങ്ങളാണ് മുസ്ലിംകളെയും ഇസ്ലാമിനേയും ഏറെ വേദനിപ്പിച്ച മറ്റൊരു സിനിമ. ഇറാഖിലെ യുദ്ധ സാഹചര്യങ്ങളെ മുന്നില്‍ നിര്‍ത്തിയായിരുന്നു സിനിമയുടെ കഥ തയ്യാറാക്കപ്പെട്ടിട്ടുള്ളത്. 

ഇവിടെ ശക്തമായ തേരോട്ടമുള്ള ഐ എസ് ഭീകരന്മാരാണ് മറുവശത്ത് ആക്രമണം അഴിച്ചു വിടുന്നത്. പക്ഷേ ഐ എസിന്റെ പിടിയില്‍ അകപ്പെടുന്ന നഴ്‌സുമാരോട് രക്ഷപ്പെടാന്‍ വേണ്ടി വല്ല ഖുര്‍ആനിക സൂക്തവും അറിയുമോ എന്നു ആരായുന്നു. ഉടനെ കൂട്ടത്തിലുണ്ടായ ഒരു കുട്ടി സൂറത്തുല്‍ ഇഖ്‌ലാസ് (ഖുര്‍ആനിലെ ഏറ്റവും ചെറിയ അദ്ധ്യായം) ഓതിക്കേള്‍പ്പിക്കുന്നു. 

ഇതോടെ അവരെ വെറുതെ വിടുന്നു. ഇതിലൂടെ കഥാകൃത്ത് സമൂഹത്തിന് നല്‍കുന്ന സന്ദേശം ഖുര്‍ആന്‍ അറിയുന്ന മുസ്ലിം നാമധാരികളാണ് ഐ എസ് തീവ്രവാദികളെന്ന്. തീവ്രവാദത്തേയും ഭീകരവാദത്തെയും ഇന്നേവരെ ഇസ്ലാം പ്രോത്സാഹിപ്പിച്ചിട്ടില്ല. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പഠിച്ച ആര്‍ക്കും ഇതിലേക്ക് പ്രവേശിക്കാന്‍ സാധിക്കുകയില്ലെന്നത് ഉറച്ച് പറയാന്‍ സാധിക്കുന്ന പരമാര്‍ത്ഥമാണ്. ഐ എസിന്റെ പിന്നാമ്പുറങ്ങളന്വേഷിച്ചാല്‍ ശരിക്കുമൊരു മുസ്ലിം അതില്‍ കാണുകയില്ലെന്ന് തന്നെ പറയേണ്ടിവരും. 

ഖുര്‍ആന്‍ പഠിച്ച ഒരാള്‍ക്കും ഇത് പോലെ ക്രൂരത കാട്ടാനൊക്കുകയുമില്ല. സ്വമതത്തില്‍ പെട്ടവരെ തന്നെ വധിക്കുന്ന ഇവരെ മുസ്ലിംകളായി ചിത്രീകരിക്കുന്ന സംവിധായകര്‍ക്ക് ഒന്നുകില്‍ ഇസ്ലാമിനെ കുറിച്ച് അടിസ്ഥാന വിവരമില്ല അല്ലെങ്കില്‍ ഐ എസ് എന്ന തീവ്രവാദികളെ കുറിച്ച് വിശദമായ പഠനം നടത്തിയിട്ടില്ല. ചരിത്രങ്ങളോ സത്യങ്ങളോ പഠന വിധേയമാക്കാതെയാണ് ഇത്തരം സിനിമകള്‍ പുറം കാണുന്നതോര്‍ക്കുമ്പോഴാണ് സംവിധായകരോട് ദേശ്യം തോന്നുന്നത്.

റിലീസിനൊരുങ്ങുന്ന അഡാര്‍ ലൗ എന്ന സിനിമയുടെ ഗാനത്തെ കുറിച്ച് ഇനിയും കൂടുതല്‍ ചര്‍ച്ചിക്കാതിരിക്കലാണ് നല്ലത്. ഇസ്ലാമിക ചരിത്രങ്ങളോട് നീതി കാണിക്കുന്നതാകണം ഇത്തരം സിനിമകള്‍ എന്ന മിനിമം വഴിയെങ്കിലും ഈ മേഖലയില്‍ പിന്തുടരപ്പെടേണ്ടതുണ്ട്. 

ഇതോടെ അവസാനിച്ചുവെന്ന് കരുതരുത്. സ്വാതന്ത്ര്യ സമര സേനാനിയായ കുഞ്ഞാലി മരയ്ക്കാറെ കുറിച്ചുള്ള സിനിമ അഭ്രപാളിയില്‍ ഒരുങ്ങുന്നുണ്ട്. അതും ഇതുപോലെ ചരിത്ര വ്ക്രീകരണത്തിനിരയാവുമോ എന്ന ആശങ്ക ഇപ്പോള്‍ തന്നെയുണ്ട്. 

ആരുടെയും അവകാശ സ്വാതന്ത്ര്യത്തേയോ ആവിഷ്‌കാര സ്വാതന്ത്ര്യത്തേയോ ചോദ്യം ചെയ്യുന്നതല്ല. പക്ഷേ, ഒരാളുടെ ഹൃദയത്തിലും മുറിവുകള്‍ സമ്മാനിച്ചും കഴിഞ്ഞു പോയ മഹാത്മാക്കളുടെ ജീവിതങ്ങളെ വളച്ചൊടിച്ചും അത് ചെയ്യാതിരിക്കലാണ് ഭേദം. അവിടെ നഷ്ടപ്പെട്ടുപോവുന്നത് നേരായ വഴിയില്‍ കുറിച്ചു വെച്ച ചരിത്രങ്ങളും ആ കഥാപാത്രങ്ങളോടുള്ള സ്‌നേഹവും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ചില മതവിശ്വാസികളോടുള്ള അനാവശ്യ വെറുപ്പും സമ്പാദിക്കും. നന്മകള്‍ ചെയ്തില്ലേലും തിന്മകള്‍ ചെയ്യില്ലെന്ന് നാം ഉറപ്പ് വരുത്തട്ടെ.