മുസ്‌ലിം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ എത്രമാത്രം ഇസ്‌ലാമികമല്ല!

ഡോ. ഖുര്‍റതുല്‍ ഐന്‍

20 February, 2018

+ -
image

വിദ്യാര്‍ത്ഥിയെ തന്റെ ലക്ഷ്യ സാഫല്യത്തില്‍ സഹായിക്കുകയും ഇസ്‌ലാമിക വലയത്തിനുള്ളില്‍ നിന്ന് ദൗത്യനിര്‍വ്വഹണത്തിന് അവസരമൊരുക്കുകയും ചെയ്യേണ്ടവയാണല്ലോ ഇസ്‌ലാമിക വിദ്യാത്ഥി പ്രസ്ഥാനങ്ങള്‍. അന്യസംസ്‌കാരങ്ങളുടെയും ചിന്തകളുടെയും കടന്നു കയറ്റിത്തില്‍ ദിശാബോധം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സന്ചരിക്കാനുള്ള തനതായ പാത കാണിച്ച്‌കൊടുക്കുകയെന്നതായിരിക്കണം ഇതിന്‍ പരമപ്രധാനമായ ലക്ഷ്യം. 

യഥാര്‍ഥ അറിവിനോട് പ്രതിപത്തി നശിക്കുകയും ജോലി കേന്ദീകൃതവും മത്സരവിജയവുമായി വിദ്യാഭ്യാസ പ്രവണത വ്യാപിക്കുകയും ചെയ്യുന്ന ചുറ്റുപാടില്‍ ആത്മാവിലേക്കുള്ള യാത്രയാണ് ആവശ്യമായിട്ടുള്ളത്, ഇത്തരുണത്തില്‍ സ്വതന്ത്രചിന്തകള്‍ക്ക് വാതില്‍ തുറന്നു വെക്കുന്നത് അപകടമാണ്. ഒരു പ്രത്യേക നേതൃത്വത്തിന് കീഴില്‍ ചിന്തകളുടെയും പ്രവര്‍ത്തനങ്ങളുടെയും ഇസ്ലാമീകരണമാണ് സംഭവിക്കേണ്ടത്. ഇസ് ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ഇത്തരം സംരംഭങ്ങള്‍ക്ക് അവസരമൊരുങ്ങേണ്ടതുണ്ട്.  

സംഘടിതമായി നില്‍ക്കുകയെന്നത് വിശ്വാസിയുടെ അടയാളമാണ്. വിശ്വാസമെന്ന ചങ്ങല മനുഷ്യ ഹൃദയങ്ങളെ കോര്‍ത്തിണക്കുന്നു. ചതരിത്രത്തിലേക്ക് നോക്കുമ്പോള്‍ ഒരുമയോടെ സാക്ഷാല്‍ക്കാരത്തിലെത്തുന്ന കഥകളാണ് കാണാനാകുന്നത്. 

വിദ്യാര്‍ത്ഥി മൂല്യാധിഷ്ടിത ചിന്തകളുടെ സങ്കരബിന്ദുവാണെന്ന് നാം പറഞ്ഞു. ഒറ്റക്കിരിക്കുമ്പോള്‍ ചിന്തകള്‍ പൂവണിയാതെ ചപോകാന്‍ സാധ്യതയുണ്ട്. സ്വതന്ത്രഭാവനകള്‍ ചിന്തയെ വികലമാക്കാനും സാധ്യതയുണ്ട്. ഒരു പക്ഷെ, പൈശാചിക പ്രലോപനങ്ങള്‍ വഴി ഇസ്‌ലാമിക ചിന്തയില്‍നിന്നും  അവന്‍ പിന്തിരിഞ്ഞേക്കാം. ഇതിനെല്ലാമുള്ള ഏക ഔഷധം സംഘടിത പ്രവര്‍ത്തനങ്ങളാണ്. സംഘടിക്കുമ്പോള്‍ അഭിപ്രായങ്ങളും സംഗമിക്കുന്നു. അത് പുതിയൊരു വീക്ഷണത്തിന് രൂപം നല്‍കുന്നു. ഇസ്ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത് ഇത്തരമൊരു സാഹചര്യത്തിലാണ്.

ലക്ഷ്യം

ഇസ്‌ലാമിക നവോത്ഥാനത്തിന്റെ ഭാവി സ്വപനങ്ങളായ വിദ്യാര്‍ത്ഥികളെ അല്ലാഹുവിലേക്കുള്ള വഴിയില്‍ ഉറപ്പിച്ചു നിര്‍ത്തുകയെന്നതാണ് ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ മൗലികമായ ലക്ഷ്യം.തൗഹീദില്‍ അധിഷ്ഠിതമായ മുന്നേറ്റത്തിന് മുമ്പില്‍ ബാഹ്യ പ്രേരണകള്‍ വിള്ളല്‍ സൃഷ്ടിക്കുമോ എന്ന ഭീതികൊണ്ടാണിത്. ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം സുസജ്ജമായൊരു ബറ്റാലിയനാണല്ലോ വിദ്യാര്‍ത്ഥികള്‍. ആത്മാര്‍ത്ഥമായിട്ടാണ് ഇവര്‍ ഇസ്‌ലാമിനെ സ്‌നേഹിക്കുന്നത്.കാരണം,അവരതിന്റെ ആത്മാവും സത്തയും ഉള്‍കൊണ്ടിട്ടുണ്ട്.അവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇസ്‌ലാമിനെ വിലയിരുത്തപ്പെടുന്നു.ഇസ്‌ലാമിക തനിമയാണ് ഈ കൂട്ടായ്മക്ക് സൗന്ദര്യം പകരുന്നത്. അത്‌കൊണ്ട് തന്നെ ഇത് തകര്‍ക്കപ്പെടാന്‍ പാടില്ല. എന്നും സുസംഘടിതമായി തന്നെ നിലനില്‍കേണ്ടതുണ്ട്.

പരസ്പരം നന്മകല്‍പിക്കുകയും തിന്മവിരോധിക്കുകയും ചെയ്യുക എന്നതാണ് സാമൂഹിക പരിവര്‍ത്തനത്തിന്റെ മൂലശില.വ്യക്തികള്‍ക്കിടയില്‍ ഇതാരംഭിക്കുന്നത്. എന്നാല്‍ സാമൂഹ്യ ശുദ്ധീകരണത്തിന്റെ സമൂഹ മുഖമാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. സാമൂഹികമായോ രാഷട്രിയമായോ ഉയര്‍ന്ന് വരുന്ന ഇസ്‌ലാമിക വിരുദ്ധ തരംഗങ്ങളെ അവയാണ് പ്രതിരോധിക്കേണ്ടത്. വിശുദ്ധ ഇസ്‌ലാമിന്റെ  സാമൂഹിക സംരക്ഷണം ഒരു കൂട്ടുത്തരവാദിത്വമായി ഇവിടെ പരിഗണിക്കപ്പെടുന്നു.

വിവിധയിടങ്ങളില്‍ പരന്ന് കിടക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഇസ്‌ലാമിക ചിന്ത നിലനിര്‍ത്തേണ്ടത് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളാണ്. മലീമസമായ ചുറ്റുപാടുകളും മോഹനമായ പ്രസിദ്ധീകരണങ്ങളും വഴിപിഴപ്പിക്കുന്ന മീഡിയകളും നിറഞ്ഞ്‌നില്‍കുമ്പോള്‍ ഇവക്ക് മുമ്പില്‍ ശക്തമായ പ്രതരോധ വലയങ്ങള്‍ ഉയര്‍ന്ന് വരേണ്ടത് ആഴത്തിലുള്ള ചിന്തകളും അദ്ധ്വാനങ്ങളുമാണ് ഇവിടെ ആവശ്യം. ജീവിതത്തിന്റെ ഏത് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ഇസ്‌ലാമിക ചിന്തയെ അസ്തമിക്കാതെ നിര്‍ത്താനുള്ള സംവിധാനങ്ങള്‍ രൂപപ്പെട്ട് വരണം. വിദ്യാര്‍ത്ഥികളാണ് ഇതിന് മുന്‍കൈയെടുത്തിറങ്ങേണ്ടത്.

സാംസ്‌കാരിക അധിനിവേശങ്ങള്‍ക്ക്മുമ്പില്‍ ഉരുക്കു കോട്ടകളായി വര്‍ത്തിക്കണം വിദ്യാര്‍ത്ഥി സംഘടനകള്‍. പാശ്ചാത്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും വിവിധ സമുദായങ്ങളില്‍ നിന്നും അരിച്ചിറങ്ങുന്ന സംസ്‌കാരങ്ങളുടെ ഉപഭോക്താക്കളായി ചിന്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ പരിണമിക്കരുത്.ഫേഷനുകളോടുള്ള മാനസിക പ്രതിപത്തി സാക്ഷാല്‍ വിധേയത്തമാണന്ന ചിന്ത അവരില്‍ വളര്‍ന്ന് വരണം.സാംസ്‌കാരിക സ്വീകര്‍ത്താവ് എന്നതിലപ്പുറം സാംസ്‌കാരിക പ്രിതിരോധത്തിന്റെ ശക്തിമുദ്രകള്‍ എന്ന നിലക്കാണ് വിദ്യാര്‍ത്ഥികള്‍ വളര്‍ന്ന് വരേണ്ടത്. വിദ്യാര്‍ത്ഥികളില്‍ പ്രതരോധ ചിന്ത വളര്‍ത്തുന്നതിലെ മുഖ്യപങ്കും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കാണ്. ഇസ്‌ലാമിക ചിന്തയെ പ്രചപ്പിക്കുകയും പ്രസരണം നടത്തുകയും ചെയ്യുന്ന ഭൗതിക ശാലകള്‍ക്ക് പ്രസ്ഥാനങ്ങള്‍ നേതൃത്വം  നല്‍കണം.

ചിന്തിക്കുന്ന മൃഗങ്ങളെയോ മനുഷ്യപറ്റില്ലാത്ത മനുഷ്യരെയോ ഉല്‍പാദിക്കാനല്ല ഇത്. സമൂഹത്തിലെപ്പോഴും ഇസ്‌ലാമികത നിലനില്‍കാന്‍ ഇതനിവാര്യമാണ്.ചിന്തയുടെ ഇസ്‌ലാമീകരണത്തെ കുറിച്ച് നമ്മള്‍ ചിന്തിച്ചു തുടങ്ങേണ്ടതുണ്ട്. ഇതൊരു പ്രഖ്യാപിത ലക്ഷ്യമായി നാം കാണുകയും വേണം. വിദ്യായഭ്യസിച്ചിട്ടും മൃഗിയത കടന്ന് വരുന്നത് എന്ത് കൊണ്ടാണെന്ന് ഇത്തരം കൂട്ടായ്മകളാണ് നമുക്ക് തരിച്ചറിവ് പകരുന്നത്. വിദ്യഭ്യാസ കേന്ദ്രങ്ങളും മുസ്ലിം കാമ്പസുകളുമാണ് ഇത്തരം അന്വേഷണങ്ങളുടെ പ്രവര്‍ത്തന പരീക്ഷണ കേന്ദ്രമായ വര്‍ത്തിക്കേണ്ടത്. വിദ്യാര്‍ത്ഥികളെ മറന്ന് പോകുന്ന സമകാലിക വിദ്യാര്‍ത്ഥി സംഘടനകള്‍ ഇത് തിരച്ചറിയേണ്ടതുണ്ട്. 

ഇസ്‌ലാമിനെ സംബന്ധിച്ചിടത്തോളം നിയമങ്ങളുടെയും സംസ്‌കാരങ്ങളുടെയും കാവല്‍ ഭടന്മാരാണ് വിദ്യാര്‍ത്ഥികള്‍. സൈര്യവിഹാരങ്ങള്‍ വിദ്യാര്‍ത്ഥിയെ ഈ ആത്മ ബോധത്തില്‍ നിന്ന് അകറ്റുന്നു. ഇത് സ്വയം തിരച്ചറിവില്ലാത്ത കാലിക്കൂട്ടങ്ങളെ പോലെ അവരെ അധഃപതിക്കാന്‍ അനുവദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ആത്മ പരചയത്തിന് സംരംഭമൊരുക്കല്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ കടമയാണ്.ബാധ്യതകളുടെയും ഉത്തരവാദിത്വങ്ങളുടെയും തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നു. പരബന്ധമില്ലാത്ത ഏകാകിയായ സഞ്ചാരം അവനെ ഈ രംഗത്ത് നിന്നും പിന്തിരപ്പിക്കാനാണ് പ്രേരിപ്പിക്കുക.

പ്രധാനമായും ഇസ്‌ലാമിന് ഉപകരിക്കുന്ന നിലക്കാണ് പ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥിയെ വിനിയോഗിക്കേണ്ടത്. സമൂഹത്തില്‍ വിഘടനം സൃഷ്ടിക്കാനും അപരിമിതഛിന്നത തകര്‍ക്കാനും കക്ഷി രാഷ്ട്രിയം വളര്‍ത്താനും അവനൊരിക്കലും ഇരയായി കൂടാ. ആള്‍ക്കൂട്ടങ്ങളെ സൃഷ്ടിച്ച് ശക്തിപ്രകടിപ്പിക്കുന്നതില്‍ പ്രസ്ഥാനപ്രവര്‍ത്തനങ്ങള്‍ പരിമിത പ്പെടാനും പാടില്ല. പ്രത്യുത സമൂഹത്തിന്റെ ആന്തരിക രംഗത്ത് ഒരു ശക്തി കേന്ദ്രമായിട്ടാണ് പ്രസ്ഥാനം വളരേണ്ടത്. സമൂഹത്തില്‍ ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനം പ്രവര്‍ത്തന ഗോദയിലിരിക്കേ സമൂഹം മുഴുവനും ഇതില്‍ ഒതുങ്ങിക്കൂടുകയും മറ്റുസര്‍വ്വ തലങ്ങളും നിശ്ചലമാകുകയും ചെയ്യുന്നത് സമൂഹത്തിന്റെ മരണത്തിന്റെ മരണത്തെ സൂചിപ്പിക്കുന്നു.

കുറെ മുദ്രാവാക്യങ്ങളുടെയും മുഷ്ടി ചുരുട്ടലിന്റെയും ശബ്ദകോലാഹലങ്ങള്‍ക്കപ്പുറം തര്‍ബിയ്യത്തിന്റെയും ആത്മ ശുദ്ധീകരണത്തിന്റെയും രംഗവേദിയായിമാറണം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍. അന്യമതസ്ഥരുടെയോ രാഷ്ട്രിയ പാര്‍ട്ടകളുടെയോ മതസാംസ്‌കാരിക പ്രവര്‍ത്തനങ്ങളും പ്രതിരോധ ശൈലികളും തങ്ങളെ ആവേശിക്കാന്‍ പാടില്ല. ഏത് ദുര്‍ഘട സന്ധിയിലും ഞാന്‍ സത്യമതത്തെ പ്രതിനിധീകരിക്കുന്ന എന്ന ബോധം വിദ്യാര്‍ത്ഥിക്കും പ്രസ്ഥാനത്തിനും ഉണ്ടാകേണ്ടതുണ്ട്.ആത്മാവ് ചോര്‍ന്ന് പോകുന്ന നിലക്ക് പ്രസ്ഥാനം യാതൊരുവിധ സമീപനങ്ങളും കൈകൊളളാന്‍ പാടില്ല. മതത്തിലൂന്നിയുള്ള പ്രസ്ഥാന പ്രവര്‍ത്തനമാണ് ഇവിടെ നടക്കേണ്ടത്. മതമൊന്നും പ്രസ്ഥാനം മറ്റൊന്നുമായി മാറിക്കുടാ.മതത്തെക്കാള്‍ വലിയ പ്രസ്ഥാനവും രൂപപ്പെടരുത്.

സാമൂഹിക മുഖം

വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പ്രസ്ഥാനമാണെങ്കിലും സമൂഹസേവനത്തിലേക്കുള്ള ഒന്നാം പടിയാണിത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ രണ്ട് ഉത്തരവാദിത്തങ്ങള്‍ ഇവിടെ വേര്‍ത്തിരിയിന്നു.ബാഹ്യവും ആന്തരികവുമാണത്.ആന്തരികമെന്നാല്‍ സുസജ്ജമായ-ആത്മാവുള്ള രു വിദ്യാര്‍ത്ഥി സമൂഹത്തിന്റെ രൂപീകരണം.രണ്ടാമത്തെത് ഇസ്‌ലാമിക ജീവിതം നയിക്കുന്ന ഒരു സമൂഹത്തിന്റെ സജ്ജീകരണം

വിദ്യാര്‍ത്ഥി പ്രസഥാനങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം ഒരു വിപ്ലവത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന ഒരാളുടെത് പോലെയാണ്. വര്‍ഷാനുവര്‍ഷം വര്‍ദ്ധിച്ചുവരുന്ന ഈ വിഭാഗത്തെ എങ്ങനെ വഴിനടത്തണമെന്നും എങ്ങോട്ട് തിരിച്ചുവിടണമെന്നും അവര്‍ തീരുമാനിക്കേണ്ടതുണ്ട്. ഒരു വിശാലമായ പദ്ധതിയും ചിന്തയും ഇതിനുപിന്നില്‍ ഉണ്ടായേ തീരൂ. വഴി പറഞ്ഞുകൊടുക്കുകയും ദിശാബോധം നല്‍കുകയും ചെയ്താല്‍ നമ്മുടെ ആഗ്രഹത്തിനനുസരിച്ച് സഞ്ചരിക്കുന്നവരാണ് ഇവിടത്തെ 90% വിദ്യാര്‍ത്ഥികളും.

തങ്ങളുടെ പഠനം കഴിഞ്ഞാല്‍ ശിഷ്ടകാലം എങ്ങനെ കഴിച്ചുകൂട്ടണമെന്നതിനെ കുറിച്ച് വിദ്യാര്‍ത്ഥികളോ അവരുടെ രക്ഷിതാക്കളോ അവര്‍ പഠിച്ചസ്ഥപനങ്ങളോ മാത്രം ചിന്തിച്ചാല്‍ പോരാ. ഈ മൂന്ന് വിഭാഗങ്ങളും സ്വത്തരൂപീകരത്തിന്റെ ഘടകങ്ങളാണ്. അവര്‍ അവരുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചു കഴിഞ്ഞു. അടുത്തത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഊഴമാണ്.

രൂപീകരണത്തിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യങ്ങളോ സ്ഥാനമോഹമോ ഇല്ലായെങ്കില്‍, പ്രസ്ഥാനങ്ങളാണ് ഇതിനു മുന്നിട്ടിറങ്ങേണ്ടത്. കാരണം അല്ലാഹുവിന്റെ ദീനിനെ സംരക്ഷിക്കാനും അതിനു വേണ്ടി ആത്മാര്‍ത്ഥതയും കഴിവുമുള്ള ഒരു വിദ്യാര്‍ത്ഥി വൃന്ദത്തെ രൂപീകരിച്ചെടുക്കാനുമാണല്ലോ ഇവ സംസ്ഥാപിതമായത്. എന്നുവെച്ചാല്‍, ഇവിടത്തെ ഓരോ വിദ്യാര്‍ത്ഥിയെ ക്കുറിച്ചും പൂര്‍ണ്ണവിവരം ശേഖരിക്കണമെന്നല്ല.പ്രത്യുത,സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവിടെ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി പദ്ധതികളെ കുറിച്ച് ഗൗരവപ്പെട്ട ചര്‍ച്ചകളും മാര്‍ഗ-പരിഹാര നിര്‍ദ്ദേശങ്ങളും നടക്കേണ്ടതുണ്ട്.വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ആത്മാവുള്‍കൊള്ളുന്നത് ഇത്തരം ഘട്ടങ്ങളിലാണ്. അല്ലാതെ,പ്രസ്ഥാനങ്ങള്‍ വേറെയും വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുന്ന കലാലയങ്ങള്‍ വേറെയും അയാളെ പ്രതിനിധീകരിക്കുമ്പോള്‍ അനന്തരഫലം രൂപപ്പെട്ട് വരുന്നത് ആത്മാവുള്ള ഇസ്‌ലാമിക വിദ്യാര്‍ത്ഥികളായിരിക്കില്ല;കുറേ ജ്ഞാനങ്ങള്‍ കുത്തിവെക്കപ്പെട്ട ഒരു വിധം യന്ത്രമനുഷ്യരായിരിക്കും.അവരെയാകട്ടെ ഇസ്‌ലാം മതത്തിന് ഉപകരിക്കുന്ന നിലക്ക് വിനിയോഗിക്കാനും സാധ്യമല്ല.

വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ തങ്ങളുടെ സ്ഥാപിതവും സങ്കുചിതവുമായ പ്രവര്‍ത്തനമേഖലകളെ മാറ്റിനിര്‍ത്തി യഥാര്‍ത്ഥ ഇസ്‌ലാമികത്തനിമയിലേക്ക് മടങ്ങിവന്ന് ഒരു പുനര്‍ സംഘാടനത്തിന് വിധേയമാകേണ്ടതുണ്ട്.അങ്ങനെ തങ്ങളുടെ ലക്ഷ്യവും ദൗത്യവും തിരിച്ചറിയണം.ഈ തിരിച്ചറിവില്‍ നിന്നും നമ്മള്‍ ആര്‍ജ്ജിക്കുന്ന ആത്മിയ ചൈതന്യം മാത്രം മതി പിന്നോക്കാവസ്ഥ എന്നപേരില്‍ നമ്മുടെ പിരടിയില്‍ വന്നുവീണ ചങ്ങലയെ അഴിച്ചുവെക്കാന്‍. തികച്ചും സംഘടിതവും കേന്ദ്രീകൃതവുമായ ശ്രമങ്ങളാണ് ഇത്തരം തലങ്ങളില്‍ നടക്കേണ്ടത്. ഇത്രയും വിശാലമായി അനുകൂല സാഹചര്യങ്ങളും സംവിധാനങ്ങളുമുണ്ടായിട്ടും ദൈവാനുഗ്രഹങ്ങളെ പരിഗണിക്കാതെ അവയെ യഥായോഗ്യം പ്രയോഗവല്‍കരിക്കാതിരിക്കുന്നത്. ഭീമാബദ്ധം തന്നെയാണ്. തീര്‍ച്ച!

ചരിത്രത്തിലെ പ്രസ്ഥാനങ്ങള്‍

മതത്തിന്റെ രാഷ്ട്രിയ വല്‍കരണം നമ്മുടെ സമൂഹത്തിനേറ്റ വലിയൊരു ദുരന്തമാണ്.അപരാതങ്ങളെ സാമൂഹ്യവല്‍കരിക്കപ്പെടുകയും മൂല്യമായി തിരുത്തി എഴുതുകയും ചെയ്യുന്ന അവസ്ഥഇതോടെ വന്നുപെട്ടു.അനവധി തെറ്റുകളും തെറ്റിദ്ധാരണകളും കടന്ന് വരാന്‍ സാധ്യതയുള്ള അരങ്ങാണല്ലോ ഇന്ന് രാഷ്ട്രിയം. എന്നിരിക്കെ,ന്യായീകരണത്തിന്റെ വല വിരിച്ച് രാഷ്ട്രിയത്തെ വിശുദ്ധ ഭാവത്തില്‍ പേറിനടക്കുന്നത് ജ്ഞാനികളെ സംബന്ധിച്ചിടത്തോളം ബുദ്ധിയല്ല.വിധേയത്വ സ്വഭാവം ചരത്രത്തില്‍ പലരുടെയും നാശത്തിന് ഹേതുവായിട്ടുണ്ട്.നമ്മുടെയും വിദ്യാര്‍ത്ഥീപ്രസ്ഥാനങ്ങള്‍ക്ക് ഈ രോഗം ബാധിച്ചിട്ടില്ലെന്ന് ആര് പറഞ്ഞു?.

പൊതുരംഗം വീക്ഷിക്കുക.രാഷ്ട്രിയത്തിന്റെ പിടുത്തത്തിലാണ് ഇവിടത്തെ വിദ്യാഭ്യാസവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.യോറോപ്പിലെ നവോത്ഥാനത്തോടെ തന്നെ വിദ്യാഭ്യാസസമീപനവും മാറിയിട്ടുണ്ട്. നവോത്ഥാനം വിദ്യാഭ്യാസത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്നത് ശരിതന്നെ.അതിനെ തുടര്‍ന്ന് വൈജ്ഞാനിക വിസ്‌ഫോടനം ഉടലെടുക്കുകയും ലോകത്താകമാനം അതിന്റെ പ്രതിഫലനമുണ്ടാകുകയും ചെയ്തു. ഗവര്‍ണ്‍മെന്റുകള്‍ നേരിട്ട് വിദ്യാഭ്യാം ഏറ്റെടുത്ത് നടത്തുകയും ഒട്ടനവധി സ്ഥാപനങ്ങള്‍ ഉയര്‍ന്ന് വരികയും ചെയ്തു. അങ്ങനെയാണ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ കടന്ന് വരുന്നത്.

സമൂഹത്തിലെ വലും തലമുറയെ സാമൂഹികരിക്കുക എന്നതായിരിന്നു മുമ്പ് വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ രൂപപെട്ടതോടെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാമൂഹ്യമാറ്റം കൊണ്ടുവരിക എന്നതായിതീര്‍ന്നു.അതോടെ,വിദ്യാഭ്യാസത്തോടൊപ്പം തൊളില്‍ സംഘടനകള്‍,മാധ്യമങ്ങള്‍,ക്ലബുകള്‍,സാമൂഹ്യയുവജന കേന്ദ്രങ്ങള്‍,തൊഴില്‍ശാലകള്‍ തുടങ്ങിയ സംരംഭങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായി. ചുരുക്കിപ്പറഞ്ഞാല്‍, വിദ്യാഭ്യാസ രംഗം എളുപ്പത്തില്‍ പണക്കാരനാകാനുള്ള 'വിദ്യാ'ഭ്യാസരംഗമായിമാറി. 

ഇന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്ലാത്ത രാഷ്ട്രിയപാര്‍ട്ടികള്‍ വരളമാണ്.വര്‍ഗവെറിയും ദ്രോഹചിന്തയുമള്ള വിദ്യാര്‍ത്ഥികളുടെ സൃഷ്ടിപ്പാണ് ഇതന്റെ അനന്തരഫലം.മൂല്യസംരക്ഷണമോ ജ്ഞാനപ്രസരണമോ ഇതിലൂടെ ഒരിക്കലും നടക്കില്ല.ആരുടെയൊക്കെയോ കുത്സിത താല്‍പര്യങ്ങള്‍ക്കുവേയണ്ടി പഠനം മുടക്കിയും അദ്ധ്യാപകരെ മര്‍ദ്ദിച്ചും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അക്രമണങ്ങള്‍ അഴിച്ചുവിട്ടും കാലം കഴിക്കുന്ന ദുരന്തമുഖം നമ്മള്‍ ഇവിടെകാണുന്നു.നിസ്സാരകാരണങ്ങള്‍ക്കുവേണ്ടി അദ്ധ്യാപകരെ ഘരാവോ ചെയ്തും മൃഗിയമായി പീഢിപ്പിച്ചും ക്രൂരവിനോദം നടത്തുന്ന വിദ്യാര്‍ത്ഥികളുടെ ഗുരുശിഷ്യബന്ധത്തിന്റെ ഉത്തരാധുനിക മുഖം നമക്ക്മുമ്പില്‍ പ്രകടമാകുന്നു.

രാഷ്ട്രിയമുക്തവും ആത്മിയ-മത നിബദ്ധവുമായ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളെയാണ് നമുക്കാവശ്യം. അദ്ധ്യാപകരെ ആദരിക്കാനും ജ്ഞാനത്തെ ബഹുമാനിക്കാനുമാണ് അത് പഠിപ്പിക്കുന്നത്. വഴികേടിലായ ജനതയെ തൗഹീദിലേക്ക് കൊണ്ടുവരാനും മാര്‍ഗഭ്രംശം സംഭവിച്ചവര്‍ക്ക് വഴികാണിക്കാനും ആതിനുമാത്രമേ സാധിക്കുകയുള്ളൂ.

പ്രസ്ഥാനത്തിന്റെ ആത്മാവ്

ബാഹ്യമായ പ്രേരണകളെ യാതൊരു വിധേനയും സ്വാധീനിക്കാതെ തൗഹീദിലധിഷ്ഠിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന നിലക്ക് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ ആയിമാറേണ്ടതുണ്ട്.വിശുദ്ധ ഇസ്‌ലാം വിഭാവനം ചെയ്യുന്നതും ഖുര്‍ആനില്‍ അല്ലാഹു ഉത്തമസമുദായമെന്ന് വിശേഷിപ്പിച്ചതുമായ ഒരു വിഭാഗത്തിന്റെ പുനര്‍സൃഷ്ടിയായിരിക്കും ഇതിന്റെ അനന്തരഫലം. സമൂഹത്തില്‍ സമൂലമായ പരിവര്‍ത്തനങ്ങള്‍ അതോടെ സംഭവിക്കുകയും വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ഇത്തരെ മൊരു മഹനീയ ലോകമാണ് ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ ലക്ഷീകരിക്കപ്പെടുന്നത്.

ശരിയായ ചിന്തയു യഥാര്‍ത്ഥ വീക്ഷണവുമുള്ള ഒരു നേതൃത്വമാണ് വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ വിജയം. വിദ്യാര്‍ത്ഥി വൃന്ദത്തിന്റെ ചലനവും ആതമാവും അയാളുടെ വീക്ഷണങ്ങളെ അയാളുടെ വീക്ഷണങ്ങളെ അടിസ്ഥാനമാക്കിയിട്ടായിരിക്കും. ചലനാത്മകമാണ് അന്തരംഗമെങ്കില്‍ അനുഗ്രഹീതമായ പരിണിതി പ്രിതീക്ഷിക്കാവുന്നതാണ്.

ഖുര്‍ആനികമായ തര്‍ബിയ്യത്തിന്റെ രീതിയാണ് വിദ്യാര്‍ത്ഥി ശിക്ഷണത്തില്‍ നേതൃത്വം സ്വീകരിക്കേണ്ടത്. ഇതാണ് കൂടുതല്‍ പ്രതിഫലനം സൃഷ്ടിക്കുന്നത് എന്നത്‌കൊണ്ടാണിത്. ദഅ#്‌വത്തായിരുന്നാലും ഉത്ഥാനമായിരുന്നാലും ഖുര്‍ആനിന്റെയും പ്രവാചകരുടെയും ശൈലി കൂടുതല്‍ ചലനാത്മകമാണല്ലോ.

ഉദാഹരണത്തിന് ചിന്തോദ്ദീപകവും പഠനാര്‍ഹവുമായ ഒന്ന് കാണുക. ലുഖ്മാനുല്‍ ഹകീം(റ) തന്റെ മകനോടുള്ള ഉപദേശത്തില്‍ പറയുന്നു:

'' എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവിനോട് പങ്ക് ചേര്‍ക്കരുത്. നിശ്ചയം,അങ്ങനെ പങ്ക് ചേര്‍ക്കന്നത് വലിയ ആക്രമമാകുന്നു''

'' മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ അനാശാസനം നല്‍കിയിരിക്കുന്നു. ക്ഷീണത്തിന് മേല്‍ ക്ഷീണമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നത് രണ്ട് വര്‍ഷം കൊണ്ടാണ്.എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കുക''

'' എന്റെ കുഞ്ഞുമോനേ, നീ നിസ്‌കാരം മുറപോലെ നിര്‍വഹിക്കുക.സദാചാരം കല്‍പിക്കുകയും തിന്മ വിരോധിക്കകുയും ചെയ്യുക. നിശ്ചയം ഖണ്ഡിതമായി നിര്‍ദ്ദേശിക്കപ്പെട്ട കാര്യങ്ങളില്‍ പെട്ടതത്രെ അത്.''

'' നിശ്ചയം നിസ്‌കാരം മ്ലേഛവും വെറുക്കപ്പെട്ടതുമായ സംഗതികളില്‍ നിന്നും തടഞ്ഞു നിര്‍ത്തുന്നു''

'' നീ(അഹങ്കാരത്തോടെ) മനുഷ്യരുടെ നേര്‍ക്ക് കവിള്‍ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ എതൊരാളെയും അല്ലാഹു ഇഷ്ടപെടുകയില്ല. നിന്റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുകയും നിന്റെ ശബ്ദം നീ താഴ്ത്തുകയും ചെയ്യുക. നിശ്ചയം, ശബ്ദങ്ങളില്‍ നിന്ന് ഏറ്റവും അവജ്ഞകരമായ ശബ്ദം കഴുതയുടെതാകുന്നു''

ഒരു ഇസ്‌ലാമിക വിദ്യാര്‍ത്ഥിയുടെ വ്യക്തിപരമായ സ്വതന്ത്രരൂപീകരണത്തില്‍ ഏറ്റവും മൗലികമായ രീതിയാണ്. ആത്മാവുള്ള മനുഷ്യന്റെ നിര്‍മാണത്തില്‍ ദീന്‍ ആജ്ഞാപിക്കുന്ന വിഷയങ്ങളുടെ മുന്‍ഗണനാക്രമവും കൂടിയാണിത്. ഇതിന്റെ ഒരു സാമൂഹിക മുഖമെന്ന് ഇസ്‌ലാമിക വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ പുറത്ത് വരേണ്ടത്.