'ഹലാല്‍ ഫായിദ'യും കേരളത്തിളെ കമ്യൂണിസ്റ്റ് 'പൊളിറ്റിക്‌സും'

സിദ്ധീഖ് നദ് വി ചേരൂര്‍

28 December, 2017

+ -
image

സി പി എമ്മിന്റെ നേതൃത്വത്തില്‍ കണ്ണുര്‍ ജില്ലയില്‍ പല ബിസിനസുകളും നടക്കുന്നുണ്ട്. വിസ്മയ അമ്യൂസ്‌മെന്റ് പാര്‍ക്കു മുതല്‍ പാര്‍സല്‍ സര്‍വീസ് വരെ. ഇന്ത്യന്‍ കോഫി ഹൗസും സിപിഎം അനുഭാവികളുടെ വാണിജ്യ സംരംഭം തന്നെ. കൂടാതെ നിരവധി സഹകരണസംഘങ്ങളും സൊസൈറ്റികളും അവര്‍ നടത്തുന്നു. 

ഇത്തരം സൊസൈറ്റികളുടെ കീഴില്‍ ആസ്പത്രികളും നഴ്‌സിംഗ് കോളേജുകള്‍ വരെ ഇവര്‍ നടത്തികൊണ്ടു പോകുന്നു. ഇതിലൂടെ കുറേ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്ന് മാത്രമല്ല, അവരെയെല്ലാം പാര്‍ടിയുടെ സജീവ പ്രവര്‍ത്തരാക്കി മാറ്റാനും പാര്‍ട്ടിക്ക് കഴിയുന്നു. കൂടാതെ പാര്‍ട്ടി ശക്തിപ്പെടുന്നതിലൂടെയും ഭരണം ലഭിക്കുകയും നില നിര്‍ത്തുകയും ചെയ്യന്നതിലൂടെയും തങ്ങളുടെ ഉപജീവനമാര്‍ഗമാണ് ഭദ്രമാകുന്നതെന്ന തിരിച്ചറിവ് കാരണം പാര്‍ട്ടിക്ക് വേണ്ടി 'ആത്മാര്‍ത്ഥമായി ' പണിയെടുക്കാന്‍ അവര്‍ മുന്‍പന്തിയിലുണ്ടാകുന്നു. 

സൈദ്ധാന്തികമായ ശരിതെറ്റുകളോ നയപരിപാടികളിലെ സുതാര്യതയോ ജനങ്ങളെ ആകര്‍ഷിക്കാനും അടുപ്പിക്കാനും പര്യാപ്തമല്ലെന്ന തിരിച്ചറിവില്‍ നിന്നായിരിക്കാം വാണിജ്യവല്‍ക്കരണത്തിലേക്ക് ശ്രദ്ധ വഴുതി വീണത്.

ഇവരെ അനുകരിച്ച് ചില മത സംഘടനകളും ഈ രീതി സ്വീകരിച്ചതായി കേള്‍ക്കുന്നു. ഉപജീവനമാര്‍ഗവും ആദര്‍ശ പ്രചാരണവും പരസ്പര ബന്ധിതമാകുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ ഒരു പ്രത്യേക സുഖം കിട്ടുമല്ലോ.

പറഞ്ഞു വരുന്നത് അതല്ല. കേരളത്തില്‍ സി പി എമ്മിന് മുസ്ലിം - ന്യൂനപക്ഷ വിഭാഗങ്ങള്‍ വോട്ടു ബാങ്ക് മാത്രമായിരുന്നു അടുത്ത കാലം വരെ. ഓരോ തെരഞ്ഞെടുപ്പിലും എങ്ങനെ അവരെ കൂടെ നിര്‍ത്താം എന്നതാണ് അവരുടെ നോട്ടം. അതിന് വേണ്ട ചെപ്പടിവിദ്യകളും സൂത്രവാക്യങ്ങളും അവര്‍ പയറ്റും.

മുസ്ലിംകളുടെ കയ്യില്‍ വോട്ടു മാത്രമല്ല കാശും ഉണ്ടെന്ന് സി പി എമ്മു കാര്‍ തിരിച്ചറിയുന്നത് അടുത്ത കാലത്താണ്. മുസ്ലിംകള്‍ക്കിടയില്‍ മതപരമായ കണിശത കാരണം നിലവിലുള്ള ബാങ്കുകളില്‍ പണം നിക്ഷേപിക്കാതെ മാറി നില്‍ക്കുന്ന നിരവധി പേരുണ്ടെന്ന് അവര്‍ കണ്ടെത്തി. അതോടെ ആധി വര്‍ധിച്ചു. ആ പണം തരപ്പെടുത്താന്‍ വേണ്ട സൂത്രപ്പണിയിലായി പ്രമുഖരുടെ ശ്രദ്ധ. 

കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് ഇസ്ലാമിക് ബാങ്ക് എന്ന ആശയവുമായി സഖാവ് തോമസ് ഐസക് രംഗത്ത് വന്നത് മുസ്ലിം പോക്കറ്റില്‍ കെട്ടിക്കിടുന്ന വലിയ സംഖ്യയില്‍ കണ്ണനട്ടായാരുന്നു. സുബ്രഹമണ്യസ്വാമി ഇടക്കു കയറി ഉടക്കുവച്ചതിനാല്‍ സംഗതി ചീറ്റിപ്പോയി. പിന്നീട് യുഡിഎഫ് വന്നപ്പോള്‍ അവരും ഒരു കൈ നോക്കിയതാണ്. ചേരമാന്‍ ഫൈനാന്‍സിങ്ങ് എന്നോ മറ്റോ പേരിട്ടു കുറേ ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയം കണ്ടില്ല. 

കേന്ദ്രത്തില്‍ മോദി ഭരിക്കുമ്പോള്‍, ഇസ്ലാം / മുസ്ലിം എന്ന് കേട്ടാല്‍ ചുവപ്പുകണ്ട കാളയെപ്പോലെ വിരണ്ടോടുന്ന സംഘപരിവാരങ്ങള്‍ സജീവമായിരിക്കുമ്പോള്‍ ഇസ്ലാമിക് ബാങ്ക് എന്ന ആശയം തന്നെ പ്രകോപനപരമായിരിക്കുമെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഈയിടെ റിസര്‍വ് ബാങ്കില്‍ നിന്ന് അനുമതി നിഷേധിച്ചു കൊണ്ട് വന്ന വിശദീകരണത്തിലും മാറിയ സാഹചര്യത്തിന്റെ നിഴലാട്ടമുണ്ടായിരുന്നു.

ഏതായാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍ തന്നെയാണ്. മതമൗലികവാദികളായ മുസ് ലിംകളുടെ കയ്യിലെ പണം കണ്ടിട്ട് ഇവര്‍ക്ക് ഉറക്കം വരുന്നില്ല. അതിനാണ് ഇപ്പോള്‍ ഇവര്‍ ഹലാല്‍ ഫായിദ എന്ന പേരില്‍ പുതിയ സൊസൈറ്റിയുണ്ടാക്കി വല വീശിയിരിക്കുന്നത്. വന്‍ സ്രാവുകള്‍ കുടുങ്ങിയില്ലെങ്കിലും കുറേ സാധുക്കളായ പരല്‍ മീനുകളെങ്കിലും തടഞ്ഞാല്‍ അത്രയെങ്കിലും ആയല്ലോ. കൂടാതെ ആ ബ്രാന്‍ഡ് കാട്ടി കുറച്ചാളുകളുടെ മുമ്പില്‍ ഞമ്മള്‍ മാപ്പിളാരുടെ കൂടെയാണെന്ന് തട്ടി വിടുകയും ചെയ്യാം.

അല്ലെങ്കില്‍ എന്താണ് ഹലാല്‍, എന്താണ് ഫായി ദ എന്നറിയാവുന്ന എത്ര പേരുണ്ട് അവരുടെ കൂട്ടത്തില്‍? മതചിഹ്നങ്ങളോട്  അകത്ത് പുഛവുമായി നടക്കുന്നവര്‍ ഇത്തരം ഗിമ്മിക്കുകളുമായി രംഗത്തു വരുന്നത് തന്നെ വൈരുധ്യാധിഷ്ടിത ഭൗതികവാദത്തിന്റെ ഭാഗമാണോ? 

ഇവര്‍ക്ക് ഇടപാടുകളിലെ ഹലാല്‍ ഹറാം സംബന്ധിച്ച് വേര്‍തിരിച്ചു നല്‍കാന്‍ എന്ത് സംവിധാനമാണിവര്‍ ഏര്‍പ്പാട് ചെയ്തിട്ടുള്ളത്. ഫായിദയിലെ ഹലാലും ഹറാമും നിര്‍ണയിക്കാനുള്ള അധികാരം ഇവര്‍ക്ക് ആരാണ് നല്‍കിയിട്ടുള്ളത്?

ഇസ്ലാമില്‍ ഹലാല്‍, ഹറാം എന്നീ സംഞ്ജകള്‍ പവിത്രമായ സങ്കല്‍പ്പങ്ങളിലധിഷ്ഠിതമാണ്. സൂക്ഷ്മമായും കണിശവുമായും ദീക്ഷിക്കപ്പെടേണ്ട ചില തത്വങ്ങളിലാണാ സങ്കല്‍പ്പം നിലകൊള്ളുന്നത്. ഏതെങ്കിലും ധനമോഹികളായ ചൂഷക വീരന്‍മാര്‍ക്ക് തട്ടിക്കളിക്കാനുള്ള പന്തായി അത് ദുരുപയോഗിക്കപ്പെടുന്നത് ആശാസ്യമല്ല. ഇസ്ലാമിക ശരീഅത്തിനെ പഴഞ്ചന്‍ ഏര്‍പ്പാടായി കാണുന്നവര്‍ ആ ശരീഅത്തിനെ ഉല്‍പ്പന്നമായ പലിശരഹിത ഇടപാടിന്റെ പ്രമോട്ടര്‍മാരായി രംഗത്തിറങ്ങുന്നത് കാണാന്‍ ഏതായാലും കൗതുകമുണ്ട്.

നിയമപരവും സാങ്കേതികവുമായ വരുംവരായ്കകള്‍ പോലും സൂക്ഷ്മമായി വിലയിരുത്താതെ ധൃതി പിടിച്ചാണ് സൊസൈറ്റി തുടങ്ങിയതെന്ന് മുഖ്യമന്ത്രിയുടെ സംസാരത്തില്‍ നിന്ന് തന്നെ വ്യക്തമാണ്. അത് കൊണ്ട് ചാടിയിറങ്ങി ഇതില്‍ പണം നിക്ഷേപിക്കാന്‍ ഒരുമ്പെടുന്നവര്‍ക്ക് കൈ പൊള്ളാനുള്ള സാധ്യത ഏറെയാണ്.

ഇനി ഇതും സി പി എമ്മുകാര്‍ മുസ്ലിംകളോട് കാണിക്കുന്ന സൗമനസ്യമായി ചിത്രീകരിച്ചു ഇതിനെ എതിര്‍ക്കുന്നവരെ മുസ്‌ലിം വിരോധികളാക്കി മുദ്രകുത്തി കാര്യം നേടാനുള്ള സൂത്രവിദ്യ കൂടി ഹലാല്‍ ഫായി ദ ഗെയിമിന് പിന്നിലുണ്ടോ എന്നും സംശയിക്കണം.