വെറും വാക്കില്‍ ഒതുങ്ങുന്നതാകരുത് നമ്മുടെ മതേതരത്വ വാദം

ഫാത്തിമ ശബാന ചെറുമുക്ക്

26 November, 2017

+ -
image

 പൗരാണിക കാലം മുതല്‍ക്ക് തന്നെ നന്മയും സ്‌നേഹവും സൗഹൃദവും പരസ്പരം പങ്ക് വെച്ചുള്ള അനുഭവ പാഠവമാണ് ഭാരതത്തിനുള്ളത്. മത, മൗലിക, രാഷ്ട്രീയ വാദങ്ങള്‍ക്കുമപ്പുറം മനുഷ്യത്വമെന്നതിനെ ഭൂരിപക്ഷം ജനതയും നെഞ്ചിലേറ്റുന്നതുകൊണ്ട് തന്നെയാണ് ഭാരതീയ ജനത ഈയൊരു പാരമ്പര്യത്തിലൂടെ ജീവിച്ച് പോരുന്നതും. എങ്കിലും, പവിത്രമായ ഇന്ത്യന്‍ സംസ്‌കാരത്തിനെതിരെ ഇന്ന് വെല്ലുവിളി ഉയര്‍ത്തുന്നത് ഹിന്ദുത്വ മത തീവ്രവാദങ്ങള്‍ തന്നെയാണ്.

എന്താണ് മതം? എവിടെയാണിതിന് പ്രാധാന്യം? എപ്പോഴാണ് 'മതേതരത്വം' എന്ന വാക്കിന് പ്രസക്തിയേറുന്നത് ? വര്‍ത്തമാന കാല ഇന്ത്യയെ ആധാരമാക്കി പുനര്‍ വിചിന്തനത്തിലേക്ക് നയിക്കേണ്ടുന്ന ഇത് പോലുള്ള ഒരുപാട് ചോദ്യങ്ങള്‍ ഇന്ന് നമുക്ക് മുന്‍പിലുണ്ട്.

 മതം എന്നതിന് അഭിപ്രായം എന്നേ അര്‍ത്ഥമുള്ളൂ. ഒരു വ്യക്തിയുടെ അഭിപ്രായം എന്നത് തീര്‍ത്തും അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. അത് കൊണ്ട് തന്നെ മതം എന്നത് ഓരോരുത്തരുടേയും വ്യക്തി താല്പര്യങ്ങളില്‍ മാത്രം അധിഷ്@ിതമാണ്. തലമുറകളിലൂടെ കണ്ട് വളര്‍ന്ന ആചാരാനുഷ്ഠാനങ്ങള്‍ സമൂഹത്തിനും തന്റെ ഭാവി തലമുറക്കും നന്മ ഭവിക്കാനുള്ള കാരണമായി മാറ്റാനുള്ള ഒരു ഹേതു മാത്രമായിരിക്കണം മതം. നന്മയും സമാധാനവും മാത്രമാണ് ലോകത്തുള്ള ഏതൊരു മതവും ആഹ്വാനം ചെയ്യുന്നതും. 

അങ്ങനെയല്ലാതായിതത്തീരുമ്പോഴാണ്, തീവ്രവാദ ചിന്തകള്‍ മതത്തിന്റെ മുതുകില്‍ കെട്ടി വെക്കേണ്ടിവരുന്നതും. മനുഷ്യ നന്മക്കായി, സമൂഹത്തിന്റെ നില നില്‍പ്പിനായി, സ്‌നേഹവും സമാധാനവും നിറഞ്ഞ് നില്‍ക്കുന്ന ജീവിതത്തിനായി കൊതിക്കുന്ന നിമിഷങ്ങളിലാണ് മതമെന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കുന്നത്. കാരണം, സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും മുകളില്‍ കെട്ടിപ്പൊക്കിയതാണ് ഓരോ മതവും. അതില്ലാതായി തീരുന്നതോടെ മതമെന്നതിന് തന്നെ അവിടെ പ്രസക്തിയില്ല എന്നതാണ് സത്യം.

അവിടെയാണ് 'മതേതരത്വം' എന്ന ആശയത്തിന്റെ ആവിര്‍ഭാവം. മറ്റുള്ള മതങ്ങളേയും മത നിരപേക്ഷതയെയും ഉള്‍ക്കൊള്ളുക  എന്നതാണ് മതേതരത്വം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇനി നാമോരോരുത്തരും സ്വന്തത്തോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. നമ്മുടെ മനസ്സില്‍ മതേതരത്വം എന്ന ആശയത്തെ ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയുന്നുണ്ടോ?

കഴിയണമെന്നുണ്ടെങ്കില്‍ നാം വിശ്വസിക്കുന്ന മതത്തില്‍ നമുക്ക് അറിവുണ്ടായിരിക്കണം. കുറഞ്ഞ പക്ഷം, ആ മതം ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങങ്ങളിലെങ്കിലും ജ്ഞാനം ഉണ്ടായിരിക്കണം. ഇത് കൊണ്ടൊക്കെ തന്നെയാണ് മതേതരത്വം എന്ന വാക്കിന് എക്കാലത്തും പ്രസക്തിയേറുന്നതും.

മതമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ അഭിപ്രായമാണെന്നത് തിരിച്ചറിഞ്ഞിട്ടും അനാവശ്യ സമയങ്ങളില്‍ മത കാര്യങ്ങളില്‍ കേറി അഭിപ്രായം പറഞ്ഞും ഇതര മത ചിന്താഗതികളെ അവഹേളിച്ചും സമൂഹ മാധ്യമങ്ങളിലൂടെ മതേതര ഇന്ത്യയെ അവഹേളിക്കുന്നവര്‍ക്ക് അവര്‍ വിശ്വസിക്കുന്ന മതങ്ങളില്‍ യാതൊരു വിധ അറിവും ഇല്ല എന്ന് വേണം നാം മനസ്സിലാക്കാന്‍. മതം പഠിച്ച ഒരുത്തനും മത ഭ്രാന്തനാകാന്‍ കഴിയില്ല.  പക്ഷേ, 'മുറി വൈദ്യന്‍ രോഗിയെ കൊല്ലും' എന്ന പഴഞ്ചൊല്ല് അന്വര്‍ത്ഥമാകും വിധം വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ള നുറുങ്ങറിവുകള്‍ വെച്ച് ജിഹാദിനായും മറ്റും ഇറങ്ങുന്നവര്‍ തന്നെയാണ് അവര്‍ ഉയര്‍ത്തിക്കാണിക്കുന്ന മതത്തിന്റെ അന്തകരായി മാറുന്നത്. അവരുടെ അപക്വമായ തീരുമാനങ്ങളാണ് പലപ്പോഴും യഥാര്‍ത്ഥ വിശ്വാസി സമൂഹത്തിന് മാനക്കേടുണ്ടാക്കുന്നത്.

ഒരു മത വിശ്വാസിക്ക് അവന്റെ മതം മാത്രമാണ് ശരി എന്ന് തോന്നുന്നത് സ്വാഭാവികം. പക്ഷേ, മറ്റുള്ള മതങ്ങളെ കൂടി അംഗീകരിച്ച് ആ മതത്തേയും മതത്തില്‍ വിശ്വസിക്കുന്ന ആളുകളേയും അവന്‍ ബഹുമാനിക്കുമ്പോള്‍ മാത്രമേ അവന്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയാകുന്നുള്ളൂ. അല്ലാതെ തീവ്ര മത വാദങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ ഒരിക്കലും നല്ലൊരു വിശ്വാസിയല്ല. അതിനി ഇസ്‌ലാം മതത്തില്‍ പെട്ടവനായാലും ഹിന്ദു മതത്തില്‍ പെട്ടവനായാലും ക്രൈസ്തവ മത വിശ്വാസിയാണെങ്കിലും ശരി.

ദീര്‍ഘ വീക്ഷണത്തോടെ നമ്മുടെ കഴിഞ്ഞ് പോയ തലമുറ പടുത്തുയര്‍ത്തിക്കൊണ്ട് വന്ന, നമ്മുടെ പൈതൃക സ്വത്തായ മതേതരത്വം കാത്ത് സൂക്ഷിക്കേണ്ടത് തീര്‍ച്ചയായും നാമോരോരുത്തരുമാണ്. നമ്മുടെ കടമ തന്നെയാണത്. ഓരോ കാലത്തേയും ഇന്ത്യന്‍ ജനത, മതേതരത്വം കാത്ത് സൂക്ഷിക്കാന്‍ ശ്രമിക്കുന്നത് കൊണ്ട് തന്നെയാണ് ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാക യശ്ശസ്സോടെ പാറിപ്പറക്കുന്നത്. ഇന്ത്യന്‍ മണ്ണില്‍ മതേതരത്വത്തിന്റെ പൂക്കള്‍ വിരിയാന്‍ നമ്മുടെ കൊച്ചു കേരളവും വളരെ വിലയേറിയൊരു പങ്ക് തന്നെയാണ് വഹിക്കുന്നത്.

മത ചിന്തകള്‍ക്കപ്പുറത്തേക്ക് വ്യക്തികള്‍ക്കിടയില്‍ മാനുഷിക പരിഗണന നിലനില്‍ക്കുമ്പോഴാണ് സര്‍വ്വം സമാധാനമയമാകുന്നത്. കാലങ്ങളായി നമ്മള്‍ കണ്ടറിഞ്ഞനുഭവിച്ച സത്യങ്ങളാണത്. മതങ്ങള്‍ക്കപ്പുറത്തേക്ക് സൗഹൃദ വലയങ്ങള്‍ പരിണമിക്കുമ്പോഴാണ് നാടും സമൂഹവും സന്തോഷവും സമാധാനവും അനുഭവിക്കുന്നത്. ശബരിമലയിലെ അയ്യപ്പനും വാവരും, കുഞ്ഞായി മുസ്ല്യാരും മങ്ങാട്ടച്ചനും തുടങ്ങി കേരളക്കരയൊട്ടാകെ മത സൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ എങ്ങനെയാണ് നമുക്ക് മതേതരത്വത്തേയും മത സൗഹാര്‍ദ്ദത്തേയും പുറം കാല് കൊണ്ട് തട്ടിക്കളയാനൊക്കുക ?

ഓണവും ബക്രീദും ക്രിസ്മസും ഒരു നാടിന്റെ ആഘോഷമാക്കി, സമൂഹത്തിന്റെ ഉത്സവമാക്കി നാം മാറ്റുമ്പോള്‍ അതെല്ലാം മലയാളക്കരയിലെ ജനതയുടെ ജീവിത വിജയത്തിന്റെ തുടക്കമായി മാറുന്നുണ്ടെന്നത് പകല്‍ പോലെ സത്യം തന്നെയാണ്. മനുഷ്യത്വം മാത്രം മനസ്സിലുള്ള നിഷ്‌കളങ്കരായ വിശ്വാസികളുടെ ഹൃദയത്തില്‍ സൗഹൃദത്തിന് മാത്രമേ സ്ഥാനമുള്ളൂ. വെറുപ്പും വിദ്വേഷവും തൊട്ട് തീണ്ടിയിട്ടില്ലാത്ത പച്ച മനുഷ്യര്‍ സ്വന്തം മതത്തെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് തന്നെ മറ്റു മത വിശ്വാസികളെ തോളോട് തോള്‍ ചേര്‍ത്ത് നിര്‍ത്തുമ്പോള്‍ ലോകം മുഴുവന്‍ അസൂയയോടെ നോക്കി നില്‍ക്കുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ട്. ആയുസ്സിന്റെ അവസാനം വരെ തന്റെ സഹ ജീവിയെ സ്‌നേഹിക്കുക എന്ന് വേദ ഗ്രന്ഥങ്ങളോരോന്നും വിശ്വാസികളെ പഠിപ്പിക്കുമ്പോള്‍ അവര്‍ക്ക് മറുത്തൊന്ന് ചിന്തിക്കാന്‍ പോലുമാകില്ല എന്നതാണ് ഇതിന് കാരണം.

ജനാധിപത്യ രാഷ്ട്രങ്ങളില്‍ വലുപ്പം കൊണ്ട് ഏറെ മുമ്പിലുള്ള, നാനാ ജാതി മതസ്ഥര്‍ താമസിക്കുന്ന ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാജ്യത്തെ സംബന്ധിച്ചിടത്തോളം അതിന്റെ വളര്‍ച്ചക്ക് മതേതരത്വം എന്നത് ഒഴിച്ച് കൂടാനാകാത്ത ഒരു കാര്യം തന്നെയാണ്. ഇത് കൊണ്ടൊക്കെ തന്നെ, ഭാരത സംസ്‌കാരത്തിന്റെ ഭാഗമായി മാറിയ മതേതരത്വം തന്നെയാണ് ഇന്ത്യയുടെ നട്ടെല്ലെന്നത് നിസ്സംശയം നമുക്ക് പറയാന്‍ സാധിക്കും.

പക്ഷേ, കാലത്തിന്റെ കുത്തൊഴുക്കില്‍ ഭാരത മണ്ണില്‍ നിന്നും മതേതര മൂല്യങ്ങള്‍ ചോര്‍ന്ന് പോകുന്നുണ്ടോ എന്ന് നാം ആശങ്കപ്പെടേണ്ട രീതിയിലുള്ള ഓരോ വാത്തകളാണ് ഓരോ ദിവസവും പത്ര-മാധ്യമങ്ങളില്‍ നമ്മെ കാത്തിരിക്കുന്നത്. അധികാരത്തിന്റെ ഗര്‍വ്വില്‍ ഭാരത മണ്ണിന്റെ പൈതൃകത്തേയും പാരമ്പര്യത്തേയും കളഞ്ഞ് കുളിക്കുന്ന ഫാഷിസ്റ്റ് ഭീകരന്മാരെ നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യാ മഹാ രാജ്യത്തിന്റെ രക്ഷകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന അവര്‍ തന്നെയാണ് ഇപ്പോള്‍ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അന്തകരായി മാറുന്നതെന്ന് ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

മതേതരത്വം എന്നത് വെറും അക്ഷരങ്ങള്‍ ആയി ചുരുങ്ങുന്നതാണ് ഈയിടെയായി നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഇന്ത്യ മതേതരത്വത്തിന്റെ ഈറ്റില്ലമാണെന്ന് കൊട്ടി ഘോഷിക്കുമ്പോഴും നാം കാണുന്നത് മതത്തിന്റെ പേരില്‍ തര്‍ക്കിക്കുന്ന ഒരു ജനതയെയാണ്. ഇവിടെയാണ് നാം ചിന്തിക്കേണ്ടത്... യഥാര്‍ത്തില്‍ ഇന്ന് ഇന്ത്യ ഒരു മതതരത്വ രാജ്യമാണോ...'. നാനാത്വത്തില്‍ ഏകത്വം ' എന്നത് വെറും വാക്കില്‍ മാത്രമായി ചുരുങ്ങുന്നത് എന്ത് കൊണ്ട്.. ഇസ്ലാം സ്വീകരിച്ച ഒരു സ്ത്രീയില്‍ നിന്നും ഞാന്‍ കേള്‍ക്കുകയുണ്ടായി, അവരുടെ ജീവിതത്തിന്റെ  ആദ്യകാലഘട്ടത്തില്‍ വീട്ടില്‍ ഓണത്തിനും ആഘോഷങ്ങള്‍ക്കും  അന്യമതസ്തരെക്കൂടി വിളിക്കാറുണ്ടായിരുന്നു.. അവരുടെ കൂടെ ഭക്ഷണം കഴിക്കാറുണ്ടായിരുന്നു.. പലപ്പോഴും ആളുകള്‍ ഭക്ഷിച്ചത് കൊണ്ട് ഭക്ഷണം കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു..

പക്ഷേ, അവര്‍ ഇസ്ലാമിലേക്ക് വന്നപ്പോള്‍ മതേതരത്വത്തിന്റെ മഹിമയും മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നും പടിപ്പിച്ചുകൊടുത്ത അദ്ധ്യാപകര്‍ തന്നെ അവരെ തള്ളിപ്പറഞ്ഞു.. നടവഴിയില്‍ കണ്ടിട്ടുപോലും അവഗണിച്ചു.

നമ്മുടെ വാക്കുകള്‍ വെറും വാക്കുകളായി ചുരുങ്ങുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പഠിക്കുന്നതും പറയുന്നതും മറ്റൊന്ന്, പ്രവൃത്തിക്കുന്നതോ അതിനു നേരെ വിപരീതവും. മനുഷ്യന്റെ മനസ്സ് അങ്ങനെയാണ്. അവന്‍ എപ്പോഴും ഒരു മുഖം മൂടി അണിഞ്ഞിരിക്കും..സാഹചര്യം അവനെതിരെ ആകുമ്പോള്‍ ആ മുഖം മൂടി അവന്‍ വലിച്ചെറിയുന്നു. അപ്പോഴാണ് അവന്റെ വികൃതരൂപം വെളിപ്പെടുന്നത്.

എന്തു കൊണ്ടാണ് ഒരാള്‍ മതം മാറുന്നത് നമുക്ക് അംഗീകരിക്കാന്‍ കഴിയാത്തത്. നാഴികക്ക് നാല്‍പത് വട്ടം മതേതരത്വത്തെ കുറിച്ചു വീമ്പു പറയുന്നവര്‍ എന്ത് കൊണ്ട് അത് സംഭവിക്കുമ്പോള്‍ അതിനെതിരെ തിരിയുന്നു.. ഹാദിയമാര്‍ക്കും ആയിഷമാര്‍ക്കും സംഭവിച്ചതും ഇത് തന്നെയാണ്. ഇന്നത്തെ സംഭവത്തെ കൂട്ടി വായിക്കുമ്പോള്‍ ഇന്ത്യയില്‍ എവിടെയാണ് മതേതരത്വം.. എവിടെയാണ് നാനാത്വത്തില്‍ ഏകത്വം. എല്ലായിടത്തും മതത്തിന്റെ പേരിലുള്ള കൂട്ടക്കുരുതി മാത്രം..മതത്തിന്റെ പേരില്‍ ഒരു മനുഷ്യന്റെ അവകാശത്തെയും സ്വാതന്ത്രത്തെയും ഹനിക്കല്‍. അവനെ തന്നില്‍ നിന്നും അകറ്റി നിര്‍ത്തല്‍. ഏതോ വികൃത ജീവിയെ നോക്കി കാണുന്നത് പോലെയുള്ള പെരുമാറ്റം.

ഹാദിയയുടെ വിഷയത്തില്‍ ഇത്രയും കോളിളക്കം ഉണ്ടാക്കേണ്ട കാര്യമില്ല.. കാരണം അവള്‍ക്ക് ഇഷ്ടമുള്ള മതം അവള്‍ സ്വീകരിച്ചു. ഇവിടെ മത സ്വാതന്ത്ര്യം ഉണ്ട് ..ആര്‍ക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം.. മതമെന്നത് നിറഞ്ഞ് നില്‍ക്കേണ്ടത് മനസ്സുകളിലാണ്. മതം മനസ്സില്‍ നിന്നും തലച്ചോറിലെത്തി ദുശ്ചിന്തകളായിമാറുമ്പോഴാണ് ഇന്ന് നാം കാണുന്ന പല കാഴ്ച്ചകളും രൂപംകൊള്ളുന്നത്. അഖില ഹാദിയ ആയാലും ആതിര ആയിഷയായാലും അതവര്‍ക്ക് വിട്ട് നല്‍കുക. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുക എന്നത് ഒരു ഇന്ത്യന്‍ പൗരന്റെ മൗലികാവകാശമായിരിക്കെ തന്നെ, ഹാദിയയുടെയും ആതിരയുടേയും കാര്യങ്ങളില്‍ കേരള സമൂഹത്തിലെ ഒരു പക്ഷം വ്യാകുലപ്പെടുന്നതെന്തിനാണ് ? ഏത് മത്തില്‍ വിശ്വസിക്കണമെന്ന് അവര്‍ തീരുമാനിക്കട്ടെ..

      മതങ്ങള്‍ക്കതീതമായി മനുഷ്യരെ മനുഷ്യരായി കാണുക. ഏത് മതമായാലും അതിന്റെയെല്ലാം അടിസ്ഥാനം മനുഷ്യ നന്മയാണ്. മനുഷ്യ നന്മയ്ക്ക് വേണ്ടി ഉടലെടുത്ത മതത്തിന്റെ പേരില്‍ പരസ്പരം കലഹിക്കുമ്പോള്‍ അവിടെ ഉടലെടുക്കുന്നത് ലോക നാശത്തിന്റെ തുടക്കമാണ്.. മത മൈത്രിയും മതേതരത്വവും വാക്കുകളില്‍ നിന്നും പ്രവൃത്തികളിലേക്ക് കൊണ്ടുവരാന്‍ കഴിയണം. അപ്പോഴാണ് സമൂഹത്തില്‍ നന്മ കൈ വരുന്നത്.. തന്റെ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നതോടൊപ്പം അന്യ മതസ്ഥരെ ബഹുമാനിക്കുകയും കൂടി വേണം. അതാണ് ഒരു യഥാര്‍ത്ഥ മത വിശ്വാസിയുടെ അടയാളം..

പരിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു: ' നിനക്ക് നിന്റെ മതം. എനിക്ക് എന്റെ മതം. ' .. ഇതില്‍ നിന്ന് തന്നെ മനസ്സിലാക്കാം മതേതരത്തിന്റെ പ്രാധാന്യം...മറ്റുള്ളവരുടെ മതത്തിന്റെയും ആശയങ്ങളുടെയും മേല്‍ കുതിരകയറുകയല്ല വേണ്ടത്, മറിച്ചു അവയെ ബഹുമാനിക്കുകയാണ് വേണ്ടത്

ഏത് മതത്തിലും വിശ്വസിക്കാനും ആ മതം പ്രചരിപ്പിക്കാനുമുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന തന്നെ ഉറപ്പ് നല്‍കുമ്പോഴും ചില ശക്തികള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ ന്യൂനപക്ഷ ജനതക്ക് അടിയറവ് പറയേണ്ടി വരുന്നു എന്നത് മറ്റൊരു സത്യം. തന്റെ വിശ്വാസങ്ങളെ അധികാരതത്തിന്റെ അഹങ്കാരത്താല്‍ മറ്റുള്ളവരിലേക്ക് അടിച്ചേല്പിക്കാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്ന് വീഴുന്നത്, നൂറ്റാണ്ടുകളായി നമ്മുടെ ഭൂത കാല തലമുറ ഉയര്‍ത്തിക്കൊണ്ട് വന്ന ഭാരതത്തിന്റെ മൂല്യത്തെയാണ്. ബഹുമാന പൂര്‍വ്വം ഇന്ത്യന്‍ ജനതയെയും ഇന്ത്യയെന്ന വികസ്വര രാജ്യത്തേയും നോക്കിക്കണ്ടിരുന്ന ലോകത്തിന് മുമ്പില്‍, കോമാളിത്തരത്തിന്റെ വാക്താക്കളായി ചിത്രീകരിച്ചത് ആരെന്നത് നാം ചിന്തിക്കേണ്ട വിഷയം തന്നെയാണ്. രാജ്യം ഭരിക്കുന്ന ഭരണകൂടത്തിന്റെ നെറികേടിന് ഇന്ത്യന്‍ ജനത മുഴുവന്‍ സമാധാനം പറയേണ്ടി വരുമ്പോള്‍ തല കുനിച്ച് നില്‍ക്കാനേ നമുക്ക് കഴിയുന്നുള്ളൂ.
           
കൊന്തയും പൂണൂലും തൊപ്പിയും ഒന്നിക്കുമ്പോഴാണ് സന്തോഷങ്ങള്‍ നിറയുന്നത്. മതമെന്നത് 'മദ'മാകാതെ മതം തന്നെയായി മനസ്സില്‍ സൂക്ഷിക്കുമ്പോഴാണ് ദൈവ പ്രീതി നേടുന്നത്. ഇനി മതമില്ലെന്ന വാദമാണെങ്കില്‍ അങ്ങനെ. എന്ത് തന്നെയായാലും സ്വന്തം അഭിപ്രായങ്ങല്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ സൂക്ഷിക്കുമ്പോഴാണ് ഒരാള്‍ യഥാര്‍ത്ഥ മനുഷ്യനാകുന്നത്. ഏത് സമയത്തും നിലച്ച് പോയേക്കാവുന്ന ഹൃദയം കൊണ്ട് മറ്റൊരു ഹൃദയത്തെ നോവിക്കുന്നതിന് പകരം സ്‌നേഹിക്കുക. അത് നമ്മുടെ ശത്രുവാണെങ്കില്‍ പോലും...